Untitled design 20250112 193040 0000 3

 

 

 

മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു. 87 വയസായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ വൈകിട്ട് നാലരയോടെയായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെത്തുടർന്ന് കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനാണ് പിപി തങ്കച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് അകപറമ്പ് യാക്കോബായ സുറിയാനിപ്പളളിയിലാണ് സംസ്കാരം.

 

പിപി തങ്കച്ചന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കില്ലെന്ന് തീരുമാനം. പൊതുദർശനം ഒഴിവാക്കണമെന്ന് പിപി തങ്കച്ചൻ ആവശ്യപ്പെട്ടത് പ്രകാരമാണിത്. നാളെ രാവിലെ 11 മണിക്ക് വീട്ടിൽ എത്തിക്കുന്ന മൃതദേഹം ശനിയാഴ്ച ഉച്ചയോടെ പള്ളിയിലേക്ക് കൊണ്ടുപോകും. നെടുമ്പാശ്ശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിലാണ് സംസ്കാരം നടക്കുക.

 

മുതിർന്ന കോൺ​ഗ്രസ് നേതാവ് പി പി തങ്കച്ചന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പ്രദേശിക തലത്തിൽ നിന്ന് പടി പടിയായി സംസ്ഥാന നേതൃതലങ്ങളിലേക്ക് ഉയർന്നുവന്ന വ്യക്തിയായിരുന്നു പി പി തങ്കച്ചൻ.കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ച തങ്കച്ചൻ എല്ലാവരോടും സൗഹൃദം പുലർത്തിയ വ്യക്തിയായിരുന്നു എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

 

പി പി തങ്കച്ചന്റെ വേർപാടിൽ അനുശോചിച്ച് എ കെ ആന്റണി. പിപി തങ്കച്ചൻ എല്ലാവർക്കും ഒരു മാതൃകയായിരുന്നെന്നും നഷ്ടമായത് തന്റെ അടുത്ത സുഹൃത്തിനെയാണെന്നും എ കെ ആന്റണി പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാട് കേരളത്തിലെ കോൺ​ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമാണ്- അദ്ദേഹം പറഞ്ഞു.

 

പിപി തങ്കച്ചന്റെ വേർപാടിൽ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിപി തങ്കച്ചൻ്റെ വേർപാട് ഒരുപാട് വേദന ഉണ്ടാക്കുന്നുവെന്ന് സതീശൻ പറഞ്ഞു. തങ്കച്ചൻ ഞങ്ങൾക്ക് പിതൃതുല്യനായ നേതാവായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. നേതൃനിരയിൽ സൗമ്യതയും പ്രാഗത്ഭ്യവും പ്രകടിപ്പിച്ച നേതാവായിരുന്നു പിപി തങ്കച്ചൻ. എല്ലാവരെയും ചേർത്തുപിടിച്ചു. പാർട്ടി വളർത്താൻ നന്നായി പരിശ്രമിക്കുകയും ഇടപെടുകയും ചെയ്തുവെന്നും വിഡി സതീശൻ കോഴിക്കോട്ട് പറഞ്ഞു.

 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്‍റെ വിയോഗത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല. വളരെയടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്ന നേതാവായിരുന്നു പിപി തങ്കച്ചനെന്നും താന്‍ കെപിസിസി പ്രസിഡന്‍റായിരുന്ന സമയത്ത് അദ്ദേഹം യുഡിഎഫ് കണ്‍വീനറായിരുന്നു ദീര്‍ഘകാലം ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു എന്ന് ചെന്നിത്തല പറഞ്ഞു.ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നഷ്ടമാണ് പിപി തങ്കച്ചന്‍റെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞ ചെന്നിത്തല അദ്ദേഹത്തിന്‍റെ ഓര്‍മ്മകൾക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

 

ആഗോള അയ്യപ്പ സംഗമം നടത്താൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ അനുമതി. പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിച്ച് ആഗോള അയ്യപ്പ സംഗമം നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ആഗോള അയ്യപ്പ സംഗമത്തിനെതിരായ ഹര്‍ജികളിൽ വിധി പറഞ്ഞുകൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. സാധാരണ അയ്യപ്പ ഭക്തരുടെ അവകാശങ്ങള്‍ ഹനിക്കരുതെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്.പ്രകൃതിക്ക് ഹാനികരമായത് ഒന്നും സംഭവിക്കാൻ പാടില്ലെന്നും സാമ്പത്തിക വരവ് ചെലവുകളുടെ കണക്ക് ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.

 

കോടതി നിർദേശങ്ങൾ പൂർണമായും പാലിച്ചാകും ആ​ഗോള അയ്യപ്പ സം​ഗമം നടത്തുകയെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ദേവസ്വം ബോർഡും സർക്കാരും ചേർന്ന് ഹൈക്കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തി. ബോർഡിന് ഒരു മുൻവിധിയുമില്ല. ശബരിമല വികസനം മാത്രമാണ് ലക്ഷ്യമെന്നും ദേവസ്വം പ്രസിഡന്റ് വ്യക്തമാക്കി.

 

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട കോടതി വിധി സ്വാഗതാർഹമെന്ന് മന്ത്രി വിഎന്‍ വാസവന്‍. കോടതി വസ്തുതകൾ മനസ്സിലാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടിയത് പോലെയാണ് പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നത്, താൽക്കാലിക പന്തലാണ് അവിടെ നിർമ്മിക്കുക. 3000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് നിർമ്മിക്കുന്നത്. തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത തരത്തിൽ ആയിരിക്കും ബോർഡ് പരിപാടി നടത്തുക എന്നും മന്ത്രി പ്രതികരിച്ചു.

 

കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേശീയപാത 66ന്റെ നിർമ്മാണ പ്രവൃത്തി പുരോ​ഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേർന്നെന്നും കാസർഗോഡ് ജില്ല മുതൽ തിരുവനന്തപുരം വരെ 444 കിലോമീറ്റർ പ്രവൃത്തി പൂർത്തീകരിച്ചു കഴിഞ്ഞെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.

 

മദ്യപിച്ച് വാഹന പരിശോധന നടത്തിയ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു എൻഎസിനെ സസ്പെൻ്റ് ചെയ്തതായി ഗതാഗത കമ്മീഷണർ. വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടതായും ഗതാഗത കമ്മീഷണർ അറിയിച്ചു. ഇന്നലെ എറണാകുളം കാക്കനാടാണ് സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് ബിനുവിനെതിരെ പൊലീസ് കേസും എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബിനുവിനെതിരെ ഗതാഗത കമ്മീഷണറും നടപടിയെടുത്തത്.

 

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താന്‍ സര്‍ക്കാര്‍. കോഴിക്കോടോ കൊച്ചിയിലോ ആയിരിക്കും ന്യൂനപക്ഷ സംഗമം നടക്കുക. അയ്യപ്പ സംഗമത്തിന് എതിരായി വന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷണം. വിഷന്‍ 2031 എന്ന പേരില്‍ ന്യൂനപക്ഷ വകുപ്പിന്‍റെ നേതൃത്വത്തിലാണ് പരുപാടി നടത്തുക. ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 1500 ഓളം പേര്‍ സംഗമത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.

 

കേരളത്തിൽ എയിംസ് വരേണ്ടത് ആലപ്പുഴയിലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തന്റെ മനസ്സിലുള്ളത് ആലപ്പുഴയാണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം തന്നാൽ എയിംസ് വരും. ഭൂമി കച്ചവടത്തിന് വഴങ്ങിയാൽ എയിംസ് തൃശൂരിലേക്ക് ആവശ്യപ്പെടും. ആലപ്പുഴയിൽ സംസ്ഥാന സർക്കാർ തടസ്സം നിന്നാൽ തൃശൂരിൽ കൊണ്ടുവരാൻ സമരം ചെയ്യുമെന്നും സുര്ഷേ ​ഗോപി പറഞ്ഞു. തൃശൂരിലെ പുള്ളിൽ കേന്ദ്രമന്ത്രി കലുങ്ക് സൗഹാർദ്ദ വികസന സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

 

കേരളത്തിലെ ശിശു മരണനിരക്ക് 5 ആണെന്ന് ഏറ്റവും പുതിയ സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ ശിശു മരണ നിരക്കാണിത്. 25 ആണ് ദേശീയ ശരാശരി. അമേരിക്കന്‍ ഐക്യനാടുകളിലെ ശിശു മരണ നിരക്ക് 5.6 ആണ്. വികസിത രാജ്യത്തിനും താഴെയാണ് ഇപ്പോള്‍ കേരളത്തിലെ ശിശു മരണനിരക്ക്.

 

ഗവർണർ പദവി ഒഴിവാക്കണമെന്ന് സിപിഐ. സിപിഐ സംസ്ഥാന സമ്മേളനത്തിലാണ് ഗവര്‍ണര്‍ വദവി ഒഴിയണം എന്ന പ്രമേയം അവതരിപ്പിച്ചത്. ഗവർണർ പദവി അനാവശ്യ പട്ടമെന്നാണ് പ്രമേയത്തില്‍ വ്യക്തമാക്കിയത്. സംസ്ഥാന സർക്കാരുകളുടെ അധികാരം കവർന്നെടുക്കുകയാണ് സംഘകുടുംബാംഗമായ ഗവർണർ എന്നും സിപിഐ പ്രമേയത്തില്‍ പറയുന്നു

 

കോഴിക്കോട് ഫറോക് ചുങ്കത്തു ക്വാർട്ടേഴ്സിൽ കയറി ലാപ് ടോപ് മോഷ്ടിച്ചയാൾ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് സ്വദേശി മക്സൂസ് ഹാനൂഖിനെയാണ് ഫറോക് പൊലീസ് പിടികൂടിയത്. മോഷ്ടിച്ച ലാപ് ടോപ്പുമായി കാറിൽ കയറുന്ന ദൃശ്യങ്ങൾ സ്വകാര്യ ബസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞതാണ് നിർണായകമായത്.

 

അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്‍റെ മരണം കസ്റ്റഡി മർദനം മൂലമെന്ന ആരോപണവുമായി കുടുംബം. ജോയലിനെ മർദ്ദിച്ചതിൽ സിപിഎം നേതാക്കളുടെയും പിന്തുണയുണ്ടെന്ന് കുടുംബം ആരോപിച്ചു. 2020ൽ വാഹനം തട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിലാണ് ജോയലിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. തുടര്‍ന്നായിരുന്നു മര്‍ദനം.

 

വെള്ളയിൽ കോണാട് സ്വദേശി അസീമിന്റെ അസ്വാഭാവിക മരണത്തിൽ വിശദമായ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായി മൃതദേഹം ഖബറിൽ നിന്ന് പൊലീസ് പുറത്തെടുത്തു. അസീമന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ സിംന നൽകിയ പരാതിയിലാണ് വെള്ളയിൽ പോലിസിൻ്റെ നടപടി. റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

 

കോൺഗ്രസ് ദേശീയ നേതൃത്വത്തെ വിമർശിച്ച് മുൻ കോൺഗ്രസ് നേതാവ് കെ വി തോമസ്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടന്നെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് ദില്ലിയിൽ നേതൃത്വമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം എല്ലാം ജനം കണ്ടിരിക്കുകയാണെന്നും കോൺഗ്രസ് സംവിധാനം പൊളിഞ്ഞെന്നും പറഞ്ഞു.

 

അനുവാദമില്ലാതെ തന്‍റെ ചിത്രങ്ങൾ ദുരുപയോ​ഗം ചെയ്യുന്നെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് നടി ഐശ്വര്യ റായ് ദില്ലി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ് പുറത്ത്. അനുവാദം ഇല്ലാതെ ചിത്രങ്ങൾ ഉപയോ​ഗിക്കുന്നത് കോടതി തടഞ്ഞു. വ്യക്തിയുടെ അവകാശത്തെ ചോദ്യം ചെയ്യുമ്പോൾ കോടതിക്ക് കണ്ണ് അടയ്ക്കാനാകില്ലെന്നും കോടതി പറഞ്ഞു. അനധികൃതമായി ചിത്രങ്ങൾ ഉപയോഗിച്ച വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനും കോടതി നിർദേശിച്ചു.

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ നിരോധിത സംഘടനകൾ. മോദിയുടെ ചടങ്ങുകൾ ബഹിഷ്കരിക്കാൻ ആറ് സംഘടനകൾ ആഹ്വാനം ചെയ്തു. ദ കോർഡിനേഷൻ കമ്മിറ്റിയാണ് മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്. ശനിയാഴ്ച ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. സന്ദർശനത്തിന് മുന്നോടിയായി മേഖലയിൽ വൻ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

 

പെട്രോളിൽ എഥനോൾ കലർത്തുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വിവാദത്തിൽ പ്രതികരണവുമായി കേന്ദ്ര ഉപരിതല ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി. എഥനോൾ മിശ്രിതത്തിനെതിരെയുള്ള സോഷ്യൽ മീഡിയ പ്രചാരണം തന്നെ രാഷ്ട്രീയമായി ലക്ഷ്യം വയ്ക്കാനുള്ള പണം നൽകിയുള്ള പ്രചാരണമാണെന്ന് അദ്ദേഹം ആരോപിച്ചു. ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് സൊസൈറ്റിയുടെ വാർഷിക കൺവെൻഷനിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

 

ദില്ലി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദ് ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് ജെഎൻയു വിദ്യാര്‍ത്ഥി നേതാവ് ഉമർ ഖാലിദ് സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.

 

ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഒന്നിച്ചുകൂടാൻ അറബ് രാജ്യങ്ങൾ. ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഖത്തറിൽ നിർണായക യോഗങ്ങൾ നടക്കും. ഞായറാഴ്ച വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ചയാണ് ഉച്ചകോടി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണം ഉച്ചകോടിയിൽ ചർച്ചയാകും.

 

ഇസ്രായേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ദോഹയിലെത്തി. ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയുമായി പാക് പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ദോഹയിൽ ഞായറാഴ്ച വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ച അറബ് ഇസ്‌ലാമിക് അടിയന്തര ഉച്ചകോടിയും ചേരും.

 

ഖത്തറിന്റെ പരമാധികാരത്തിനു പ്രഹരമേല്‍പ്പിച്ച് ദോഹയില്‍ ഇസ്രയേല്‍ ഹമാസിനു നേരെ നടത്തിയ ആക്രമണത്തില്‍ പ്രതികരണവുമായി ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനി. സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ ഇസ്രയേല്‍ ആക്രമണത്തെ രാഷ്ട്രഭീകരത എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

 

കലാപത്തിലൂടെ ഭരണകൂടത്തെ താഴെയിറക്കിയ നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭകര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം. പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുന്നതുവരെ രാജ്യത്തിനെ നയിക്കാനായി ഇടക്കാല പ്രധാനമന്ത്രിയായി ഒരാളെ ഉയര്‍ത്തിക്കാണിക്കുന്നതിലെ അഭിപ്രായ വ്യത്യാസം തെരുവില്‍ പരസ്പരം തല്ലുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

ഛത്തീസ്ഗഡില്‍ 10 മാവോവാദികളെ സുരക്ഷാ സേന വധിച്ചു. ഛത്തീസ്ഗഡിലെ ഗരിയാബന്ദ് ജില്ലയില്‍ മെയിന്‍പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന വനമേഖലയില്‍ വെച്ചാണ് മാവോവാദികളെ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ വധിച്ചത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *