സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തൃശ്ശൂർ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. ഇന്നലെയാണ് രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.ഇതോടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 18 പേരാണ് മരിച്ചത്. ഈ മാസം മാത്രം 7 പേർ മരിച്ചു.
സംസ്ഥാന പൊലീസ് സേനയിൽ ഗുരുതരമായ അച്ചടക്കലംഘനം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടി സംബന്ധിച്ച് നിയമസഭയിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരേ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് അവകാശ ലംഘനത്തിനു നോട്ടീസ് നൽകി. നിയമസഭാ നടപടിക്രമവും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ് നൽകിയത്.
ആഗോള അയ്യപ്പ സംഗമം ചരിത്രമാകുമെന്നും സംഗമം ബഹിഷ്കരിക്കുന്ന പ്രതിപക്ഷം ജനങ്ങളിൽ നിന്നും ഒറ്റപ്പെടുമെന്നും ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. ബഹിഷ്കരണം മൂലം പ്രതിപക്ഷത്തിന് മാത്രമായിരിക്കും നഷ്ടം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതിനിധികൾ ഇല്ലാത്തത് പ്രശ്നമല്ല. സ്ഥിരമായി വരുന്ന തീർത്ഥാടകരെയാണ് സംഗമത്തിലേക്ക് ക്ഷണിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി. അയ്യപ്പസംഗമം നിക്ഷേപത്തിനുള്ളതല്ലെന്നും അഭിപ്രായ രൂപീകരണമാണ് നടത്തുകയെന്നും മന്ത്രി വാസവൻ വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാ ചെലവിന് ക്ഷേത്ര ഫണ്ട് ഉപയോഗിക്കാമെന്ന മലബാർ ദേവസ്വം ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. മലബാർ ദേവസ്വത്തിന് കീഴിലെ ജീവനക്കാർക്കായിരുന്നു ക്ഷേത്രം ഫണ്ട് ഉപയോഗിക്കാം എന്ന നിർദേശം ഉണ്ടായിരുന്നത്. യാത്രാ ചിലവുകൾക്ക് അതത് ക്ഷേത്രഫണ്ടിൽ നിന്ന് പണം നൽകാനായിരുന്നു നിർദേശം. മലബാർ ദേവസ്വം കമ്മീഷണറുടെ ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ക്ഷേത്ര ഫണ്ടിൽ നിന്ന് പണം എന്തിന് നൽകണമെന്ന് കോടതി ചോദിച്ചു. എന്തിനാണ് ഇത്തരമൊരു ഉത്തരവിറക്കിയതെന്നും മലബാർ ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു.
വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ അർബൻ ബാങ്കിലെ കടബാധ്യത തീർക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ധാർമികമായ ബാധ്യത പാർട്ടിക്കുണ്ടെന്നും നിയമപരമല്ലെന്നും പറഞ്ഞ സണ്ണി ജോസഫ് കടബാധ്യത ഏറ്റെടുത്താൽ ഏറ്റെടുത്തതാണെന്നും ഉറപ്പ് നൽകി.
മലങ്കര കത്തോലിക്കാ സഭക്ക് രണ്ട് പുതിയ മെത്രാൻമാർ. ഡോ. കുര്യക്കോസ് തടത്തില്‍ യൂറോപ്പിലെ മലങ്കര സുറിയാനി കത്തോലിക്കാ അപ്പസ്‌തോലിക വിസിറ്റേറ്ററായും ഡോ. ജോണ്‍ കുറ്റിയില്‍ തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ സഹായമെത്രാനായും നിയമിതനായി. അടൂർ മാര്‍ ഇവാനിയോസ് നഗറില്‍ നടന്ന ചടങ്ങിൽ കര്‍ദിനാള്‍ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് പ്രഖ്യാപനം നടത്തിയത്.
വലിയ ബോംബ് വരുമെന്ന് സതീശൻ പറഞ്ഞിരുന്നുവെന്നും പറവൂർ കേന്ദ്രീകരിച്ചാകുമെന്ന് കരുതിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആസൂത്രണം നടക്കുന്നത് പറവൂർ കേന്ദ്രീകരിച്ചാണ്. വലതുപക്ഷ രാഷ്ട്രീയം ജീർണിച്ചെന്നും എം വി ഗോവിന്ദൻ രൂക്ഷഭാഷയിൽ വിമർശിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയാൽ സിപിഎം തടയില്ലെന്ന് പറഞ്ഞ എം വി ഗോവിന്ദൻ രാഹുൽ സാംസ്കാരിക ജീർണതയുടെ പ്രതീകമാണെന്നും വിമര്‍ശിച്ചു. അയ്യപ്പ സംഗമത്തിൽ ഭൂരിപക്ഷ പ്രീണനം ഇല്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അശ്ലീല പ്രചാരണത്തിലും സൈബർ ആക്രമണത്തിലും സിപിഎം നേതാവ് കെ ജെ ഷൈൻ നൽകിയ പരാതിയിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് എറണാകുളം റൂറൽ സൈബർ പോലീസ്. കെഎം ഷാജഹാന്റെ യൂട്യൂബ് ചാനൽ, പ്രാദേശിക കോൺഗ്രസ് നേതാവ് ഗോപാലകൃഷ്ണൻ ചെട്ടിശ്ശേരി എന്നിവരെയും കേസിൽ പ്രതി ചേര്‍ത്തിട്ടുണ്ട്.. മെട്രോ വാർത്ത പത്രത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് കെ ജെ ഷൈന്റെ വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു.
സാമൂഹിക മാധ്യമങ്ങളിൽ ബോംബും എസ് കത്തിയും വാളും പ്രദർശിപ്പിക്കുന്ന വീഡിയോ പങ്കുവച്ചയാൾക്കെതിരെ കേസെടുത്ത് കണ്ണവം പൊലീസ്. കണ്ണൂർ ചൂണ്ടയിൽ സ്വദേശി സുധീഷിനെതിരെയാണ് കേസ്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
വിവരാവകാശ അപേക്ഷകളില്‍ സമയബന്ധിതമായി മറുപടി നല്‍കാതിരിക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്താല്‍ പിഴയും വകുപ്പ്തല നടപടികളും നേരിടേണ്ടി വരുമെന്ന് സംസ്ഥാന വിവരാവകാശ കമീഷണര്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍. കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള അയ്യപ്പ സംഗമം നടക്കാനിരിക്കേ, സർക്കാരിനെതിരെ ആഞ്ഞടിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അയ്യപ്പ സംഗമം പിണറായി വിജയൻ്റെ കാപട്യമെന്ന് കെ സി വേണുഗോപാൽ രൂക്ഷഭാഷയിൽ വിമർശിച്ചു. വിശ്വാസികൾ ഒന്നും മറന്നിട്ടില്ലെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. ശബരിമലയോടും വിശ്വാസികളോടും എൽഡിഎഫ് സർക്കാർ കാണിച്ചത് കാട്ടു നീതിയാണ്. എട്ടുവർഷത്തിനുശേഷം തെരഞ്ഞെടുപ്പിന് മുൻപ് അയ്യപ്പ സംഗമം നടത്തുന്നത് കാപട്യം അല്ലാതെ മറ്റെന്താണെന്നും വേണുഗോപാൽ ചോദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വികസന സദസ്സുമായി സഹകരിക്കുമെന്ന നിലപാടില്‍ നിന്ന് പിന്മാറി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം. സര്‍ക്കാരിന്റെ വികസന പങ്കെടുക്കില്ലെന്നും യുഡിഎഫ് നേതൃത്വത്തില്‍ മറ്റൊരു പരിപാടി നടത്തുമെന്നാണ് പറഞ്ഞതെന്നും ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഹമീദ് വ്യക്തമാക്കി.
സിപിഎം വനിതാ നേതാവ് കെ.ജെ. ഷൈനിനെതിരായ സൈബര്‍ ആക്രമണത്തിലും അപവാദപ്രചരണങ്ങളിലും പ്രതികരണവുമായി എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. എല്ലാകാലത്തും ആര്‍ക്കും ഒന്നും ഒളിച്ചുവെക്കാന്‍ പറ്റില്ലെന്നും അത് എന്നെങ്കിലുമൊക്കെ പുറത്തുവരുമെന്നും അത് ജില്ലയിലെ സിപിഎം നേതൃത്വത്തിനും അറിയാമെന്നുമായിരുന്നു ഡിസിസി പ്രസിഡന്റിന്റെ പ്രതികരണം.
സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ മാനാഭിമാനങ്ങളെ അവഹേളിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന ശൈലി കേരളത്തില്‍ വ്യാപകമാകുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ത്രീയുടെ അന്തസ്സിനെക്കുറിച്ചും സ്ത്രീപുരുഷ സമത്വത്തേക്കുറിച്ചും കാലങ്ങളായി കേരളം വളര്‍ത്തിയെടുത്ത പ്രബുദ്ധമായ സമീപനങ്ങളെ ചോദ്യംചെയ്യുന്ന ശൈലിയാണിതെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥൻ ചമഞ്ഞ് പെൺകുട്ടികളെ പറ്റിച്ച് പണം തട്ടുന്നയാളെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുന്നപ്ര സ്വദേശി ദാറുൽ നജാത് വീട്ടിൽ മുഹമ്മദ് അജ്‌മൽ ഹുസൈൻ(29) ആണ് പിടിയിലായത്. സായുധ പൊലീസ്, ഐപിഎസ്, ഐഎഎസ് എന്നിങ്ങനെ ഉന്നത പദവി വഹിക്കുന്ന ഉദ്യോഗസ്ഥനെന്ന പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. കൊച്ചി സിറ്റി എസിപി സിബി ടോമിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സുരേഷ് ഗോപി പരിഹസിച്ച ആനന്ദവല്ലിക്ക് കരുവന്നൂർ ബാങ്ക് 10,000 മടക്കി നൽകി. സിപിഎം പ്രവർത്തകരാണ് ആനന്ദവല്ലിയെ വിളിച്ചു കൊണ്ടുപോയി 10,000 രൂപ വാങ്ങി നൽകിയത്. 1.75 ലക്ഷം രൂപയാണ് ആനന്ദവല്ലിക്ക് കരുവന്നൂർ ബാങ്ക് നൽകാനുണ്ടായിരുന്നത്.
പികെ ഫിറോസിനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ ഇഡിക്ക് പരാതി. സിപിഎം പ്രാദേശിക നേതാവും മലപ്പുറം നെടുവ സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എ.പി മുജീബാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ഫിറോസിനെതിരെ പരാതി നൽകിയത്. കെടി ജലീലിന്റെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാതി.
ഖദർ ധരിക്കാത്തതിന് നേതാക്കളെ കുറ്റം പറയാൻ സാധിക്കില്ലെന്ന് കെപിസിസി വൈസ് പ്രിസിഡണ്ട്വി.ടി.ബൽറാം പറഞ്ഞു. ഒരോരുത്തരുടെയും രൂചിയും ആശ്വാസവും താൽപര്യവും അനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത് ഗാന്ധിജിയുടെ കാലത്താണ് ഖദർ വസ്ത്രം ധരിക്കുന്നത് ആരംഭിച്ചത്.അന്ന് മറ്റ് തരത്തിലുളള വസ്ത്രങ്ങൾ കുറവായിരുന്നു.ഇന്ന് ഖദർ വിലകൂടുതലുളള വസ്ത്രം കൂടിയാണ്.എന്നാൽ രാഷ്ട്രീയ സന്ദേശം കെമാറുന്നതിൽ ഖദർ വസ്ത്രത്തിനുളള പങ്ക് വലുതാണെന്നും ബൽറാം കൂട്ടിച്ചേര്‍ത്തു.
ഇംഫാലിൽ അസം റൈഫിൾസ് ട്രക്കിന് നേരെ ആക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടതായി വിവരം. ഇംഫാലിന്റെ സമീപ പ്രദേശത്തുള്ള നംബോൾ മേഖലയിൽ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നതെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. അക്രമികള്‍ പതിയിരുന്ന് ട്രക്കിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
പാകിസ്ഥാനിലും ബംഗ്ലാദേശിലും നേപ്പാളിലും സന്ദർശനം നടത്തിയപ്പോൾ തനിക്ക് സ്വന്തം നാട്ടിൽ തോന്നുന്നതുപോലെ തോന്നിയെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മേധാവി സാം പിട്രോഡ. ഇന്ത്യയുടെ വിദേശനയത്തെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിദേശ നയത്തിൽ ആദ്യം നമ്മുടെ അയൽപക്കത്ത് ശ്രദ്ധ കേന്ദ്രീകരിക്കണണെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് പിട്രോഡ ഇക്കാര്യം പറഞ്ഞത്.
2006-ൽ പാകിസ്ഥാനിൽ വെച്ച് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദിനെ സന്ദർശിച്ചതിന് ശേഷം മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നോട് നേരിട്ട് നന്ദി പറഞ്ഞെന്ന് ഭീകരവാദത്തിന് ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ഭീകരൻ യാസിൻ മാലിക്. ഓഗസ്റ്റ് 25 ന് ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ, 2006 ലെ കൂടിക്കാഴ്ച തന്റെ സ്വതന്ത്ര തീരുമാനമല്ലെന്നും പാകിസ്ഥാനുമായുള്ള സമാധാന പ്രക്രിയയുടെ ഭാഗമായി മുതിർന്ന ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ചാണെന്നും മാലിക് അവകാശപ്പെട്ടു.
ദില്ലി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് വിജയം. കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്‌യുഐയെ പരാജയപ്പെടുത്തിയാണ് ആർഎസ്എസ് അനുകൂല വിദ്യാർത്ഥി സംഘടനയായ എബിവിപി നേട്ടം കൊയ്‌തത്. എബിവിപിയുടെ ആര്യൻ മൻ 16000 വോട്ട് ഭൂരിപക്ഷത്തിനാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയിച്ചത്.
സൗദി അറേബ്യയുമായുള്ളത് വിവിധ മേഖലകളിലെ തന്ത്രപ്രധാന പങ്കാളിത്തമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ. സൗദി- പാകിസ്ഥാൻ സൈനിക സഹകരണ കരാറിനോടാണ് പ്രതികരണം. സൗദിയും ഇന്ത്യയും കമ്മിലെ തന്ത്രപ്രധാന ബന്ധത്തിൽ രണ്ടു രാജ്യങ്ങളുടെയും താത്പര്യങ്ങളും വിഷയങ്ങളും പരിഗണിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഛാബഹാർ തുറമുഖത്തിൻറെ ഉപരോധ ഇളവ് അമേരിക്ക പിൻവലിച്ചത് പഠിക്കുകയാണെന്ന് വ്യക്തമാക്കിയ രൺധീർ ജയ്‌സ്വാൾ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ നല്ല അന്തരീക്ഷത്തിൽ നടന്നുവെന്നും വ്യക്തമാക്കി.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ മുരിദ്കെയിലുള്ള ലഷ്കർ-ഇ-തൊയ്ബ ആസ്ഥാനത്തിന് കനത്ത പ്രഹരമേറ്റെന്ന് വെളിപ്പെടുത്തി ലഷ്കര്‍-ഇ-തൊയ്ബ ഉന്നത കമാൻഡർ. മുരിദ്കെയിലെ തകർന്ന മർകസ്-ഇ-തൊയ്ബ ക്യാമ്പിന്റെ അവശിഷ്ടങ്ങൾക്ക് സമീപത്ത് ലഷ്കർ കമാൻഡർ ഖാസിം നിൽക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.
അഫ്ഗാനിസ്ഥാനിലെ സവ്വകലാശാല അധ്യാപനത്തിൽ നിന്നും സ്ത്രീകൾ എഴുതിയ പുസ്തകങ്ങൾ നീക്കം ചെയ്ത് താലിബാൻ. സ്ത്രീകൾ എഴുതിയ 140 പുസ്തകങ്ങളാണ് നീക്കിയത്. സ്ത്രീകളുടെ പുസ്തകങ്ങൾക്ക് പുറമെ 680 പുസ്തകങ്ങൾ കൂടി ഇസ്ലാമിക നിയമങ്ങൾക്കും ഭരണകൂടത്തിന്‍റെ നയങ്ങൾക്കും എതിരാണെന്ന കാരണത്താൽ വിലക്കിയിട്ടുണ്ട്. 18 വിഷയങ്ങൾ പഠിപ്പിക്കുന്നതിനും സർവ്വകലാശാലകളിൽ താലിബാൻ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ശരീയത്ത് നിയമങ്ങൾക്കും താലിബാന്‍റെ നയങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് പുതിയ നിരോധനം.
സാമൂഹികമാധ്യമക്കുറിപ്പില്‍ ജെന്‍ സീ എന്ന വാക്ക് പ്രയോഗിച്ചതിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ അതിരൂക്ഷവിമര്‍ശനവുമായി ബിജെപി.രാജ്യത്ത് ആഭ്യന്തരയുദ്ധത്തിന് പ്രേരണ നല്‍കുകയാണെന്ന ആരോപണമാണ് പാര്‍ട്ടി ഉയര്‍ത്തിയിരിക്കുന്നത്.