എന്‍ജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ കുട്ടികളെയും രക്ഷിതാക്കളെയും കേരള സര്‍ക്കാര്‍ വഞ്ചിച്ചെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പ്രവേശന പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണം. കേസിൽ കക്ഷി ചേരാന്‍ ധൈര്യമില്ലാത്തത് എന്തോ ഒളിപ്പിക്കാനുള്ളതുകൊണ്ടെന്ന് വ്യക്തമെന്നും മുൻകേന്ദ്രമന്ത്രി പറഞ്ഞു.

പാലക്കാട് വീണ്ടും നിപ രോഗം സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധയിലാണ് ഇദ്ദേഹത്തിന് രോഗമുണ്ടെന്ന് വ്യക്തമായത്.പ്രാഥമിക, ദ്വിതീയ സമ്പർക്കപ്പട്ടികകളിലായി ജില്ലയിൽ 347 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

സാമൂഹിക മാധ്യമങ്ങളിൽ ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ പോസ്റ്റുകൾ പ്രസിദ്ധികരിച്ചയാൾക്ക് മൂന്ന് ദിവസം തടവ് ശിക്ഷ. എറണാകുളം ആലങ്ങാട് സ്വദേശി പി കെ സുരേഷ്‌കുമാറിനെയാണ് ഹൈക്കോടതി ശിക്ഷിച്ചത്. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ദേവസ്വം ബെഞ്ചിനുനെതിരെയാണ് ഫേസ്ബുകിൽ ഇദ്ദേഹം പോസ്റ്റുകൾ പങ്കുവച്ചത്. ജസ്റ്റിസുമാരായ രാജ വിജയരാഘവനും ജോബിൻ സെബാസ്റ്റ്യനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ക്രിമിനൽ കോടതിയലക്ഷ്യ കേസിൽ പ്രതിയെ ശിക്ഷിച്ചത്.

യെമനിൽ കൊലക്കേസിൽ തടവിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇടപെടലിലൂടെയെന്ന് മുൻ കേന്ദ്രസഹമന്ത്രി വി മുരളീധരൻ. വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. നിരവധി സങ്കീർണതകൾ ഈ സംഭവത്തിലുണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് പ്രതികരിച്ചു.

ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണത്തിൽ സർക്കാരിന് തിരിച്ചടി. പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷൻ പുറത്തിറക്കിയ സർക്കുലറും അനുബന്ധ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്കൂൾ ഉടമകൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതി നടപടി.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി നേതാവ് പഴകുളം മധു. പി ജെ കുര്യന്‍റെ വിമര്‍ശനം രാഹുൽ സൗകര്യമില്ലെങ്കിൽ സ്വീകരിക്കേണ്ടെന്ന് പഴകുളം മധു തുറന്നടിച്ചു. പി ജെ കുര്യന്‍റെ വിമർശനം സദുദ്ദേശപരമാണ്. അത് മൂന്നാം ദിവസം വാർത്തയായത് ആണ് അന്വേഷിക്കേണ്ടത്. കുര്യനെതിരായ മഹിളാ കോൺഗ്രസ് നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അച്ചടക്ക ലംഘനമാണ് പഴകുളം മധു പറഞ്ഞു.

തെരുവുനായ വന്ധ്യംകരണത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിലായി മൊബൈൽ പോർട്ടബിൾ എബിസി കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ, തദ്ദേശസ്വയംഭരണ, നിയമ വകുപ്പുകളുടെ സംയുക്ത ചർച്ചയ്ക്കു ശേഷം സെക്രട്ടറിയേറ്റ് അനക്സിലെ ലയം ഹാളിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

തൃശൂർ ചേറ്റുവ അഴിമുഖത്ത് വള്ളം മറിഞ്ഞു. മൂന്ന് തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ നീന്തി കരക്കെത്തി. കൂരിക്കുഴി സ്വദേശി അൻസിൽ എന്നയാളെ കാണാതായി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. നാട്ടികയിൽ നിന്നുള്ള മഹാസേനൻ എന്ന വള്ളത്തിൻ്റെ കരിയർ വള്ളമാണ് അപകടത്തിൽപ്പെട്ടത്.

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ അശ്ലീലപ്രദർശനം നടത്തി ലൈംഗിക അതിക്രമം കാട്ടിയയാളെ കൂടൽ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ പഴകുളം തെങ്ങിനാൽ എസ്എൻഡിപി ഗുരുമന്ദിരത്തിനു സമീപം ശ്യാം നിവാസിൽ ശ്യാംകുമാർ (35) ആണ് പിടിയിലായത്. പോക്സോ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചേർത്താണ് കേസെടുത്തത്.

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് തൃശ്ശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

കൊല്ലത്ത് 4 വിദ്യാർത്ഥികൾക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചു. എസ് എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിലെ നാല് കുട്ടികൾക്കാണ് എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചത്. നാല് പേരും ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ്. ആരോഗ്യ വകുപ്പ് തുടര്‍ നടപടികൾ സ്വീകരിച്ച് വരുകയാണ്.

കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തുടർന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കോടതി. തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്. തൊടുപുഴ പൊലീസിനോടാണ് കേസെടുക്കാൻ കോടതി നിർദ്ദേശം നൽകിയത്. പി സി ജോർജിന്റെ പരാമർശത്തിൽ കേസെടുക്കാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിലായിരുന്നു പി സി ജോർജിന്റെ വിദ്വേഷ പ്രസംഗം.

ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ, വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കും. ദുബൈയിൽ നടന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ചർച്ചയിലാണ് തീരുമാനം. അതേസമയം, വിപ‍ഞ്ചികയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മരണം ആത്മഹത്യ തന്നെയെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഓപ്പൺ ആക്സസ് ഫ്യൂയൽ ഫാമും എയർക്രാഫ്റ്റ് റിഫ്യൂയലിംഗ് സെന്ററും കമ്മീഷൻ ചെയ്തു. നിലവിലുള്ള ഇന്ധന വിതരണ കമ്പനികളുടെ അടിസ്ഥാന സൗകര്യങ്ങൾ ഏറ്റെടുത്താണ് പുതിയ സൗകര്യം ഒരുക്കിയത്. ഇത് എയർപോർട്ടിന്റെ പ്രവർത്തനക്ഷമതയും സുസ്ഥിരതയും മെച്ചപ്പെടുത്താൻ വഴിയൊരുക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.

കോഴിക്കോട് എംഎം അലി റോഡിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. സംഭവത്തില്‍ തട്ടിക്കൊണ്ടുപോയവര്‍ ഉള്‍പ്പടെ 5 പേര്‍ പിടിയിലായി. എംഎം അലി റോഡിൽ പ്രവർത്തിക്കുന്ന കെപി ട്രാവൽസ് എന്ന സ്ഥാപനത്തിലെ മുൻ മാനേജറായ ബേപ്പൂർ സ്വദേശിയായ ബിജുവിനെയാണ് പൊലീസുകാർ എന്ന വ്യാജേന എത്തിയവര്‍ തട്ടിക്കൊണ്ടുപോയത്. മലപ്പുറം കരുവാരക്കുണ്ടിൽ വെച്ചാണ് ഇയാളെ കസബ പോലീസ് കണ്ടെത്തിയത്.

കേരളം അതിരൂക്ഷമായ വിലക്കയറ്റത്തെ അഭിമുഖീകരിക്കുകയാണ്. ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പ നിരക്ക് വെറും രണ്ട് ശതമാനത്തിലേക്ക് കുറഞ്ഞപ്പോൾ രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റ നിരക്ക് ( 6.7%) കേരളത്തിലാണ്.വിപണി ഇടപെടലിൽ ഇടതുസർക്കാരിന്റെ സമ്പൂർണ്ണ പരാജയമാണ് ഇത് തെളിയിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സ്കൂളിൽ മദ്യക്കുപ്പികളുമായി എത്തിയ വിദ്യാർഥികൾ അധ്യാപകന്റെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. തമിഴ്നാട്‌ വിരുദുനഗർ തിരുത്തങ്കലിലെ സർക്കാർ സ്കൂളിൽ ആണ് സംഭവം. സ്കൂളിലെ അധ്യാപകനായ ഷണ്മുഖസുന്ദരത്തെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹിജാബ്/ബുർഖ ധരിച്ചതിന് ബെംഗളൂരുവിലെ നഴ്‌സിംഗ് കോളേജിൽ നാല് കശ്മീരി വിദ്യാർത്ഥിനികളെ ക്ലാസുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ജമ്മു ആൻഡ് കശ്മീർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ജെകെഎസ്‌എ) കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതി. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി (RGUHS) അഫിലിയേറ്റ് ചെയ്തിട്ടുള്ള ശ്രീ സൗഭാഗ്യ ലളിത കോളേജ് ഓഫ് നഴ്സിംഗിലാണ് വിദ്യാർഥികളെ പുറത്താക്കിയതെന്ന ആരോപണമുയർന്നത്.

എംപിമാരുടെ ഭക്ഷണത്തിന് പുതിയ മെനു അവതരിപ്പിച്ച് പാ‍ർലമന്റ്. റാഗി മില്ലറ്റ് ഇഡ്ഡലി, ജോവർ ഉപ്പുമാവ്, മൂങ് ദാൽ ചില്ല, വിവിധയിനം പച്ചക്കറി വിഭവങ്ങൾ, ഗ്രിൽഡ് ഫിഷ് എന്നിവയടക്കമുള്ള പോഷക ഗുണമുള്ള ഭക്ഷണമാണ് സഭാംഗങ്ങൾക്കും സന്ദർശകർക്കുമടക്കം ലഭിക്കുക. ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ മെനുവാണ് നടപ്പാക്കാനിരിക്കുന്നത്.

ഇന്ത്യയുടെ പ്രതിരോധ രം​ഗത്ത് ആധുനികവത്കരണം അത്യാവശ്യമായി നടപ്പാക്കണമെന്ന് സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. ഇന്നലത്തെ ആയുധങ്ങൾ ഉപയോ​ഗിച്ച് ഇന്നത്തെ യുദ്ധം ജയിക്കാനാകില്ല. നാളത്തെ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇന്നത്തെ യുദ്ധത്തെ നേരിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലഹരണപ്പെട്ട സാങ്കേതിക വിദ്യയല്ല വേണ്ടതെന്നും പ്രതിരോധ രം​ഗത്ത് ആധുനിക വത്കരണം നടപ്പാക്കണമെന്നും അനിൽ ചൗഹാൻ വ്യക്തമാക്കി.

കാർഷിക മേഖലയിൽ പുതിയ പദ്ധതിയുമായി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജന എന്ന പേരിലാണ് പദ്ധതി. 100 കർഷക ​​ജില്ലകളെ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് 24000 കോടി രൂപ കേന്ദ്രസർക്കാർ നീക്കിവച്ചിട്ടുണ്ട്. രാജ്യമാകെയുള്ള 1.7 കോടി കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആറ് വർഷം കൊണ്ട് പദ്ധതി നടപ്പാക്കുമെന്നാണ് പദ്ധതിയെ കുറിച്ച് മന്ത്രിസഭാ യോഗത്തിന് ശേഷം വിളിച്ച വാർത്താസമ്മേളനത്തിൽ സംസാരിച്ച കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പ്രഖ്യാപിച്ചത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളികൾ നേരിടുന്ന പീഡനങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തയിലെ തെരുവുകളിൽ നൂറുകണക്കിന് അനുയായികൾക്കൊപ്പം പ്രകടനം നടത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളികളോടുള്ള പെരുമാറ്റരീതിയിൽ തനിക്ക് ലജ്ജയും നിരാശയും തോന്നുന്നുവെന്ന് മമത പറഞ്ഞു.

ഇസ്രായേലിനും അമേരിക്കക്കുമെതിരെ കടുത്ത പരാമർശവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ കണ്ടതിനേക്കാൾ വലിയ പ്രഹരം ഇറാനിയൻ ഭരണകൂടത്തിന് എതിരാളികൾക്ക് നൽകാൻ കഴിയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ചങ്ങലയിലെ നായ എന്നാണ് ഖമനേയി ഇസ്രായേലിനെ വിശേഷിപ്പിച്ചത്. ഇസ്രായേൽ ഒരു കാൻസർ ട്യൂമറാണെനമ്നും അമേരിക്കയ്ക്കും ബെഞ്ചമിൻ നെതന്യാഹുവിനുമെതിരായ പോരാട്ടം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

സിറിയൻ തലസ്ഥാനമായ ഡമസ്കസിലെ സൈനിക ആസ്ഥാനത്തിന് നേരെ ഇസ്രായേൽ ആക്രമണം. ബുധനാഴ്ച വൈകുന്നേരമാണ് ഇസ്രായേൽ സൈന്യം നേരിട്ട് ആക്രമണം നടത്തിയത്. ആക്രമണത്തിൽ സൈനിക ആസ്ഥാനത്തിന്റെ പ്രവേശന കവാടം പൊട്ടിത്തെറിച്ചു. തെക്കൻ സിറിയയിലെ ഡ്രൂസ് സിവിലിയന്മാർക്കെതിരെ സിറിയൻ ഭരണകൂടം സ്വീകരിച്ച നടപടികൾക്കുള്ള മറുപടിയായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 4 മുതൽ 330 ദിവസത്തിനിടെ ബംഗ്ലാദേശിൽ 2,442 വർഗീയ അക്രമ സംഭവങ്ങൾ നടന്നതായി റിപ്പോർട്ട്. രാജ്യത്തെ ന്യൂനപക്ഷ അവകാശ സംഘടനയാണ് ഇക്കാര്യം അറിയിച്ചത്.അക്രമ സംഭവങ്ങളിൽ ഭൂരിഭാഗവും കഴിഞ്ഞ വർഷം ഓഗസ്റ്റ് 4 നും ഓഗസ്റ്റ് 20 നും ഇടയിലാണ് നടന്നതെന്നും ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

എഐഎഡിഎംകെയും സഖ്യകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും തമ്മിൽ അധികാര പങ്കിടൽ ചർച്ചകൾ നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ നിലപാട് വ്യക്തമാക്കി എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസാമി. അടുത്ത വർഷം നടക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ തൻ്റെ പാർട്ടിയുടെ നേതൃത്വത്തിൽ ഒരു ഒറ്റക്കക്ഷി സർക്കാരായിരിക്കും അധികാരത്തിലേറുകയെന്ന് പളനിസാമി പറഞ്ഞു.

 

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *