ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. അന്‍പതോളം ഡ്രോണുകള്‍ സേന വെടിവെച്ചിട്ടതായി വിവരം. വ്യാഴാഴ്ച സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. സ്ഫോടനശബ്ദങ്ങള്‍ക്ക് .മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്.
ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നൽകിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ പാകിസ്ഥാൻ നടത്താനിരുന്ന ആക്രമണത്തെ നിർവീര്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണൽ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യങ്ങൾക്കിടയിൽ പ്രതിസന്ധി നേരിട്ട് പാക്കിസ്ഥാൻ ഓഹരി വിപണി. ബെഞ്ച്മാർക്ക് സൂചിക 7.2% ഇടിഞ്ഞതിനെ തുടർന്ന് പാകിസ്ഥാൻ ഓഹരി വിപണി ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. ലാഹോറിലും കറാച്ചിയിലും പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങളുണ്ടായെന്ന റിപ്പോർട്ട് വന്നതോടെ പാകിസ്ഥാൻ ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടു. ഇതോടെ വ്യാപാരം നിർത്തിവെക്കേണ്ട അവസ്ഥ വന്നു.
ഇന്ത്യയുമായി യുദ്ധം ചെയ്താല്‍ പാകിസ്ഥാന് പരമാവധി 3 ദിവസം പിടിച്ചു നില്‍ക്കാന്‍ കഴിയുന്ന ആയുധ ബലമേയുളളുവെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുമ്പോള്‍ രാജ്യാന്തര സാമ്പത്തിക ഏജന്‍സികള്‍ പറയുന്നത് യുദ്ധത്തോടെ പാകിസ്ഥാന്‍ തകര്‍ന്ന് തരിപ്പണമാകുമെന്നാണ്. കടംകയറിയ പാകിസ്ഥാന്‍ സമ്പദ് വ്യവസ്ഥക്ക് ഇന്ത്യയുമായുള്ള യുദ്ധം താങ്ങാന്‍ കഴിയില്ലെന്നും രാജ്യം തന്നെ ഇല്ലാതാകുമെന്നുമാണ് സാമ്പത്തിക ഏജന്‍സികള്‍ പറയുന്നത്.
റഷ്യൻ നിർമ്മിത എസ്-400 മിസൈൽ പ്രതിരോധ സംവിധാനമാണ് കഴിഞ്ഞ രാത്രിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണ ശ്രമങ്ങളെയെല്ലാം തകര്‍ത്തത് ഈ സംവിധാനത്തിന്റെ കൂടി സഹായത്തിലാണ്.ഇന്ത്യ ഉപയോഗിച്ച എസ് 400 മിസൈൽ പ്രതിരോധ സംവിധാനം ലോകത്തിലെ ഏറ്റവും മാരകമായ ഉപരിതലത്തിൽ നിന്ന് തൊടുക്കുന്ന മിസൈലുകളെ പോലും പ്രതിരോധിക്കുന്ന ഒന്നാണ്.
പാകിസ്ഥാനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്നുള്ള റിപ്പോര്‍ട്ടുകൾക്കിടെ ഇന്ന് വൈകുന്നേരം നടക്കാനിരുന്ന പെഷവാർ സൽമിയും കറാച്ചി കിംഗ്‌സും തമ്മിലുള്ള പാകിസ്ഥാൻ സൂപ്പർ ലീഗ് (പിഎസ്എൽ) മത്സരം റദ്ദാക്കി. പിഎസ്എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം കറാച്ചി, ദോഹ, ദുബായ് എന്നീ മൂന്ന് വേദികളിലേക്ക് മാറ്റാൻ പിസിബി ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു.
ഗുജറാത്തിലെ കച്ച് അതിർത്തിയിൽ ഡ്രോൺ തകർന്നുവീണു. സംഭവത്തെ തുടർന്ന് സുരക്ഷാ ഏജൻസി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. വൈദ്യുതി ലൈനിൽ ഇടിച്ചാണ് ഡ്രോൺ തകർന്നു വീണത്. ഇന്ന് രാവിലെയായിരുന്നു സംഭവം. തുടർന്ന് അതിർത്തി രക്ഷാ സേന, ഇന്ത്യൻ വ്യോമസേന, പൊലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. അതിർത്തിയിൽ നിന്നും 40 കിലോമീറ്റർഅകലെയായാണ് ഡ്രോൺ തകർന്ന് വീണത്. ഡ്രോൺ ഇന്ത്യയുടേതാണോ പാകിസ്ഥാന്റേതാണോ എന്ന കാര്യത്തിൽ ഇതുവരെ വിശദീകരണം വന്നിട്ടില്ല.
പഞ്ചാബിലെ ഫിറോസ്പൂർ സെക്ടറിൽ അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) ഒരു പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവെച്ച് കൊലപ്പെടുത്തി. ഔദ്യോഗിക സൈനിക വൃത്തങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 7 – 8 രാത്രിയിലാണ് സംഭവം. ഇരുട്ടിന്‍റെ മറവിൽ അന്താരാഷ്ട്ര അതിര്‍ത്തി കടന്ന് അതിർത്തി സുരക്ഷാ വേലിയിലേക്ക് നീങ്ങുന്ന നുഴഞ്ഞുകയറ്റക്കാരൻ ബിഎസഎഫിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ജവാന്മാര്‍ ആദ്യം മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാൾ മുന്നോട്ട് നീങ്ങിയതോടെയാണ് വെടിയുതിർത്തതെന്ന് സൈന്യം അറിയിച്ചു.
തീവ്രവാദ സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഉപവിഭാഗമായ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെതിരെ ആഗോള പ്രചാരണം നടത്തണമെന്ന് ആവശ്യപ്പെട്ട് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് സർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദഹേം. പാകിസ്ഥാന്‍റെ ദുർബലമായ സമ്പദ്‌വ്യവസ്ഥയെ എഫ്എടിഎഫ് ഗ്രേ ലിസ്റ്റിലേക്ക് തള്ളി നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയുടെ തിരിച്ചടിക്ക് പിന്നാലെ പാർലമെന്റ് സമ്മേളനത്തിൽ പൊട്ടിക്കരഞ്ഞ് പാകിസ്ഥാൻ എംപി താഹിർ ഇഖ്ബാൽ. ദൈവം പാകിസ്ഥാനെ രക്ഷിക്കട്ടെ എന്ന് പറഞ്ഞായിരുന്നു പൊട്ടിക്കരച്ചിൽ. പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിന് മാത്രമേ സാധിക്കൂ, ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കരച്ചിൽ.ഇന്ത്യൻ നീക്കത്തിൽ പതറിയിരിക്കുകയാണ് പാകിസ്ഥാൻ.
വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലുടനീളമുള്ള ഇന്ത്യൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളെ പൂര്‍ണമായും ചെറുത്ത് ഇന്ത്യ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനായിരുന്നു പാക്കിസ്ഥാന്റെ ശ്രമം. എന്നാൽ ഈ ശ്രമങ്ങളെ ഫലപ്രദമായി ചെറുക്കാൻ സാധിച്ചതായി ഇന്ത്യ ഔദ്യോഗികകമായി സ്ഥിരീകരിച്ചു. ഇതിന് പുറമെ പാകിസ്ഥാനിലെ ലാഹോറിൽ സ്ഥിതി ചെയ്യുന്ന മിസൈൽ പ്രതിരോരോധ സംവിധാനം ഉൾപ്പെടെ നിരവധി പാക് പ്രതിരോധ റഡാറുകളും സംവിധാനങ്ങളും ഇന്ത്യൻ സായുധ സേന ആക്രമിച്ച് നിര്‍വീര്യമാക്കിയതായും സര്‍ക്കാര്‍ സ്ഥിരീകരിച്ചു.
ലാഹോറിലും കറാച്ചിയിലും പാകിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിലും ഡ്രോണ്‍ ആക്രമണങ്ങളുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാകിസ്ഥാനിൽ തിരക്കിട്ട നീക്കങ്ങള്‍. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അടിയന്തര യോഗം വിളിച്ചു. ലാഹോറിലും പാകിസ്ഥാനിലെ മറ്റിടങ്ങളിലും ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ യുഎസ് പൗരന്മാരോട് ലാഹോര്‍ വിടാൻ പാകിസ്ഥാനിലെ യുഎസ് എംബസി നിര്‍ദേശം നൽകി.
