IMG 20231111 WA0094
ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുളള ശ്രമത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ. ദൗത്യസംഘത്തിലെ രണ്ടു പേർക്ക് പരിക്കേറ്റു. രക്ഷാദൗത്യം വൈകുന്നതിനെതിരെ നിർമ്മാണ തൊഴിലാളികൾ  ടണലിനു പുറത്ത് പ്രതിഷേധിച്ചു. അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ പുതിയ യന്ത്രം ആകാശമാർഗം എത്തിക്കും.
വയനാട് പെരിയയിൽ മാവോയിസ്റ്റുകളും തണ്ടർബോൾട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി കണ്ണൂർ സിറ്റി പൊലീസ്. വയനാട്ടിലെത്തിയ സുന്ദരി, ലത എന്നിവർക്കായാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.വയനാട് ചപ്പാരം കോളനിയിലുണ്ടായ ഏറ്റമുട്ടലിൽ ഉണ്ണിമായ, ചന്ദ്രു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച   ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.ആത്മാഭിമാനം നഷ്ടപ്പെട്ടവരാണ്  ഇന്ന് ലോകയുക്തയിലുള്ളത്. ലോകായുക്ത നിര്‍ജീവമായതോടെ പിണറായും  മന്ത്രിമാരും  ഉദ്യോഗസ്ഥരും അഴിഞ്ഞാടുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ടൂറിസം നിക്ഷേപക സാധ്യതകള്‍ പരിചയപ്പെടുത്താനും നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഇന്‍വെസ്റ്റേഴ്സ് മീറ്റ്-2023 നാളെ നടക്കും. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
നവകേരള സദസ്സിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുള്ള ആഢംബര ബസ്സിനെ ചൊല്ലി വൻവിവാദം. ഒരു കോടി അഞ്ച് ലക്ഷം ചെലവിട്ട് ഇറക്കുന്ന ബസ്സ് ധൂർത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്നാണ് പ്രതിപക്ഷ ആക്ഷേപം. മന്ത്രിമാർ സ്വന്തം വാഹനങ്ങൾ വിട്ട് പ്രത്യേക ബസിൽ പോകുന്നത് വഴി ചെലവ് കുറയുമെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ ന്യായീകരണം.
സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദിനേശ് കുമാർ സിംഗിന്റെ ഇടക്കാല ഉത്തരവ്. ഹർജിയിൽ സംസ്ഥാന സർക്കാരിനും ഗതാഗത കമ്മീഷണർക്കും കോടതി നോട്ടീസ് അയച്ചു.
പാലക്കാട് വല്ലപ്പുഴ റെയിൽവേ സ്റ്റേഷൻ സമീപം ട്രെയിൻ പാളം തെറ്റി.പശു ട്രയിനിനു മുന്നിൽ ചാടിയതാണ് പാളം തെറ്റാൻ കാരണമെന്ന് റയിൽവെ അറിയിച്ചു. നിലമ്പൂരിൽ നിന്ന് പാലക്കാട്ടേക്ക് പോവുകയായിരുന്ന പാസഞ്ചറിൻ്റെ എൻജിനുകളാണ് പാളം തെറ്റിയത്.
ആംബുലൻസുകളിൽ ട്രസ്റ്റുകളുടെയും സ്പോൺസർമാരുടെയും പേരുൾപ്പെടെ പ്രദർശിപ്പിക്കാമെന്ന് ഹൈക്കോടതി. ട്രസ്റ്റുകളുടെ പേര്, ചിഹ്നം, ഫോൺ നമ്പർ എന്നിവ പ്രദർശിപ്പിക്കുന്നത് തടയാൻ പാടില്ല. സെൻട്രൽ മോട്ടോർ വെഹിക്കിൾ ചട്ടപ്രകാരം നിബന്ധനകൾക്ക് വിധേയമായി വിവരങ്ങൾ പ്രദർശിപ്പിക്കാം. സർക്കാർ നിഷ്കർഷിക്കുന്ന കളർ കോഡ് പാലിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് തുച്ഛമായ പണം നൽകുന്ന കേന്ദ്രസർക്കാർ, ലൈഫ് പദ്ധതിയിൽ അടക്കം ബ്രാന്‍റിംഗ് വേണമെന്ന് നിര്‍ബന്ധം പിടിക്കുകയാണെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. തുച്ഛമായ തുക മാത്രമാണ് ലൈഫ് പദ്ധതിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എരവന്നൂര്‍ യു.പി സ്‌കൂളിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐഎഎസിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. സ്‌കൂള്‍ ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടായെങ്കില്‍ അതൊരു തരത്തിലും അനുവദിക്കാന്‍ കഴിയാത്തതാണെന്നും മന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന്റെ ഭാഗമായി തൊഴില്‍ നഷ്ട്‌പ്പെട്ട കട്ടമരതൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്ന ചടങ്ങുമായി ബന്ധപ്പെട്ട് ഒരു വിഭാഗം നടത്തിയ പ്രതിഷേധം ദൗര്‍ഭാഗ്യകരമാണെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അര്‍ഹരായ എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സുരേഷ് ഗോപിയുടെ ചോദ്യം ചെയ്യലിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. സുരേഷ് ഗോപി സ്ത്രീകളെ അപമാനിച്ചു എന്ന് പറഞ്ഞ് കേസെടുക്കുന്നവര്‍ ജനങ്ങളുടെ അഭിപ്രായം കൂടി കേള്‍ക്കണം എന്നും പറഞ്ഞു .
അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. കേസിലെ മറ്റ് 12 പ്രതികളുടെ ഇടക്കാല ഹർജി കോടതി തള്ളി. മണ്ണാർക്കാട് എസ്‌സി – എസ്‌ടി കോടതി വിധിക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് നടപടി.
നവകേരള സദസ്സിന് വേണ്ടി ആഡംബര കാരവനിൽ നടത്തുന്ന യാത്ര സംസ്ഥാന സർക്കാരിന് തന്നെ  ബൂമറാങ്ങ് ആവുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവ് രമേശ് ചെന്നിത്തല. കോടികൾ മുടക്കി ഹെലികോപ്റ്ററിൽ കറങ്ങുന്ന മുഖ്യമന്ത്രി സാധാരണ ജനങ്ങളെ കാണാൻ ആഡംബര ബെൻസ് കാരവനിൽ എത്തുന്നതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഡിഎയുടെ സഖ്യകക്ഷിയാകാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങണമെന്ന് ദേവഗൗഡയോട് ആവശ്യപ്പെടുമെന്ന് സിഎം ഇബ്രാഹിം. തങ്ങളാണ് ഔദ്യോഗിക പാർട്ടിയെന്ന് വ്യക്തമാക്കിയ അദ്ദേഹം ഡിസംബർ ഒൻപതിന് ബെംഗളൂരുവിൽ ദേശീയ കൗൺസിൽ വിളിക്കുമെന്ന് പറഞ്ഞു. മാത്യു ടി തോമസിനും മന്ത്രി കെ കൃഷ്ണൻകുട്ടിയോടും ഡിസംബർ ഒൻപതിന് മുൻപ് ബിജെപിക്ക് ഒപ്പമാണോയെന്ന് തീരുമാനിക്കണമെന്ന് ഇന്ന് തിരുവനന്തപുരത്ത് ചേർന്ന പാർട്ടി ദേശീയ എക്സിക്യുട്ടീവ് യോഗം തീരുമാനിച്ചു.
സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകളിൽ കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി വർധന. ഈ വർഷം ഇതുവരെയുള്ള കണക്ക് പ്രകാരം 13,306 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മുൻവർഷങ്ങളെ അപേക്ഷിച്ച് എലിപ്പനി കേസുകളും കൂടി. രോഗവ്യാപന തോത് ഉയർന്നെങ്കിലും മരണനിരക്ക് കുറവാണ്.
സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിനെതിരെ മറിയക്കുട്ടി നാളെ ഹൈക്കോടതിയെ സമീപിക്കും. വ്യാജ പ്രചാരണത്തിലെ നിയമനടപടിയിൽ പിന്നോട്ടില്ലെന്നാണ് മറിയക്കുട്ടിയുടെ വിശദീകരണം. സിപിഎം വ്യാപകമായി വ്യക്തിഹത്യ ചെയ്തു എന്ന് മറിയക്കുട്ടി വ്യക്തമാക്കുന്നു. പാർട്ടി മുഖപത്രത്തിൽ മാപ്പ് പറഞ്ഞതൊന്നും അം​ഗീകരിക്കാനാകില്ലെന്നും മറിയക്കുട്ടി പറഞ്ഞു.
ആർക്കെങ്കിലും വാരിക്കോരി കൊടുക്കാനുള്ളതല്ല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുകയെന്ന് മുൻ ഉപലോകായുക്ത കെപി ബാലചന്ദ്രൻ. ലോകായുക്താ ഉത്തരവിനെ വിമർശിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ അപാകതയുണ്ടെന്നും പറഞ്ഞു.
നവംബര്‍ 19ന് കാസർകോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവൃത്തി ദിവസം. സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസ്സ് ജില്ലയില്‍ നവംബര്‍ 18,19 തീയതികളില്‍ നടക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അതാത് നിയോജക മണ്ഡലങ്ങളിലെ നവ കേരള സദസ്സില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചു.
മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.  ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ശ്രദ്ധ വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രo മുന്നറിയിപ്പ് നൽകി.
യു.ഡി.എഫ് സംസ്ഥാന വ്യാപകമായി ബഹിഷ്‌കരിച്ച നവകേരള സദസിന് ശ്രീകണ്ഠപുരം നഗരസഭ പണം അനുവദിച്ചത് വിവാദമായതിന് പിന്നാലെ പണം പിന്‍വലിച്ച് പ്രമേയം പാസാക്കി ശ്രീകണഠപുരം നഗരസഭ. ഇന്നുചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ തുക നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചത്.
ഇന്ത്യ എല്ലാ കാലത്തും പാലസ്തീൻ വിമോചന പ്രസ്ഥാനത്തിന്റെ ഒപ്പമായിരുന്നുവെന്ന് എം വി ഗോവിന്ദൻ. ഇന്ത്യയുടെ ഇന്നത്തെ മാറ്റം അധ:പതനമാണ്. വർഗീയ വാദികളെയും അഴകൊഴമ്പൻ നിപാടുള്ളവരെ ഒഴിച്ച് എല്ലാവരെയും ക്ഷണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ആരോപണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്. സത്യത്തിനും നീതിക്കും വേണ്ടി മാത്രമേ നിലകൊള്ളാൻ കഴിയൂ. ആരോപണങ്ങൾ തെളിയിക്കാൻ കഴിയാത്തവർക്ക് നിരാശയുണ്ടാകും. ജഡ്ജിമാർക്കെതിരെയുള്ള അനാവശ്യ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ ആശുപത്രികളില്‍ ഈ വര്‍ഷം ശ്വാസ് ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ജില്ലാ, ജനറല്‍ ആശുപത്രികളിലും കുടുംബാരാഗ്യ കേന്ദ്രങ്ങളിലും ആരംഭിച്ച ശ്വാസ് ക്ലിനിക്കുകളിലൂടെ മുപ്പതിനായിരത്തിലധികം സിഒപിഡി രോഗികളെ കണ്ടെത്തി ആവശ്യമായ ചികിത്സ നല്‍കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
പങ്കാളിയെ വിവാഹമോചനം ചെയ്യാതെ മറ്റൊരു സ്ത്രീക്കൊപ്പം കഴിയുന്നതിനെ ലിവ് ഇൻ റിലേഷൻഷിപ്പായോ റിലേഷൻഷിപ്പായോ പോലും കാണാൻ സാധിക്കില്ല എന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി. ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയുകയായിരുന്ന യുവാവും യുവതിയും ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് സമീപിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഈ നിരീക്ഷണം.
ജമ്മു കശ്മീരിലെ ഉറി സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. രണ്ട് ഭീകരനെ വധിച്ചു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
വിഡ്ഢികളുടെ നേതാവ്’ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുൽ ഗാന്ധി. പ്രധാനമന്ത്രി തന്നെ നിരന്തരം അപകീർത്തിപ്പെടുത്തുന്നതിൽ ആശങ്കയില്ല. താൻ ചെയ്യുന്നത് ശരിയാണെന്ന് മോദിയുടെ അധിക്ഷേപങ്ങൾ തെളിയിക്കുന്നു. അദാനി ഗ്രൂപ്പിന് മോദി സർക്കാർ നൽകുന്ന അത്രയും പണം, രാജ്യത്തെ പാവപ്പെട്ടവർക്ക് നൽകുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഐസിസി ഏകദിന ലോകകപ്പിൽ അമ്പതാം സെഞ്ചുറി തികച്ച് കിങ് കോഹ്ലി. സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന താരമായി വിരാട് കോഹ്ലി. 106 പന്തുകളിലാണ് താരം അമ്പതാം സെ‌ഞ്ചുറി നേടിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *