പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായുള്ള ചർച്ചയ്ക്കു ശേഷം ഇന്ത്യയും ചൈനയും എതിരാളികളല്ലെന്നും വികസന പങ്കാളികളായി ഒന്നിച്ചു പ്രവർത്തിക്കാൻ ധാരണയിലെത്തിയെന്നും വ്യക്തമാക്കിക്കൊണ്ട് സംയുക്ത പ്രസ്താവന ഇറക്കി. ന്യായമായ വ്യാപാരം ഉറപ്പാക്കുന്നതിനും സഹകരണം ശക്തിപ്പെടുത്തുന്നതിനും യോജിച്ചു നിൽക്കുമെന്നും ഇന്ത്യയും ചൈനയും തീരുമാനിച്ചു.
ഇന്ത്യ – ചൈന അതിർത്തിയിൽ ശാന്തമായ അന്തരീക്ഷമാണെന്നും മോദി വ്യക്തമാക്കി.
ഇന്ത്യ – ചൈന ചർച്ചകളെ സ്വാഗതം ചെയ്ത് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ലോകത്തിന് ഗുണകരമാണെന്ന് സി പി എം ജനറൽ സെക്രട്ടറി പറഞ്ഞു. ചൈനയിലെ ടിയാൻജിനിൽ നിന്ന് വരുന്നത് നല്ല വ വാർത്തകളെന്നും ഇത് സന്തോഷകരമാണെന്നും ബേബി അഭിപ്രായപ്പെട്ടു. ഇന്ത്യ – ചൈന ബന്ധം ശക്തിപ്പെടുത്തുന്നത് ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സഹായകമാകുമെന്നും സി പി എം ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
വന്യമൃഗ ശല്യം തടയുന്നതിൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കടുത്ത നിസഹകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിൻ്റെ എല്ലാ നിർദേശങ്ങളും കേന്ദ്ര സർക്കാർ തള്ളിയെന്നും അദ്ദേഹം പറഞ്ഞു. അപകടകാരികളായ മൃഗങ്ങളെ വെടിവെച്ചു കൊല്ലാനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ആവശ്യപ്പെട്ടിട്ട്, അതിന് പോലും കേന്ദ്രം തയ്യാറാകുന്നില്ലെന്ന് കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി, വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്നുള്ള വിമർശനങ്ങൾ വസ്തുത കാണാതെയാണെന്നും പറഞ്ഞു.
ശബരിമലയിലെ യുവതീപ്രവേശനത്തെ അനുകൂലിച്ച് സുപ്രീം കോടതിയിൽ വാദിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ആഗോള അയ്യപ്പഭക്ത സംഗമം നടത്തും മുമ്പ് നിലപാട് തിരുത്തണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പിണറായി വിജയൻ സർക്കാരിന്റെ നിർദേശപ്രകാരം അയ്യപ്പ ഭക്തരെ വഞ്ചിച്ച ദേവസ്വം ബോർഡിന്റെ പഴയ ചെയ്തികൾ വിശ്വാസിസൂഹം മറന്നെന്ന് കരുതരുതെന്നും 2019 ൽ പുനപരിശോധന ഹർജികൾപരിഗണിക്കവേ സുപ്രീം കോടതിയിൽ ബോർഡ് സ്വീകരിച്ച അയ്യപ്പവിശ്വാസ വിരുദ്ധവും ആചാര ലംഘനത്തിന് പ്രേരിപ്പിക്കുന്നതുമായ നിലപാട് പരസ്യമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോള അയ്യപ്പ സംഗമത്തിന് പൂർണ്ണമായി പിന്തുണ നൽകുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അയ്യപ്പൻ്റെ പ്രശസ്തി ആഗോള തലത്തിൽ അറിയിക്കുകയാണ് ലക്ഷ്യം. ദേവസ്വം ബോർഡിൻ്റെ ആശയം മികച്ചതാണ്. സംഗമം വിജയിച്ചാൽ അയ്യപ്പഭക്തരുടെ പ്രവാഹം ഉണ്ടാവും. കൂടുതൽ അയ്യപ്പഭക്തരെത്തുന്നത് സമ്പദ്ഘടനയെ മെച്ചപ്പെടുത്തും. പഴയ ശബരിമലക്കേസുകൾ തീർക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമമെന്ന് സിപിഐ വനിതാ നേതാവ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പറഞ്ഞത്. തന്നെ ഇരയാക്കാനും ഒരു ചാനൽ ശ്രമിച്ചെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു.
