55മത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മിച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തിരഞ്ഞെടുത്തു. മന്ത്രി സജി ചെറിയാനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ജൂറി അധ്യക്ഷന്‍ പ്രകാശ് രാജിന്റെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം. ഭ്രമയു​ഗത്തിലെ പ്രകനത്തിനാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഷംല ഹംസയെ മികച്ച നടിയെ തിരഞ്ഞെടുത്തത്.മികച്ച ചിത്ര‌മായി മഞ്ഞുമ്മൽ ബോയ്സിനെയും മികച്ച രണ്ടാമത്തെ ചിത്രമായി ഫെമിനിച്ച ഫാത്തിമയെയും തിരഞ്ഞെടുത്തു. മികച്ച ജനപ്രിയ ചിത്രം പ്രേമലുവിനെ തിരഞ്ഞെടുത്തു. മികച്ച നവാ​ഗത സംവിധായകൻ ഫാസിൽ മു​ഹമ്മദിനെ തിരഞ്ഞെടുത്തു. ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.ചിദംബരം മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ടൊവിനോ തോമസ്, ആസിഫലി, ജ്യോതിർമയി, ദർശന രാജേന്ദ്രൻ എന്നിവർക്ക് പ്രത്യേക ജൂറി പരാമർശം. മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പർ വേടൻ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി.

ഭ്രമയുഗത്തിലെ കഥയും കഥാപാത്രവും എല്ലാം വ്യത്യസ്തമായിരുന്നുവെന്നും അവാർഡൊന്നും പ്രതിക്ഷിച്ചിട്ടല്ല ചിത്രം ചെയ്തതെന്നും ഇതെല്ലാം സംഭവിക്കുന്നതാണെന്നും മമ്മൂട്ടി. എല്ലാവർക്കും നന്ദിയെയും പുരസ്കാരം നേടിയ എല്ലാവർക്കും അഭനന്ദനങ്ങൾ അറിയിക്കുന്നതായും മമ്മൂട്ടി പറഞ്ഞു.ഭ്രമയുഗത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് താന്‍ ആഗ്രഹിച്ചിരുന്നു എന്ന് മികച്ച നടനുള്ള ജൂറി പുരസ്‌കാരം നേടിയ നടന്‍ ആസിഫ് അലി. മമ്മൂട്ടിയോടൊപ്പം മത്സരിക്കാനായതുതന്നെ വലിയ നേട്ടമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ശബരിമല കട്ടിളപ്പാളി കേസില്‍ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നാണ് എസ്ഐടി സംഘം കോടതിയെ അറിയിച്ചത്. കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു. പാളികൾ ചെന്നൈയിലെത്തിച്ച് സ്വർണം വേർതിരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയാണെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.

മുതിർന്ന സിപിഎം നേതാവ് ഇപി ജയരാജനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ശിശു സഹജമായ നിഷ്കളങ്കത കാത്തുസൂക്ഷിക്കുന്ന നേതാവാണ് ജയരാജനെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു കമ്മ്യൂണിസ്റ്റുകാരന്റെ വസ്തുതാപരമായ ആവിഷ്കാരത്തിനു പ്രസക്തി ഉണ്ട്. സ്വന്തം കഥ എന്നതിനപ്പുറം പ്രസ്ഥാനത്തിന്റെ, കാലത്തിന്റെ കഥ കൂടിയാണ് പുസ്തകമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപി ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ പ്രകാശനം‌ ചെയ്ത് കണ്ണൂരിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പാർട്ടി നേതൃത്വത്തോടുള്ള അമർഷമടക്കം തുറന്നുകാട്ടുന്നതാണ് സി പി എം നേതാവ് ഇ പി ജയരാജന്റെ ഇന്ന് പ്രകാശനം ചെയ്ത ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’. കണ്ണൂർ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ട് വിവാദത്തിലാണ് ഇ പി, പാർട്ടി നേതൃത്വത്തോട് അമർഷം പ്രകടിപ്പിച്ചിരിക്കുന്നത്. വൈദേകം വിഷയം സി പി എം സംസ്ഥാന സമിതിയിൽ പി ജയരാജൻ ഉന്നയിച്ചതടക്കം വിവരിച്ചുകൊണ്ടാണ് ഇ പി, തന്‍റെ അമർഷം വ്യക്തമാക്കിയിട്ടുള്ളത്.

ആത്മകഥ പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി ഇപി ജയരാജൻ നടത്തിയ പ്രസ്താവനകളോട് ആദ്യമായി പ്രതികരിച്ച് ഡിസി രവി. മൗനം ഭീരുത്വം അല്ലെന്ന് ഡിസി രവി പറഞ്ഞു. ഞാൻ ഒരു ആത്മകഥ എഴുതുകയാണെങ്കിൽ വ്യക്തമാകുന്ന സത്യങ്ങള്‍ മാത്രമേയുള്ളുവെന്നും ഡിസി രവി പറഞ്ഞു. ഇപി ജയരാജന്‍റെ ആത്മകഥ വിവാദങ്ങളിൽ ആദ്യമായാണ് ഡിസി രവി പ്രതികരിക്കുന്നത്.

നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യത്തിലേക്കെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണ ഉദ്ഘാടനം നവംബര്‍ 4ന് 12 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.

എന്‍ഡിഎ പ്രകടനപത്രികയിലേക്ക് യുവാക്കള്‍, കര്‍ഷകര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അഭിപ്രായം തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ . രാജീവ്ചന്ദ്രശേഖര്‍. നാട് നന്നാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ നിലപാടുകളും ആശയങ്ങളും ബിജെപിയുമായി പങ്കുവെയ്ക്കാം. ക്യൂആര്‍കോഡ് സ്‌കാന്‍ ചെയ്ത് അഭിപ്രായങ്ങള്‍ അറിയിക്കാനും ബിജെപി അധ്യക്ഷൻ ഫേസ് ബുക്ക് പോസ്റ്റിൽ സംവിധാനമൊരുക്കിയിട്ടുണ്ട്.

വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് ചവിട്ടിത്തള്ളിയിട്ട പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയ്ക്ക് ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി ആരോ​ഗ്യമന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശ്രീക്കുട്ടിയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ ഉറപ്പാക്കാനാണ് മന്ത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വടക്കാഞ്ചേരി നഗരസഭ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം ഉദ്ഘാടനത്തിനിടെ പുഴയിലേക്ക് വീണു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു. നഗരസഭയുടെ പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികളുടെ കൈമാറ്റക്കടയുടെ ആവശ്യങ്ങൾക്കായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണ് വാഹനം പുഴയിലേക്ക് വീണത്.

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നാളെയും മറ്റന്നാളും വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം. അന്തിമ വോട്ടർ പട്ടികയിൽ പേരില്ലാത്ത പ്രവാസികൾക്കും പട്ടികയിൽ പേര് ചേർക്കാൻ കഴിയും. ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്കാണ് വോട്ട് ചേർക്കാൻ അവസരം ലഭിക്കുക. സപ്ലിമെന്ററി പട്ടിക ഈ മാസം 14ന് പ്രസിദ്ധീകരിക്കും. സ്ഥാനമാറ്റത്തിനും പേര് ഒഴിവാക്കുന്നതിനും അപേക്ഷ നൽകാം.

മൂന്നാറിൽ വിനോദസഞ്ചാരിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തിൽ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മൂന്നാർ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ സാജു പൗലോസ്, ഗ്രേഡ് എസ് ഐ ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് നടപടി. കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്.

മൂന്നാറിൽ മുബൈ സ്വദേശിനിയായ വിനോദ സഞ്ചാരിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടു ടാക്സി ഡ്രൈവര്‍മാര്‍ പിടിയിൽ. മൂന്നാര്‍ സ്വദേശികളായ വിനായകൻ, വിജയകുമാര്‍ എന്നിവരെയാണ് മൂന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീഡിയോവിൽ നിന്ന് ഇവരെ പൊലീസ് തിരിച്ചറിയുകയായിരുന്നു. ഈ വീഡിയോ ആണ് പ്രതികളെ തിരിച്ചറിയുന്നതിൽ നിര്‍ണായകമായത്.

ട്രെയിനുകളില്‍ സ്ത്രീ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തുനല്‍കി.ട്രെയിനില്‍ പെണ്‍കുട്ടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രിയോടും കെസി വേണുഗോപാല്‍ കത്തിലൂടെആവശ്യപ്പെട്ടു

സംസ്ഥാനത്ത് ആദ്യമായി വന്യമൃഗാക്രമണം ചെറുക്കുന്നതിനായി സ്വന്തം നിലയില്‍ പ്രതിരോധ സേനയ്ക്ക് രൂപം നല്‍കി അതിരപ്പിള്ളി പഞ്ചായത്ത്. 710 രൂപ ദിവസ വേതന അടിസ്ഥാനത്തില്‍ പ്രദേശവാസികളായ 16 പേരെയാണ് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയമിച്ചത്. പ്രത്യേകം അഭിമുഖം നടത്തി തെരഞ്ഞെടുത്ത ഇവർക്ക് വനംവകുപ്പിന്റെ സഹകരണത്തോടെ 15 ദിവസത്തെ പരിശീലനം നല്‍കിയ ശേഷമാണ് നിയമിച്ചത്.

സൈബർ ആക്രമണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ഫേസ്ബുക്ക് കുറിപ്പിലൂടെ സിന്ധു ജോയി രംഗത്ത്. നീണ്ടൊരു ഇടവേളയ്ക്കു ശേഷമാണ് ഫേസ്‌ബുക്കിലെ കുറിപ്പെന്ന് വ്യക്തമാക്കിയ സിന്ധു ജോയി, ആദിത്യനെന്നും റഫീഖ് എന്നും ചില പെൺപേരുകളിലും വരുന്ന വേതാളങ്ങളുടെ സൈബർ ആക്രമണം തന്നോട് വേണ്ടെന്ന് വ്യക്തമാക്കി.

കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്ക് മർദ്ദനമേറ്റ സംഭവത്തിൽ റിപ്പോർട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്. 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആഭ്യന്തരമന്ത്രാലയത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ കേരള സർക്കാരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകണമെന്നും നിർദേശമുണ്ട്. ഷാഫിപറമ്പിലിൻ്റെയും, കൊടിക്കുന്നിൽസുരേഷ് എംപിയുടെയും പരാതികളിലാണ് ലോക് സഭ സെക്രട്ടറിയേറ്റിൻ്റെ നടപടി.

സിപിഐ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ രാജി വെച്ചു. സിപിഐ വിട്ടുവെന്നും പാർട്ടിയുടെയും എഐവൈഎഫിൻ്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായും ശ്രീനാദേവി കുഞ്ഞമ്മ മാധ്യമങ്ങളെ അറിയിച്ചു. നേതൃത്വത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. ഒട്ടനവധി പരാതികൾ സിപിഐ സംസ്ഥാന നേതൃത്വത്തിന് നൽകിയതാണ്. എന്നാൽ ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീനാദേവി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മികച്ച പ്രകടനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കുള്ള പുരസ്‌കാരം കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക്. സിഐ റാങ്കിലുള്ള ആസാദ് എം പി, ശിവകുമാര്‍ വി.ആര്‍, സുമേഷ് ടി.പി, ബിനിഷ് ലാല്‍ കെ.വി എന്നീ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പുരസ്‌കാരം.

ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നു അസ്ഥികൂടം കണ്ടെത്തി. പുരുഷന്റേത് എന്നു സംശയിക്കുന്ന അസ്ഥികൂടത്തിന്റെ തലയോട്ടി വേർപ്പെട്ട നിലയിലാണ്. സ്റ്റേഷന് തെക്കുഭാഗത്ത് കാടുമൂടി കിടക്കുന്ന റെയിൽവേ ഭൂമിയിലാണ് അസ്ഥികൂടം കണ്ടത്. ലോറി ഡ്രൈവാണ് വിവരം പൊലീസിനെ അറിയിച്ചത്. മുണ്ടും ഷർട്ടും ചെരിപ്പും അസ്ഥികൂടത്തിൽ നിന്ന് വേർപ്പെട്ടിട്ടില്ല. ഇതാണ് പുരുഷന്റെതാണെന്ന് സംശയിക്കാൻ കാരണം. മൃതദേഹാവശിഷ്ടങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചു.

രജത ജൂബിലി നിറവിലെത്തിയ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ആഘോഷ പരിപാടികൾ നവംബർ 4 വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബിയുടെ നേട്ടങ്ങൾ വിശദീകരിക്കുന്ന സുവനീറും ഇംഗ്ലീഷ്-മലയാളം കോഫി ടേബിൾ ബുക്കും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മികച്ച പ്രവർത്തനം കാഴ്ചവച്ച പദ്ധതി നിർവഹണ ഏജൻസികൾ, കരാറുകാർ, മത്സര വിജയികൾ തുടങ്ങിയവർക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്യും.

റഷ്യ -യുക്രൈയിൻ യുദ്ധത്തിൽ റഷ്യയ്ക്കുവേണ്ടി പങ്കെടുത്തുവെന്നാരോപിച്ച് യുക്രൈയിൻ സൈന്യം കസ്റ്റഡിയിലെടുത്ത 22 വയസ്സുള്ള ഇന്ത്യൻ വിദ്യാർത്ഥിയായ സാഹിൽ മജോത്തിയെ തിരിച്ചുകൊണ്ടുവരാൻ ഗൗരവമായ നടപടികൾ സ്വീകരിക്കണമെന്ന് ദില്ലി ഹൈക്കോടതി നിർദ്ദേശം. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിനാണ് നിർദ്ദേശം. റഷ്യയിൽ പഠിക്കാൻ പോയ വിദ്യാർത്ഥിയെ വ്യാജ മയക്കുമരുന്ന് കേസിൽ തടവിലാക്കി ഈ കേസ് ഒഴിവാക്കാൻ റഷ്യൻ സൈന്യത്തിൽ ചേരാൻ നിർബന്ധിച്ചുവെന്നാണ് വാദം.

ശബരിമല കട്ടിളപ്പാളി കേസില്‍ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ശക്തമായ തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ടെന്നാണ് എസ്ഐടി സംഘം കോടതിയെ അറിയിച്ചത്. കട്ടിളപ്പാളികളിൽ സ്വർണ്ണം പൊതിഞ്ഞിരുന്നതായി ഉണ്ണികൃഷ്ണൻ പോറ്റിക്ക് അറിയാമായിരുന്നു. പാളികൾ ചെന്നൈയിലെത്തിച്ച് സ്വർണം വേർതിരിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി മറ്റ് പ്രതികളുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും പോറ്റി നടത്തിയത് വിശ്വാസ വഞ്ചനയാണെന്നും റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു.

ജയ്പൂരിലെ ലോഹ മണ്ഡിയിൽ ഡംപർ ലോറി 17 വാഹനങ്ങളിലേക്ക് ഇടിച്ചുകയറി നടുക്കുന്ന അപകടം. അപകടത്തിൽ 12 പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹർമാഡ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ അപകടം നടന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. റോഡ് നമ്പർ 14 ൽ നിന്ന് ഹൈവേയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവേ പെട്രോൾ പമ്പിനടുത്ത് ലോറി നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമായത്.

കര്‍ണാടകയിലെ ചിക്കനായകനഹള്ളിയിൽ തെരുവ് നായയോട് കൊടും ക്രൂരത. ബെംഗളൂരു ചിക്കനായകനഹള്ളിയിലെ തൊഴിലാളികള്‍ കഴിയുന്ന ഷെഡ്ഡിന് സമീപത്ത് നായയെ ഒരു സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബെംഗളൂരിലെ മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയലാണ് ക്രൂരത പുറം ലോകം അറിയുന്നത്.

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം മംഗോളിയയിൽ അടിയന്തിരമായി ഇറക്കി. സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ നടപടിയായാണ് വിമാനം ഇറക്കിയത്. സാൻ ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി ദില്ലിക്ക് വരുകയായിരുന്ന എഐ 174 വിമാനമാണിത്.

രാജ്യത്ത് അശ്ലീല വീഡിയോകൾ നിരോധിക്കാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ സുപ്രധാന പരാമർശവുമായി സുപ്രീം കോടതി. നേപ്പാളിൽ ഭരണ അട്ടിമറിയിലേക്ക് നയിച്ച ജെൻസി പ്രതിഷേധങ്ങൾ പരാമർശിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ബിആർ ഗവായ് മറുപടി നൽകിയത്.സോഷ്യൽ മീഡിയ നിരോധിച്ചത് കൊണ്ട് നേപ്പാളിൽ എന്താണ് സംഭവിച്ചത്. എന്തായിരുന്നു അതിൻ്റെ ഫലം? എല്ലാവരും കണ്ടതല്ലേ അത് – എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

മുപ്പത്തിരണ്ട് വർഷം പഴക്കമുള്ള മണി ഓർഡർ തട്ടിപ്പ് കേസിൽ വിരമിച്ച സബ് പോസ്റ്റ് മാസ്റ്ററെ മൂന്ന് വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. പതിനായിരം രൂപ പിഴയും ചുമത്തി. ഹാപൂരിലെ പിൽഖുവ സ്വദേശി മഹേന്ദ്ര കുമാറിനെതിരെയാണ്, നോയിഡ ഗൗതം ബുദ്ധ നഗറിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മായങ്ക് ത്രിപാഠി ശിക്ഷ വിധിച്ചത്. 1993 ഒക്ടോബർ 12 ന് ആരംഭിച്ച കേസിലാണ് വിധി.

മുംബൈ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ. 42 കോടിയിലേറെ വില വരുന്ന കഞ്ചാവാണ് വിമാനത്താവളത്തിൽ പിടിയിലായത്. ‌ബാംങ്കോക്കിൽ നിന്ന് വന്ന രണ്ട യാത്രക്കാരാണ് ഞായറാഴ്ച അറസ്റ്റിലായത്. വലിയ രീതിയിൽ ലഹരി എത്തുന്നതായുള്ള രഹസ്യ വിവരത്തേ തുടർന്ന് ഡിആർഐ പരിശോധന കർശനമാക്കിയിരുന്നു. 21 പാക്കറ്റ് ന്യൂഡിൽസാണ് ഇവരുടെ ബാഗിൽ നിന്ന് കണ്ടെത്തിയത്.

