മുന്‍ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ ജി സുധാകരനെതിരായ സൈബർ ആക്രമണത്തിലും പാർട്ടിക്കുള്ളിലെ വിമർശനത്തിലും പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. മുതിർന്ന നേതാവിനെതിരെ സൈബർ ആക്രമണം നടത്തുന്ന പാർട്ടിയായി സി പി എം അധപ്പതിച്ചെന്നാണ് സതീശൻ അഭിപ്രായപ്പെട്ടത്. ഞങ്ങളെല്ലാം ബഹുമാനിക്കുന്ന ആളാണ് ജി സുധാകരൻ. അദ്ദേഹം നീതിമാനായ രാഷ്ട്രീയ പ്രവർത്തകനായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി. വിദൂഷകരുടെ കൂട്ടത്തിൽ ഉള്ള രാഷ്ട്രീയ നേതാവല്ല ജി സുധാകരൻ എന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
പേരാമ്പ്ര സംഘർഷത്തിൽ വിശദീകരണ യോഗവുമായി സിപിഎം. ഷാഫി പറമ്പില്‍ എംപിക്കെതിരെ യോഗത്തിൽ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം. സൂക്ഷിച്ച് നടന്നാൽ മതിയെന്നും മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളുവെന്നുമായിരുന്നു ഇപിയുടെ പ്രതികരണം. ഷാഫി എംപിയായത് നാടിന്‍റെ കഷ്ടകാലമാണെന്നും ഇപി ജയരാജൻ വിമർശിച്ചു. അഹംഭാവവും ധിക്കാരവുമൊക്കെ കോൺഗ്രസ് ഓഫീസിൽ പോയി പറഞ്ഞാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാഫി പറമ്പിലിനു പരിക്ക് പറ്റിയെങ്കിൽ ഉത്തരവാദി യുഡിഎഫ് തന്നെയാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. മൂക്കിന് സർജറി കഴിഞ്ഞ ആൾ എങ്ങനെ പെട്ടെന്ന് സംസാരിക്കുമെന്നും എല്ലാ തെളിവുകളും പൊലീസ് പരിശോധിക്കണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. ഷാഫി അക്രമികളോടൊപ്പം ചേർന്ന് പൊലീസിനെ ആക്രമിക്കാൻ നേതൃത്വം നൽകി. പൊലീസിന് നേരെ സ്ഫോടക വസ്തു അക്രമി സംഘം എറിഞ്ഞു. കൊല്ലാനും അതുവഴി കലാപം ഉണ്ടാക്കാനും ആയിരുന്നു യുഡിഎഫ് ശ്രമമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിക്ക് കോടതിയില്‍ നിന്ന് തിരിച്ചടി. പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട മൂന്ന് പേർക്ക് പലിശയടക്കം പണം തിരികെ നല്‍കാൻ ബത്തേരി കോടതി ഉത്തരവിട്ടു. കോടതി വ്യവഹാരത്തിന് ചെലവായ തുകയും ബ്രഹ്മഗിരി നിക്ഷേപകർക്ക് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. 50 ലക്ഷം രൂപ വരെ നിക്ഷേപിച്ച് വഞ്ചിക്കപ്പെട്ട സർക്കാർ ഉദ്യോഗസ്ഥനടക്കമാണ് അനുകൂല വിധി ലഭിച്ചിരിക്കുന്നത്.
ആലപ്പുഴ ചേപ്പാട് ദേശീയപാത വികസനത്തിൻ്റെ ഭാഗമായി പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചുമാറ്റിയതിൽ സംഘർഷം. ചേപ്പാട് സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയാണ് പൊളിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്തി. മുന്നറിയിപ്പില്ലാതെ പൊളിച്ചെന്നാണ് വിശ്വാസികൾ പറയുന്നത്. സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്.
തൃശൂർ മതിലകത്ത് വിദ്യാർത്ഥി സംഘർഷം. പറിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്‌മാബി കോളേജിൻ്റെ മുന്നിലാണ് സംഘർഷമുണ്ടായത്. സംഘർഷത്തില്‍ കെഎസ്‍യു – എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ് തർക്കത്തിന് പിന്നാലെയാണ് സംഘർഷം. ഇതിന്റെ തുടർച്ചയാണ് കോളേജിന് പുറത്തേക്ക് സംഘർഷം നീണ്ടത്.സംഭവത്തില്‍ പരാതി ലഭിക്കുന്ന അടിസ്ഥാനത്തിൽ കേസെടുക്കുമെന്ന് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി അറിയിച്ചു.
ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആത്മഹത്യ ചെയ്ത യുവാവ് അനന്തു അജിയുടെ വീഡിയോ പുറത്ത്. മരണമൊഴി എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. വളരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളാണ് വീഡിയോയിലുള്ളത്. മൂന്നു വയസ്സ് മുതൽ വീടിനടുത്തുള്ള ഒരാൾ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും ലൈംഗികമായി ചൂഷണം ചെയ്ത ആൾ ഇപ്പോൾ നല്ല നിലയിൽ ജീവിക്കുന്നുവെന്നും വീഡിയോയിൽ പറയുന്നു.
പാലക്കാട് ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ പ്രിൻസിപ്പാളിനെയും അധ്യാപകരെയും തടഞ്ഞുവെച്ച് കെഎസ്‌യു പ്രതിഷേധം. കഴിഞ്ഞ ദിവസം ഉണ്ടായ എസ്എഫ്ഐ – കെഎസ്‌യു സംഘർഷത്തിൽ ഇരു വിഭാഗങ്ങളിൽ നിന്നുമായി 4 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് പരിക്കേറ്റ കോളജ് യൂണിയൻ മുൻ ചെയർപേഴ്സൺ ആതിര പ്രിൻസിപ്പാൾക്ക് നൽകിയ പരാതിയിൽ നടപടി സ്വീകരിച്ചില്ല എന്ന് ആരോപിച്ചായിരുന്നു ഇന്ന് അധ്യാപകരെ തടഞ്ഞ് പ്രതിഷേധം നടത്തിയത്.
നിർമിത ബുദ്ധി അടക്കം ഉപയോഗിച്ച് കെഎസ്ആർടിസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. നിർമിത ബുദ്ധി സഹായത്താൽ കെഎസ്ആർടിസി ഷെഡ്യൂൾ പരിഷ്കരിക്കും. പലപ്പോഴും ഒരേ സമയം തുടർച്ചയായി ബസുകൾ ഒരേ റൂട്ടിൽ പോകുന്ന സാഹചര്യമുണ്ട്. നിർമിത ബുദ്ധിയാൽ പുതിയ സോഫ്റ്റ് വെയർ ഉപയോഗിച്ച് ഇതിന് പരിഹാരമുണ്ടാക്കും. ഒരേ റൂട്ടിൽ കൃത്യമായ ഇടവേളയിൽ ബസ് സഞ്ചരിക്കുന്നതെന്ന് ഉറപ്പാക്കും എന്നും മന്ത്രി പറഞ്ഞു.
പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ ഗതാഗതമന്ത്രിയുടെ നിർദേശം പ്രകാരം നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ഹൈക്കോടതിയെ സമീപിച്ചു. പൊൻകുന്നത്തുനിന്ന് പുതുക്കാട്ടേക്ക് സ്ഥലം മാറ്റിയ സംഭവത്തില്‍ ഡ്രൈവർ ജെയ്മാൻ ജോസഫാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ അച്ചടക്ക നടപടിയെ ന്യായീകരിച്ച് കെഎസ്ആർടിസി രംഗത്തെത്തി.
സിപിഐ മുൻ തിരുവനന്തപുരം ജില്ലാ കൗൺസിൽ അംഗം മീനാങ്കൽ കുമാറിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് ഇന്ന് ചേർന്ന ജില്ലാ കൗൺസിൽ നടപടി എടുത്തത്. ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിലേക്ക് തന്നെ പരിഗണിക്കാത്തതിൽ മീനാങ്കൽ കുമാർ പരസ്യമായി പ്രതിഷേധം അറിയിച്ചിരുന്നു.
പള്ളുരുത്തിയിലെ ഹിജാബ് വിവാദത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്. രക്ഷിതാവിനൊപ്പം എസ്ഡിപിഐ നേതാക്കൾ സെന്റ് റീത്താസ് സ്കൂളിൽ എത്തി അധികൃതരെ ഭീഷണിപ്പെടുത്തിയതിന് തെളിവുകളുണ്ട്. പൊളിറ്റിക്കൽ ഇസ്ലാം അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും പത്ത് വോട്ടിന് വേണ്ടി വിദ്യാഭ്യാസ മന്ത്രി ഇതിന് ചൂട്ട് പിടിക്കുകയാണെന്നും ഷോൺ കുറ്റപ്പെടുത്തി.
മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണ കൂടാതെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് നടപടി. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്നാണ് കേസ്. കേസിൽ സിപിഎം – ബിജെപി ഒത്തുകളി ആരോപണം ഉയർന്ന സാഹചര്യത്തിലായിരുന്നു സർക്കാർ അപ്പീൽ സമർപ്പിച്ചത്.
തിരുവനന്തപുരം പുന്നമൂട് സ്കൂളിലെ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം. തുടർന്ന് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിയൂർ പുന്നംമൂട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കൂളിലെ ഒരു വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചതാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.വിദ്യാര്‍ത്ഥികള്‍ക്ക് മതിയായ ചികിത്സ ഉറപ്പാക്കാന്‍. ആശുപത്രി സൂപ്രണ്ടിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി.
രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിൽ എല്ലാ ആചാര അനുഷ്ഠാനങ്ങളും പാലിക്കുമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു. താന്ത്രിക വിധിയും ആചാര അനുഷ്ഠാനങ്ങളും പാരമ്പര്യവും പാലിച്ചുതന്നെയാണ് ദർശനം ഒരുക്കുന്നത്. രാഷ്ട്രപതിയുടെ ദർശന വിവരങ്ങൾ തന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ബോർഡ് ഹൈക്കോടതിയിൽ അറിയിച്ചു.
ഭിന്നശേഷി അധ്യാപക നിയമന വിഷയത്തില്‍ എന്‍എസ്എസിന് ലഭിച്ച വിധി ക്രൈസ്തവ സഭകള്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ മടിക്കേണ്ട കാര്യമില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ. വിദ്യാഭ്യാസ മേഖലയില്‍ ക്രൈസ്തവര്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നുണ്ടോ എന്ന ആശങ്ക സഭയ്ക്കുണ്ട്. എന്‍എസ്എസിന് ലഭിച്ച ആനുകൂല്യം തങ്ങള്‍ക്കും ലഭിക്കണം. അതുപോലെ ഒരു ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കണമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണപ്പാളി വിവാദം പുതിയ തലങ്ങളിലേക്ക് പോകുന്നതിനിടെ ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി വെള്ളിയാഴ്ച തിരികെ ഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് നാലു മണിക്ക് നട തുറന്ന ശേഷമാകും സ്വര്‍ണപ്പാളികള്‍ വീണ്ടും ഘടിപ്പിക്കുക. ഈ സമയത്ത് ദര്‍ശനത്തിന് തടസമുണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു.
ആറന്മുള വള്ളസദ്യ വിവാദത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ. ആചാരലംഘനം നടത്തിയിട്ടില്ലെന്ന് പറഞ്ഞ മന്ത്രി വിവാദം ആസൂത്രിതമാണെന്നും കുബുദ്ധിയിൽ ഉണ്ടായതാണെന്നും ചൂണ്ടിക്കാട്ടി. പള്ളിയോട സംഘമാണ് സദ്യക്ക് കൊണ്ടുപോയത്. ചടങ്ങുകൾ പൂർത്തിയാക്കാൻ സദ്യ കഴിക്കണം എന്ന് പറഞ്ഞു. 31 ദിവസത്തിനു ശേഷം കത്ത് വന്നത് ആസൂത്രിതമാണെന്നും മന്ത്രി വിമര്‍ശിച്ചു.
ആറന്മുള ആചാര ലംഘനവുമായി ബന്ധപ്പെട്ട്മന്ത്രി വി എൻ വാസവനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. ഗ്യാസിന്റെ പ്രശ്നം ഉള്ളതുകൊണ്ടാണ് ദേവന് നേദിക്കുന്നതിന് മുൻപ് വാസവൻ സദ്യ കഴിച്ചതെന്ന് കെ മുരളീധരൻ പരിഹസിച്ചു.ദൈവങ്ങൾക്ക് പോലും ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്. ശബരിമലയിലെ കിണ്ടിയും വിളക്കും വിറ്റതുകൊണ്ടാണ് വാസു ‘കിണ്ടി വാസു’ ആയതെന്നും അദ്ദേഹം പരിഹസിച്ചു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കി. സീരിയൽ നമ്പറും റിട്ടേണിങ് ഓഫീസറുടെ ഒപ്പുമില്ലാത്ത ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയ തെരഞ്ഞെടുപ്പ് ചട്ട വിരുദ്ധമാണെന്ന പരാതി അംഗീകരിച്ചാണ് വൈസ് ചാൻസലര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് പൂർത്തിയായ സാറ്റലൈറ്റ് ക്യാമ്പസുകളിലെ യൂണിയനുകളുടെ പ്രവർത്തനം തൽക്കാലം തടയാനും വി സി ഡോ. പി രവീന്ദ്രൻ നിർദേശിച്ചു.
പാലക്കാട് പുത്തൂരിൽ സത്യക്കല്ലുമലയുടെ താഴ്വാരത്ത് വൻ കഞ്ചാവ് കൃഷി വേട്ട. വനപ്രദേശത്ത്60 സെന്റ് സ്ഥലത്ത് മൂന്നുമാസം പ്രായമായ പതിനായിരത്തോളം കഞ്ചാവ് ചെടികൾ കണ്ടെത്തി നശിപ്പിച്ചു. കേരള പോലീസിന്റെ ഏറ്റവും വലിയ കഞ്ചാവ് കൃഷി വേട്ടകളിൽ ഒന്നാണിത്.കാടിനകത്ത് ആരാണ് കഞ്ചാവ് കൃഷി ചെയ്യുന്നത്, വിൽപന നടത്തുന്നത് എന്നിവയെ കുറിച്ച് അന്വേഷണം തുടങ്ങി.
അടുത്ത 24 മണിക്കൂറിനുള്ളിൽ ഔദ്യോഗികമായി കാലാവർഷം രാജ്യത്തിൽ നിന്ന് പൂർണമായും പിൻവാങ്ങി തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഞായറാഴ്ചയോടെ ഇത് കേരള കർണാടക തീരത്തിനു സമീപം ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഇടി മിന്നലൊടു കൂടിയ മഴ തുടരുമെന്നാണ് പ്രവചനം.
ഗോൾഡ് ഫ്ലേക് സിഗരറ്റ് വ്യാജമായി നിർമ്മിച്ച് വിൽപന നടത്തി. പിടിയിലാവുമെന്നായപ്പോൾ വിദേശത്തേക്ക് കടന്ന 23കാരനെ മാസങ്ങൾക്ക് ശേഷം പിടികൂടി. സുല്‍ത്താന്‍ബത്തേരിയിലുള്ള മുഹമ്മദ് യാസിന്‍ (23) നെയാണ് തലപ്പുഴ പൊലീസ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തത്. 2024 സെപ്റ്റംബറിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ആഗോള മിസൈൽ പ്രതിരോധ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. ‘ഡിസ്ട്രിബ്യൂട്ടഡ് എർലി വാണിങ് ഡിറ്റക്ഷൻ ബിഗ് ഡാറ്റ പ്ലാറ്റ്‌ഫോം’ (DEWDBDP) എന്ന് നാമകരണം ചെയ്യപ്പെട്ട ഈ സംവിധാനം, യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ഗോൾഡൻ ഡോം’ സ്വപ്ന പദ്ധതിയെ അനുസ്മരിക്കുന്നതാണ്. സൗത്ത് ചൈന മോണിങ് പോസ്റ്റാണ് ആഗോള മിസൈൽ ഷീൽഡ് ചൈന വികസിപ്പിച്ചതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആയിരം മിസൈലുകളെ ഒന്നിച്ച് തകർക്കാൻ ശേഷിയുള്ളതാണ് ഈ സംവിധാനമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
അന്തർസംസ്ഥാന മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ അംഗങ്ങളായ മൂന്ന് പേർ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (STF) ബിഹാർ പൊലീസും ചേർന്ന് നടത്തിയ നീക്കത്തിൽ 684 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇതിന് ഏകദേശം 1.71 കോടി രൂപ വിലമതിക്കും. ബിഹാറിലെ ഗയ ജില്ലയിലെ ബരാചട്ടിയിൽ വെച്ചാണ് ഇന്ന് അറസ്റ്റ് നടന്നത്.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ ചെറുക്കാൻ തമിഴ്‌നാട്ടില്‍ ഹിന്ദി നിരോധിക്കാന്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നു. തമിഴ്‌നാട്ടിലുടനീളം ഹിന്ദി ഹോര്‍ഡിംഗുകളും ഹിന്ദി ഭാഷാ സിനിമകളും നിരോധിക്കുക എന്ന ലക്ഷ്യത്തോടെ നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം മുഖ്യമന്ത്രി എംകെ സ്റ്റാലില്‍ ബില്‍ അവതരിപ്പിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
ഗഡ്ചിരോളി ജില്ലയെ സംബന്ധിച്ച് ഇന്ന് സുപ്രധാന ദിവസമാണെന്നും ജില്ലയിൽ നിന്നും മാവോയിസത്തെ ഉന്മൂലനം ചെയ്യൽ ഇന്നിവിടെ തുടങ്ങുകയാണെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. മുതിർന്ന സിപിഐ (മാവോയിസ്റ്റ്) നേതാവ് ഭൂപതി എന്നറിയപ്പെടുന്ന നക്‌സൽ കമാൻഡർ മല്ലോജുല വേണുഗോപാൽ റാവുവും മറ്റ് 60 നക്‌സലൈറ്റുകളും ഗഡ്ചിരോളി പൊലീസ് ആസ്ഥാനത്ത് കീഴടങ്ങിയതിന് പിന്നാലെയാണ് ഫഡ്നാവിസിന്‍റെ പരാമർശം.
