നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ നിരാശ ഉണ്ടെന്നും എന്നാൽ അദ്‌ഭുതം ഇല്ലെന്നും ദീദി ദാമോദരൻ. അതിജീവിക്കാൻ ശ്രമിക്കുന്നവരെ തോൽപ്പിക്കാനാണു ശ്രമം നടന്നത്. വലിയ നിരാശയാണ് തോന്നുന്നതെന്നും ദീദി ദാമോദരൻ പറഞ്ഞു. സിനിമ സംഘടനകൾ ദിലീപിനെ പുറത്തു നിർത്തിയല്ല പ്രവർത്തിച്ചിരുന്നത്. ജയിലിൽ കാണാൻ പോയത് അവർ തന്നെയാണ്. ദിലീപിനെ അവർ പുറത്തു നിർത്തിയതായി തോന്നിയിട്ടില്ലെന്നും ദീദി ദാമോദരൻ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയിൽ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ അതിജീവിത നീതിനിഷേധത്തിന്റെ ഷോക്കിൽ എന്ന് സുഹൃത്തുക്കൾ. അവൾക്കൊപ്പം ക്യാംപെയ്ൻ വീണ്ടും സജീവമാക്കിയ പെൺകൂട്ടായ്മ വിധിയിൽ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. വിധി പകർപ്പ് പരിശോധിച്ച് ഹൈക്കോടതിയിൽ അപ്പീലിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സർക്കാരെങ്കിലും കടുത്ത നിരാശയിൽ തുടരുന്ന അതിജീവിത അക്കാര്യം തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം.
നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി സിപിഎം നേതാവ് പി പി ദിവ്യ. ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു… ഭയം തോന്നുന്നില്ലേ എന്ന് ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു നഗരത്തിൽ ഒരു പെൺകുട്ടി അതി ക്രൂരമായി പീഡിപ്പിക്കപെടുന്നു. ചൂണ്ടികാണിച്ചവരിൽ ചിലർ രക്ഷപ്പെട്ടു. നിയമപോരാട്ടം അവസാനിപ്പിക്കരുത്. സത്യം വിജയിക്കുമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടുമെന്നും പി പി ദിവ്യ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ പരോക്ഷമായി വിമർശിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. ബംഗാളി നോവലിസ്റ്റ് ബിമൽ മിത്ര എഴുതിയ ‘വിലയ്ക്കു വാങ്ങാം’ എന്ന പുസ്തകം മൂന്നാം തവണ വായിക്കുകയാണെന്ന് ഫേയ്സ്ബുക്കിൽ കുറിച്ച ശ്രീകുമാരൻ തമ്പി ഈ ഭൂമിയിൽ എന്തിനെയും വിലയ്ക്കു വാങ്ങാമെന്നും സത്യം, നീതി, നന്മ തുടങ്ങിയ മൂല്യങ്ങളെല്ലാം മഹദ്‌വചനങ്ങളിൽ ഉറങ്ങുകയാണെന്നും കുറിപ്പിൽ പറയുന്നു.
നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് മഞ്ജു വാര്യർ നടത്തിയ പ്രതികരണത്തിൽ നിന്നാണെന്നായിരുന്നു വിധി പ്രസ്താവത്തിന് പിന്നാലെ ദിലീപ് നടത്തിയ പ്രതികരണം. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയും ആരോപിച്ചിരുന്നു. എന്നാൽ ദിലീപിന്‍റെ ആരോപണത്തിലോ വിധിയെ കുറിച്ചോ ഇതുവരെ മഞ്ജു വാര്യർ പ്രതികരിച്ചില്ല.
നടി ആക്രമിക്കപ്പെട്ട കേസിൽ പൊലീസും പ്രോസിക്യൂഷനും ദിലീപിനെതിരെ ചുമത്തിയ ക്രിമിനല്‍ ഗുഢാലോചന വാദം കോടതിയില്‍ പൂര്‍ണമായും പൊളിഞ്ഞടുങ്ങി. ദിലീപിന്‍റെ ബുദ്ധിയിലുദിച്ച ക്വട്ടേഷന്‍ ബലാത്സംഗമാണ് നടിക്കുനേരെ നടന്നതെന്ന് തെളിയിക്കാന്‍ വിചാരണയുടെ ഒരു ഘട്ടത്തിലും പ്രോസിക്യൂഷന് സാധിച്ചില്ല. ഇതുപോലെ കെട്ടിച്ചമച്ചൊരു കേസ് മുന്‍പ് കണ്ടിട്ടില്ലെന്നായിരുന്നു ദിലീപിന്‍റെ അഭിഭാഷകന്‍ ബി രാമന്‍ പിള്ളയുടെ പ്രതികരണം.
ശരിയായ തെളിവിന്‍റെ അടിസ്ഥാനത്തിലല്ല ദിലീപിനെ പ്രതിയാക്കിയത് എന്ന് 2017ൽ തന്നെ താൻ പറഞ്ഞതാണെന്ന് മുൻ ഡിജിപി ടി പി സെൻകുമാര്‍. കേസുകൾ അന്വേഷിക്കേണ്ട രീതി ഇതല്ല. ഒരാളെ പിടികൂടുക, അതിനു ശേഷം അയാൾക്കെതിരെ തെളിവുകൾ ഉണ്ടാക്കാൻ ശ്രമിക്കുക, അതിനുവേണ്ടി വ്യാജമായ കാര്യങ്ങൾ ഉണ്ടാക്കുക. ഇങ്ങനെയാണോ കേസ് അന്വേഷിക്കേണ്ടതെന്നും സെൻകുമാര്‍ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പി ടിയുടെ ആത്മാവിന് തൃപ്തി വരില്ലെന്നും ഭാര്യയും തൃക്കാക്കര എംഎൽഎയുമായ ഉമാ തോമസ്. ഫേസ്ബുക്ക് കുറിപ്പിലാണ് ഉമാ തോമസ് ഇക്കാര്യം പറഞ്ഞത്. തെരുവിൽ ആ പെൺകുട്ടി അപമാനിതയായ വിവരമറിഞ്ഞ് രാത്രി ഈ വീട്ടിൽ നിന്നാണ് പി ടി ഇറങ്ങിപ്പോയത്. തയ്യാറാക്കപ്പെട്ട തിരക്കഥകളെ തകർത്തത്. കോടതിക്ക് മുമ്പിൽ മൊഴി കൊടുക്കാൻ പോയത്. അവൾക്ക് നീതി തേടി ഗാന്ധി പ്രതിമക്ക് മുന്നിൽ രാവും പകലും നിരാഹാരം കിടന്നത്. പി ടിയുടെ ആത്മാവ്, ഇന്നീ വിധിയിൽ ഒരിക്കലും തൃപ്തിയാകില്ലെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
ദിലീപിന്റെ കള്ളക്കഥ ആരോപണം പൊലീസ് അന്വേഷിച്ച് കണ്ടെത്തട്ടെയെന്ന് പൾസർ സുനിയുടെ സഹതടവുകാരനായ ജിൻസൺ. നാളിതുവരെ നിലകൊണ്ടത് അതിജീവിയ്ക്കൊപ്പമാണ്. ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ ഉണ്ട്. ഈ കോടതിയിലെ വിധി പ്രതീക്ഷിച്ചതാണെന്നും ജിൻസൺ പറഞ്ഞു. ഇനിയും പല കാര്യങ്ങളും വെളിപ്പെടുത്താനുണ്ടെന്നും സമയം പോലെ തുറന്ന് പറയുമെന്നും ജിൻസൺ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ പ്രതികരണവുമായി നിരവധി പേർ രംഗത്ത്. അതിജീവിത നീതി നിഷേധത്തിന്റെ ഷോക്കിലാണെന്നും അവൾക്കൊപ്പം ഉറച്ചു നിൽക്കുമെന്നും റിമ കല്ലിങ്കൽ സമൂഹ മാധ്യമത്തിൽ പ്രതികരിച്ചു. നേരത്തെ എഴുതിവച്ച വിധിയെന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. മറിച്ചൊരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറഞ്ഞ കെ അജിത, ദിലീപ് ജയിലിൽ കിടന്നതു തന്നെ വലിയ കാര്യം എന്നും പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ളി കോടതി വിധി വന്നതിനു പിന്നാലെ വിമർശനവുമായി എഴുത്തുകാരി സാറാ ജോസഫ്. കോടതി വിധി തള്ളിക്കളയുന്നുവെന്നും സാറാ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ജാതി അധിക്ഷേപം നടത്തിയെന്ന കേസില്‍ കേരള സര്‍വകലാശാല സംസ്‌കൃത വിഭാഗം മേധാവി ഡോ. സി.എന്‍. വിജയകുമാരിക്ക് നെടുമങ്ങാട് എസ്‌സിഎസ്ടി കോടതി ജാമ്യം അനുവദിച്ചു… ഗവേഷക വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായ വിപിന്‍ വിജയന്‍ നല്‍കിയ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം.
ശബരിമല സ്വർണക്കൊള്ളയിലെ രണ്ടാമത്തെ കേസിലും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തു. ദ്വാരപാലക ശിൽപ കേസിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിനെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ നൽകിയത്. സ്വർണക്കൊള്ളയിൽ ഉന്നത ഇടപെടൽ സംശയിക്കപ്പെടുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു കസ്റ്റഡിയിൽ വാങ്ങിയുള്ള വിശദമായ ചോദ്യം ചെയ്യൽ. കട്ടിളപ്പാളി കേസിലെ പത്മകുമാറിന്‍റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഈ മാസം 12ന് വിധി പറയും.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി. മുൻകൂര്‍ ജാമ്യാപേക്ഷയിൽ ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയും. അടച്ചിട്ട കോടതി മുറിയിലാണ് മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം നടന്നത്. പ്രോസിക്യൂഷന്‍റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് അടച്ചിട്ട മുറിയിൽ വാദം കേട്ടത്.
കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണ അന്ത്യം. പീലാര്‍മുഴി തെക്കൂടന്‍ വീട്ടില്‍ സുബ്രന്‍(75)ആണ് മരിച്ചത്. ചായ്പന്‍കുഴി പീലാര്‍മുഴിയില്‍ തിങ്കള്‍ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്നും മുന്നൂറ് മീറ്ററോളം അകലെയുള്ള കടയില്‍ ചായ കുടുക്കാന്‍ പോകുന്ന വഴിയാണ് അപ്രതീക്ഷിതമായി കാട്ടാന ആക്രമണുണ്ടായത്.
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് നിഗമനം. ബിഎസ് എന്‍ എല്‍ ഓഫീസിന് സമീപമുള്ള ഫ്ലാറ്റിൽ താമസിക്കുന്ന സുമാലിനി ആണ് മരിച്ചത്. ഇവർ കുറച്ച് കാലമായി മാനസിക അസ്വാസ്ഥ്യത്തിന് ചികില്‍സയിലായിരുന്നെന്ന് പൊലീസ് പറയുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
രാജ്യവ്യാപകമായി വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വലിയ പ്രതിസന്ധിയിലായ ഇൻഡിഗോ എയർലൈൻസ് ഇതുവരെ 827 കോടി രൂപ റിഫണ്ട് നൽകിയതായി വ്യോമയാന മന്ത്രാലയം. നവംബർ 21 മുതൽ ഡിസംബർ 7 വരെയുള്ള കാലയളവിൽ വിമാന സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് തിരികെ നൽകേണ്ടിയിരുന്ന തുകയാണ് തിരികെ നൽകിയത്. ഈ ദിവസങ്ങളിലുണ്ടായ ഇൻഡിഗോ പ്രതിസന്ധി 5.8 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
ബലാത്സംഗം, ലൈംഗികാതിക്രമ കേസുകളിൽ രാജ്യത്തുടനീളമുള്ള കോടതികൾ പുറപ്പെടുവിക്കുന്ന വിവാദപരവും സ്ത്രീവിരുദ്ധവുമായ ഉത്തരവുകളിലും അഭിപ്രായപ്രകടനങ്ങളിലും ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. ഈ പ്രശ്നം പരിഹരിക്കുന്നതിനായി, കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഹൈക്കോടതികൾക്കായി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചേക്കുമെന്നും കോടതി അറിയിച്ചു. ഇത്തരം കോടതി ഉത്തരവുകളും അഭിപ്രായങ്ങളും ലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവരിൽ ഞെട്ടലുളവാക്കുന്ന ഫലങ്ങൾ ഉണ്ടാക്കുന്നുണ്ടെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ ലക്ഷങ്ങളെ പങ്കെടുപ്പിച്ച് ഗീതാപാരായണ പരിപാടി. സനാതൻ സംസ്‌കൃതി സൻസദ് എന്ന സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ‘ബാബറി മസ്ജിദ്’ മാതൃകയിൽ നിർമ്മിക്കുന്ന പള്ളിക്ക് തൃണമൂൽ കോൺഗ്രസ് (ടിഎംസി)യിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംഎൽഎ തറക്കല്ലിട്ടതിന്റെ അടുത്ത ദിവസമാണ് പരിപാടി സംഘടിപ്പിച്ചത്.
പശ്ചിമാഫ്രിക്കൻ രാജ്യമായ ബെനിനിൽ പട്ടാള അട്ടിമറി. പ്രസിഡന്റ് പാട്രിക് ടെലോണിനെ പുറത്താക്കി പട്ടാളം അധികാരം പിടിച്ചു. അതേസമയം കലാപം തടഞ്ഞതായി സർക്കാർ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ച ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടാണ് മിലിട്ടറി കമ്മിറ്റി ഫോർ റീഫൗണ്ടേഷൻ(സിഎംആർ) എന്ന പേരിലുള്ള സൈനികോദ്യോഗസ്ഥരുടെ സംഘം അട്ടിമറിവിവരം രാജ്യത്തെ അറിയിച്ചത്. ഭരണഘടന റദ്ദാക്കിയതായും എല്ലാ കര-വ്യോമാതിർത്തികളും അടച്ചതായും സൈന്യം ടെലിവിഷനിൂലെ അവകാശപ്പെട്ടു.
കുടിയേറ്റക്കാരെ അധിക്ഷേപിച്ച യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന് രൂക്ഷവിമർശനം. ‘കൂട്ടമായുള്ള കുടിയേറ്റം അമേരിക്കക്കാരുടെ സ്വപ്നങ്ങളെ കവർന്നെടുക്കുന്നു’ എന്നാണ് ജെ ഡി വാൻസ് പറഞ്ഞത്. പിന്നാലെ ‘താങ്കളുടെ ഭാര്യ കുടിയേറ്റ കുടുംബത്തിൽ നിന്നുള്ള ഇന്ത്യക്കാരിയല്ലേ’ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയർന്നു.
നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലിരുന്ന കാലത്തോളംതന്നെ ജവാഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്യസമരകാലത്ത് ജയിലില്‍ കിടന്നിട്ടുണ്ടെന്ന് ഓർമിപ്പിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ചര്‍ച്ചയ്ക്കിടെ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അവര്‍. പ്രധാനമന്ത്രിയും ബിജെപിയും നടത്തുന്ന നെഹ്‌റു വിമര്‍ശനങ്ങള്‍ക്കെതിരേയും പ്രിയങ്ക കടന്നാക്രമണം നടത്തി.