കർണാടകയിൽ യുവതിക്ക് നേരെ പൊലീസ് അതിക്രമം. പശ്ചിമ ബം​ഗാൾ സ്വദേശിനിയായ സുന്ദരി ബീവി (34)ക്കാണ് പൊലീസിന്റെ മർദനമേറ്റത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദനം. സംഭവത്തിൽ വരത്തൂർ പൊലീസിനെതിരെ യുവതി പരാതി നൽകിയിട്ടുണ്ട്. സ്വകാര്യ ഭാ​ഗങ്ങളിൽ ഉൾപ്പെടെ പൊലീസ് മർദിച്ചെന്ന് പരാതിയിൽ പറയുന്നു. പരിക്കേറ്റ സുന്ദരി ബീവി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയായ മമത ബാനർജിയുടെ ഓഫീസ് ഇടപെടുകയും കർണാടക സർക്കാരിനെ അതൃപ്തി അറിയിക്കുകയും ചെയ്തു.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണവായുധങ്ങളുടെ പരീക്ഷണം സംബന്ധിച്ച് നൽകിയ ഉത്തരവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ വിശദീകരണവുമായി ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ്. ട്രംപിന്റെ ഉത്തരവിൽ അണുസ്‌ഫോടനങ്ങൾ ഉൾപ്പെടുന്നില്ലെന്നും, പകരം സിസ്റ്റം പരിശോധനകൾ മാത്രമാണ് നടത്തുകയെന്നും യുഎസ് വ്യക്തമാക്കി.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഗാസയിൽ വെടിനിർത്തൽ നടപ്പായെങ്കിലും പശ്ചിമേഷ്യയിൽ യുദ്ധഭീഷണി ഒഴിയുന്നില്ല. ലെബനനിൽ ഇസ്രയേൽ നടത്തിയ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നഗരത്തിലെ മാലിന്യസംസ്കരണം കൂടുതൽ ഫലപ്രദമാക്കാൻ പൊതുജനങ്ങളെ ഉൾപ്പെടുത്തിയുള്ള പദ്ധതിക്ക് രൂപം നൽകി ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്മെന്റ് ലിമിറ്റഡ്. തെരുവുകളിൽ മാലിന്യം തളളുന്നവരുടെ വീഡിയോ പങ്കിടുന്നവർക്ക് 250 രൂപ പ്രതിഫലം നൽകുകയെന്നതാണ് പുതിയ പദ്ധതി.

ഇന്ത്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും തേജസ്വി യാദവിനെയും കുരങ്ങന്മാരെന്നു വിളിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ്. ഈ നേതാക്കന്മാരെ പപ്പു, ടപ്പു, അക്കു എന്നീ പേരുകൾ വിളിച്ചാണ് ആദിത്യനാഥ് അപമാനിച്ചത്. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ദർഭംഗയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

രാഷ്ട്രീയത്തിലെ കുടുംബവാഴ്‌ച ജനാധിപത്യത്തിന് വെല്ലുവിളിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ. കുടുംബമഹിമയ്ക്കല്ല, മറിച്ച് കഴിവിനായിരിക്കണം ജനാധിപത്യത്തിൽ പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. കുടുംബ മഹിമ അടിസ്ഥാനമാക്കി അധികാരം നിർണയിക്കുമ്പോൾ ഭരണത്തിൻ്റെ ഗുണനിലവാരം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറിൽ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം നാളെ അവസാനിക്കാനിരിക്കെ എൻഡിഎ-ഇന്ത്യാ സഖ്യ നേതാക്കൾക്കിടയിൽ വാക്പോര് കടുക്കുന്നു. പാശ്ചാത്യ ആഘോഷങ്ങൾ ഏറ്റെടുക്കുന്ന ആര്‍ജെഡി ഛഠ് പൂജയെ അപമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. 20 കൊല്ലമായി ബിഹാറിൽ ഒന്നും ചെയ്യാനാകാത്ത എൻഡിഎ കള്ളപ്രചാരണം നടത്തുകയാണെന്ന് പ്രിയങ്ക ​​ഗാന്ധി തിരിച്ചടിച്ചു. തേജസ്വി യാദവ് മത്സരിക്കുന്ന രാഘോപൂർ അടക്കം 121 സീറ്റുകളിലേക്കുള്ള പ്രചാരണമാണ് നാളെ അവസാനിക്കുക.

ഇന്ത്യയില്‍നിന്ന് SU 30 MKI യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് അര്‍മേനിയ എന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിര്‍മിച്ച SU 3.0 MKI യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.നിലവില്‍ എച്ച്എഎല്ലിന്റെ നാസിക്കിലെ പ്രൊഡക്ഷന്‍ ലൈനിലാകും ഇവ നിര്‍മിക്കുക.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *