മുഖ്യമന്ത്രി പിണറായി വിജയൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് വിഷു ആശംസകൾ നേർന്നു. നാനാ ജാതി മതസ്ഥർ ഒത്തൊരുമയോടെ ജീവിക്കുന്ന നമ്മുടെ രാജ്യത്ത് വർഗീയ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്, ഈ അപകടത്തെ തിരിച്ചറിഞ്ഞു നാം പ്രതിരോധിക്കണം . സാഹോദര്യവും സമത്വവും പുലരുന്ന ഒരു പുതുലോകം കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പായി ഈ വിഷു ആഘോഷങ്ങൾ മാറട്ടെ എന്ന് മുഖ്യമന്ത്രി ആശംസ കുറിപ്പിൽ പറഞ്ഞു.
പൂക്കോട് വെറ്ററിനറി കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെത്തി സിബിഐ. ഡിഐജി, രണ്ട് എസ്പിമാർ ഉൾപ്പെടുന്ന പത്ത് പേരാണ് സിബിഐ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സിദ്ധാർത്ഥൻ ക്രൂര മർദനം നേരിട്ട മുറി, ആൾക്കൂട്ട വിചാരണയ്ക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാം അന്വേഷണ സംഘം പരിശോധന നടത്തി. സിദ്ധാർത്ഥൻ്റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന. സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സമയത്ത് ഉള്ളവരെല്ലാം സിബിഐ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയിരുന്നു.
പൂരം നടത്തിപ്പിന് പ്രശ്നമുണ്ടാകില്ലെന്നും വിവാദ നിർദേശങ്ങൾ പിൻവലിക്കുമെന്നും വനംമന്ത്രി എകെ ശശീന്ദ്രൻ. ആനകളുടെ അമ്പത് മീറ്റർ ചുറ്റളവിൽ തീവെട്ടി, താളമേളം, എന്നിവയില്ലെന്ന് ഉറപ്പ് വരുത്തണമെന്ന ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ സർക്കുലറാണ് വിവാദത്തിന് കാരണമായത്.കനത്ത ചൂടും ആനകൾ വിരണ്ടോടുന്നത് പതിവാകുകയും ചെയ്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സർക്കുലർ എന്നാണ് വിശദീകരണം. സർക്കുലറിൽ മാറ്റം വരുത്തുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും വനംമന്ത്രിയുടെ ഓഫീസും വ്യക്തമാക്കി.
മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് അംഗീകാരം ലഭിച്ചു. തൃശൂര്‍ പാറളം കുടുംബാരോഗ്യ കേന്ദ്രം 92 ശതമാനം സ്‌കോറും, പാലക്കാട് കുളപ്പുള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 86 ശതമാനം സ്‌കോറും, കൊല്ലം കരുനാഗപ്പള്ളി നഗര കുടുംബാരോഗ്യ കേന്ദ്രം 89 ശതമാനം സ്‌കോറും നേടി. മികച്ച സൗകര്യങ്ങളും സേവനങ്ങളുമൊരുക്കി കൂടുതല്‍ സര്‍ക്കാര്‍ ആശുപത്രികളെ ദേശിയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനായി നടത്തിയ നടപടികളുടെ ഭാഗമായാണ് ഈ അംഗീകാരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
മൾട്ടിപ്ലക്സ് തിയേറ്റർ ശൃംഖലയായ പിവിആർ ഐനോക്സിന്റെ തിയേറ്ററുകളിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കാൻ തീരുമാനമായി. ഓൺലൈൻ യോഗത്തിലാണ് തർക്കം പരിഹരിച്ചത്.ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം മൂലം ആണ് സിനിമപ്രദർശനം നിർത്തിവച്ചത്.
പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആന്റണി പിതൃനിന്ദ നടത്തിയവനാണെന്നും യൂദാസിന്റെ പുതിയ അവതാരമാണെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം ഹസൻ. അനിൽ പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നു പറക്കുമെന്നും കെട്ടിവെച്ച കാശ് കിട്ടുമോ എന്ന് കണ്ടറിയണമെന്നും ഹസൻ പരിഹസിച്ചു. മാതാപിതാ ഗുരു ദൈവം എന്ന ഭാരതസംസ്കാരം പേറുന്ന ബിജെപി പ്രവർത്തകർ അനിൽ ആന്റണിക്ക് വോട്ടുചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ആശങ്ക കേരളത്തിന്റെ ആശങ്കയാണെന്ന് ഉമ തോമസ്. കോടതി കസ്റ്റഡിയിൽ നിന്ന് അനധികൃതമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചന്നത് മ്ലേച്ഛമാണ്. കുറ്റക്കാരായവരെ മാറ്റിനിർത്തിയുള്ള അന്വേഷണം വേണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു.
പതിനൊന്ന് ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട്, തൃശ്ശൂർ, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളിൽ സാധാരണയെക്കാൾ 2 മുതൽ 4 °C വരെ കൂടുതൽ താപനില അനുഭവപ്പെടാൻ സാധ്യതയുണ്ട്.
അരുണാചൽ പ്രദേശിൽ മലയാളികൾ മൂവരും മരണം തെരഞ്ഞെടുത്തത് വിചിത്ര മാനസികാവസ്ഥയിലെന്ന്പോലീസ്. ആര്യയ്ക്ക് ഇരട്ട വ്യക്തിത്വമുണ്ടായിരുന്നതായും പോലീസ് നിഗമനം.മൂവരുടെയും ഇ-മെയിൽ ഐഡികളിലെയും മൊബൈൽ ഫോണിലെയും ആശയവിനിമയങ്ങൾ കണ്ടെത്തിയ ശേഷമാണ് ഈ നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
പാലാ പൈകയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടാം ക്ലാസുകാരി ആത്മജ പാമ്പുകടിയേറ്റ് മരിച്ചു. പാമ്പുകടിയേറ്റതിനെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഓസ്ട്രേലിയയിലെ സിഡ്നിയില്‍ ഷോപ്പിങ് മാളില്‍ അക്രമി അഞ്ചുപേരെ കുത്തിക്കൊന്നു. നഗരത്തിന്റെ കിഴക്കന്‍ മേഖലയില്‍ ബോണ്ടിയിലാണ് ആക്രമണം. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. കുത്തേറ്റവരിൽ ഒന്‍പതുമാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞും ഉള്‍പ്പെടുന്നു. കത്തിയുമായെത്തി മാളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ പിന്നീട് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
ഇസ്രയേൽ പൗരന്‍റെ ഉടമസ്ഥതയിലുള്ള കപ്പൽ പിടിച്ചെടുത്ത് ഇറാൻ സൈന്യം. ദുബായിലേക്ക് പോകുകയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്. കപ്പലിൽ പാലക്കാട്, കോഴിക്കോട് സ്വദേശികളുണ്ടെ നാണ് വിവരം. കപ്പലിൽ 25 പേരുണ്ടായിരുന്നുവെന്ന് കമ്പനി സ്ഥിരീകരിച്ചു. ജീവനക്കാരെയും കപ്പലിനെയും തിരികെ എത്തിക്കാൻ ഇടപെടൽ തുടങ്ങിയെന്നും അധികൃതർ അറിയിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി അധികാരത്തിലിരുന്നിട്ട് ബി.ജെ.പി. രാജ്യത്തിനായി എന്തൊക്കെ ചെയ്തു എന്ന്പ്രിയങ്ക ഗാന്ധി . വികസന നേട്ടങ്ങൾ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ടാണ് ബിജെപി ഇപ്പോഴും കോൺഗ്രസിനെ കുറ്റം പറഞ്ഞു വോട്ടു നേടാൻ ശ്രമിക്കുന്നത്. ഉത്തരാഖണ്ഡിലെ രാംനഗറില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രസംഗിക്കുകയായിരുന്നു പ്രിയങ്ക.