സംസ്ഥാനത്തിന്ന് മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ റെഡ് അലേര്‍ട്ടാണ്. ബാക്കി ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പുണ്ട്. നാളെയും കനത്ത മഴ പെയ്യുമെന്നാണ് പ്രവചനം.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ വ്യാപക നാശ നഷ്ടം. കനത്ത മഴയിൽ തൃശൂർ ചെന്ത്രാപ്പിന്നി പപ്പടം നഗറിൽ വെള്ളം കയറി മുപ്പതോളം വീടുകൾ വെള്ളത്തിലായി. മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ വയനാട്ടിലെ വൈത്തിരി ഫെസ്റ്റ് നിർത്തിവെച്ചു. മുത്തങ്ങയില്‍ വൈദ്യുതി പോസ്റ്റ് തകർത്ത് റോഡിന് കുറുകെ മരം വീണു. സുൽത്താൻ ബത്തേരിയിൽ മരക്കൊമ്പ് പൊട്ടിവീണ് വിദ്യാർത്ഥിനിക്ക് പരുക്കേറ്റു.
കോഴിക്കോട് കോടഞ്ചേരിയില്‍ വീടിന് സമീപത്തെ തോട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരങ്ങളായ ആണ്‍കുട്ടികള്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. വൈദ്യുതലൈന്‍ പൊട്ടി തോട്ടില്‍ വീണതിന് പിന്നാലെയായിരുന്നു അപകടം. നിരന്നപാറ റോഡിന് സമീപത്തുള്ള തോട്ടിലായിരുന്നു സംഭവം.
ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു. മഴ ശക്തമായതോടെ ഭൂതത്താൻകെട്ട് ഡാമിന്‍റെ നാല് ഷട്ടറുകൾ ഉയർത്തി. കണ്ണൂർ ആലക്കോട് കനത്ത മഴയിൽ രണ്ട് വീടുകൾ തകർന്നു. മലപ്പുറം പൊന്നാനിയിൽ കടലാക്രമണം രൂക്ഷമായതിനെ തുടർന്ന് മുന്‍കരുതലിന്‍റെ ഭാഗമായി അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.പത്തനംതിട്ട ജില്ലയിലും മഴയിലും ശക്തമായ കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. ആലപ്പുഴയിൽ ശക്തമായ കാറ്റിലും മഴയിലും രണ്ടിടങ്ങളിലായി മരം വീണ് വീട് തകർന്നു.
ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിയുടെ വൈദ്യുതി വിതരണ സംവിധാനത്തിന് കനത്ത നാശനഷ്ടങ്ങൾ. നിലവിലെ കണക്കുകൾ പ്രകാരം 257 ഹൈടെൻഷൻ പോസ്റ്റുകളും 2,505 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നു. ലഭ്യമായ കണക്കുകൾ പ്രകാരം വിതരണമേഖലയിൽ ഏകദേശം 26 കോടി 89 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
സംസ്ഥാനത്ത് മഴക്കെടുതിയിൽ ഏഴു മരണം. കോഴിക്കോട് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു. കോടഞ്ചേരി ചന്ദ്രൻകുന്നേൽ ബിജു- ഷീബ ദമ്പതികളുടെ മക്കളായ നിധിൻ (14), എബിൻ (10) എന്നിവരാണ് മരിച്ചത്. തേക്കിന്‍റെ കൊമ്പ് കാറ്റത്ത് ഒടിഞ്ഞ് വൈദ്യുതി ലൈനിൽ പതിക്കുകയായിരുന്നു. പിന്നാലെ വൈദ്യുതി ലൈൻ പൊട്ടി തോട്ടിൽ വീണാണ് അപകടം. ഈ സമയം രണ്ടുപേരും തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയതായിരുന്നുവെന്നാണ് വിവരം. തുടര്‍ന്നാണ് ഷോക്കേറ്റ് ഇരുവരും മരിച്ചത്.
ദേശീയപാത രാമനാട്ടുകര-വളാഞ്ചേരി റീച്ചില്‍ വീണ്ടും നിര്‍മ്മാണത്തില്‍ അപാകത. മലപ്പുറം കാക്കഞ്ചേരി ഭാഗത്ത് റോഡില്‍ ഇരുപത്തഞ്ച് മീറ്ററോളം വിണ്ടു കീറി. ഇന്ന് 12 മണിയോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഈ ഭാഗം വഴിയുള്ള ഗതാഗതം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. സര്‍വീസ് റോഡ് വഴിയാണ് വാഹനങ്ങള്‍ പോകുന്നത്. ഇതേ റീച്ചിലെ കുരിയാട് , തലപ്പാറ, മമ്മാലിപ്പടി എന്നിവിടങ്ങളിലെ നിര്‍മ്മാണ അശാസത്രീയതകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.
സംസ്ഥാനത്ത് അതിതീവ്ര മഴ സാധ്യത തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (26-05-2025) അവധി പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂർ, കാസർകോട്, തൃശൂര്‍, കോഴിക്കോട്, വയനാട്, എറണാകുളം, പത്തനംതിട്ട എന്നീ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയാണ് അവധി.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളം കയറാൻ സാധ്യതയുള്ള ആരോഗ്യ സ്ഥാപനങ്ങൾ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒരുക്കണം. രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാനും മന്ത്രി അഭ്യർത്ഥിച്ചു.
ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ ഓരോ കുടുംബങ്ങളിലുമെത്തിയെന്ന് മൻകി ബാതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിഹാറിൽ നിരവധി പെൺകുട്ടികൾക്ക് സിന്ദൂർ എന്ന് പേര് നൽകുന്നു ഇത് അഭിമാനാർഹമായ നിമിഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലമ്പൂർ നിയോജക മണ്ഡലത്തിൽ ജൂൺ 19 ന് വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ ജൂൺ 23ന് നടക്കും. ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെയുണ്ടാകും. പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി ജൂൺ 2 ആണ്. 3ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തിയ്യതി ജൂൺ 5 ആണ്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് നേരിടാന്‍ യു ഡി എഫ് സുസജ്ജമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുതുതായി വന്ന 59 ബൂത്ത് കമ്മിറ്റികള്‍ അടക്കം 263 ബൂത്ത് കമ്മിറ്റികളും നിലവില്‍ വന്നുവെന്നും സാധാരണയായി 24 മണിക്കൂറിനകമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. അതില്‍ കാലതാമസമുണ്ടാകില്ല എല്ലാ നേതാക്കളുമായും ബന്ധപ്പെട്ട് സംസ്ഥാന ഘടകത്തിന്റെ നിര്‍ദ്ദേശം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയെ അറിയിക്കും. അഖിലേന്ത്യാ നേതൃത്വമാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെയും വിഎസ് ജോയിയെയും മാത്രമല്ല പരിഗണിക്കുന്നതെന്നും യുഡിഎഫിന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം എത്രയും നേരത്തെയുണ്ടാകുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. നിലവിൽ സ്ഥാനാർത്ഥി ആരെന്നതിൽ അന്തിമ ധാരണയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സർക്കാരിന് ജനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് ഏറ്റുവാങ്ങാനുള്ള അവസരമായിരിക്കുമെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.പാസ് മാർക്ക് പോലും സർക്കാരിന് ലഭിക്കില്ലെന്നും ജനങ്ങളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് എറ്റ് വാങ്ങാൻ സർക്കാർ തയാറായിക്കോളുവെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്നും ഉചിതമായ സ്ഥാനാർഥിയെ യുഡിഎഫ് പ്രഖ്യാപിക്കുമെന്നും ഷാഫി പറമ്പിൽ എംപി. ജനങ്ങൾ സർക്കാരിന് മറുപടി നൽകുമെന്നും ഈ തെരഞ്ഞെടുപ്പ് കൊണ്ട് ഗുണം യുഡിഎഫിനും ജനങ്ങൾക്കുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വലിയ ഭൂരിപക്ഷത്തിൽ നിലമ്പൂരിൽ യുഡിഎഫ് വിജയിക്കുമെന്ന് പിവി അൻവർ. 2026 ലെ തെരഞ്ഞെടുപ്പ് എങ്ങനെ ആകുമെന്നതിന്റെ ഒരു ഡെമോ ആയിരിക്കും നിലമ്പൂരിലെ തെരഞ്ഞെടുപ്പ്. പിണറായിസത്തെ അവസാനിപ്പിക്കാനാണ് താൻ എല്ലാം ത്യജിച്ചതെന്നും അൻവർ പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വലിയ കുതിപ്പ് സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വലിയ വിജയം ഇടതുമുന്നണിക്ക് നേടാൻ കഴിയുമെന്നും കേരളം കാത്തിരുന്ന പ്രഖ്യാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയതെന്നും പി വി അൻവറിൻ്റേത് ഇടതുപക്ഷത്തെ ഒറ്റു കൊടുക്കുന്ന നിലപാടാണ് അത് തുടക്കത്തിൽ തന്നെ ഞങ്ങൾ പറഞ്ഞതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
നിലമ്പൂരിൽ മത്സരിക്കണോ വേണ്ടയോ എന്നതിൽ ബിജെപിയിൽ രണ്ട് അഭിപ്രായം. നിലമ്പൂരിലേത് അടിച്ചേല്പിച്ച തെരഞ്ഞെടുപ്പ് എന്നാണ് പാർട്ടി വിലയിരുത്തൽ. ആർക്കും ഗുണം ചെയ്യാത്ത തെരഞ്ഞെടുപ്പാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിലാണ് ശ്രദ്ധ വേണ്ടതെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച് ഓൺലൈൻ കോർ കമ്മിറ്റിയിയിൽ അന്തിമ തീരുമാനം ആയില്ല.
മൂന്നാറിൽ തെരുവുനായ ആക്രമണം. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് നായയുടെ കടിയേറ്റു. കടിയേറ്റ 12 പേരാണ് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിയത്. വിനോദ സഞ്ചാരികള്‍ക്ക് പുറമെ പ്രദേശവാസികള്‍ക്കും കടിയേറ്റു.
നിക്ഷേപകരെ കബളിപ്പിച്ച് മുന്നൂറ് കോടിയിലേറെ രൂപ തട്ടിച്ചെന്ന കേസില്‍ ദി ഫോര്‍ത്ത് ഓണ്‍ലൈന്‍ ചാനല്‍ ഉടമകള്‍ അറസ്റ്റില്‍. മാതൃകമ്പനിയായ ഫാം ഫെഡ് കമ്പനിയുടെ ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖിൻ ഫ്രാന്‍സിസ് എന്നിവരെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഫാം ഫെഡിന്‍റെ പേരില്‍ നടത്തിയ തട്ടിപ്പില്‍ ഇവരുടെ അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ നാല് ഡയറക്ടര്‍മാരും പ്രതികളാണ്.
വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാൻ പൂജപ്പുര സെന്‍ട്രൽ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന് ജയിൽ സൂപ്രണ്ടിൻ്റെ റിപ്പോർട്ട്. ഉദ്യോഗസ്ഥൻ്റെ സമയോചിതമായ ഇടപെടൽ കാരണമാണ് പ്രഥമശിശ്രൂഷ നൽകി ഉടൻ ആശുപത്രിയിലേക്ക് മാറ്റിയത്. സുരക്ഷ ബ്ലോക്കിൽ ഇതേ സമയം മറ്റ് തടവുകാരുടെ മേൽനോട്ടവും അസി. പ്രിസൺ ഓഫീസർക്കുണ്ടായിരുന്നുവെന്നും ജയിൽ മേധാവിക്ക് ജയിൽ സൂപ്രണ്ട് റിപ്പോർട്ട് നൽകി.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ് അഫാൻ.
മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി നേരിട്ട് സംസാരിച്ചുവെന്നും നടപടിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. തകർച്ച അന്വേഷിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതല്‍ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ അപകടത്തിൽപ്പെട്ട കപ്പൽ പൂർണ്ണമായും മുങ്ങിയതായി ചീഫ് സെക്രട്ടറി തല യോഗത്തിന് ശേഷം സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നും ഇന്ധന ചോർച്ചയുണ്ടാകുന്നുണ്ട് എണ്ണപ്പാട എവിടെയും എത്താമെന്നാണ് മുന്നറിയിപ്പ്. നിലവിൽ കോസ്റ്റ് ഗാർഡ് രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ തടയാൻ നടപടി സ്വീകരിച്ച് വരുന്നു.
2023 ഫെബ്രുവരി ആറിന് തുർക്കിയിലും സിറിയയിലും ഭൂകമ്പമുണ്ടായപ്പോൾ മോദി സർക്കാർ പ്രഖ്യാപിച്ച ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി കേരളം തുർക്കിക്ക് ധനസഹായം നൽകിയതിനെ എടുത്തുപറഞ്ഞു വിമർശിക്കാൻ ശശി തരൂർ വ്യഗ്രത കാണിച്ചത് തന്നെ അമ്പരപ്പിക്കുകയാണെന്ന് ജോൺ ബ്രിട്ടാസ്. മാനുഷികപ്രവർത്തനങ്ങളിൽ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ രാഷ്ട്രീയ ശത്രുതയും അഭിപ്രായവ്യത്യാസങ്ങളും ഒരിക്കലും പ്രകടിപ്പിച്ചിട്ടില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.
വെഞ്ഞാറമൂട് കൂട്ടകൊലകേസ് പ്രതി അഫാൻ പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. തടവുകാരെ പ്രത്യേകം പാർപ്പിക്കുന്ന യുടിബി ബ്ലോക്കിലെ ശുചിമുറിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ ചെയ്യാൻ പോയ സമയത്തായിരുന്നു ആത്മഹത്യാ ശ്രമം.
എറണാകുളം പനമ്പള്ളി നഗറിൽ ഫ്ലാറ്റിന്‍റെ പില്ലര്‍ തകര്‍ന്നു. പില്ലര്‍ തകര്‍ന്ന ഫ്ലാറ്റ് ടവറിൽ 24 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ ഇവിടെ നിന്നും മാറ്റി. പനമ്പള്ളി നഗറിലെ ആര്‍ഡിഎസ് അവന്യു വണ്‍ എന്ന ഫ്ലാറ്റിന്‍റെ ഒരു പില്ലറാണ് തകര്‍ന്നത്. സംഭവത്തിൽ ആളപായമില്ല. സംഭവത്തെ തുടര്‍ന്ന് കോര്‍പ്പറേഷൻ എന്‍ജിനീയറിങ് വിഭാഗം എത്തി പരിശോധന നടത്തി.
പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂരിന് പ്രതിരോധ സേനകളെയും പ്രധാനമന്ത്രിയേയും അനുമോദിച്ച് എൻ ഡി എ യോഗം. ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേരുന്ന എൻഡിഎ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം, പാകിസ്ഥാന്‍റെ ഏത് സാഹസത്തിനും ശക്തമായ മറുപടി നൽകാൻ പ്രധാനമന്ത്രിക്ക് പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സംയുക്ത സൈനിക മേധാവി അനിൽ ചൗഹാനും കൂടുതൽ നയതന്ത്ര ചർച്ചകളുടെ ഭാഗമാകും. അജിത് ഡോവൽ അടുത്തയാഴ്ച റഷ്യയിൽ സന്ദർശനം നടത്തും. അടുത്ത ആഴ്ച നടക്കുന്ന ഷാംഗ്രില ഡയലോഗ്‍സിൽ സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ പങ്കെടുത്ത് സംസാരിക്കും. ഒരു സ്വതന്ത്രസംഘടന വർഷം തോറും നടത്തുന്ന സുരക്ഷാ വിലയിരുത്തൽ സമ്മേളനമാണ് ഷാംഗ്രില ഡയലോഗ്‍സ്.
അൻപതിനായിരം രൂപയ്ക്ക് ബെറ്റ് വച്ച് രണ്ടു കുപ്പി മദ്യം ഒന്നിച്ച് അകത്താക്കിയ വീഡിയോ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. രണ്ട് ബോട്ടിൽ വിസ്കിയാണ് അൻപതിനായിരം രൂപയ്ക്ക് ബെറ്റ് വച്ച് തായ്ലാൻഡ് സ്വദേശിയയായ വീഡിയോ ഇൻഫ്ലുവൻസർ തനകരൻ കാന്തീ അകത്താക്കിയത്.മദ്യം കഴിച്ച തീർത്തതിന് പിന്നാലെ കുഴഞ്ഞുവീണ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ വിശദമാക്കുകയായിരുന്നു.
ഇന്ത്യയും പാകിസ്താനും വെടിനിര്‍ത്തല്‍ ധാരണയിലെത്തിച്ചേര്‍ന്നത് ഉഭയസമ്മത പ്രകാരമാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടലുണ്ടായിട്ടില്ലെന്നും ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയില്‍ ഞായറാഴ്ച ചേര്‍ന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പഞ്ചാബില്‍ ശിരോമണി അകാലിദള്‍ നേതാവിനെ അജ്ഞാതര്‍ വെടിവെച്ച് കൊന്നു. അമൃത്സറിലെ ജണ്ഡ്യാല ഗുരുവിലെ അകാലിദള്‍ കൗണ്‍സിലറായ ഹര്‍ജീന്ദര്‍ സിങ് ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ടൗണിലെ ഒരു ഗുരുദ്വാരയ്ക്ക് സമീപത്തായിരുന്നു സംഭവം.