71-ാമത് നെഹ്റു ട്രോഫി വള്ളം കളിയിൽ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച് വീയപുരം ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തിൽ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിൻ്റെ കിരീട നേട്ടം. വിബിസി കൈനകരിയുടേതാണ് വീയപുരം ചുണ്ടൻ. കഴിഞ്ഞ തവണ മില്ലിസെക്കൻഡിൽ കൈവിട്ടുപോയ കിരീടമാണ് ഇത്തവണ നേടിയെടുത്തത്.ഒന്നാം ട്രാക്കിൽ മേൽപ്പാടം, രണ്ടാം ട്രാക്കിൽ നിരണം, മൂന്നാം ട്രാക്കിൽ നടുഭാഗം, 4ാം ട്രാക്കിൽ വീയപുരം എന്നിങ്ങനെയാണ് അണിനിരന്നത്. വാശിയേറിയ മത്സരത്തിൽ പുന്നമട ബോട്ട്ക്ലബിന്റെ നടുഭാഗം രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്ത് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടവും നാലാം സ്ഥാനത്ത് നിരണം ബോട്ട് ക്ലബിന്റെ നിരണവും എത്തി.
71ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ചുണ്ടൻ വള്ളങ്ങളുടെ ഫൈനൽ നടക്കാനിരിക്കെ നടുഭാഗം ചുണ്ടനെതിരെ പരാതിയുമായി ക്ലബുകള്‍ രംഗത്ത്. ഹീറ്റ്സിൽ ഏറ്റവും കുറഞ്ഞ സമയത്തോടെ ഒന്നാമതെത്തിയ പുന്നമട ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം ചുണ്ടനിൽ ഇതര സംസ്ഥാനത്തുനിന്നുള്ള തുഴക്കാര്‍ കൂടുതലുണ്ടെന്നാണ് പരാതി. ഇതുസംബന്ധിച്ച യുബിസി കൈനകരിയും പള്ളാത്തുരുത്തി പിബിസിയും സംഘാടകര്‍ക്ക് പരാതി നൽകി. നടുഭാഗം ചുണ്ടനിൽ തുഴഞ്ഞവരിൽ 45 പേരും ഇതര സംസ്ഥാനക്കാരാണെന്നാണ് പരാതി.
സംസ്ഥാന സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെ സംഘടിപ്പിക്കും. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ സെപ്റ്റംബര്‍ ഒമ്പത് വരെ വിപുലമായ പരിപാടികളോടെയാണ് ഓണം വാരാഘോഷം സംഘടിപ്പിക്കുന്നതെന്ന് ഓണാഘോഷക്കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാനും പൊതു വിദ്യാഭ്യാസ തൊഴില്‍ മന്ത്രിയുമായ വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ആഗോള അയ്യപ്പ സംഗമത്തിന് പരിപൂർണ്ണ പിന്തുണ അല്ലെന്നാണ് എൻഎസ്എസിന്റെ വിശദീകരണം. ആചാരത്തിന് കോട്ടം ഇല്ലെങ്കിൽ നല്ലത്. സമിതി നേതൃത്വ രാഷ്ട്രീയ മുക്തമാകണമെന്ന നിർദേശവും എൻഎസ്എസ് മുന്നോട്ട് വെച്ചു. ഉപാധികളോടെയാണ് പിന്തുണ എന്ന് അറിയിച്ച ജി സുകുമാരൻ നായർ സമിതിയിൽ അയ്യപ്പ ഭക്തർ വേണമെന്നും നിർദ്ദേശിച്ചു
രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ആരോപണത്തിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് പറയാൻ പാര്‍ട്ടിക്ക് കഴിയില്ലെന്നാണ് കെപിസിസി നേതൃത്വത്തിന്‍റെ നിലപാട്. ലൈംഗിക ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു
കണ്ണപുരം സ്ഫോടന കേസിലെ പ്രതി അനൂപ് കുമാർ എന്ന അനു മാലിക് പൊലീസ് പിടിയിലായി. വൈകിട്ടോടെ കാഞ്ഞങ്ങാട് വെച്ചാണ് ഇയാൾ കണ്ണപുരം പൊലീസിൻ്റെ പിടിയിലായത്. കാഞ്ഞങ്ങാടുള്ള ഒരു സുഹൃത്തിൻ്റെ വീട്ടിൽ എത്തിയതായിരുന്നു. സുഹൃത്താണ് ഹൊസ്ദുർഗ് പൊലീസിൽ വിവരം അറിയിച്ചത്. അനൂപ് മാലിക്കിനേയും കൂട്ടി സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.
