പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സേനാമേധാവിമാർ അടക്കം പങ്കെടുക്കുന്ന യോഗം പുരോഗമിക്കുകയാണ്. ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം നടക്കുന്നത്. പ്രതിരോധ മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗം നാളെ വീണ്ടും ചേരും. ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ തെമ്മാടി രാജ്യമെന്ന് വിശേഷിപ്പിച്ച ഇന്ത്യ, പാക് വിമാനങ്ങൾക്കും കപ്പലുകൾക്കും നിയന്ത്രണം പ്രഖ്യാപിക്കുമെന്നാണ് വിലയിരുത്തൽ.
വ്യാപാരത്തിനിടെ ഡോളറിനെതിരെ ശക്തമായ നില കൈവരിച്ച് രൂപ. ഇന്ന് വ്യാപാരത്തിന്‍റെ തുടക്കത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 27 പൈസ ഉയര്‍ന്ന് 84.96 ആയി. 2025ല്‍ ഡോളറിനെതിരെ രൂപയുടെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. വിദേശ ഫണ്ടുകളുടെ വരവ് കൂടിയതും ആഭ്യന്തര സാമ്പത്തിക ഘടങ്ങള്‍ അനുകൂലമായതുമാണ് രൂപയുടെ മുന്നേറ്റത്തിന് കാരണം.
പുലിപ്പല്ലുമാലയുടെ ഉറവിടം അന്വേഷിക്കാന്‍ റാപ്പര്‍ വേടനെ വനം വകുപ്പിന്‍റെ കസ്റ്റഡിയില്‍ വിട്ട് കോടതി. ശ്രീലങ്കന്‍ വംശജനായ വിദേശ പൗരനില്‍ നിന്ന് സമ്മാനമായി കിട്ടിയ പല്ല് പുലിപ്പല്ലായിരുന്നെന്ന് അറിയില്ലെന്നാണ് റാപ്പര്‍ വേടന്‍ വനം വകുപ്പിനോടും കോടതിയോടും പറഞ്ഞത്. മൃഗവേട്ടയടക്കം ജാമ്യമില്ലാ കുറ്റങ്ങളാണ് വേടനെതിരെ വനം വകുപ്പ് ചുമത്തിയിരിക്കുന്നത്.
വേടൻ എന്ന ഹിരൺ ദാസ് മുരളി വെള്ളിയിൽ ലോക്കറ്റ് പണിയാൻ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നെന്ന് ജ്വല്ലറി ഉടമ. വിയ്യൂർ സരസ ജ്വല്ലറിയിലാണ് ലോക്കറ്റ് നിർമ്മിച്ചത്. പുലിപ്പല്ലിലാണ് വെള്ളികെട്ടി നൽകിയതെന്ന് അറിയില്ലെന്ന് സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാർ പറഞ്ഞു. പുലിപ്പല്ലിൽ വെള്ളി പൊതിയാൻ കൊണ്ടുവന്നത് വേടനല്ലെന്നും എട്ടു മാസങ്ങൾക്ക് മുമ്പാണ് ലോക്കറ്റ് നിർമ്മിച്ച് നൽകിയതെന്നും സന്തോഷ് കുമാർ പറഞ്ഞു.
അറസ്റ്റിലായ റാപ്പ് ഗായകന്‍ വേടന് പിന്തുണയുമായി മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസനം മുന്‍ മെത്രാപ്പൊലീത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പുലിപ്പല്ല് കൈവശം വെച്ച സംഭവത്തില്‍ അറസ്റ്റിലായ റാപ്പ് ഗായകന്‍ വേടന് പിന്തുണയുമായി ഗായകന്‍ ഷഹബാസ് അമന്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷഹബാസ് പിന്തുണ അറിയിച്ചത്. വേടന്‍ ഇവിടെ വേണമെന്നും വ്യത്യസ്തമായി ഒരു കാര്യം പറയാനുണ്ടെന്നും ഷഹബാസ് കുറിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഇ-മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞതായി എയർപോർട്ട് അതോറിറ്റി അറിയിച്ചു. മെയിലിന്‍റെ ഉറവിടം തേടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
വിഴിഞ്ഞം സ്വപ്‌ന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് പ്രതിപക്ഷനേതാവിനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാണംകെട്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. പ്രതിപക്ഷം തുറന്നുകാട്ടിയതോടെയാണ് സര്‍ക്കാരും ബിജെപിയും ചേര്‍ന്ന് പിണറായി സര്‍ക്കാരിന്റെ വാര്‍ഷികം ആഘോഷിക്കുവാന്‍ നടത്തിയ നീക്കം പൊളിഞ്ഞത്.പദ്ധതിയുടെ ശില്പി എന്ന നിലയില്‍ വിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരു നല്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ വിമർശനവുമായി മുൻ മന്ത്രി ആന്റണി രാജു. കെഎസ്ആർടിസിയുടെ വായ്‌പ ബാധ്യത വർധിപ്പിച്ചാണ് ശമ്പളം ഒന്നിച്ചു കൊടുക്കാൻ സാധിച്ചതെന്നും 50 കോടി ഓവർ ഡ്രാഫ്റ്റ് ഉണ്ടായിരുന്നത് നൂറു കോടിയാക്കി മാറ്റിയെന്നും മുൻ ഗതാഗതമന്ത്രി ആരോപിച്ചു. ഇപ്പോൾ വരുമാനം ലഭിക്കുന്ന പദ്ധതികളെല്ലാം താൻ തുടങ്ങി വെച്ചതാണെന്നുംകെഎസ്ആർടിസിയെ നിലനിർത്തുന്നത് ആ വരുമാനമാണെന്നും ആന്റണി രാജു അവകാശപ്പെട്ടു.
ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ നിർണായക വഴിത്തിരിവ്. ഷീലാ സണ്ണിയെ കുടുക്കിയ വ്യാജലഹരിക്കേസിൽ ഷീലയുടെ മരുമകളുടെ സഹോദരിയെ പ്രതിയാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. കാലടി സ്വദേശി ലിവിയാ ജോസിന് ഷീലാ സണ്ണിയോടുള്ള വൈരാഗ്യമാണ് വ്യാജലഹരി ബാഗില്‍ വയ്ക്കുന്നതിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍.
രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസില്‍ റിയാലിറ്റി ഷോ താരം ജിന്റോ ചോദ്യംചെയ്യലിന് ഹാജരായി. ചൊവ്വാഴ്ച ഉച്ചയ്ക്ക്‌ശേഷമാണ് മുന്‍ ബിഗ്‌ബോസ് താരമായ ജിന്റോ ആലപ്പുഴ എക്‌സൈസ് ഓഫീസിലെത്തിയത്. ചോദ്യംചെയ്യല്‍ കഴിഞ്ഞശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും തനിക്ക് കുറേകാര്യങ്ങള്‍ പറയാനുണ്ടെന്നും ജിന്റോ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ ജില്ല ഡെപ്യൂട്ടി കളക്ടർക്ക് സസ്പെൻഷൻ. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണൂർ ഡെപ്യൂട്ടി കളക്ടർസിറോഷ് പി. ജോണിനെ സസ്പെൻഡ് ചെയ്തത്. സ്ഥലംമാറ്റം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയതെന്നാണ് വിവരം.