സമുദ്രസസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരമാമായി ഇന്ത്യൻ സമുദ്രോൽപന്ന കയറ്റുമതിക്ക് യുഎസ് അംഗീകാരം ലഭിച്ചു. മത്സ്യബന്ധനത്തിനിടെ സമുദ്ര സസ്തനികൾക്ക് കാര്യമായ ദോഷം സംഭവിക്കുന്നില്ലെന്ന് തെളിയിക്കുന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്‍റെ (സിഎംഎഫ്ആർഐ) പഠനത്തിന്‍റെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിൻമേലാണ് നടപടി.
ഗാസ വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി ഹമാസ് ചൊവ്വാഴ്ച കൈമാറിയ മൃതദേഹങ്ങളിൽ ഒന്നിന് ബന്ദികളിലൊരാളുടേതുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. നിലവിലുള്ള ദുർബലമായ വെടിനിർത്തൽ കരാറിൽ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി ചൊവ്വാഴ്ച നാല് മൃതദേഹങ്ങളാണ് ഹമാസ് കൈമാറിയത്.മരിച്ച ബന്ദികളെ തിരികെ നൽകാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും ഹമാസ് നടത്തേണ്ടതുണ്ടെന്നും ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകി.
അഫ്ഗാൻ-പാക് അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ. 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാകിസ്ഥാന്‍റെ അവകാശവാദം. അഫ്ഗാൻ പ്രകോപനം ഉണ്ടാക്കിയെന്നും തിരിച്ചടിച്ചെന്നുമാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. അതേസമയം, 12 സാധാരണക്കാർ പാക് ആക്രമണത്തിൽ മരിച്ചെന്നും ശക്തമായി തിരിച്ചടിച്ചെന്നും താലിബാൻ അവകാശപ്പെടുന്നു.
ലോകത്തെ ഏറ്റവും ശക്തമായ ആദ്യത്തെ പത്ത് പാസ്പോർട്ടുകളുടെ പട്ടികയിൽ നിന്ന് അമേരിക്ക പുറത്ത്. മൂന്ന് ഏഷ്യൻ രാജ്യങ്ങളാണ് നിലവിൽ ഹെൻലി പാസ്പോർട്ട് ഇൻഡക്സിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. 193 രാജ്യങ്ങളിലേക്ക് വിസ ഇല്ലാതെ ചെല്ലാൻ കഴിയുന്ന സിംഗപ്പൂരാണ് പട്ടികയിൽ ഒന്നാമതുള്ളത്. 190 രാജ്യങ്ങളിലേക്ക് വിസ രഹിതമായി എത്താൻ കഴിയുന്ന ദക്ഷിണ കൊറിയയാണ് രണ്ടാം സ്ഥാനത്ത് 189 രാജ്യങ്ങളിലേക്ക് വിസ രഹിതമായി എത്താൻ കഴിയുന്ന ജപ്പാനാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്.
പ്രമുഖ വിദേശ നയതന്ത്ര വിദഗ്ദ്ധനും ഇന്ത്യൻ വംശജനുമായ ആഷ്‌ലി ജെ. ടെല്ലിസ് അറസ്റ്റിൽ. രഹസ്യ സ്വഭാവമുള്ള ദേശീയ പ്രതിരോധ വിവരങ്ങൾ നിയമ വിരുദ്ധമായി കൈവശം വെച്ചു, ചൈനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി തുടങ്ങി ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കുറ്റക്കാരനെന്ന് കണ്ടെത്തിക്കഴിഞ്ഞാൽ 10 വർഷം വരെ തടവ് ശിക്ഷയും 2,50,000 ഡോളർ വരെ പിഴയും ലഭിക്കാവുന്ന കേസാണ് എന്ന് യു എസ്. അറ്റോർണി ഓഫീസ് അറിയിച്ചു.