രാജ്യത്തെ മുസ്ലിം വിഭാഗം വഖഫ് സ്വത്ത് നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു. വഖഫ് സ്വത്തുക്കൾ കയ്യേറ്റം ചെയ്യാൻ മഹല്ല് കമ്മിറ്റികൾ അനുവദിക്കരുതെന്നും ബില്ലിന്‍റെ അടിസ്ഥാനത്തിൽ വഖഫ് സ്വത്തുക്കൾ നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടെന്നും എപി അബൂബക്കര്‍ മുസ്‍ലിയാര്‍ പറഞ്ഞു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ആശങ്ക അകറ്റാൻ മുന്നോട്ട് വരണമെന്നും എപി അബൂബക്കര്‍ മുസ്‍ലിയാര്‍ ആവശ്യപ്പെട്ടു.
മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയ്ക്ക് മർദനം. വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം ആയിരുന്നു ഷാജനെ മർദിച്ചത്. ഇടുക്കിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത മടങ്ങും വഴി മങ്ങാട്ട് കവലയിൽ ആണ് സംഭവം. പരിക്കേറ്റ ഷാജൻ സ്കറിയ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസാണ് ഷാജൻ സ്കറിയയെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് ഗുരുതരമല്ല.ഷാജന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്.
സംസ്ഥാന സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ നടപ്പിലാക്കി വരുന്ന ബഹുമുഖ വികസന പദ്ധതികളുടെ ഭാഗമായി ഫറോക്ക് താലൂക്ക് ആശുപത്രിയില്‍ പുതിയതായി നിര്‍മ്മിച്ച ബഹുനില മന്ദിരം ആഗസ്റ്റ് 31ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും.സംസ്ഥാന ആരോഗ്യ മേഖലയില്‍ നടന്നു വരുന്ന വലിയ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് ഫറോക്ക് താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സികെ ജാനുവിന്‍റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എൻഡിഎ വിട്ടു. എൻഡിഎയിൽ നിന്ന് അവഗണന നേരിട്ടതായി സികെ ജാനു പറഞ്ഞു. ഇതേതുടര്‍ന്നാണ് സികെ ജാനു അടക്കമുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എൻഡിഎയിൽ തുടരേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ഇന്ന് കോഴിക്കോട് ചേർന്ന ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയുടെ (ജെആര്‍പി) സംസ്ഥാന കമ്മിറ്റിയിലാണ് തീരുമാനം.
ഓണത്തോനുബന്ധിച്ചുള്ള ജില്ലാ ഫെയറുകൾ ആരംഭിച്ച ഓഗസ്റ്റ് 25 മുതൽ 29 വരെ സപ്ലൈകോ നേടിയത് 73 കോടിയിലധികം രൂപയുടെ വിറ്റുവരവ്. ഇതിൽ ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികമാണ്. ഈ ദിവസങ്ങളില്‍ 10 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് സപ്ലൈകോ വില്പനശാലകൾ സന്ദർശിച്ചതെന്ന് സർക്കാരിന്റെ കണക്ക്. ഓഗസ്റ്റ് മാസത്തില്‍ 29 വരെ ആകെ 270 കോടി രൂപയുടെ വിറ്റു വരവുണ്ടായി.
പാലക്കാട് ചെർപ്പുളശ്ശേരി കാറൽമണ്ണയിൽ പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. കമ്പിവേലിയിലേക്ക് വൈദ്യുതി പ്രവഹിപ്പിക്കാൻ സഹായിയായി പ്രവർത്തിച്ച കാറൽമണ്ണ മണ്ണിങ്ങൽ വീട്ടിൽ എംകെ ഹരിദാസൻ, പാട്ടത്തിനെടുത്ത ഭൂമിയിൽ വാഴകൃഷി നടത്തിയിരുന്ന ചെർപ്പുളശ്ശേരി പാറക്കൽ വീട്ടിൽ പ്രഭാകരൻ എന്നിവരാണ് അറസ്റ്റിലായത്.
നിലവില്‍ ഒരു വിവാഹംബന്ധം ഉള്ളപ്പോള്‍ മറ്റൊരാള്‍ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് സ്ഥിരം ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഇക്കാര്യത്തില്‍ നിരീക്ഷണം നടത്തിയത്.
ഓഗസ്റ്റ് 31 ഞായറാഴ്ചയും സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും തുറന്നു പ്രവർത്തിക്കും. അന്നേദിവസത്തോടെ ഓഗസ്റ്റ് മാസത്തെ റേഷൻ വിതരണവും സ്പെഷ്യൽ അരിയുടെ വിതരണവും പൂർത്തിയാകുന്നതാണ്. ഈ മാസം ഇതുവരെ 82% ഗുണഭോക്താക്കൾ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ആഗസ്റ്റ് മാസത്തെ റേഷൻ ഇനിയും വാങ്ങാത്തവർ ഓഗസ്റ്റ് 31ന് മുമ്പു തന്നെ വാങ്ങേണ്ടതാണ്. സ്റ്റോക്കെടുപ്പ് പ്രമാണിച്ച് സെപ്റ്റംബർ 1 തിങ്കളാഴ്ച റേഷൻകടകൾക്ക് അവധിയായിരിക്കും.
കോഴിക്കോട്ജില്ലയുടെ ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിയ്ക്ക് നാളെ (ഓഗസ്റ്റ് 31) ഔദ്യോഗികമായി തുടക്കം കുറിക്കും.കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് വൈകീട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ വിദേശ നിക്ഷേപത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ പ്രധാനപ്പെട്ട സ്വകാര്യ ആശുപത്രികൾ ചില ആഗോള കോർപ്പറേറ്റുകൾ ഏറ്റെടുക്കുകയാണെന്നും ഈ ആശുപത്രികൾ സാധാരണക്കാർക്ക് താങ്ങാനാകാത്ത ചികിത്സയിലേക്ക് മാറുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ വെൽകെയർ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കാസർകോട് മധുവാഹിനി പുഴയോട് ചേരുന്ന തോട്ടിൽ ഒഴുക്കിൽപ്പെട്ട കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചെർക്കള പാടിയിലെ മിഥിലാജിൻ്റെ (12) മൃതദേഹം ആണ് കണ്ടെത്തിയത്. തോട്ടിൽ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെയാണ് കുട്ടി ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ കാണാതായ സ്ഥലത്തുനിന്നും ഒന്നര കിലോമീറ്റർ മാറി ആലംപാടി പാലത്തിന് സമീപമുള്ള പുഴയിൽ നിന്നാണ് മൃതദേഹം കിട്ടിയത്.
കോഴിക്കോട് വടകര നഗരസഭ എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. അസിസ്റ്റന്റ് എഞ്ചിനീയർ അജിത് കുമാർ, ഓവർസീയർ അനീഷ പി പി എന്നിവരെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ സസ്‌പെൻഡ് ചെയ്തത്. ഫയലുകൾ കൈകാര്യം ചെയ്തതിൽ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. തദ്ദേശസ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് വിഭാഗം നഗരസഭ ഓഫീസിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. തൃശ്ശൂർ സെഷൻസ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കാലടി സ്വദേശിനി ലിവിയ ജോസും തൃപ്പുണിത്തുറ സ്വദേശി നാരായണദാസുമാണ് കേസിലെ പ്രതികൾ. എക്സൈസ് ഉദ്യോഗസ്ഥരെ സാക്ഷികളാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരിയാണ് ലിവിയ.
ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി മലയാളിയായ ടി ജയന്തിന്‍റെ ബെംഗളൂരുവിലെ വീട്ടിൽ പൊലീസ് പരിശോധന. വെളിപ്പെടുത്തൽ നടത്തുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്ത ചിന്നയ്യക്കൊപ്പമാണ് എസ്ഐടി സംഘം ജയന്തിന്‍റെ വീട്ടിലെത്തിയത്. ചിന്നയ്യ നേരത്തെ ഈ വീട്ടിലെത്തിയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേതുടര്‍ന്നാണ് പരിശോധന നടത്തിയത്.
16-ാം നൂറ്റാണ്ടിൽ വൈഷ്ണവ സന്യാസി ശ്രീ ശങ്കരൻ നിർമ്മിച്ച ‘വൃന്ദാവനി വസ്ത്ര’ എന്ന പട്ടുതുണി 2027 ൽ അസമിൽ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയമാണ് വൃന്ദാവനി വസ്ത്രം വായ്പ നൽകാൻ സമ്മതിച്ചത്. 18 മാസത്തേക്കാണ് പ്രദർശനമുണ്ടാകുക. അതേ സമയം, ‘വൃന്ദാവൻ വസ്ത്രം’ പ്രദർശിപ്പിക്കുന്നതിന് ബ്രിട്ടീഷ് മ്യൂസിയം ഒരു അത്യാധുനിക മ്യൂസിയം ഉൾപ്പെടെയുള്ള ചില നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഞ്ചാബ് നാഷണൽ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസിലെ പ്രതിയും വജ്ര വ്യാപാരിയുമായ മെഹുൽ ചോക്‌സിയുടെ ജാമ്യാപേക്ഷ ബെൽജിയത്തിലെ അപ്പീൽ കോടതി വീണ്ടും തള്ളി. 6300 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമം നയതന്ത്ര തലത്തിൽ തുടരുന്നതിനിടെയാണ് മെഹുൽ ചോക്‌സി ബെൽജിയത്തിലെ കോടതിയെ സമീപിച്ചത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുസഹമാക്കി കനത്ത മഴ തുടരുന്നു. ജമ്മു കശ്മീരിലും ഉത്തരാഖണ്ഡിലും മഴയിലും മിന്നൽ പ്രളയത്തിലും മരിച്ചവരുടെ എണ്ണം പതിനേഴായി. കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമാക്കി. പഞ്ചാബിൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമം കരസേന തുടരുകയാണ്.
രണ്ട് ദിവസത്തെ ജപ്പാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലേക്ക് യാത്ര തിരിച്ചു. ജപ്പാനും ഇന്ത്യയുമായുള്ള 13 സുപ്രധാന കരാറുകളിൽ ഒപ്പുവെച്ച ശേഷമാണ് യാത്ര. ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്കും സർക്കാരിനും ജനത്തിനും നന്ദി പറഞ്ഞ പ്രധാനമന്ത്രി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഉൽപ്പാദനക്ഷമമായ പ്രവർത്തനങ്ങൾക്ക് സന്ദർശനം ഫലം ചെയ്തുവെന്ന് വ്യക്തമാക്കി.
ദില്ലിയിൽ പ്രസാദം നൽകാൻ വൈകിയതിന് ക്ഷേത്ര ജീവനക്കാരനെ യുവാക്കൾ അടിച്ചുകൊന്നു. യുവാക്കളിലൊരാളെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. രണ്ടുപേർക്കായി തെരച്ചിൽ തുടരുന്നു. ജനമധ്യത്തിൽ നടന്ന നടുക്കുന്ന സംഭവത്തിന്റ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്നലെ രാത്രി ഒൻപത് മണിക്കാണ് കേസിനാസ്പദമായ സംഭവം.
യുക്രൈൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കിയുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങിനെയും മറ്റന്നാൾ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെയും കാണാനിരിക്കെയാണ് സെലൻസ്കിയുമായി മോദി സംസാരിച്ചത്. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം തീർക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മോദി സെലൻസ്കിയെ അറിയിച്ചു. അമേരിക്കയിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ സെലൻസ്കി മോദിയോട് പറഞ്ഞു.
അമേരിക്കയ്ക്കും ഇന്ത്യയ്ക്കുമിടയിലെ ഭിന്നത രൂക്ഷമാകുന്നതിനിടെ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങിനും നരേന്ദ്ര മോദിക്കും ഇടയിലെ ചർച്ച നാളെ നടക്കും. ജപ്പാൻ സന്ദർശനം പൂർത്തിയാക്കി ഇന്ത്യൻ സമയം നാലു മണിക്ക് മോദി ചൈനയിലെ ടിൻജിയാനിൽ എത്തി. ആഗോള സാമ്പത്തിക സ്ഥിരതയ്ക്ക് ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം അനിവാര്യമെന്ന് മോദി വ്യക്തമാക്കി. ഏഴു കൊല്ലത്തിനു ശേഷം ചൈനീസ് മണ്ണിലിറങ്ങിയ നരേന്ദ്ര മോദിക്ക് ഹൃദ്യമായ വരവേല്പാണ് ലഭിച്ചത്.
വടക്കൻ ഗാസയിലെ ചില മേഖലയിലേക്കുള്ള സഹായ വിതരണം വീണ്ടും തടയാൻ ഇസ്രയേൽ സൈന്യം തീരുമാനിച്ചതായി റിപ്പോർട്ട്. ഹമാസിനെ ലക്ഷ്യമിട്ട് ഗാസയിൽ വീണ്ടും വ്യോമാക്രമണം നടത്താൻ തീരുമാനിച്ചെന്നും റിപ്പോർട്ടുകളുണ്ട്. വടക്കൻ ഗാസയിൽ നിന്ന് താമസക്കാരെ തെക്കൻ ഗാസയിലേക്ക് ഒഴിപ്പിക്കാനുള്ള ശ്രമവും ഇതോടൊപ്പം നടത്തും. ഇതിൻ്റെയെല്ലാം ഭാഗമായാണ് സഹായവുമായി വരുന്ന ട്രക്കുകളുടെ വടക്കൻ ഗാസയിലേക്കുള്ള സഞ്ചാരം നിയന്ത്രിക്കുന്നതെന്നാണ് വിവരം.
40,000 വർഷമായി ഇന്ത്യയിലെ ജനങ്ങൾക്ക് ഒരേ ഡിഎൻഎയാണ് എന്നവകാശപ്പെട്ട ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെ പരിഹസിച്ച് സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാർ യാത്ര’യുടെ മൂന്നാം ഘട്ടത്തിൽ പങ്കെടുത്ത അഖിലേഷ് ആരയിലെ റാലിയിലാണ് ഇക്കാര്യം പറഞ്ഞത്.