മീൻവല്ലം തുടിക്കോട് ആദിവാസി കോളനിയിൽ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. സഹോദരങ്ങളായ ഏഴും നാലും ആറും വയസുള്ള പ്രദീപ്, പ്രതീഷ്, രാധിക എന്നിവരാണ് മരിച്ചത്. തുടിക്കോട് സ്വദേശി പ്രകാശിൻ്റെയും അനിതയുടെയും രണ്ട് മക്കളാണ് പ്രതീഷ്,പ്രദീപ് എന്നിവർ. പ്രകാശൻ്റെ സഹോദരിയുടെ മകളാണ് രാധിക. വീടിൻ്റെ 200 മീറ്റർ അടുത്തുള്ള ആളുകൾ അധികം കടന്നുചെല്ലാത്ത ചിറയിലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ പ്രധാനമന്ത്രി പങ്കെടുക്കുന്ന കമ്മിഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്ത എല്‍ഡിഎഫ് നടപടിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ട്രയല്‍ റണ്‍ ഉദ്ഘാടനത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി അതേ മാതൃകയില്‍ കമ്മിഷനിങ് ചടങ്ങിലും ഒഴിവാക്കി. സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് കമ്മിഷനിങ് എന്നും വാര്‍ഷികാഘോഷം പ്രതിപക്ഷം ബഹിഷ്‌കരിക്കുന്നതിനാലാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
രാഹുൽ മാങ്കൂട്ടത്തിലിന്റെ രോമത്തിൽ തൊടാൻ ബിജെപിക്ക് സാധിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ഹെഡ്ഗേവാർ പേരു വിവാദത്തെ തുടർന്ന് രാഹുലിനെതിരെയുള്ള ബിജെപിയുടെ കൊലവിളി രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് നടത്തിയ ജനകീയ പ്രതിരോധത്തിലായിരുന്നു സുധാകരന്റെ പ്രസംഗം.
ലഹരിക്കെതിരായ വിദ്യാർത്ഥികളുടെ സൂംബ ഡാൻസിന് മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ടീ ഷർട്ട് നൽകാനുള്ള നീക്കം വിവാദത്തിൽ. കുട്ടികളെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നത് അപലപനീയമാണെന്നും ടീ ഷർട്ട് പിൻവലിക്കണമെന്നും കോൺഗ്രസ് അനുകൂല അധ്യാപക സംഘടന കെപി.എസ്.ടിഎ ആവശ്യപ്പെട്ടു . നാളത്തെ മെഗാ സൂംബക്കുള്ള ടി ഷർട്ട് പുറത്തിറക്കിയത് വിദ്യാഭ്യാസ മന്ത്രിയാണ്.
ലൊക്കേഷൻ സ്കെച്ചിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസിലെ താൽക്കാലിക ജീവനക്കാരൻ വിജിലൻസ് പിടിയിൽ. പത്തനംതിട്ട കുരമ്പാല വില്ലേജ് ഓഫീസിലെ താൽക്കാലിക ജീവനക്കാരൻ ജയപ്രകാശ് ആണ് പിടിയിലായത്. ലൊക്കേഷൻ സ്കെച്ചിന് 1000 രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയെ തുടർന്നായിരുന്നു വിജിലൻസ് ഇടപെടൽ. കഴിഞ്ഞ ദിവസം മറ്റൊരു സർട്ടിഫിക്കറ്റിനായി ഇയാൾ പരാതിക്കാരുടെ കയ്യിൽ നിന്നും 1500 രൂപയും കൈക്കൂലി വാങ്ങിയിരുന്നു.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചങ്ങനാശ്ശേരി എൻഎസ്എസ് മിഷൻ ആശുപത്രിയിൽ എത്തിയാണ് സുകുമാരൻ നായരെ കണ്ടത്. കോട്ടയത്തെ പൊതു പരിപാടി കഴിഞ്ഞ് മടങ്ങു വഴിയാണ് മുഖ്യമന്ത്രി സുകുമാരൻ നായരെ കാണാൻ എത്തിയത്.
ബിജെപി നേതാവ് വി വി രാജേഷിനെതിരെ പോസ്റ്റർ പതിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. നാഗരാജ്, മോഹൻ, അഭിജിത് എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്ന് പേരും ബിജെപി പ്രവർത്തകരാണ്. പാർട്ടിയിൽ നിന്നും പുറത്താക്കിയ അരിസ്റ്റോ രാജേഷാണ് പോസ്റ്റർ ഒട്ടിക്കാൻ ക്വട്ടേഷൻ നൽകിയതെന്നാണ് പ്രതികൾ പൊലീസിന് മൊഴി നൽകിയത്.
ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ നിര്‍മാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നല്‍കി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍. അഭിനേതാക്കളേക്കാള്‍ സാങ്കേതിക പ്രവര്‍ത്തകരാണ് ലഹരി കൂടുതലായി ഉപയോഗിക്കുന്നതെന്ന് സജി നന്ത്യാട്ട് ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഉണ്ണികൃഷ്ണന്‍ പരാതി നല്‍കിയത്.
സംവിധായകന്‍ ഷാജി എന്‍. കരുണിന് വിട നല്‍കി സാംസ്‌കാരിക കേരളം. സിനിമാ- സാംസ്‌കാരിക മേഖലയില്‍ നിന്നും നിരവധി പേര്‍ വഴുതക്കാട് കലാഭവനില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തി. വൈകീട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരം നടന്നു.
അതിരപ്പിള്ളി പദ്ധതിക്ക് ആരോപിക്കപ്പെടുന്ന ദോഷങ്ങളില്ലെന്ന് കെഎസ്ഇബി. ദീർഘകാലമായി കെഎസ്ഇബിയുടെ പരിഗണനയിലുള്ള ജലവൈദ്യുത പദ്ധതിയാണ് 163 മെഗാവാട്ട് ഉത്പാദനശേഷിയുള്ള അതിരപ്പിള്ളി പദ്ധതി. ഏറ്റവും കുറച്ചുമാത്രം വനഭൂമിക്ക് നാശമുണ്ടാക്കുന്ന പദ്ധതിയാണ് അതിരപ്പിള്ളിയിൽ വിഭാവനം ചെയ്തിരുന്നതെന്നാണ് കെഎസ്ഇബി വിശദീകരണം.
മോശം സന്ദേശം നൽകുന്ന സിനിമകൾ കാണുന്നതിൽ നിന്ന് കുട്ടികളെ വിലക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ. സമൂഹത്തെ കാർന്നുതിന്നുന്ന രോഗമായി ലഹരി ഉപയോഗം മാറിയെന്നും ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. ലഹരി ഉപയോഗിക്കരുതെന്ന് പ്രസംഗിച്ചതുകൊണ്ടുമാത്രം കാര്യമില്ല. ലഹരി വിപത്തിനെതിരെ സന്നദ്ധപ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാനന്തവാടി കാട്ടിക്കുളത്ത് രണ്ട് ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കർണാടക ആർടിസി ബസും ടൂറിസ് ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രണ്ട് ബസിലെയും യാത്രക്കാർക്ക് പരിക്കേറ്റു. 25 ഓളം പേരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജഡ്ജിമാർക്കെതിരെ വിവാദ പരാമർശവുമായി ആർ എസ് എസ് സൈദ്ധാന്തികനും തുഗ്ലക് എഡിറ്ററുമായ എസ് ഗുരുമൂർത്തി രംഗത്ത്. സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രീയക്കാരാണെന്നും മിക്കവരും രാഷ്ട്രീയക്കാരുടെ കാലിൽ വീണാണ് ഈ പദവികൾ നേടുന്നതെന്നും ആർ എസ് എസ് സൈദ്ധാന്തികൻ അഭിപ്രായപ്പെട്ടു. കഴിവ് കൊണ്ടല്ല ഇവർ ജഡ്ജിമാർ ആയതെന്നും ഗുരുമൂർത്തി കൂട്ടിച്ചേർത്തു.
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് കര്‍ണാടകയിലെ മംഗളുരുവിൽ യുവാവിനെ തല്ലിക്കൊന്നു. കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച് നടക്കവേയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ടുകൾ. യുവാവ് ‘പാകിസ്ഥാൻ സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് ആക്രമണം നടന്നത്. ഭത്ര കല്ലുർട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് നടന്ന പ്രാദേശിക ക്രിക്കറ്റ് മാച്ചിനിടെയാണ് സംഭവം.
ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് പരാതിക്കാരിയായ വനിതാ നിര്‍മ്മാതാവ്. യുദ്ധം ജയിച്ചതുപോലെയാണ് തനിക്കിപ്പോള്‍ തോന്നുന്നതെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്പോള്‍ സമാധാനമുള്ള അവസ്ഥയിലാണ് താനുള്ളത്. സിനിമാ ഇന്‍ഡസ്ട്രിയിലെ ഉന്നതര്‍ക്കെതിരെയാണ് താന്‍ പരാതി നല്‍കിയതെന്നും പരാതിക്കാരി പറഞ്ഞു.
പഹൽഗാമിൽ വിനോദസഞ്ചാരികളടക്കം 26 പേരെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ തനിക്ക് ബന്ധമില്ലെന്ന് സിപ് ലൈൻ ഓപറേറ്റർ മുസമ്മിൽ എൻഐഎയോട് പറഞ്ഞതായി വിവരം. സിപ് ലൈനിൽ കയറുന്ന സഞ്ചാരികളെ പ്രാർത്ഥന ചൊല്ലിയാണ് വിടാറുള്ളതെന്നും വെടിയൊച്ചയും, പ്രാർത്ഥനയുമായി ബന്ധമില്ലെന്നും മുഹമ്മിൽ വ്യക്തമാക്കിയതായും എൻഐഎ വൃത്തങ്ങൾ പറയുന്നു. വെടിവയ്പ് തുടർന്നപ്പോൾ പ്രദേശത്ത് നിന്ന് മറ്റുള്ളവരെ പോലെ താനും ഓടിപ്പോയെന്നും മുസമ്മിലിൻ്റെ മൊഴി.
പഹൽഗാം ഭീകരാക്രമണത്തിന്‍റെ അന്വേഷണത്തിന്‍റെ ഭാഗമായി എന്‍ഐഎ കസ്റ്റഡിയിലെടുത്ത സിപ് ലൈൻ ഓപ്പറേറ്ററായ മുസമ്മലിന് തീവ്രവാദവുമായി ബന്ധമില്ലെന്ന് കുടുംബം. ടൂറിസ്റ്റുകളെ സിപ് ലൈനിൽ കടത്തിവിടുന്നതിന് മുമ്പ് ഇങ്ങനെ പറയാറുണ്ടെന്നും അതിൽ അസ്വഭാവികതയൊന്നുമില്ലെന്നും മുസമ്മലിന്‍റെ പിതാവ് അബ്ദുല്‍ അസീസ് പറഞ്ഞു.
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബീഹാർ സ്വദേശിയെ അറസ്റ്റ് ചെയ്തു. 26കാരനായ സുനിൽ എന്നയാളെയാണ് ആർമി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുള്ളത്. പാകിസ്ഥാനി വനിതയുമായി നടത്തിയ വാട്ട്സ് ആപ്പ് ചാറ്റിനെക്കുറിച്ചുള്ള പരിശോധനക്കൊടുവിലാണ് ഈ വിവരം ആർമി ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. മിലിട്ടറി ഏരിയയെക്കുറിച്ചുള്ള ചില വിവരങ്ങൾ ഇയാൾ പാകിസ്ഥാനി വനിതയ്ക്ക് കൈമാറിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. പാകിസ്ഥാനി വനിത ഇയാൾക്ക് പണം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യൻ കരസേനയുമായി ബന്ധപ്പെട്ട സെറ്റുകൾ ഹാക്ക് ചെയ്യാനുള്ള നീക്കം തകർത്തതായി കരസേന. ശ്രീനഗർ ,റാണികേത് എന്നിവിടങ്ങളിലെ ആർമി പബ്ലിക് സ്കൂൾ വെബ്സൈറ്റുകൾ ഹാക്ക് ചെയ്യാനുള്ള നീക്കമാണ് തകർത്തത്. പാക്കിസ്ഥാനിൽ നിന്നുള്ള ഐ ഒ കെ ഹാക്കർ എന്ന സംഘമാണ് നീക്കം നടത്തിയത്. ഇന്ത്യൻ വ്യോമസേനയുമായി ബന്ധപ്പെട്ട സൈറ്റും ഹാക്ക് ചെയ്യാൻ ശ്രമം നടത്തി. നാല് സൈറ്റുകളും തിരികെ പിടിച്ചതായി കരസേന വൃത്തങ്ങൾ അറിയിച്ചു.
