Untitled design 20250112 193040 0000 1

 

സിനിമാ മേഖലക്കാകെയുള്ള പുരസ്കാരമാണിതെന്നും ഇതൊരു നിയോഗമാണെന്നും നടൻ മോഹൻലാൽ. സ്വപ്നം കാണാത്ത നിമിഷമാണിതെന്നും ഈ പുരസ്കാരം കൂടുതൽ ഉത്തരവാദിത്തം നൽകുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷം സംസാരിക്കുകയായിരുന്നു മോഹൻലാൽ. പുരസ്കാരം മലയാള സിനിമക്കും, പ്രേക്ഷകർക്കും സമർപ്പിക്കുകയാണ്. കേന്ദ്രസർക്കാരിന് നന്ദിയുണ്ടെന്നും മോഹൻലാൽ പറഞ്ഞു.

 

ദാദാസാഹേബ് ഫാൽക്കേ പുരസ്കാരജേതാവായ നടൻ മോഹൻലാലിനെ ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ അഭിനന്ദിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. എല്ലാ പുരസ്കാരജേതാക്കളേയും ഹൃദയം നിറഞ്ഞ് അഭിനന്ദിക്കുന്നുവെന്നും ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയതിൽ മോഹൻലാലിനെ ഏറെ അഭിനന്ദിക്കുന്നുവെന്നുംഅവർ പറഞ്ഞു. വിവിധ ഭാവങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കാൻ കഴിയുന്നതുകൊണ്ടാണ് അദ്ദേഹത്തെ കംപ്ലീറ്റ് ആക്ടർ എന്ന് വിശേഷിപ്പിക്കുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

 

 

മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതിൽ സന്തോഷമെന്ന് ഉർവശി. രണ്ടുതവണയും വനിതാ രാഷ്ട്രപതിമാരിൽ നിന്നാണ് പുരസ്കാരം ലഭിച്ചത്. അങ്ങനെ ലഭിച്ചതിൽ വലിയ സന്തോഷം. ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻ ലാലിന് ലഭിച്ചതാണ് ഏറ്റവും വലിയ സന്തോഷമെന്നും ഉർവശി പറഞ്ഞു.

 

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ -ഡിസംബര്‍ മാസങ്ങളിലായി നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിന് മുമ്പ് വോട്ടര്‍ പട്ടിക പുതുക്കാൻ ഒരു അവസരം കൂടി നൽകും. അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത രീതിയിൽ എസ്ഐആർ നീട്ടിവെക്കണമെന്ന ആവശ്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.

 

സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം വീണ്ടും ഉയർത്തി. 500 എംബിബിഎസ് സീറ്റുകൾ കൂടി അധികമായി അനുവദിച്ചു. സംസ്ഥാനത്തെ ഏഴ് സ്വകാര്യ മെഡിക്കൽ കോളേജുകളിലായാണ് 500 സീറ്റുകൾ അധികമായി അനുവദിച്ചത്. ദേശീയ മെഡിക്കൽ കമ്മീഷൻ്റെ അനുമതിയോടെ സംസ്ഥാനത്തെ ആരോഗ്യ സർവകലാശാലയാണ് സീറ്റുകൾ ഉയർത്തിയത്. തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ്, മലബാർ മെഡിക്കൽ കോളേജ്, ട്രാവൻകൂർ മെഡിക്കൽ കോളേജ്, അൽ അസർ മെഡിക്കൽ കോളേജ്, എസ്‌യുടി, പികെ ദാസ് മെഡിക്കൽ കോളേജ്, കേരള മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ മെഡിക്കൽ സീറ്റുകളാണ് വർധിപ്പിച്ചത്.

 

സർക്കാരിനെതിരെയുള്ള പ്രതിഷേധമായി മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തുമെന്ന് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്ന ആശാ പ്രവർത്തകർ. ആശാ സമരം ആരംഭിച്ചിട്ട് 227 ദിവസം പൂർത്തിയാകുന്നു. ഒക്ടോബർ പത്താകുമ്പോൾ സമരം എട്ടുമാസം പൂർത്തിയാകുമെന്നും സമരക്കാർ. സർക്കാരിന്റെ അവഗണനയും അനീതിയുമാണ് സമരം നീണ്ടുപോകാൻ കാരണമെന്നും ആശമാരുടേത് സഹന സമരമാണെന്നും അവർ പറഞ്ഞു.

 

ആ​ഗോള അയ്യപ്പ സം​ഗമത്തിന് ആളുകൾ കുറഞ്ഞെങ്കിൽ വീഴ്ച പറ്റിയത് സംഘാടകർക്കെന്ന് എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഉദ്ഘാടന സമ്മേളനം വരെ ഹാൾ നിറയെ ആളുകൾ ഉണ്ടായിരുന്നു. പലരും സീറ്റ് കിട്ടാതെ നിൽക്കുകയായിരുന്നു. പിണറായി വിജയൻ സംസാരിച്ചപ്പോൾ വേദി നിറഞ്ഞിരുന്നു. ഉദ്ഘാടനം കഴിഞ്ഞപ്പോൾ ഇറങ്ങി. പിന്നീട് ആളുകൾ കുറഞ്ഞോ എന്ന് എനിക്കറിയില്ല. ഇത്രയും ചർച്ചകൾ ഒരുമിച്ച് നടന്നത് കൊണ്ട് ആളുകൾ പലയിടത്ത് ആയിപ്പോയതാകാമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

 

ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിൽ നടന്ന പരിശോധന വിശദീകരിച്ച് കസ്റ്റംസ് കമ്മീഷണര്‍ ടിജു തോമസ്. 150 മുതൽ 200 വരെ വാഹനങ്ങൾ കേരളത്തിൽ ഉണ്ടെന്ന് കണ്ടെത്താൻ സാധിച്ചുവെന്നും ഇതിൽ 36 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും ടിജു തോമസ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

 

ഓപ്പറേഷൻ നുംഖോർ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ കാറും കസ്റ്റഡിയിലെടുത്ത് കസ്റ്റംസ്. തമിഴ്നാട് റെജിസ്‌ട്രേഷൻ ലാൻഡ് റോവർ ഡിഫെൻഡ(TN 01 AS 0155)റാണ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ മൂന്നാമത്തെ ഓണറാണ് ദുൽഖർ സൽമാനെന്നാണ് വിവരം. തമിഴ്നാട് രജിസ്ട്രേഷനാണ് ദുൽഖറിൻ്റെ വാ​ഹനം. ഇന്ന് രാവിലെ മുതൽ ദുൽഖറിന്റെ വാഹനങ്ങളിൽ പരിശോധന നടന്നിരുന്നു. ഇതിന് പിന്നാലെയാണ് റോവർ ഡിഫെൻഡർ കസ്റ്റഡിയിലെടുത്തത്.

 

തന്‍റെ എംപി രജിസ്ട്രേഷനിലുള്ള ലാന്‍ഡ് ക്രൂയിസര്‍ കസ്റ്റംസ് പിടിച്ചെടുത്തുന്നുവെന്നും ഇനി നേരിട്ട് ചെന്ന് മൊഴി നൽകണമെന്നും സിനിമ നടൻ അമിത് ചക്കാലക്കൽ. ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന പേരിലാണ് കസ്റ്റംസ് പരിശോധന നടത്തുന്നത്. ഇതിന്‍റെ ഭാഗമായാണ് നടൻ അമിത് ചക്കാലക്കലിന്‍റെ വീട്ടിലും പരിശോധന നടന്നത്. പരിശോധനയ്ക്കുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അമിത് ചക്കാലക്കൽ.

 

സെപ്തംബർ 25ന് മധ്യ കിഴക്കൻ-വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി പുതിയ ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

 

ന്യായമായ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകയ്ക്ക് നേരെ കയർത്തു സംസാരിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖരന്റെ നടപടി അപലപനീയമാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. മാധ്യമപ്രവർത്തകരും ജനങ്ങളും വിനീത വിധേയരും ദാസന്മാരുമായി നിൽക്കണമെന്ന മട്ടിലുള്ള മാടമ്പി ആക്രോശങ്ങൾ കേരളത്തിന്റെ മണ്ണിൽ വിലപ്പോവില്ലെന്നും മാടമ്പി മേലാളിത്തങ്ങളെ കെട്ടുകെട്ടിച്ച മണ്ണാണ് കേരളത്തിന്റെതെന്നും മന്ത്രി പറഞ്ഞു.

 

 

പാലക്കാട്ടേക്ക് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരിച്ച് വരുമെന്ന് യുഡിഎഫ് പാലക്കാട് ജില്ലാ ചെയർമാൻ മരക്കാർ മാരായമംഗലം. പാലക്കാടിന് നാഥനില്ലാത്ത അവസ്ഥയ്ക്ക് ഉടൻ പരിഹരിക്കപ്പെടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ജില്ലയിലേക്ക് തിരിച്ച് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ വിഷയം വോട്ടർമാരെ ബാധിക്കില്ല. ജനങ്ങൾക്ക് ഇടയിൽ ഈ വിഷയം ചർച്ച ആയിട്ടില്ല. തിരഞ്ഞെടുപ്പിനെ രാഹുൽ വിവാദം ബാധിക്കില്ലെന്നും മരക്കാർ മാരായമംഗലം പറയുന്നു.

 

കെഎസ്ആർടിസി സ്കാനിയ ബസ് റദ്ദാക്കിയതിന് 82,000 രൂപ പിഴ. പണം അടച്ച് എംഡി അറസ്റ്റ് ഒഴിവാക്കി. അടൂരിലെ അധ്യാപിക പ്രിയയുടെ യാത്ര മുടങ്ങിയതിലാണ് നടപടി. യാത്രക്കാരിയുടെ ഹർജിയിൽ കെഎസ്ആർടിസിക്ക് 82,000 രൂപ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പിഴ വിധിച്ചിരുന്നു. പിഴ തുക അടയ്ക്കാൻ വൈകിയതോടെ എംഡിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. തുടർന്നാണ് ഹർജിക്കാരിക്ക് കെഎസ്ആർടിസി നഷ്ടപരിഹാരം നൽകി അറസ്റ്റ് ഒഴിവാക്കിയത്.

 

ജനങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി അപഹാസ്യനാവുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തെല്ലാം കോൺക്ലേവ് ആണ് സർക്കാർ നടത്തുന്നത്. ഉള്ള ബഹുമാനം കൂടി പിണറായി വിജയൻ കളഞ്ഞു. ഇങ്ങനെ ഒരു മനുഷ്യന് കാപട്യം കാണിക്കാൻ കഴിയുമോ എന്നും ജനങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രി അപഹാസ്യമായി നിൽക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു. സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കുമോ? അന്ന് എടുത്ത കേസുകൾ പിൻവലിക്കാൻ തയാറാക്കുമോ? തുടങ്ങി മൂന്ന് ചോദ്യങ്ങളാണ് പ്രതിപക്ഷം ചോദിച്ചത്. എന്നാൽ അതിനൊന്നും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

 

 

കേരളത്തിൽ എസ് ഐ ആർ നീട്ടിവയ്ക്കണമെന്ന വിഷയത്തിൽ പ്രതികരിച്ച് ബി ഗോപാലകൃഷ്ണൻ. പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ തൽക്കാലം വേണ്ടതില്ല എന്ന നിലപാടാണ് ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ഉള്ളതെന്നും വോട്ടർ പട്ടികയിൽ ക്രമക്കേട് ഉണ്ടാക്കി വോട്ട് തട്ടിയെടുക്കാനുള്ള ശ്രമമാണ് മറ്റു പാർട്ടികൾ നടത്തുന്നതെന്നും ബി ഗോപാലകൃഷ്ണന്റെ പ്രതികരണം. ഇടതുപക്ഷവും വലതുപക്ഷവും എന്തുകൊണ്ടാണ് വോട്ടർ പട്ടിക പുതുക്കലിനെ എതിർക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

 

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി ജോൺ പ്രിൻസ് ഇടിക്കുളയെ ആണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജോജോ അസോസിയേട്സ് കൺസള്‍ട്ടന്‍സി എന്ന സ്ഥാപനം വഴി വിദേശത്തു ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പ്. ഏറ്റുമാനൂർ സ്വദേശിയായ യുവതിയിൽ നിന്നു രണ്ട് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിൽ ആണ് ഇയാളെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

 

പാലക്കാട്ടേക്ക് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തിരിച്ച് വരുമെന്ന് യുഡിഎഫ് പാലക്കാട് ജില്ലാ ചെയർമാൻ മരക്കാർ മാരായമംഗലം. പാലക്കാടിന് നാഥനില്ലാത്ത അവസ്ഥയ്ക്ക് ഉടൻ പരിഹരിക്കപ്പെടുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ജില്ലയിലേക്ക് തിരിച്ച് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഹുൽ വിഷയം വോട്ടർമാരെ ബാധിക്കില്ല. ജനങ്ങൾക്ക് ഇടയിൽ ഈ വിഷയം ചർച്ച ആയിട്ടില്ല. തിരഞ്ഞെടുപ്പിനെ രാഹുൽ വിവാദം ബാധിക്കില്ലെന്നും മരക്കാർ മാരായമംഗലം പറയുന്നു.

 

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബർ ഓഫീസർ പൊലീസ് പിടിയിലായി. ചാവക്കാട് അസിസ്റ്റൻറ് ലേബർ ഓഫീസർ ആയിരുന്ന ഇരിങ്ങാലക്കുട സ്വദേശി ജയപ്രകാശാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. ഗുരുവായൂരിലെ ഹോട്ടലിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പൊലീസെത്തിയത്.

 

വഴിയിൽ വീണുകിട്ടിയ കണ്ണട ഉടമസ്ഥന് തിരികെ കിട്ടാൻ കുറിപ്പെഴുതിവെച്ച മൂന്ന് വിദ്യാർത്ഥികളെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചീമേനിയിലെ കൂളിയാട് ഗവ. ഹൈസ്കൂളിലെ വിദ്യാർത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവരുടെ പ്രവൃത്തി ഇന്നത്തെ സമൂഹത്തിന് വലിയൊരു പാഠമാണെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

 

അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോ​ഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങൾ, തടാകങ്ങൾ, ഒഴുക്ക് കുറഞ്ഞ തോടുകൾ തുടങ്ങിയ ജലാശയങ്ങളിൽ മുങ്ങി കുളിക്കരുത്. നീന്തൽ പരിശീലന കേന്ദ്രങ്ങൾ, വാട്ടർ തീം പാർക്കുകൾ എന്നിവിടങ്ങളിലെ ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തണം. ജലത്തിലെ ക്ലോറിന്റെ അളവ് പരിശോധിച്ചു രജിസ്റ്ററിൽ നടത്തിപ്പുകാർ രേഖപ്പെടുത്തണം എന്നും ആരോഗ്യവകുപ്പ് അറിയിച്ചു .

 

സെപ്റ്റംബറിലെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ആരംഭിക്കും. ഇതിനായി 841 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

 

പമ്പയിലെ ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടന്ന ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന് പരാതി. ശ്രീരാമദാസമിഷൻ അധ്യക്ഷൻ ശാന്താനന്തയ്ക്കെതിരെയാണ് പൊലീസിൽ പരാതി. പന്തളം രാജകുടുംബാംഗമായ എ.ആർ. പ്രദീപ് വർമ്മ ആണ് പൊലീസിൽ പരാതി നൽകിയത്. വാവർ സ്വാമിയെ മുസ്ലിം തീവ്രവാദിയായും ആക്രമണകാരിയായും ചിത്രീകരിച്ചുവെന്നാണ് പരാതിയിലെ ആരോപണം.

 

ജനജീവിതം ദുസഹമാക്കി പശ്ചിമബംഗാളിൽ ശക്തമായ മഴ. കൊൽക്കത്തയിൽ കനത്ത മഴയിൽ റോഡിനടിയിലെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് അഞ്ചുപേർ മരിച്ചു. മഴയത്ത് വൈദ്യുതി ലൈനിൽ ഉണ്ടായ കേടുപാടുകളിൽ നിന്നാണ് ഇവർക്ക് ഷോക്കേറ്റ് എന്നാണ് വിവരം. കനത്ത മഴയിൽ കൊൽക്കത്തയിലെയും പരിസരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. നിരവധി കടകളിലും വീടുകളിലും വെള്ളം കയറിയതിനെ തുടർന്ന് നൂറുകണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.

 

തമിഴ്നാട്ടിൽ റാ​ഗിങ്ങിന്റെ പേരിൽ ക്രൂരത. വിദ്യാർത്ഥിയെ നഗ്നനാക്കി സ്വകാര്യ ഭാഗങ്ങളിൽ മർദിച്ചു. മധുര തിരുമംഗലത്തെ ഐടിഐയിൽ ആണ് സംഭവം ഉണ്ടായത്. വിദ്യാർത്ഥിയെ ചെരുപ്പൂരി അടിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തുടർന്ന് ഹോസ്റ്റൽ വാർഡനെ സസ്പെൻഡ് ചെയ്തു. റാ​ഗിങ്ങിനെ തുടർന്ന് കുട്ടിയുടെ അച്ഛൻ പരാതി നൽകുകയും മൂന്ന് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

 

ഗാസയിൽ വെടിനിർത്തൽ എങ്ങനെയെങ്കിലും നടപ്പാക്കണമെന്നും ബന്ദികളെ ഉടൻ വിട്ടയക്കണമെന്നും അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അമേരിക്ക ഇന്ന് ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമാണെന്നും ട്രംപ് പറഞ്ഞു. ഇന്ന് എല്ലാ രാജ്യങ്ങളും ഏറ്റവുമധികം ബഹുമാനിക്കുന്ന രാജ്യം അമേരിക്കയാണ്. ഏഴ് യുദ്ധങ്ങൾ 7 മാസം കൊണ്ട് അവസാനിപ്പിച്ചത് താനാണ്. ഇന്ത്യ- പാക്കിസ്ഥാൻ യുദ്ധം അവസാനിപ്പിച്ചതും താനാണ്. എന്നാൽ ഒരു നന്ദി പോലും യുഎൻ രേഖപ്പെടുത്തിയില്ല എന്നും ട്രംപ് കുറ്റപ്പെടുത്തി.

 

എച്ച് 1 ബി വിസ ഫീസ് ഉയര്‍ത്തിയതില്‍ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും അമേരിക്ക ഇളവ് നല്‍കിയേക്കും. വൈറ്റ് ഹൗസ് വക്താവ് ടെയ്ലര്‍ റോജേഴ്സിനെ ഉദ്ധരിച്ച് ബ്ലൂബര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യമേഖലയില്‍ രാജ്യതാത്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ലക്ഷ്യമിട്ടാണ് ഇളവ് പരിഗണിക്കുന്നത്. മെഡിക്കല്‍ പ്രൊഫഷണലുകളുടെ കാര്യത്തില്‍ കടുത്ത പ്രതിസന്ധി നേരിടുന്ന രാജ്യം കൂടിയാണ് അമേരിക്ക.

 

ഇന്ത്യയില്‍ സര്‍ക്കാരിനെ മാറ്റാന്‍ ചൈന ശ്രമിക്കുന്നുവെന്ന് ടിബറ്റന്‍ നേതാവിന്റെ ആരോപണം. ഇന്ത്യയിലെ ടിബറ്റന്‍ പ്രവാസി സര്‍ക്കാരിലെ മുന്‍ പ്രസിഡന്റായിരുന്ന ലൊബ്‌സാങ് സങ്‌ഗെയാണ് ഗുരുതരമായ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.

 

ചൈനയുമായുള്ള ബന്ധം കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതായി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തര കൊറിയയുടെ സ്ഥാപക വാര്‍ഷികത്തില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ് അയച്ച അഭിനന്ദന സന്ദേശത്തിന് നല്‍കിയ മറുപടിയിലാണ് കിമ്മിന്റെ പരാമര്‍ശമെന്ന് ഔദ്യോഗിക മാധ്യമമായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *