Untitled design 20250112 193040 0000 3

 

 

കേരളം സമൃദ്ധമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടിലാകെ സന്തോഷവും സംതൃപ്തിയും നിറഞ്ഞു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

 

ഭീകരവാദം അടക്കമുള്ള വിഷയത്തിൽ വലിയ നയതന്ത്ര വിജയം നേടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിൽ നിന്ന് മടങ്ങുന്നത്. ഇന്ത്യയോടുള്ള ചൈനീസ് നിലപാടിലെ മാറ്റത്തിന് ഷാങ്ഹായി ഉച്ചകോടിക്കിടെയുള്ള ചർച്ചകൾ ഇടയാക്കി. ഇന്ത്യ – ചൈന ബന്ധത്തിൽ അതേ സമയം പ്രതിപക്ഷ സഖ്യത്തിലെ ഭിന്നത പ്രകടമായി. നരേന്ദ്ര മോദി ചൈനയ്ക്കു മുന്നിൽ മുട്ടുമടക്കിയെന്ന് കോൺഗ്രസ് ആരോപിച്ചപ്പോൾ ഇന്ത്യ – ചൈന – റഷ്യ സൗഹൃദത്തെ ഏവരും സ്വാഗതം ചെയ്യണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ആവശ്യപ്പെട്ടു.

 

 

സംസ്ഥാന സർക്കാരിന്‍റെ കൃത്യമായ ഇടപെടലുകളിലൂടെ വിലക്കയറ്റവും ക്ഷാമവുമില്ലാത്ത ഓണവിപണി സാദ്ധ്യമാക്കാൻ കഴിഞ്ഞതായി പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു ഉപഭോക്തൃ സംസ്ഥാനം എന്ന നിലയിൽ കേരളത്തിൽ ഉത്സവകാലങ്ങളിൽ ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെ എല്ലാ അവശ്യവസ്തുക്കൾക്കും സ്വാഭാവികമായും വിലക്കയറ്റം ഉണ്ടാകും.

 

കേരളത്തിനായി പ്രവർത്തിക്കുന്നത് അച്ഛന് കൊടുത്ത വാക്ക് ആണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ. പിതാവ് എം കെ ചന്ദ്രശേഖരന്റെ വിയോഗശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തി പങ്കെടുത്ത ആദ്യ പൊതുപരിപാടിയിൽ സംസാരിക്കവേയാണ് രാജീവ്‌ ചന്ദ്രശേഖർ അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ചത്.

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പരാതിക്കാരിൽ നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുക്കാൻ തുടങ്ങി. സ്ത്രീകളെ പിന്തുടർന്ന് ശല്യം ചെയ്തെന്ന കേസിലാണ് നടപടി. പരാതിക്കാരിൽ ഒരാളായ അഡ്വക്കേറ്റ് ഷിന്റോയിൽ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തു. പൊലീസ് സ്വമേധയാ കേസെടുത്ത ശേഷമാണ് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുന്നത്. നിലവിൽ ആറു പരാതികളാണ് ക്രൈംബ്രാ‍ഞ്ചിന് മുന്നിലുള്ളത്.

 

രാഹുൽ മാങ്കൂട്ടത്തിലിനെ വെളുപ്പിച്ചെടുക്കാൻ കഴിയില്ലെന്നും രാഹുലിനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മുകേഷിനെതിരെ വന്നത് പോലുള്ള പരാതിയല്ലെന്നും ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടി. മുകേഷിനെതിരെ പരാതി നൽകിയ ആൾ ഇപ്പോൾ‌ ജയിലിലാണ്. ഡിവൈഎഫ്ഐയുടെ പ്രതിഷേധം ശക്തമായി തുടരുമെന്നും സനോജ് വ്യക്തമാക്കി.

 

മരണപ്പെട്ട ജീവനക്കാരിയുടെ സ്റ്റേറ്റ് ലൈഫ് ഇന്‍ഷൂറന്‍സ് പോളിസി ആനുകൂല്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇന്‍ഷുറന്‍സ് വകുപ്പ് 4,37,200/ രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. കുറ്റിപ്പുറത്തെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപത്തിലെ അധ്യാപിക മരണപ്പെട്ടതിനെ തുടര്‍ന്ന് സ്റ്റേറ്റ് ലൈഫ് ഇന്‍ഷ്യുറന്‍സിനെ ആനുകൂല്യത്തിനായി സമീപിച്ചപ്പോള്‍ പോളിസി ആനുകൂല്യം നിഷേധിച്ച സംഭവത്തിലാണ് ഉപഭോക്തൃ കമ്മീഷന്‍ 4,37,200/ രൂപ ഒരു മാസത്തിനകം നല്‍ക്കാന്‍ വിധിച്ചത്.

 

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീൻ ബാബുവിന് തെറ്റുപറ്റിയെന്ന് കണ്ണൂർ കളക്ടർ മൊഴി നൽകിയിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. നവീൻ ബാബു അഴിമതിക്കാരനായ ഉദ്യോഗസ്ഥനല്ലെന്നും മന്ത്രി പറഞ്ഞു. എഡിഎമ്മിന്റെ ആത്മഹത്യക്ക് ശേഷം കണ്ണൂരിലെ റവന്യൂ വകുപ്പ് പരിപാടികളിൽ നിന്ന് വിട്ടുനിന്ന മന്ത്രി, പത്ത് മാസങ്ങൾക്ക് ശേഷം ഇന്ന് കളക്ടറുമായി വേദി പങ്കിട്ടു.

 

കാലടി ചെങ്ങൽ സെന്റ് ജോസഫ് ഗേൾസ് ഹൈസ്കൂളിൽ ഭക്ഷ്യവിഷബാധയെന്ന് വിവരം. നാൽപതോളം കുട്ടികൾ ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. ഓണസദ്യയിൽ നിന്നാണ് ഭക്ഷ്യവിഷബാധയെന്നാണ് പ്രാഥമിക നി​ഗമനം.

 

ശബരിമല ആഗോള അയ്യപ്പ സംഗമത്തിൽ ഗ്ലോബൽ ബ്രാഹ്മിണ്‍ കൺസോർഷ്യം പങ്കെടുക്കും. ദേവസ്വം മന്ത്രിയുടെ ക്ഷണമനുസരിച്ചാണ് തീരുമാനമെന്നും സർക്കാർ ആചാര അനുഷ്ഠാനങ്ങളെ സംരക്ഷിക്കുമെന്ന ഉറപ്പ് സ്വാഗതാർഹമാണെന്നും ഗ്ലോബൽ ബ്രാഹ്മിണ്‍ കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ അറിയിച്ചു. രാഷ്ട്രീയത്തിന് ഉപരിയായി ശബരിമലയുടെ പുരോഗതിക്ക് പ്രവർത്തിക്കുമെന്ന ദേവസ്വം പ്രസിഡന്‍റിന്‍റെ നിലപാടിനെ പിന്തുണയ്ക്കുന്നതായി ഗ്ലോബൽ ബ്രാഹ്മിണ്‍ കൺസോർഷ്യം ഭാരരവാഹികൾ അറിയിച്ചു.

 

സ്വകാര്യ ആശുപത്രികൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സ ചെലവ് ഭീമമായി കൂടുന്നുവെന്നും പലരും ലാഭം മാത്രം നോക്കി ആശുപത്രി നടത്തുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഒരേ നടത്തിപ്പുകാർ പല ആശുപത്രികളാണ് നടത്തുന്നത്. ലാഭത്തിന് വേണ്ടി നിക്ഷേപിക്കുന്നുവെന്നും ചികിത്സയല്ല ലാഭം മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പ്രവണത നല്ലതല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

കനിവ് ആംബുലന്‍സ് സര്‍വീസ് കരാറുമായി ബന്ധപ്പെട്ടു പുറത്തു വന്ന 250 കോടി രൂപയുടെ കമ്മിഷന്‍ ഇടപാടില്‍ സർക്കാർ ഇതുവരെ പ്രതികരണം നടത്താത്തതിൽ വിമർശനവുമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല രംഗത്ത്. സർക്കാർ യാതൊരു പ്രതികരണവും നടത്താത്ത് പച്ചയായ കുറ്റസമ്മതമായി കണക്കാക്കാവുന്നതാണെന്നും കമ്മിഷന്‍ കിട്ടാത്ത ഒരു ഇടപാടും നടത്താത്ത സര്‍ക്കാറായി പിണറായി വിജയന്‍ മാറിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.ആരോഗ്യമേഖല ആകെ സ്തംഭിച്ചിരിക്കുകയാണെന്നും നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

 

വഖഫ് നിയമത്തിനെതിരെ സമസ്ത വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു. വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ വിധി പറയാനിരിക്കയാണ് പുതിയ ഹർജിയുമായി സമസ്ത വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. നിയമത്തിൽ അടിയന്തര സ്റ്റേ ആവശ്യപ്പെട്ടാണ് അഭിഭാഷകനായ സുൽഫിക്കർ അലി വഴി സമസ്ത കോടതിയിൽ ഹർജി നൽകിയത്. പുതിയ നിയമം ഉപയോഗിച്ച് വഖഫ് ഭൂമികൾ ഏറ്റെടുക്കുകയോ സ്വഭാവം മാറ്റുകയോ ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിലെങ്കിലും കാര്യങ്ങൾ മറിച്ചാണെന്ന് ഹർജിയിൽ പറയുന്നു.

 

കേരള സ്റ്റേറ്റ് ഹോമിയോപതിക് കോ – ഓപ്പറേറ്റീവ് ഫാർമസിയിലെ ( ഹോംകോ ) ജീവനക്കാരുടെ ഓണം ബോണസിൽ വർധനവ്. കഴിഞ്ഞ വർഷത്തെ ബോണസിൽ നിന്നും സ്ഥിരം ജീവനക്കാർക്ക് 4,000 രൂപയും താൽകാലിക ജീവനക്കാർക്ക് 3,500 രൂപയുമാണ് വർധനവ് ഉണ്ടായത്. മേഖലയിലെ തൊഴിലാളി സംഘടനകളുമായി മന്ത്രിമാരായ വി ശിവൻകുട്ടി, വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് അനക്സിലെ നവകൈരളി ഹാളിൽ നടന്ന ചർച്ചയിലാണ് ബോണസ് വർധനവിൽ തീരുമാനമായത്.

 

ശബരിമല യുവതീ പ്രവേശവിഷയത്തിൽ സുപ്രീംകോടതിയിലെ നിലപാട് തിരുത്തുന്ന വിഷയത്തിൽ വ്യക്തത വരുത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പി എസ് പ്രശാന്ത് പറഞ്ഞു.ശബരിമലയുടെ ആചാരം അനുഷ്ഠാനം എന്നിവ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ പരിശ്രമിക്കും.ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കപ്പെടണമെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.നിയമവിധേയമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും മോദി സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ പാർലമെൻറിൽ നിയമം പാസാക്കും എന്നാണ് പറഞ്ഞതെന്നും അദ്ദേഹം ബിജെപിയെ ഓര്‍മ്മിപ്പിച്ചു.

 

 

ചെങ്ങറ ഭൂസമര പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗസ്ഥരുമായും പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍, ഫാമിംഗ് കോര്‍പ്പറേഷന്‍ തുടങ്ങിയവരുമായും ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കും.

 

ഓണാഘോഷത്തിന്‍റെ ഭാഗമായി പ്രാദേശിക കലാകാരന്മാർക്ക് അവസരം നൽകിയിട്ടില്ല എന്ന തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള പ്രചരണമാണ് ചില കോണുകളിൽ നിന്ന് ഉയരുന്നതെന്ന് സർക്കാർ. ഇത് യാഥാർത്ഥ്യത്തിന് വിരുദ്ധമായ പ്രചരണമാണ്. ഓണാഘോഷത്തിന്‍റെ ഭാഗമായി കോഴിക്കോടിന്‍റെ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ വിവിധ വേദികളിലായി അരങ്ങേറുന്നുണ്ട്.

 

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട കേസ് സംസ്ഥാന ക്രൈം ബ്രാഞ്ചിന് കൈമാറി. നിലവിൽ കണ്ണൂർ സിറ്റി അസി.കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഗുരുതര കുറ്റകൃത്യമായതിനാലും ജയിൽ ഉദ്യോഗസ്ഥർക്കെതിരെ വിശദമായ അന്വേഷണം നടത്തേണ്ട സാഹചര്യത്തിലുമാണ് വിശദ അന്വേഷണത്തിന് ഉത്തരവിട്ടത്.

 

ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഓണാവധിക്കുശേഷം ഹൈക്കോടതി ദേവസ്വം ബെഞ്ച് പരിഗണിക്കും. അവധിക്കാല ബെഞ്ചിനു മുന്നില്‍ ഇന്ന് ഹര്‍ജി വന്നെങ്കിലും ദേവസ്വം ബെ‍ഞ്ചിലേക്ക് മാറ്റുകയായിരുന്നു. ആഗോള അയ്യപ്പ സംഗമം സംബന്ധിച്ച് കോടതി രേഖകള്‍ ചോദിച്ചെങ്കിലും ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ അന്തിമ തീരുമാനം എടുത്തില്ലെന്നും യാതൊരു ഉത്തരവുകളും പുറപ്പെടുവിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ മറുപടി നല്‍കി.

 

സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപത്തിൽ രൂക്ഷ പ്രതികരണവുമായി ഡോ സൗമ്യ സരിൻ. തോറ്റ എംഎൽഎയോട് ഗുളിക കഴിക്കാൻ പറയാൻ മറക്കരുതെന്ന അധിക്ഷേപ കമന്‍റിനെതിരെയാണ് ഫേസ്ബുക്ക് പോസ്റ്റ്. പി സരിൻ തെരഞ്ഞെടുപ്പിൽ തോറ്റത് പകൽ വെളിച്ചത്തിലെന്നു സൗമ്യ സരിൻ പ്രതികരിച്ചു. ആർക്കും ഒന്നും കലക്കാൻ ഒരു ഗുളികയും നിർബന്ധിച്ചു കഴിപ്പിച്ചതായി അറിവില്ലെന്നും സൗമ്യ സരിൻ കുറിച്ചു.

 

രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം കുറിപ്പ് പങ്കുവെച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയെ തള്ളി സിപിഐ. ശ്രീനാദേവിക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ല. എന്നാൽ, അവർ പാർട്ടിയുടെ പേരിൽ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെന്നും അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ സിപിഐക്ക് ഉത്തരവാദിത്തമില്ലെന്നും സിപിഐ സംസ്ഥാന കൗൺസിൽ അംഗവും അടൂർ മണ്ഡലം സെക്രട്ടറിയുമായ മുണ്ടപ്പള്ളി തോമസ് പറഞ്ഞു.

 

20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ വിൽപന നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാരിന്‍റെ എഥനോൾ ബ്ലെൻഡിങ് പ്രോഗ്രാമിനെ ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. ഹർജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചു. ഹർജിക്ക് പിന്നിലെ ഉദ്ദേശ്യത്തെക്കുറിച്ച് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ആശങ്ക പ്രകടിപ്പിച്ചു. ഇതിന് പിന്നിൽ വലിയൊരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും ഇന്ത്യ ഏത് തരം ഇന്ധനം ഉപയോഗിക്കണമെന്ന് രാജ്യത്തിന് പുറത്തുള്ളവരാണോ നിർദേശിക്കേണ്ടതെന്നും എജി വിമർശിച്ചു.

 

ഭൂകമ്പം നാശം സൃഷ്ടിച്ച അഫ്ഗാനിസ്ഥാന് സഹായ പ്രവാഹം. ഇന്ത്യ ആയിരം ടെൻറുകൾ എത്തിച്ചു. 15 ടൺ ഭക്ഷണ സാമഗ്രികൾ ഭൂകമ്പബാധിത പ്രദേശത്തേക്ക് ഇന്ന് എത്തിക്കും. നാളെ മുതൽ കൂടുതൽ ദുരിതാശ്വാസ സാമഗ്രികളും എത്തിക്കും. അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി സംസാരിച്ച ശേഷമാണ് എസ്. ജയ്ശങ്കര്‍ സഹായം നൽകിയത്.

 

ബിഹാറിൽ വൻ ആവേശമുയർത്തി രാഹുൽ ഗാന്ധിയുടെ വോട്ട് അധികാർ യാത്ര സമാപിച്ചു. വോട്ട് മോഷണത്തിൽ വൈകാതെ ഹൈഡ്രജൻ ബോംബ് പൊട്ടുമെന്ന് സമാപന സമ്മേളനത്തിൽ രാഹുൽ പറഞ്ഞു. ഇന്ത്യ സഖ്യത്തിലെ നേതാക്കൾ എല്ലാം യാത്രയിൽ ഇന്ന് രാഹുലിനൊപ്പം ചേർന്നു. ഇന്ത്യ സഖ്യത്തിന്‍റെ ശക്തി പ്രകടനമായി മാറുകയായിരുന്നു പാറ്റ്നയിലെ വോട്ട് അധികാർ യാത്ര.

 

 

ഇന്ത്യ-ചൈന ബന്ധത്തിലെ പുരോഗതിയെ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി സ്വാഗതം ചെയ്തു. അതിർത്തി ചർച്ചകൾ, കൈലാസ് മാനസരോവർ യാത്ര പുനരാരംഭം, നേരിട്ടുള്ള വിമാന സർവീസുകൾ എന്നിവയെക്കുറിച്ചുള്ള കരാറുകളെയും അദ്ദേഹം പ്രശംസിച്ചു.

 

ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക കെടുതിയിൽ പാകിസ്ഥാൻ. പാകിസ്ഥാനിലെ നദികളിൽ വെള്ളം എക്കാലത്തേയും ഉയർന്ന നിലയിലാണുള്ളത്. ആഗോള താപനം മൂലം മഴക്കാലം സാരമായ കെടുതിയാണ് പാകിസ്ഥാനിൽ വിതച്ചത്. കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിക്കുന്ന മേഖലയിലാണ് പാകിസ്ഥാനുള്ളത്. മേഘവിസ്ഫോടനവും അതിശക്ത മഴയും മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും പാകിസ്ഥാനിൽ കാരണമായിട്ടുണ്ട്.

 

ഇന്ത്യ-യുഎസ് വ്യാപാരബന്ധം ഒരു ദുരന്തമായിരുന്നുവെന്നും ഏകപക്ഷീയമായിരുന്നുവെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ വാഗ്ദാനംചെയ്തതായും ട്രംപ് അവകാശപ്പെട്ടു.പക്ഷേ, അത് ഏറെ വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു.

 

ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെച്ച് ആറാഴ്ചയ്ക്കു ശേഷം ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗികവസതി ഒഴിഞ്ഞു. സൗത്ത് ഡല്‍ഹിയിലെ ഛത്തര്‍പുര്‍ മേഖലയിലെ സ്വകാര്യ ഫാംഹൗസിലേക്കാണ് അദ്ദേഹം താമസം മാറിയതെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

 

ഇന്ത്യന്‍ ജനതയുടെ ചെലവില്‍ ‘ബ്രാഹ്‌മണര്‍’ ലാഭംകൊയ്യുന്നെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവിന്റെ പ്രസ്താവനയെ പിന്തുണച്ച് കോണ്‍ഗ്രസ്. പീറ്റര്‍ നവാരൊയുടെ പ്രസ്താവന, വസ്തുതാപരമായി ശരിയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു.

 

മൈസൂരു ദസറ സാംസ്‌കാരികോത്സവമാണെന്നും ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമേ ഉദ്ഘാടനം ചെയ്യാന്‍ പാടുള്ളൂവെന്നില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.ദസറ ഉദ്ഘാടനം ചെയ്യാന്‍ ബുക്കര്‍ സമ്മാന ജേതാവ് ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

അഫ്ഗാനിസ്താനിലുണ്ടായ ഭൂചലനത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭൂചലനത്തിലുണ്ടായ മരണങ്ങളിൽ നരേന്ദ്ര മോദി അനുശോചനവും രേഖപ്പെടുത്തി.

 

ടിയാന്‍ജിനില്‍ ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടി നടക്കുന്നതിനിടെ ഇന്ത്യ-യുഎസ് ബന്ധത്തെ പുകഴ്ത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. 21-ാം നൂറ്റാണ്ടിനെ നിര്‍വചിക്കാന്‍ പോന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് റൂബിയോ പറഞ്ഞു. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *