കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിൻ്റെ നാല് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. കുടുംബത്തിന് അടിയന്തിര സഹായമായി അരലക്ഷം രൂപ മന്ത്രി വാസവൻ ബിന്ദുവിൻ്റെ വീട്ടിലെത്തി നൽകി. ബിന്ദുവിൻ്റെ മകൾ നവമിയുടെ ചികിത്സ ഏറ്റെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മകന് മെഡിക്കൽ കോളേജിൽ താത്കാലിക ജോലി നൽകും. ഇത് പിന്നീട് സ്ഥിരപ്പെടുത്തും. മന്ത്രിസഭാ യോഗം ചേർന്ന് കുടുംബത്തിന് നൽകേണ്ട ധനസഹായം സംബന്ധിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും. വാർത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന സംഭവത്തിൽ മന്ത്രി വീണാ ജോർജിനെതിരെ വിമർശനം ശക്തമാകുന്നതിനിടെ വീണയെ പ്രശംസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. ഏൽപ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോർജെന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിൻ്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകർക്കാനുമാണ് ഇവർ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫേസ്ബുക്കിലൂടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദു:ഖം തന്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണം.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടവുമായി ബന്ധപ്പെട്ട് മന്ത്രിമാർക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല നടക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രക്ഷാപ്രവർത്തനം ഒരു ഘട്ടത്തിലും നിർത്തിയിട്ടില്ലെന്നും കുടുങ്ങിപ്പോയ ആളുകളെ കണ്ടെത്താനെടുത്തത് സ്വാഭാവിക കാല താമസമാണെന്നുമാണ് ഗോവിന്ദന്റെ വിശദീകരണം. മന്ത്രിമാരെ പൂർണ്ണമായും സംരക്ഷിച്ച ഗോവിന്ദൻ, ആരോഗ്യമന്ത്രി രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി.
ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്ന് സർക്കാർ ആവർത്തിക്കുമ്പോൾ മുഖ്യമന്ത്രി ചികിത്സക്ക് വിദേശത്തേക്ക് പോകുന്നതിനെ വിമർശിച്ച് എൻ.കെ.പ്രേമചന്ദ്രൻ എം.പി. സാധാരണക്കാർ ആശ്രയിക്കുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങൾ ഇടിഞ്ഞു വീഴുമ്പോൾ മുഖ്യമന്ത്രി വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയ്ക്ക് പോകുകയാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിദേശത്തേക്ക് ചികിത്സയ്ക്ക് പോകുന്നതിൽ തെറ്റില്ല. പക്ഷേ ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്ന അവകാശവാദം ഉന്നയിക്കരുതെന്നും പ്രേമചന്ദ്രൻ തുറന്നടിച്ചു.
ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്മോർട്ട് റിപ്പോർട്ട് പുറത്ത്. തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണ് ബിന്ദുവിന്റെ മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു. അപകടത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു. വാരിയെല്ലുകൾ പൂർണ്ണമായും ഒടിഞ്ഞു. ഇന്നലെ രാവിലെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് കെട്ടിടം തകർന്നു വീണ് മകൾക്ക് കൂട്ടിരിപ്പിനായി എത്തിയ ബിന്ദു മരണപ്പെട്ടത്.
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു മരണപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി പി വി അൻവർ രംഗത്ത്. ഈ മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ വിമർശിച്ചു. പിണറായിയുടെ അമേരിക്കൻ യാത്ര തടയാനുള്ള ധാർമിക ഉത്തരവാദിത്തമെങ്കിലും പ്രതിപക്ഷം കാണിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ. 2012ൽ കെട്ടിടത്തിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയത് ചാണ്ടി ഉമ്മൻ അറിഞ്ഞില്ലേയെന്നും ഇപ്പോഴാണോ ചാണ്ടി ജനിച്ചത് എന്നും കുറ്റപ്പെടുത്തൽ. വാസവൻ നിരവധി താത്കാലിക നിയമനങ്ങൾ നടത്തിയെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ ആശ്വാസമെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ് . സർക്കാർ ചേർത്തു നിർത്തുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് വിശ്രുതൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ കൃത്യമായി ധനസഹായമുൾപ്പെടെ ലഭിക്കുമെന്നും ആരോഗ്യമന്ത്രി വരുമെന്നും കുടുംബം പറയുന്നു. ആരോഗ്യമന്ത്രി ചേർത്തു നിർത്തുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനകം എത്താമെന്ന് ഉറപ്പു നൽകിയെന്നും വിശ്രുതൻ പ്രതികരിച്ചു
യൂണിഫോം ധരിക്കാത്തതിന് പത്താം ക്ലാസുകാരായ ആറ് പേർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചു. പാലക്കാട് മണ്ണാർക്കാട് കാരാകുറിശ്ശി സർക്കാർ ഹൈസ്കൂളിലാണ് സംഭവം. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ എട്ടാംക്ലാസുകാരൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ കുട്ടിയുടെ പിതാവിൻ്റെ പരാതി പരിശോധിച്ച പൊലീസ്, ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് കൈമാറി.
മുൻ മുഖ്യമന്ത്രിയും സി പി എം മുതിർന്ന നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ വി എ അരുൺ കുമാർ. അച്ഛന്‍റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണെന്നും ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണെന്നും മകൻ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
വാൻ ഹായ് കപ്പലിൽ വീണ്ടും തീ പടർന്നതിൽ ആശങ്ക. ഇന്ന് രാവിലെ മുതലാണ് കപ്പലിൻ്റെ അകത്ത് നിന്ന് തീ ഉയർന്നത്. തീ കെടുത്താനുള്ള ശ്രമം തുടരുകയാണ്. തീ ഇനിയും ആളികത്തിയാൽ കപ്പലിന്റെ സുരക്ഷയെ തന്നെ ബാധിച്ചേക്കുമെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു.
തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ. കൂളിമുട്ടം നെടുംപറമ്പ് സ്വദേശി അബു താഹിറി(24)നെ ഉത്തർപ്രദേശിലെ ഗോരഖ്‌പൂറിൽ നിന്നാണ് തൃശ്ശൂർ മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് നേപ്പാൾ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതായിരുന്നു.
വയനാട് ദുരന്ത ബാധിതരുടെ ബാങ്ക് ലോൺ എഴുതിത്തളളുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ രണ്ടാഴ്ച കൂടി സമയം വേണമെന്ന് കേന്ദ്രസർക്കാർ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്. എന്തിനാണ് വീണ്ടും സമയം നീട്ടിച്ചോദിക്കുന്നത് കോടതി ചോദിച്ചു. വിവിധ വകുപ്പുകളുമായി ചർച്ചകൾ തുടരുകയാണെന്നായിരുന്നു കേന്ദ്ര സർക്കാർ അഭിഭാഷകന്‍റെ മറുപടി. ഇതേത്തുടർന്ന് ഹർജി പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.
ആശുപത്രി ജീവനക്കാരുടെ അനാസ്ഥ മൂലം ഗർഭസ്ഥ ശിശു മരിച്ചതായി പരാതി. ഇടുക്കി മാങ്കുളം കുറത്തിക്കുടി സ്വദേശികളായ ആശ-ഷിബു ദമ്പതിമാരുടെ കുഞ്ഞാണ് പ്രസവത്തോടെ മരിച്ചത്. അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചു എന്നാണ് ആരോപണം. എന്നാലിത് ആശുപത്രി സൂപ്രണ്ട് നിഷേധിച്ചു.
സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗവർണർമാരുടെ അധികാരങ്ങളും ചുമതലകളും കേരളത്തിലെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. ഇന്ന് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അമ്പത്തിയെട്ടാം കരിക്കുലം കമ്മിറ്റി യോഗമാണ് ഇതിന് അംഗീകാരം നൽകിയത്.അംഗീകാരം നൽകിയ പാഠപുസ്തകങ്ങൾ ഓണാവധിക്ക് മുമ്പ് തന്നെ കുട്ടികളുടെ കൈകളിൽ എത്തിച്ചേരുമെന്നും മന്ത്രി വ്യക്തമാക്കി.
മനുഷ്യ- വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട്. കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിലാണെന്നും സര്‍ക്കാര്‍ എം.പിമാരുടെ യോഗത്തില്‍ അറിയിച്ചു. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം സർക്കാർ അതിഥി മന്ദിരത്തിലാണ് മുഖ്യമന്ത്രി വിളിച്ച എം പിമാരുടെ യോഗം നടന്നത്.
തിങ്കളാഴ്ച ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണമേർപ്പെടുത്തി. ജൂലൈ 7ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ സന്ദർശനം കണക്കിലെടുത്താണ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണമേർപ്പെടുത്തിയത്. രാവിലെ 8 മണി മുതൽ 10 മണി വരെ ക്ഷേത്ര ദർശനം, വിവാഹം, ചോറൂണ് എന്നിവയ്ക്കാണ് നിയന്ത്രണം. ഇന്നർ റിങ്ങ് റോഡിൽ വാഹന പാർക്കിങ്ങ് അനുവദിക്കില്ലെന്നും തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകൾ തുറക്കാൻ പാടില്ലെന്നും ദേവസ്വം നിർദ്ദേശിച്ചു.
കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. എല്‍സ്റ്റണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
വൈസ് ചാൻസിലർക്ക് റജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. കേരളാ സർവകലാശാലയിലെ ഭാരതാംബാ വിവാദത്തിൽ സസ്പെന്റ് ചെയ്യപ്പെട്ട റജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിന്റെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. സിൻഡിക്കേറ്റ് ചേരുന്നില്ലെങ്കിൽ വിസിക്ക് ഉത്തരവിറക്കാമെന്ന് കോടതി വാദത്തിനിടെ പറഞ്ഞു. തന്റെ സസ്പെൻഷൻ ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന റജിസ്ട്രാറുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.ഭാരതാംബ എങ്ങനെ മതചിഹ്നമാകുമെന്ന് ചോദിച്ച കോടതി, അത് വെച്ചത് കൊണ്ട് കേരളത്തിൽ എന്ത് ക്രമസമാധാന പ്രശ്നമാണ് ഉണ്ടാകാൻ പോകുന്നതെന്നും ചോദിച്ചു.
സിഎംആര്‍എല്‍ കമ്പനിക്കെതിരെ ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തുന്നത് പൂര്‍ണമായും തടഞ്ഞ് എറണാകുളം സബ് കോടതി. സിഎംആര്‍എല്‍നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഷോണ്‍ ജോര്‍ജിനെതിരെ നേരത്തേ ഏര്‍പ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തിയാണ് സബ് കോടതി വെള്ളിയാഴ്ച അന്തിമ ഉത്തരവ് ഇറക്കിയത്.
കേരള സർവ്വകലാശാല രജിസ്ട്രാർ കെഎസ് അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിസിക്ക് കത്ത് നൽകി ഉന്നതവിദ്യാഭ്യാസമന്ത്രി. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ വിസിക്ക് അധികാരമില്ലെന്നാണ് സിസ തോമസിന് നൽകിയ കത്തിൽ ആർ ബിന്ദു വ്യക്തമാക്കിയത്. രജിസ്ട്രാർക്കെതിരെ നടപടി എടുക്കാൻ സിണ്ടിക്കേറ്റിന് മാത്രമാണ് അധികാരമെന്നും പ്രോ ചാൻസലർ കൂടിയായ മന്ത്രി അറിയിച്ചു. സസ്പെൻഷൻ ചർച്ച ചെയ്യാൻ ഉടൻ സിൻഡിക്കേറ്റ് ചേരണമെന്ന് ഇടത് അംഗങ്ങളും ആവശ്യപ്പെട്ടു.
പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയായ 38 കാരി പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കടുത്ത പനിയും ശ്വാസതടയവും അനുഭവപെടുന്ന യുവതി വെന്‍റിലേറ്ററിലാണ് കഴിയുന്നത്.
രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച സാനിട്ടറി പാഡ് പാക്കറ്റുകള്‍ ബിഹാറില്‍ വിതരണത്തിനായി പ്രഖ്യാപിച്ച കോണ്‍ഗ്രസ് നടപടി വിവാദമാക്കി ബിജെപി. അഞ്ച് ലക്ഷം സ്ത്രീകള്‍ക്ക് നല്‍കാന്‍ പ്രിയദര്‍ശിനി ഉഡാന്‍ പദ്ധതിയിലാണ് പാഡ് വിതരണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി പിന്നാക്ക വിഭാഗങ്ങളില്‍ പെടുന്ന സ്ത്രീകള്‍ക്ക് 2500 രൂപ പ്രതിമാസ സഹായവും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണ് കോൺഗ്രസെന്നും, രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച പാഡുകള്‍ വിതരണം ചെയ്ത് കോണ്‍ഗ്രസ് സ്ത്രീകളെ അപമാനിക്കുകയാണെന്നും ബിജെപി വിമര്‍ശിച്ചു.
ഉത്തർപ്രദേശിലെ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി, ഷാഹി ഈദ്ഗാഹ് പള്ളി എന്നിവയെച്ചൊല്ലി നടന്നുകൊണ്ടിരിക്കുന്ന നിയമയുദ്ധത്തിൽ സുപ്രധാനമായ വിധിയുമായി അലഹബാദ് ഹൈക്കോടതി. ഷാഹി മസ്ജിദ് തർക്കമന്ദിരമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്.
രോഗിയുടെ സമ്മതമില്ലാതെ ഡോക്ടര്‍ യുവാവിന്‍റെ ജനനേന്ദ്രിയം നീക്കം ചെയ്തതായി പരാതി. അസമിലെ സിൽച്ചാര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ജനനേന്ദ്രിയത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ മണിപ്പൂരിലെ ജിരിബം ജില്ലയിലെ 28കാരനായ അതികുര്‍ റഹ്മാൻ എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.
ഇറാനെതിരെ പ്രതിരോധം ശക്തമാക്കാൻ സേനകള്‍ക്ക് ഇസ്രയേൽ പ്രതിരോധ മന്ത്രിയുടെ നിര്‍ദേശം. ഇറാന്‍റെ ആണവ-മിസൈൽ ശേഷികള്‍ വീണ്ടെടുക്കാൻ അനുവദിക്കരുതെന്നും നിര്‍ദേശിച്ചു. ഇതിനായി ഇന്‍റലിജന്‍സ്, വ്യോമ പ്രതിരോധ പദ്ധതി നടപ്പാക്കാനും നിര്‍ദേശിച്ചു.
അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള സഹകരണം ഇറാൻ പിൻവലിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി നിരീക്ഷക സംഘത്തിലെ ഉദ്യോഗസ്ഥർ ഇറാനിൽ നിന്ന് മടങ്ങി. ഇസ്രയേലുമായുള്ള സംഘർഷ സമയത്ത് പോലും ടെഹ്റാനിൽ തുടർന്ന ഉദ്യോഗസ്ഥരാണ് ഒടുവിൽ മടങ്ങിയത്. ആക്രമണത്തിനുശേഷം ഇറാന്‍റെ ആണവ നിലയങ്ങളിലെ നാശനഷ്ടം സംബന്ധിച്ച് ഇതുവരെ പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല.
ഭക്ഷണത്തിനായി വിതരണ കേന്ദ്രത്തിലെത്തിയ പലസ്തീന്‍ അഭയാര്‍ത്ഥികൾക്ക് നേരെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ എന്ന സഹായ ഏജൻസിയിൽ ജോലി ചെയ്യുന്ന ഗാർഡുകൾ വെടിയുതിർത്തു. 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 118 പലസ്തീനികൾ കൊല്ലപ്പെട്ടെന്നും ഇതിൽ 33 മരണങ്ങളും ജിഎച്ച്എഫ് നടത്തുന്ന സഹായ കേന്ദ്രങ്ങളിലെ വെടിവെപ്പിലാണെന്നും ഗാസ ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട പത്രക്കുറിപ്പില്‍ പറയുന്നു.
താപനില ഉയര്‍ന്നതോടെ വാഹനമോടിക്കുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി അബുദാബി പൊലീസ്. ഇതുമായി ബന്ധപ്പെട്ട് വീഡിയോ ദൃശ്യങ്ങള്‍ അബുദാബി പൊലീസ് പുറത്തുവിട്ടിരുന്നു. കടുത്ത വേനലില്‍ അപകടങ്ങള്‍ ഒഴിവാക്കാനായി വാഹനങ്ങളുടെ ടയറുകള്‍ സുരക്ഷിതമാണോയെന്ന് കൃത്യമായി പരിശോധിച്ച് ഉറപ്പാക്കണമെന്നാണ് പൊലീസിന്‍റെ നിര്‍ദ്ദേശം.
കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിലെ പ്രധാന പ്രതി കണ്ണൂരില്‍ എന്‍.ഐ.എയുടെ പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകനായ അബ്ദുൽ റഹ്‌മാന്‍ എന്നയാളാണ് പിടിയിലായത്. ഖത്തറില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.