കണ്ണൂർ കണ്ണപുരം സ്ഫോടന കേസ് പ്രതി അനു മാലിക്കിനെ റിമാൻഡ് ചെയ്തു. പ്രതിയെ കണ്ണൂർ സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. പ്രതി നിരന്തരം സമാന സ്വഭാവമുളള കുറ്റകൃത്യത്തിൽ ഏർപ്പെട്ടതായി അന്വേഷണ സംഘം വ്യക്തമാക്കി. എന്നാൽ, സംഭവത്തിന് രാഷ്ട്രീയ ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി. അപകടത്തിൽ ചാലാട് സ്വദേശി മുഹമ്മദ് അഷം കൊല്ലപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ട് കാഞ്ഞങ്ങാട് വെച്ചാണ് ഇയാൾ പിടിയിലായത്.
ആഗോള അയ്യപ്പ സംഗമം നടത്താനുള്ള ദേവസ്വം ബോര്‍ഡിന്‍റെ തീരുമാനത്തിന് രാജ്യം മുഴുവൻ അംഗീകാരം നൽകിയെന്നും എല്ലാ വിശ്വാസികളെയും ക്ഷണിക്കണമെന്നും വർഗീയവാദികളെ ക്ഷണിക്കരുതെന്നുമാണ് തന്‍റെ അഭിപ്രായമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിശ്വാസികളെ ചേർത്ത് നിർത്തി തന്നെ അന്തവിശ്വാസത്തെ ചെറുക്കണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു
ആഗോള അയ്യപ്പ സംഗമത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾക്ക് ക്ഷണം ഉണ്ടായേക്കില്ല. ക്ഷണം ഭക്തർക്ക് മാത്രമായി പരിമിതപ്പെടുത്തും. എൻഎസ്എസ് അടക്കം ഉപാധി വെച്ച സാഹചര്യത്തിലാണ് തീരുമാനം. ആചാരനുഷ്ഠാനങ്ങള്‍ക്ക് കോട്ടം തട്ടാതെയും ക്ഷേത്ര പരിശുദ്ധി സംരക്ഷിച്ചുള്ള വികസനവുമാണ് ഉദ്ദേശിക്കുന്നതെങ്കിൽ നല്ലതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
വയനാട് ജില്ലയെയും കോഴിക്കോട് ജില്ലയെയം തമ്മിൽ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി തുരങ്കപാത പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയൽ. പിണറായി വിജയനെ പോലെ നിശ്ചയദാര്‍ഢ്യമുള്ള ഒരാള്‍ ഇല്ലായിരുന്നെങ്കിൽ ഈ പദ്ധതി നടപ്പിലാകുമായിരുന്നില്ലെന്ന് താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയൽ പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ യുഡയസ് പ്ലസ് റിപ്പോർട്ടിൽ കേരളം മുൻപന്തിയിലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 2024-25 അക്കാദമിക് വർഷത്തെ റിപ്പോർട്ടിൽ വിദ്യാഭ്യാസ മേഖലയുടെ വിവിധ സൂചികകളിൽ ദേശീയ ശരാശരിയേക്കാളും മികച്ച പ്രകടനമാണ് കേരളത്തിന്റേത്. അക്കാദമിക നിലവാരം, വിദ്യാർത്ഥികളുടെ പഠന തുടർച്ച, അടിസ്ഥാന സൗകര്യങ്ങൾ, ലിംഗസമത്വം തുടങ്ങിയ മേഖലകളിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തി.
സർക്കാറിൻ്റെ ഓണം വാരാഘോഷത്തിൻ്റെ ഭാഗമായുള്ള ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും. സർക്കാറിൻ്റെ ക്ഷണം സ്വീകരിക്കാനാണ് രാജ്ഭവൻ തീരുമാനം. 9നാണ് തലസ്ഥാനത്ത് ഘോഷയാത്ര നടക്കുന്നത്.മുഖ്യമന്ത്രി ഫോണിലൂടെ ഗവർണറെ ക്ഷണിച്ചിരുന്നു. രണ്ടിന് മന്ത്രിമാർ നേരിട്ട് രാജ്ഭവനിലെത്തി ഔദ്യോഗികമായി ക്ഷണിക്കും.
വയനാട് തുരങ്കപാത പദ്ധതി മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം മേഖലകൾക്ക് കുതിപ്പ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല എതിർപ്പുകളും മറികടന്നാണ് വികസന പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആനക്കാംപൊയിൽ-കള്ളാടി തുരങ്കപ്പാതയുടെ നിർമാണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിൻ്റെ നിയമനിർമ്മാണം ഉടനെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഉദ്ഘാടനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പിഎം ശ്രീ പദ്ധതി കേരളത്തിൽ വേണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. അതിൽ പറയുന്ന എല്ലാ പദ്ധതികളും കേരളത്തിൽ നടപ്പിലാക്കി കേന്ദ്രം അനുവദിക്കാനുള്ള ഫണ്ട് മാത്രം കേരളത്തിനനുവദിച്ചു തന്നാൽ മതിയെന്നും മന്ത്രി പറഞ്ഞു. കേരളത്തിന് ഈ വർഷം വിദ്യാഭ്യാസ മേഖലയ്ക്ക് ലഭിച്ചത് പൂജ്യം തുകയാണ്. ഇത് കടുത്ത അനീതിയാണെന്നും സാധാരണക്കാരായ കുട്ടികളുടെ ഭക്ഷണവും യൂണിഫോമും ഒക്കെ ഈ ഫണ്ടിൽനിന്നാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വം ഇതിനു മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് ഫറോക്ക് താലൂക്ക് ആശുപത്രിയിലെ പുതിയ മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. നാലു നിലകളിലായി 47,806 ചതുരശ്രയടിയിൽ 103 കിടക്കകളുള്ളതാണ് പുതിയ കെട്ടിടം. പൂർണ്ണമായും ഹരിതചട്ടം പാലിച്ച് നിർമ്മിച്ചിട്ടുള്ള ഈ കെട്ടിടത്തിൽ മാലിന്യസംസ്‌ക്കരണത്തിനും മലിനജല ശുദ്ധീകരണത്തിനും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുമുണ്ട്. കിഫ്ബി ഫണ്ടിൽ നിന്ന് 23.5 കോടി രൂപയാണ് പുതിയ കെട്ടിടത്തിനായി ചെലവിട്ടത്.
കെ സ്റ്റോർ ആക്കുന്ന റേഷൻ കടകളിൽ ഇനി മുതൽ പാസ്പോർട്ടിന്റെ അപേക്ഷയും അക്ഷയ സെൻ്ററുകൾ വഴിയുള്ള സേവനങ്ങളും ലഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ. മഞ്ചാടിമൂട് കെ സ്റ്റോർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ 2300 ലധികം കടകൾ കേരളത്തിൽ കെ സ്റ്റോർ ആയി. ഓണം കഴിയുമ്പോൾ 14000 റേഷൻ കടകളും ‘കെ സ്റ്റോർ’ ആക്കുയാണ് ലക്ഷ്യം എന്നും മന്ത്രി പറഞ്ഞു.
ഈഴവർ വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം മാറുന്നുവെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചെത്തുകാരനെ ആർക്കും വേണ്ട, എന്നാൽ ചെത്തുകാരൻ്റെ പണം എല്ലാവർക്കും വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ചെത്തുകാരൻ്റെ പണം കൊണ്ടാണ് ഇടതുപക്ഷ പ്രസ്ഥാനം ഉൾപ്പെടെ വളർന്നത് തന്നെ പണ്ട് കരിങ്കൊടി കാണിച്ചതും ചെത്തുകാരാണെന്നും മുസ്‌ലിംകൾ കുറഞ്ഞ വർഷം കൊണ്ട് അധികാരത്തിൽ വന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സപ്ലൈകോ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റത്തിൽ. ഓഗസ്റ്റ് 27-ാം തീയതി വരെയുള്ളതിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന വിൽപ്പനയായ 15.7 കോടി കടന്നു. ഓഗസ്റ്റ് 29ന് റെക്കോർഡ് ഭേദിച്ച് പ്രതിദിന വിൽപ്പന 17.91 കോടിയായി. 41,30,418 ഉപഭോക്താക്കളാണ് സപ്ലൈകോയുടെ വിൽപ്പനശാലകൾ 29വരെ സന്ദർശിച്ചത്.
പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കും. സെപ്റ്റംബര്‍ 10 മുതല്‍ ടോള്‍ നിരക്ക് 5 മുതല്‍ 10 രൂപ വരെ ഉയരും. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളുടെ പേരില്‍ ഹൈക്കോടതി നിര്‍ത്തിവെപ്പിച്ച പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുമ്പോള്‍ കൂടിയ നിരക്ക് ഈടാക്കാന്‍ എന്‍എച്ച്എഐ കരാര്‍ കമ്പനിയായ ജിഐപിഎല്ലിന് അനുമതി നല്‍കി.
ലൈംഗികാരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അനുകൂലിച്ചും പൊലീസിനെ പരിഹസിച്ചും മുതിർന്ന കോൺഗ്രസ് നേതാവ് എംഎം ഹസ്സൻ. അമ്മി കൊത്താൻ ഉണ്ടോ എന്ന് ചോദിക്കും പോലെ പരാതിക്കാർ ഉണ്ടോ എന്ന് ചോദിക്കുകയാണ് പൊലീസെന്ന് അദ്ദേഹം പരിഗസിച്ചു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ എം എൽ എ സ്ഥാനത്ത് നിന്നുള്ള രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.
സ്വപ്ന സുരേഷിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ മുൻ മന്ത്രിയായ കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവിൻ്റെ പരാതി. കോൺഗ്രസ് നേതാവ് എം മുനീറാണ് ഡിജിപിക്ക് പരാതി നൽകിയത്. മുൻ മന്ത്രി മോശമായി സംസാരിക്കുകയും സമീപ്പിക്കുകയും ചെയ്തുവെന്നായിരുന്നു സ്വപ്നസുരേഷിൻ്റെ വെളിപ്പെടുത്തൽ.
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ജയിലധികൃതർ നടത്തിയ പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ന്യൂ ബ്ലോക്കിന്റെ പിറക് വശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ. സംഭവത്തില്‍ ജോയിൻ്റ് സൂപ്രണ്ടിന്റെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു. ഇതോടെ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏഴ് ഫോണുകളാണ് കണ്ണൂർ ജയിലിൽ നിന്ന് പിടിച്ചെടുത്തത്.
ഓണാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ വര്‍ഷങ്ങളായി കുന്നംകുളത്ത് സംഘടിപ്പിച്ചിരുന്ന ഗ്രാമീണ കലാരൂപമായ ഓണത്തല്ല് ഇത്തവണയില്ല. കുന്നംകുളത്തിന്‍റെ പരമ്പരാഗത ഓണാഘോഷമായി മാറിയ ഓണത്തല്ല് സര്‍ക്കാര്‍ അവഗണന മൂലം നിലച്ചു. രണ്ട് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഗ്രാന്‍ഡ് അനുവദിക്കാറുള്ളത്. മൂന്ന് വര്‍ഷത്തെ ഗ്രാന്‍ഡ് ഇതുവരെയും ലഭിച്ചിട്ടില്ല.
കണ്ടെയ്നർ ലോറി അപകടത്തെ തുടർന്ന് താമരശ്ശേരി ചുരം അടിവാരത്തും ലക്കിടിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഒൻപതാം വളവിൽ അപകടം നടന്ന ഭാഗത്ത് ഒരു വരിയിലൂടെ മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുള്ളൂ. മൾട്ടി ആക്സിൽ വാഹനങ്ങൾ ചുരം വഴി കടത്തി വിടുന്നില്ല. കർണാടകയിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കണ്ടെയ്‌നർ ലോറി നിയന്ത്രണം വിട്ട് സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് ചെരിയുകയായിരുന്നു.
പാക് അധീന കശ്‌മീരിൽ രണ്ട് പാക് അർധ സൈനികരെ അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തി. ആക്രമണത്തിൽ ഒരു സൈനികന് ഗുരുതരമായി പരിക്കേറ്റു. പാക് അധീന കശ്‌മീരിലെ ഡയമർ ജില്ലയിൽ കാരക്കോറം ഹൈവേയിലുള്ള സൈനിക ചെക്പോസ്റ്റിൽ കഴിഞ്ഞ ദിവസമാണ് സംഭവം. ചെക്പോസ്റ്റിന് എതിർവശത്തായുള്ള കുന്നിൻ മുകളിൽ നിന്നാണ് അജ്ഞാതർ വെടിവച്ചത്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ ഒൻപതിന് നടക്കാനിരിക്കെ സെപ്തംബർ എട്ടിന് എൻഡിഎ എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിരുന്ന് നൽകും. തെരഞ്ഞെടുപ്പ് അത്താഴ വിരുന്നിനായി എംപിമാരെ ക്ഷണിക്കാൻ തീരുമാനിച്ചതായാണ് വിവരം. തന്ത്രപരമായ ചർച്ചകൾക്കും സഖ്യകക്ഷികൾക്കിടയിൽ സമവായം ശക്തമാക്കുന്നതിലുമായിരിക്കും അത്താഴവിരുന്ന് ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നാണ് വിവരം.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സർപ്രൈസ് ഫലം വരുമെന്ന് കോൺഗ്രസ് എംപി മല്ലു രവി. ജയിക്കാനാവശ്യമായ വോട്ട് ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് കിട്ടുമെന്നും എൻഡിഎ എംപിമാരുടെയും പിന്തുണ തേടിയിട്ടുണ്ടെന്നും മല്ലു രവി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ സുദർശൻ റെഡ്ഡിയുടെ പ്രചാരണ ചുമതലയുള്ള നേതാവാണ് മല്ലു രവി.കണക്കിൽ മുന്നിൽ എൻഡിഎ ആയേക്കാം, എന്നാൽ കണക്കുകൂട്ടൽ തെറ്റിക്കാൻ സുദർശൻ റെഡ്ഡിക്ക് കഴിയുമെന്നാണ് മല്ലു രവി പറയുന്നത്.
ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്നവരിൽ മലയാളികളും. 25 പേരടങ്ങുന്ന സംഘമാണ് കൽപ്പ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്.കനത്ത മഴയും മണ്ണിടിച്ചിലും മൂലം റോഡ് മാർഗം യാത്ര സാധ്യമല്ല. ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മലയാളി വിനോദ സഞ്ചാരികളുടെ വിവരം തേടി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് സുഖുവുമായി സംസാരിച്ചു. കുടുങ്ങിക്കിടക്കുന്നവർക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി കെസി വേണുഗോപാൽ അറിയിച്ചു.
മിന്നൽ പ്രളയത്തെ തുടർന്ന് കൽപ്പയിൽ കുടുങ്ങിപ്പോയ മലയാളികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിംഗ് സുഖുവിനോട് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മിന്നൽ പ്രളയത്തെ തുടർന്ന് കൽപ്പ എന്ന സ്ഥലത്താണ് മലയാളികൾ കുടുങ്ങി കിടക്കുന്നത്. ഇവരെ രക്ഷിക്കുന്നതിനുള്ള സത്വര ഇടപ്പെടൽ ഉണ്ടാവണമെന്ന് ഹിമാചൽ സർക്കാരിനോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.. മിന്നൽ പ്രളയം ഉണ്ടായ ഹിമാചൽ പ്രദേശിലെ ജനങ്ങൾക്ക് കേരളത്തിൻ്റെ ഐക്യദാർഢ്യവും മുഖ്യമന്ത്രി അറിയിച്ചു
കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്തു. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ തടയുന്നതിൽ പരാജയപ്പെട്ട ആഭ്യന്തര മന്ത്രി അമിത് ഷായുടെ തല വെട്ടിയെടുക്കണമെന്ന് മഹുവ മൊയ്ത്ര പ്രസംഗിച്ചുവെന്നാണ് റിപ്പോർട്ട്.
ബ്രിക്സ് രാജ്യങ്ങള്‍ക്ക് മേല്‍ അധിക തീരുവ ചുമത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. ബ്രിക്സ് അംഗരാജ്യങ്ങളുടെ സാമൂഹിക, സാമ്പത്തിക വികസനത്തിന് തടയിടുന്ന വിവേചനപരമായ ഉപരോധങ്ങള്‍ക്കെതിരേ റഷ്യയും ചൈനയും പൊതുനിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇത്തരം നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ കേന്ദ്രത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്..ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന ‘ന്യൂ നോര്‍മലി’നെ ചൈനയുടെ ഭീഷണിയായും മോദി സര്‍ക്കാരിന്റെ നട്ടെല്ലില്ലായ്മയുമായാണ് കാണേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് വിമര്‍ശിച്ചു.