ഓപ്പറേഷൻ സിന്ദൂരിൽ കാണ്ഡഹാർ വിമാന റഞ്ചലിലെ സൂത്രധാരൻ അബ്ദുൽ റൗഫ് അഷറും കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. മസൂദ് അസറിൻ്റെ സഹോദരൻ ആണ് കൊല്ലപ്പെട്ട അബ്ദുൽ റൗഫ്. മസൂദ് അസദിൻ്റെ കുടുബംത്തിലെ10 പേരും അടുപ്പമുള്ള 4 പേരും കൊല്ലപ്പെട്ടതായി വിവരം ഇന്നലെ പുറത്ത് വന്നിരുന്നു.
ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നൽകി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാല്‍ തക്കതായ തിരിച്ചടി നൽകാൻ സൈന്യത്തിന് സ്വാതന്ത്ര്യം നൽകി.
പാകിസ്ഥാനുള്ളിലെ ക്യാമ്പുകളിൽ ആക്രമണം നടത്തിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ശത്രുവിന് ചിന്തിക്കാൻ കഴിയാത്ത വിധമാണ് തിരിച്ചടി നൽകുന്നത്. സേനകളുടെ പ്രകടനത്തിൽ അഭിമാനമുണ്ട്. സാധാരണ പൗരന്മാരിൽ ഒരാൾ പോലും കൊല്ലപ്പെട്ടിട്ടില്ല.പാകിസ്ഥാന് നേരെയുണ്ടായ ആക്രമണം അഭിമാനത്തിൻ്റെ കൂടി പ്രശ്നമായിരുന്നു. വളരെ ചെറിയ ആഘാതമേ മറ്റ് പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ളൂവെന്നും രാജ് നാഥ് സിംഗ് പറഞ്ഞു.
പാകിസ്ഥാനിലെ റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെയും ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. വാള്‍ട്ടണ്‍ എയര്‍ ബേസിൽ തുടര്‍ ആക്രമണങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. റാവൽപിണ്ടി സ്റ്റേഡിയത്തിന് സമീപത്തെ കിച്ചണ്‍ കോംപ്ലക്സ് പൂര്‍ണമായും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് മേഖല സീൽ ചെയ്തു. ഡ്രോണ്‍ ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യക്കെതിരെ രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ. ജമ്മുവിൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം നടത്തി. ജമ്മു വിമാനത്താവളത്തിനോട് ചേർന്നാണ് ആക്രമണം നടന്നത്. ജമ്മു നഗരത്തിലടക്കം സൈന്യം ഡ്രോണുകൾ വെടിവച്ചിട്ടതായാണ് വിവരം. അൻപതോളം ഡ്രോണുകൾ വെടിവച്ചിട്ടെന്ന് ദൃക്സാക്ഷികൾ പറയുന്നു. പലയിടത്തും സൈറൺ മുഴങ്ങിയിട്ടുണ്ട്. അതേസമയം, സൈന്യം ശക്തമായി തിരിച്ചടിച്ചു.
42കാരിയായ വളാഞ്ചേരി സ്വദേശിനിക്കാണ് നിപ ബാധയെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇന്നലെ നിപ സംശയിച്ചതോടെ നിപ ചികിത്സ ആരംഭിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മോനോക്ലോണ ആന്റിബോഡി രോഗിക്ക് നൽകാൻ തീരുമാനിച്ചു. വളാഞ്ചേരി നഗരസഭ രണ്ടാം വാർഡിൽ 3 കിലോമീറ്റർ ചുറ്റളവിൽ കോൺടൈൻമെന്റ് സോൺ ആയി പ്രഖ്യാപിക്കും. ഇത് ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് വാദ പ്രതിവാദങ്ങൾ നടക്കുന്നതിനിടെ അധ്യക്ഷനായി സണ്ണി ജോസഫ് എംഎൽഎയെ നിയമിച്ചു. നിലവിലെ അധ്യക്ഷനായിരുന്ന കെ സുധാകരൻ കോൺഗ്രസിൻ്റെ പ്രവർത്തക സമിതിയിലെത്തി. അടൂർ പ്രകാശ് ആണ് യുഡിഎഫ് കൺവീനർ. പിസി വിഷ്ണുനാഥ്, എപി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവർ വർക്കിംഗ് പ്രസിഡൻ്റുമാരാണ്.
കണ്ണൂരിലെ കോൺഗ്രസ് നേതാക്കൾക്കുള്ള പ്രത്യേകതയുടെ ഭാഗമായാണ് സണ്ണി വന്നതെന്ന് കരുതുന്നുവെന്ന് മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കെപിസിസി അധ്യക്ഷനായി സണ്ണി ജോസഫിനെ തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് സുധാകരൻ്റെ പ്രതികരണം. സുധാകരനൊപ്പം കണ്ണൂരിൽ സണ്ണി ജോസഫും വാർത്താസമ്മേളനത്തിന് എത്തിയിരുന്നു.
നിലവിലെ കെപിസിസി പ്രസിഡന്റായ കെ. സുധാകരനെ മാറ്റുകയല്ല ഉയർത്തുകയാണ് പുതിയ തീരുമാനത്തിലൂടെ ചെയ്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. കെ സുധാകരന്റെ പ്രവർത്തനങ്ങളെ ഹൈകമാൻഡ് അങ്ങേയറ്റം വിലമതിക്കുന്നു. അതുകൊണ്ടാണ് മാറ്റത്തിൽ കോൺഗ്രസ് പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി അദ്ദേഹത്തെ കോൺഗ്രസ് ഉൾപ്പെടുത്തിയതെന്നും വേണുഗോപാൽ പറഞ്ഞു.
കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി വിരുദ്ധ നിയമനിർമാണങ്ങൾക്കും നയങ്ങൾക്കുമെതിരെ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മെയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കിന് മാധ്യമപ്രവർത്തകരുടെയും മാധ്യമ ജീവനക്കാരുടെയും പിന്തുണ. പണിമുടക്കിന് അനുഭാവം പ്രഖ്യാപിച്ച് കേരള പത്രപ്രവർത്തക യുണിയനും കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി മെയ് 17ന് തിരുവനന്തപുരത്ത് ഐക്യദാർഡ്യ സദസ്സ് സംഘടിപ്പിക്കും.
കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫിനെ തിരഞ്ഞെടുത്തതുൾപ്പെടെയുള്ള ഹൈക്കമാന്റിന്റെ തീരുമാനം പാർട്ടിക്ക് ഗുണകരമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഊർജസ്വലമായ നേതൃത്വത്തെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. യുവാക്കളെ അടക്കം പരിഗണിക്കുന്ന നല്ലൊരു പട്ടികയാണ് പുറത്തുവന്നത്. കേരളത്തിലെ കോൺഗ്രസിനെ കുറിച്ച് കുറച്ച് ദിവസമായി പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന തീരുമാനം കൂടിയാണിത് എന്നും ചെന്നിത്തല പറഞ്ഞു.
സുധാകരനാണ് തന്റെ എക്കാലത്തെയും ലീഡർ എന്ന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട സണ്ണി ജോസഫ് . അതിൽ ഇനിയും ഒരു മാറ്റവും ഉണ്ടാകില്ലെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. കോൺഗ്രസിനെ അധികാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പുതിയ ടീം പുതിയ പ്രതീക്ഷ നൽകുന്നുണ്ട്. പദവി തീരുമാനം വന്നതിനു പിന്നാലെ ആദ്യം വിളിച്ചത് സുധാകരനാണെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സണ്ണി ജോസഫ് എംഎൽഎയെ തിരഞ്ഞെടുത്തതിൽ പ്രതികരിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ വ്യക്തിപരമായി സന്തോഷത്തിന് അതിരുകളില്ലാത്ത നിമിഷം എന്നാണ് രാഹുൽ പറഞ്ഞത്. ഒരു സാധാരണ പ്രവർത്തകനെ ആവേശത്തിലാക്കുന്ന ഉജ്ജ്വലമായ തീരുമാനമെടുത്ത കോൺഗ്രസിന്റെ ഹൈക്കമാന്റിന് രാഹുൽ മാങ്കൂട്ടത്തിലി സ്നേഹാഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു.
ജോൺസ് ഹോപ്കിൻസ് സർവകലാശാല സന്ദർശിക്കാൻ കേന്ദ്രം അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ്. സന്ദർശനം നിഷേധിച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് കിട്ടിയെന്നും കാരണം എന്താണെന്ന് അറിയില്ല, മുൻപ് മന്ത്രി പി രാജീവിനുൾപ്പെടെ സമാന അനുഭവം ഉണ്ടായിട്ടുണ്ടല്ലോ എന്നും വീണാ ജോർജ് പറഞ്ഞു.
പാലക്കാട് കളക്ടറേറ്റിൽ വിജിലൻസ് പരിശോധന. കൈക്കൂലി വാങ്ങുന്നതിനിടെ മൂന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ പിടികൂടി. ഡിവിഷണൽ അക്കൗണ്ടന്‍റ് ഓഫീസർ സാലുദ്ദീൻ ജെ, ജൂനിയർ സൂപ്രണ്ട് സി രമണി, ക്വാളിറ്റി കൺട്രോൾ ഓഫീസർ ശശീദരൻ എന്നിവരിൽ നിന്നാണ് കൈക്കൂലി പണം പിടികൂടിയത്.പിടിയിലായ ഉദ്യോഗസ്ഥരുടെ വീടുകളിലും വിജിലൻസ് പരിശോധന നടന്നു.
കോഴിക്കോട് കക്കോടി പഞ്ചായത്ത് പ്രസിഡന്റിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് രംഗത്ത്. ഫേസ് ബുക്കിൽ യുദ്ധ വിരുദ്ധ പോസ്റ്റ് ഇട്ട ഷീബ കക്കോടിക്കെതിരെയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. പാക് അനുകൂല പരാമർശമാണ് സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെന്നാണ് ആരോപണം. പോസ്റ്റ് വിവാദമായതോടെ പിൻവലിക്കുകയായിരുന്നു.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം കരുളായി കിണറ്റിങ്ങൽ പുതിയത്ത് വീട്ടിൽ അഹമ്മദ് കബീർ ആണ് യുഎഇയിലെ അജ്മാനിൽ മരിച്ചത്. 39 വയസ്സായിരുന്നു. അജ്മാൻ റൗദയിൽ സലൂൺ നടത്തിവരുകയായിരുന്നു ഇദ്ദേഹം.
ഈ വര്‍ഷത്തെ (2024-25) എസ്എസ്എൽസി ഫലം വെള്ളിയാഴ്‌ച (മെയ് 9) വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാകും ഫല പ്രഖ്യാപനം നടത്തുക. ഇതോടൊപ്പം തന്നെ ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എസ്എസ്എൽസി (ഹിയറിംഗ് ഇംപേർഡ്), എഎച്ച്എസ്എൽസി എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കുന്നതാണ്.
കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. ആറ്റിങ്ങൽ കോരാണി ഇടക്കോട് സ്വദേശി ലിജു ഗോപിനാഥ് (42) ആണ് മരിച്ചത്. എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിന് ഇടയിലാണ് ടെക്നീഷ്യന് ഷോക്കേറ്റത്. വൈകുന്നേരം 5മണിയോടെയാണ് അപകടം നടന്നത്.
കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയതിന് നടൻ വിനായകനെതിരെ കേസെടുത്ത് പൊലീസ്. തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു. ജീവനക്കാരോട് മോശമായി പെരുമാറിയെന്ന വിവരത്തെ തുടർന്നാണ് അഞ്ചാലുംമൂട് പൊലീസ് വിനായകനെ കസ്റ്റഡിയിലെടുത്തത്.
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അച്ചീവർ പുരസ്കാരം നേടി മൂന്ന് വയസുകാരൻ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പള്ളിപ്പറമ്പിൽ സജീർ ജമാൽ – മുഫിലത്ത് സജീർ ദമ്പതികളുടെ മകൻ സിദാൻ അലിയാണ് ഈ അത്യപൂർവം നേട്ടം കരസ്ഥമാക്കിയത്.കഴിഞ്ഞ ദിവസം സിദാൻ അലി പുരസ്കാരം ഏറ്റുവാങ്ങി.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാര്‍സാപ്പിന്റെ (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) ഭാഗമായി സംസ്ഥാനം ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ ആന്റിബയോട്ടിക്കുകള്‍ മെഡിക്കല്‍ സ്റ്റോറുകളില്‍ വില്‍ക്കാന്‍ പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ഏതാണ്ട് പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞു എന്നും മന്ത്രി വ്യക്തമാക്കി.
രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന ‘എന്റെ കേരളം’ പ്രദർശന വിപണനമേളയ്ക്ക് മലപ്പുറത്ത് തുടക്കം. കോട്ടക്കുന്ന് മൈതാനത്ത് നടന്ന ഉദ്ഘാടന പരിപാടി കായിക, ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
രാജസ്ഥാനിലെ ബികാനീറിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ വൻ സ്ഫോടനത്തിൽ ഒൻപത് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ബികാനീർ നഗരത്തിലെ കോട്‍വാലി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തിരക്കേറിയ മദൻ മാർക്കറ്റിലാണ് സംഭവം. ഒരു കടയിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.
ഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായ മാർപാപ്പയെ തെരഞ്ഞെടുക്കുന്ന പേപ്പൽ കോൺക്ലേവിൽ രണ്ടും മൂന്നും റൗണ്ട് പൂർത്തിയായിട്ടും തീരുമാനമായില്ല. മൂന്ന് റൗണ്ടിന് ശേഷവും സിസ്റ്റൈൻ ചാപ്പലിൽ നിന്ന് കറുത്തപുകയാണ് പുറത്തേക്ക് വന്നത്. ഇന്ന് രാവിലത്തെ സെഷനിൽ രണ്ട് റൗണ്ട് വോട്ടെടുപ്പുകളാണ് ഉണ്ടായിരുന്നത്. മൂന്നിൽ രണ്ട് ഭൂരിപക്ഷം (89 വോട്ട്) ആർക്കും നേടാനായില്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
ആർജെഡി അധ്യക്ഷൻ ലാലുപ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാൻ രാഷ്ട്രപതി അനുമതി നൽകി. റെയിൽവെ മന്ത്രിയായിരിക്കെ ‘ഭൂമിക്ക് പകരം ജോലി’ എന്ന പേരിൽ നടപ്പാക്കിയ പദ്ധതിയുടെ പേരിൽ ഉയർന്ന കള്ളപ്പണ ആരോപണത്തിലാണ് ലാലു പ്രസാദ് യാദവിനെ പ്രോസിക്യൂട്ട് ചെയ്യാൻ രാഷ്ട്രപതി ദ്രൗപതി മുർമു അനുമതി നൽകിയതെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു.
പാകിസ്താനെതിരേയും പാകിസ്താന്റെ അവകാശവാദങ്ങള്‍ക്കെതിരേയും ആഞ്ഞടിച്ച് വിദേശകാര്യ വക്താവ് വിക്രം മിസ്രി. പിറവികൊണ്ട നാള്‍ മുതല്‍ നുണ പറയാനാരംഭിച്ച രാജ്യമാണ് പാകിസ്താനെന്നും അതിനാല്‍ത്തന്നെ പാക് നുണകളില്‍ അത്ഭുതമില്ലെന്നും 75 കൊല്ലം കൊണ്ട് ഇന്ത്യയ്ക്ക് അത് ശീലമായിക്കഴിഞ്ഞിരിക്കുകയാണെന്നും വിക്രം മിസ്രി പറഞ്ഞു.
ഭീകരാക്രമണ സാധ്യതയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത. ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ എന്നീ ഭീകരസംഘടനകൾ സുരക്ഷാ സേനയ്ക്ക് നേരെ ചാവേറാക്രമണം നടത്താൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിവരത്തെ തുടർന്നാണ് ജമ്മു കശ്മീരിലും പഞ്ചാബിലും ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.