Untitled design 20250112 193040 0000 2

 

 

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ ആറ് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

 

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. നിലവിൽ 12 ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കൊല്ലത്ത് 39 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാം. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നും മുന്നറിയിപ്പുണ്ട്.

 

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതോടെ വിഴിഞ്ഞം തീരം തേടി ചരക്ക് കപ്പലുകൾ. വിഴിഞ്ഞത്ത് ബർത്ത് ചെയ്യാൻ അനുമതി തേടി മുൻനിര അന്താരാഷ്ട്ര കമ്പനികൾ സമീപിച്ചു. തുറമുഖത്തിന്റെ നിലവിലെ ശേഷിയേക്കാൾ അധികം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ പ്രയാസമുള്ളതിനാൽ അപേക്ഷകൾ നിരസിക്കുകയാണ്.

 

പാർട്ടി വിട്ട പി വി അൻവറിനെ തള്ളി തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വം. രാഷ്ട്രീയ സ്ഥിരത ഇല്ലാത്ത നേതാവാണ് പി വി അൻവറെന്ന് തൃണമൂല്‍ സെക്രട്ടറി വി ശിവദാസൻ വിമർശിച്ചു. അൻവറിനുള്ള തൃണമൂൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചെന്നും ശിവദാസൻ പറഞ്ഞു.അൻവർ പോയാൽ തൃണമൂൽ കോൺഗ്രസിന് ഒന്നും പറ്റില്ലെന്നും തൃണമൂൽ കോൺഗ്രസ് ശക്തമാണെന്നും ശിവദാസൻ പറഞ്ഞു

 

വ്യാജ അക്കൗണ്ടുകളിൽ നിന്ന് കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമമെന്ന് പരാതി. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസാണ് മുഖ്യമന്ത്രി ചർച്ചയില്‍ പൊലീസിൽ പരാതി നൽകിയത്. 90 ലധികം വ്യാജ പേജുകളുടെ പേരടക്കം സൂചിപ്പിച്ചാണ് ദീപ്തിയുടെ പരാതി. കെപിസിസി പ്രസിഡൻ്റിൻ്റെ അനുമതിയോടെയാണ് പരാതി.

 

വടകര ആയഞ്ചേരിയിൽ നിന്നും കാണാതായ വിഷ്ണു, ലോൺ ആപ്പ് ഭീഷണിയെ തുടർന്ന് നാടുവിട്ടതെന്ന് പൊലീസ്. ലോണ്‍ ആപ്പിൽ നിന്നും വായ്പ എടുത്ത തുക പൂർണമായും തിരിച്ചടിച്ചിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിനാൽ നാടു വിടാൻ നിർബന്ധിതനായെന്ന് വിഷ്ണു പൊലീസിന് മൊഴി നൽകി. എട്ട് ദിവസം മുൻപ് കാണാതായ വിഷ്ണുവിനെ ഇന്ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കണ്ടെത്തിയത്.

 

കുന്നിലേക്ക് ഇടിച്ചിറങ്ങി വിമാനത്തിന് തീ പിടിച്ചു. ഛത്തീസ്ഗഡിലെ ജഷ്പുർ ജില്ലയിലുള്ള ആരാ കുന്നുകളിൽ സ്വകാര്യ വിമാനം തകർന്നു വീണത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വനമേഖലയിലെ മലനിരകളിലേക്ക് വിമാനം ഇടിച്ചിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അപകടത്തെത്തുടർന്ന് വിമാനത്തിന് തീപിടിക്കുകയും പ്രദേശത്ത് വലിയ രീതിയിൽ പുകപടലങ്ങൾ മൂടുകയും ചെയ്തിരിക്കുകയാണ്.

 

 

മധ്യപ്രദേശിലെ സത്ന ജില്ലാ ആശുപത്രിയിൽ തലാസീമിയ രോഗികളായ അഞ്ച് കുട്ടികൾക്ക് എച്ച്ഐവി ബാധിച്ചത് ആശുപത്രിയുടെ ഗുരുതരമായ പിഴവുകൾ മൂലമെന്ന് അന്വേഷണ റിപ്പോർട്ട്. കാലഹരണപ്പെട്ടതും ശരിയായി പരിശോധിക്കാത്തതുമായ രക്തം നൽകിയതും രേഖകളിൽ കൃത്രിമം കാണിച്ചതും ഉൾപ്പെടെയുള്ള കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.

 

 

ഭൂട്ടാന്‍ വഴിയുള്ള വാഹനകള്ളക്കടകത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് കസ്റ്റംസ്. 15,000 വാഹനങ്ങള്‍ വ്യാജ രജിസ്ട്രേഷനിലൂടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെത്തിച്ചതായി കണ്ടെത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളലാണ് ഇവയെല്ലാം റജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും കസ്റ്റംസ് അറിയിച്ചു.

 

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ അവകാശമാണെന്നും ഭരണഘടന പറയുന്നത് അതാണെന്നും എന്നാൽ, ബിജെപി ഇത് അംഗീകരിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി. കന്യാകുമാരി കൊളച്ചലിൽ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തമിഴ് ഭാഷക്കും സംസ്കാരത്തിനും വേണ്ടി എന്നും പോരാടുമെന്നും രാഹുൽ പറഞ്ഞു.തമിഴ്നാട്ടിലെ എംകെ സ്റ്റാലിന്‍റെ പദ്ധതികളെയും രാഹുൽ പ്രസംഗത്തിൽ പുകഴ്ത്തി.

 

1 മുതൽ 12 വയസ് വരെ പ്രായമുള്ള 7 സ്വന്തം മക്കളെയും മറ്റൊരു കുട്ടിയേയും വെടിവച്ച് കൊലപ്പെടുത്തി 31കാരൻ. അമേരിക്കയിലെ ലൂസിയാനയിൽ നടന്ന വെടിവയ്പിൽ 31കാരന്റെ ഭാര്യയ്ക്ക് അയൽവാസിയായ മറ്റൊരു സ്ത്രീയ്ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൂട്ടക്കൊല നടത്തിയ ശേഷം രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പിൽ അക്രമിയായ 31കാരൻ കൊല്ലപ്പെടുകയും ചെയ്തു. കുടുംബ വഴക്കാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.

 

ഭാരതത്തിലെ മിലാൻ അഭ്യാസത്തിന് ശേഷം മടങ്ങിയ ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന, ശ്രീലങ്കൻ തീരത്ത് അമേരിക്കൻ ടോർപ്പിഡോ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ട്. മുന്നറിയിപ്പില്ലാത്ത ആക്രമണത്തിൽ 104 നാവികരിൽ 32 പേർ രക്ഷപ്പെട്ടെന്നും, നാവികരെ ഒന്നടങ്കം കൊല്ലുകയായിരുന്നു ലക്ഷ്യമെന്നും രക്ഷപ്പെട്ടയാൾ ആരോപിച്ചു.

 

 

ഔദ്യോഗിക സന്ദർശനത്തിനായി സൗദി അറേബ്യയിലെത്തി അജിത് ഡോവൽ. ഊർജ സുരക്ഷ, പ്രാദേശിക സുസ്ഥിരത, പ്രതിരോധം, സാമ്പത്തികം തുടങ്ങിയ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി സൗദി ഉന്നതരുമായി അദ്ദേഹം നിർണായക ചർച്ചകൾ നടത്തി.

 

ജപ്പാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരദേശവാസികളോട് ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിക്കുകയും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര ദുരിതാശ്വാസ സെൽ രൂപീകരിക്കുകയും ചെയ്തു.

 

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏതെങ്കിലും പ്രധാനപ്പെട്ട പ്രഖ്യാപനം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക്, ചിലപ്പോള്‍ മിനിറ്റുകള്‍ക്ക് മുമ്പ്, ഓഹരി വിപണികളില്‍ ഭീമമായ തുകയ്ക്ക് വ്യാപാരം നടക്കുന്നതായി ബിബിസിയുടെ റിപ്പോര്‍ട്ട്. ഇത് നിയമവിരുദ്ധമായ ഇന്‍സൈഡര്‍ ട്രേഡിംഗ് ആണെന്ന ഗുരുതര ആരോപണം ഉയര്‍ത്തുന്നതാണ് റിപ്പോര്‍ട്ട്. ട്രംപ് നടത്തുന്ന ഓരോ നിര്‍ണ്ണായക പ്രഖ്യാപനത്തിനും തൊട്ടു മുന്‍പായി അന്താരാഷ്ട്ര വിപണികളില്‍ കോടിക്കണക്കിന് ഡോളറിന്റെ അസാധാരണ ഇടപാടുകള്‍ നടക്കുന്നതായി ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

 

അമേരിക്കയുമായി പുതിയ ചർച്ചകൾക്ക് പദ്ധതിയില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ബാസ് അരാ​ഗ്ച്ചി. നേരത്തെ ചർച്ചകൾക്കിടെ യുഎസ് നടത്തിയ ആക്രമണങ്ങൾ മറക്കാൻ കഴിയില്ലെന്നും വെടിനിർത്തൽ കരാർ നടപ്പിലാക്കിയതിന്റെ തുടക്കം മുതൽ തന്നെ അമേരിക്ക അത് ലംഘിച്ചുവെന്നും അബ്ബാസ് അരാ​ഗ്ച്ചി പറഞ്ഞു. യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മുമ്പ് ഹോർമുസ് കടലിടുക്ക് സുരക്ഷിതമായിരുന്നു. സമുദ്ര ഉപരോധം ഏർപ്പെടുത്തുകയും ഇറാനിയൻ കപ്പലിനെ ആക്രമിക്കുകയും ചെയ്തു. ഇത് വെടിനിർത്തലിന്റെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും ഇറാൻ പറയുന്നു.

 

റഷ്യയ്‌ക്കെതിരെ യുദ്ധം തുടരുന്ന യുക്രൈന്‍ രംഗത്തിറക്കുന്നത് ഇതുവരെ കാണാത്ത യുദ്ധമുറകള്‍. റഷ്യന്‍ ആക്രമണങ്ങളെ പ്രതിരോധിക്കാനും ആക്രമണം നടത്താനും റോബോട്ടുകളെയും കരയില്‍ സഞ്ചരിക്കുന്ന ഡ്രോണുകളെയുമാണ് യുക്രൈന്‍ ഉപയോഗിക്കുന്നത്.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *