പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്ഥാനിൽ ഇറാനും അമേരിക്കയും തമ്മിൽ നിർണ്ണായക ചർച്ചകൾ ആരംഭിച്ചു. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെതിരെ അഭൂതപൂർവമായ ആക്രമണം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കി. അമേരിക്ക വാഗ്ദാനങ്ങൾ പാലിക്കണമെന്നും ലെബനനെതിരായ ഇസ്രായേൽ ആക്രമണം നിർത്തണമെന്നും ഇറാൻ ആവശ്യപ്പെട്ടു.
പാലക്കാട് ജില്ലയിൽ ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 40.1°C രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് വർധിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പാലക്കാട് ഉൾപ്പെടെ സംസ്ഥാനത്തെ 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും ചൂട് ക്രമാതീതമായി വർധിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
പാലക്കാട് വോട്ടിന് പണം കൊടുത്ത സംഭവത്തിൽ ശോഭ സുരേന്ദ്രനെതിരെ പരാതി. ബിജെപി മുൻ ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദുവാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. ശോഭ സുരേന്ദ്രൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പണമെത്തിച്ചത് ബിന്ദുവാണെന്നാണ് ശോഭ ആരോപിച്ചത്. കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ബിന്ദു പറയുന്നു.
ശോഭ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന ഓഡിയോ സന്ദേശം പുറത്തുവിട്ട് പരാതി നൽകിയ ബിന്ദു വിനയകുമാറിനെതിരെ ബിജെപി നടപടിയെടുത്തു. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിന്ദുവിനെ സസ്പെൻഡ് ചെയ്തു. പാലക്കാട് വോട്ടിന് നോട്ട് വിവാദമാണ് സംഭവങ്ങളുടെ തുടക്കം. ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിം അംഗമായ ബിന്ദുവിനെതിരെ, തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പാർട്ടിയുടെ വിശദീകരണം.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ താന്‍ വീണ്ടും മന്ത്രിയായേക്കില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. പാര്‍ട്ടിയുടെ ഇപ്പോഴത്തെ രീതി അതാണ്. മന്ത്രിയായിരിക്കുന്നതും സാധാരണ ജനപ്രതിനിധിയായിരിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമില്ല എന്ന് തിരിച്ചറിഞ്ഞയാളാണ് താനെന്നും മന്തി പറഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ് നിംസ് മെഡിസിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജി ആര്‍ അനില്‍.
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ. ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ എം കെ റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. സംഗീത എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. എന്നാൽ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾ ലഭിച്ചിട്ടില്ലെന്നും പോലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും ഡെന്റൽ കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.
മലപ്പുറത്ത് സ്ട്രോങ് റൂം തുറക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയെന്ന ആരോപണവുമായി യുഡിഎഫ്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഉള്ള ശ്രമമാണോ ഇതെന്ന് സംശയിക്കുന്നതായി യുഡിഎഫ് ജില്ലാ ചെയർമാൻ കെ പി അബ്ദുൽ മജീദ് പറഞ്ഞു. സ്ട്രോങ് റൂം തുറക്കാൻ നൽകിയ നിർദേശം പിന്നീട് കളക്ടർ പിൻവലിച്ചു. കളക്ടർ ഇക്കാര്യത്തിൽ മറുപടി നൽകണമെന്നാണ് യുഡിഎഫിന്‍റെ ആവശ്യം.
കോഴിക്കോട് കൊയിലാണ്ടിയിൽ ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം. നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാര്‍ ഉള്‍പ്പെടെ 28 പേര്‍ക്ക് വാഹനാപകടത്തില്‍ പരിക്കേറ്റു. വടകര മടപ്പള്ളിയില്‍ നിന്നും തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മലപ്പുറത്തേക്ക് മടങ്ങുകയായിരുന്ന പോലീസ് സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.
നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുമെന്നും പത്ത് മണ്ഡലങ്ങളിലും ജയം ഉറപ്പാണെന്നും സി പി എം ജില്ലാ സെക്രട്ടേറിയറ്റിന്‍റെ വിലയിരുത്തൽ. മന്ത്രി എം ബി രാജേഷും മുൻ എം എൽ എ വി ടി ബൽറാമും തമ്മിൽ ശക്തമായ പോരാട്ടം നടന്ന തൃത്താലയിൽ വിജയം ഉറപ്പാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു. എന്നാൽ പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങൾ തിരിച്ചുപിടിക്കാൻ സാധിക്കുമോയെന്ന കാര്യത്തിൽ പാർട്ടിക്ക് സംശയമുണ്ട്.
ആറന്മുളയിൽ വീണാ ജോർജ് സേഫ് എന്ന് സിപിഎം ബൂത്ത് തല അവലോകനം. വീണാ ജോർജിന്‍റെ ജയം ഉറപ്പെന്നാണ് സിപിഎം പറയുന്നത്. 7000 വോട്ടിന്‍റെ ഭൂരിപക്ഷം നേടി വീണാ ജോർജ് ജയിക്കും എന്നാണ് സിപിഎം കണക്കുകൂട്ടൽ.
കേരളത്തിലെ ക്രൈസ്തവർ ബിജെപിയുടെ കരുണയിലാണ് ജീവിക്കുന്നതെന്ന വാദം പി സി ജോർജ് കയ്യിൽ വച്ചാൽ മതിയെന്ന് എം പി ഹൈബി ഈഡൻ. അച്ഛനും മകനും ചേർന്ന് ഒരു വിഭാഗം ആളുകളെ ആക്രമിക്കുന്നു. പി സി ജോർജ്, ഷോൺ ജോർജ് എന്നിവർ നടത്തിയ അധിക്ഷേപ പരാമർശത്തിലാണ് പ്രതികരണം. ഹൈബി ഈഡനും മുഹമ്മദ് ഷിയാസും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
കുംഭമേളയിലെ വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎം നേതാക്കളെ ന്യായീകരിച്ച് എംഎ ബേബി. നേതാക്കൾക്ക് സ്വയംവിമർശനം നടത്തേണ്ട ഒന്നും സംഭവിച്ചില്ലെന്ന് എംഎ ബേബി പറഞ്ഞു. മിശ്രവിവാഹങ്ങളെ പിന്തുണക്കുന്നത് സിപിഎമ്മിന്റെ രീതിയാണ്. അപ്പോൾ എല്ലാ സാങ്കേതികത്വവും നോക്കാനാകില്ലെന്ന് എംഎ ബേബി പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഉജ്ജ്വല മുന്നേറ്റമുണ്ടാകുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തില്‍. മലപ്പുറത്തും കാസര്‍ക്കോടും സമ്പൂര്‍ണ വിജയം നേടുന്നതിനൊപ്പം 20 സീറ്റുകള്‍ ഉറപ്പാണെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ കണക്കുകൂട്ടല്‍. അനുകൂല തരംഗമെങ്കില്‍ 22 സീററിന് മുകളില്‍ ലീഗ് നേടുമെന്നുമാണ് നേതൃത്വം വിലയിരുത്തുന്നത്.
ചിക്മംഗ്ലൂരിൽ വിനോദയാത്രക്കിടെ മരിച്ച ശ്രീനന്ദയ്ക്ക് യാത്രാമൊഴിയേകി ജന്മനാട്. കർണാടകയിൽ നിന്ന് ഒറ്റപ്പാലം കടമ്പഴിപ്പുറത്ത് എത്തിച്ച മൃതദേഹം വീട്ടിലെ പൊതുദർശനത്തിന് ശേഷം സംസ്കരിച്ചു.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കഴിഞ്ഞ ഡിസംബറിൽ ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മൂന്ന് മാസത്തിന് ശേഷം പിടിയിൽ. മുംബൈയിൽ വച്ചാണ് ബിനീഷിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കഴിഞ്ഞ ഡിസംബര്‍ അവസാനമാണ് മാനസികാരോഗ്യ കേന്ദ്രത്തിലെ ശുചിമുറിയുടെ ചുമര്‍ തുരന്ന് വിനീഷ് രക്ഷപ്പെട്ടത്. പ്രതിയെ നാളെ നാട്ടിലെത്തിക്കും.
ഒഡീഷയിലെ വനിതാ ഐഎഎസ് ഓഫീസർ ആരാധന ദാസിനെതിരെ 95 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പിന് പരാതി. ഭൂമി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഭിന്നശേഷിക്കാരനിൽ നിന്ന് പണം തട്ടിയെന്നും തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
റെസിഡൻഷ്യൽ സ്കൂളിൽ അഞ്ച് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. ബിഹാറിലെ ജെഹാനാബാദിലെ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം നടന്നത്.സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ സുരക്ഷാ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
കേരളം, പുതുച്ചേരി, അസം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ലോകശ്രദ്ധ ലഭിച്ചതായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. 22 രാജ്യങ്ങളിൽ നിന്നുള്ള 38 പ്രതിനിധികൾ ഇലക്ഷൻ കമ്മീഷൻ്റെ ഇൻ്റർനാഷണൽ ഇലക്ഷൻ വിസിറ്റേഴ്സ് പ്രോഗ്രാമിൻ്റെ 2026-ലെ പതിപ്പിൻ്റെ ഭാഗമായി ഇന്ത്യയിലെത്തി.ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ‘ജനാധിപത്യത്തിൻ്റെ യഥാർത്ഥ ഉത്സവം’ ആണെന്നാണ് പ്രതിനിധികൾ അഭിപ്രായപ്പെട്ടത്.
സംസ്ഥാനത്ത് എൽഡിഎഫിന് നേരിയ മാർജിനിൽ തുടർഭരണ സാധ്യതയുണ്ടെന്ന് സിപിഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി. മത്സരിച്ച 25 സീറ്റുകളിൽ 15 എണ്ണത്തിൽ വിജയം പ്രതീക്ഷിക്കുമ്പോൾ തൃശൂർ, കരുനാഗപ്പള്ളി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണെന്നും പാർട്ടി കണക്കുകൂട്ടുന്നു. നാല് മന്ത്രിമാരും വിജയിക്കുമെന്നും നേതൃത്വം പ്രതീക്ഷ പ്രകടിപ്പിച്ചു
രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചുമയ്ക്കും ജലദോഷത്തിനുമുള്ള കഫ് സിറപ്പുകൾക്ക് കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു. ചില സിറപ്പുകളിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്നുണ്ടായ കുട്ടികളുടെ മരണമാണ് ഈ തീരുമാനത്തിന് പിന്നിൽ. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഫാർമസിസ്റ്റുകൾക്ക് ഇത്തരം മരുന്നുകൾ ഈ പ്രായത്തിലുള്ള കുട്ടികൾക്ക് നൽകാൻ കഴിയില്ല.
കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി മോദി. കേരളത്തിൽ വലിയ തോതിൽ സ്ത്രീ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി. സ്ത്രീ വോട്ടർമാരുടെ എണ്ണം ഉയർന്നിടത്തെല്ലാം ബിജെപി വൻ വിജയം നേടിയിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. കേരളത്തിൽ എൽഡിഎഫും യുഡിഎഫും വിജയം അവകാശപ്പെടാൻ ആകാതെ പരാജയ ഭീതിയിൽ എന്നും മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയുടെ പരാമർശം.
ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ ആക്രമിക്കും എന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയെന്നും പടക്കപ്പൽ തടഞ്ഞ് തിരിച്ചയച്ചെന്നും ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ അമേരിക്ക – ഇറാൻ ചർച്ച അടുത്ത ഘട്ടത്തിൽ എത്തി. ഇരു പക്ഷത്തെയും വിദഗ്ധർ ചർച്ച തുടങ്ങി. നേരിട്ടുള്ള ചർച്ചകളാണ് നടക്കുന്നത്. ആണവ പദ്ധതികൾ, യുനേനിയം സമ്പുഷ്ടീകരണം എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായുംചർച്ച നടക്കുന്നത്.
ഗൾഫ് മേഖലയിലെ സംഘർഷാവസ്ഥയിൽ നിർണ്ണായക വഴിത്തിരിവ്. ഇറാനും അമേരിക്കയും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് പാകിസ്താൻ വേദിയാകുന്നതിനിടെ തന്നെ, സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി പാക് സൈന്യം വിന്യസിക്കപ്പെട്ടു. സൗദി പ്രതിരോധ മന്ത്രാലയമാണ് ശനിയാഴ്ച ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് വിമാന സർവീസുകൾ ആരംഭിച്ചുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അറിയിപ്പുകൾക്ക് യാതൊരു ഔദ്യോഗിക അടിസ്ഥാനവും ഇല്ലെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങൾ കാരണം കഴിഞ്ഞ ഫെബ്രുവരി 28 മുതൽ വിമാനത്താവളം അടച്ച നിലയിലാണ് തുടരുന്നത്.
ഹിസ്ബുള്ളയ്ക്ക് സാമ്പത്തിക സഹായം നൽകിയ പ്രതികൾക്ക് കുവൈത്തിൽ പത്ത് വർഷം കഠിന തടവ്. നിരോധിത സംഘടനകളെ സഹായിക്കുന്നതിനും രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും എതിരെയുള്ള കർശന നടപടികളുടെ ഭാഗമായാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.
ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും തുറന്നുനൽകാൻ ഇറാൻ ബുദ്ധിമുട്ടുന്നതായി റിപ്പോർട്ട്. യുദ്ധസമാനമായ സാഹചര്യത്തിൽ കടലിടുക്കിൽ സ്ഥാപിച്ച മൈനുകൾ എവിടെയാണെന്ന് കൃത്യമായി കണ്ടെത്താൻ ഇറാൻ സൈന്യത്തിന് കഴിയുന്നില്ലെന്ന് അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇറാൻ്റെ പുതിയ പരമോന്നത നേതാവായ മുജ്‌തബ ഖമനെയിക്ക് മുഖത്തും കാലിനും ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ട്. പിതാവായ അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ട ആക്രമണത്തിലാണ് മുജ്‌തബ ഖമനെയിക്കും പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 28-ന് നടന്ന ഇസ്രായേൽ-യുഎസ് സഖ്യ വ്യോമാക്രമണത്തിലാണ് അയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്.
ഐപിഎല്ലിൽ ഡൽഹിക്കെതിരേ ഫോമിലേക്കുയർന്ന് സഞ്ജു സാംസൺ. ഡൽഹിക്കെതിരേ വെടിക്കെട്ട് പ്രകടനവുമായി സഞ്ജു തിളങ്ങി. 26 പന്തിൽ താരം ഫിഫ്റ്റി തികച്ചു. കഴിഞ്ഞ മത്സരങ്ങളിൽ നിരാശപ്പെടുത്തിയ താരത്തിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് ഡൽഹിക്കെതിരായ ഇന്നിങ്‌സ്.