രാജ്യസുരക്ഷയ്ക്കായി ചാര സോഫ്റ്റ്‍വെയർ പെഗാസസ് ഉപയോഗിക്കുന്നത് തെറ്റല്ലെന്ന് സുപ്രീംകോടതി. രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ കൈക്കൊള്ളാൻ സർക്കാരിന് അവകാശമുണ്ടെന്നും പെഗാസസ് പോലെ വിവരം ചോർത്താനുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് ഇതിൻറെ ഭാഗമായി കാണാമെന്നും സുപ്രീംകോടതി പറഞ്ഞു. എന്നാൽ ആരുടെയെങ്കിലും സ്വകാര്യത ലംഘിക്കുന്ന തരത്തിൽ ഇത് ഉപയോഗിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ കോടീശ്വർ സിംഗ് എന്നിവരുൾപ്പെട്ട ബഞ്ച് വ്യക്തമാക്കി.
കാനഡയുടെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മാർക്ക് കാർണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി. വിജയത്തിന് മാർക്ക് കാർണിക്കും ലിബറൽ പാർട്ടിക്കും അഭിനന്ദനങ്ങൾ എന്നാണ് മോദി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ കുറിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും നമ്മുടെ ജനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ തുറക്കുന്നതിനും കാർണിയുമായി ഒന്നിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും മോദി കുറിച്ചു.
അമേരിക്കയിലെ ഡയറി ഫാമുകളിൽ H5N1 പക്ഷിപ്പനി വ്യാപിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വിദഗ്ധർ. 2024 മാർച്ച് മുതൽ തുടങ്ങിയ വ്യാപനം ആയിരത്തോളം കന്നുകാലികളിൽ പടരുകയും എഴുപത് മനുഷ്യരിൽ സ്ഥിരീകരിക്കുകയും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വാഹനാപകടത്തില്‍പ്പെടുന്നവരെ ചികിത്സിക്കുന്നതിനായി ‘കാഷ്ലെസ്’ പദ്ധതി രൂപവത്കരിക്കുന്നതില്‍ കാലതാമസം നേരിടുന്നതെന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി..ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടും കേന്ദ്രം നിര്‍ദേശം പാലിക്കുകയോ സമയംനീട്ടണമെന്ന് ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് കോടതി വിമര്‍ശിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാൻ പൗരന്മാരെ നാടുകടത്താനുള്ള കേന്ദ്ര നടപടിയിൽ പ്രതികരിച്ച് ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. സ്ത്രീകളുടെയും വയോധികരുടെയും കാര്യത്തിൽ അനുഭാവപൂർണമായ നടപടി വേണമെന്ന് മെഹബൂബ മുഫ്തി ആവശ്യപ്പെട്ടു.
ബൈസരൺവാലിയിൽ വിനോദസഞ്ചാരികളടക്കം 26 പേരെ കൂട്ടക്കൊല ചെയ്ത ഭീകാരക്രമണത്തിന് തിരിച്ചടിക്കാൻ സൈന്യങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരിച്ചടിയുടെ രീതിയും സമയവും ലക്ഷ്യവും തീരുമാനിക്കാനാണ് സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ഉന്നത തല യോഗത്തിന് ശേഷമാണ് പ്രതികരണം. പിന്നാലെയാണ് പ്രധാനമന്ത്രി മൂന്ന് സൈനിക വിഭാഗങ്ങൾക്കും പൂർണ സ്വാതന്ത്ര്യം നൽകിയെന്ന് പ്രഖ്യാപിച്ചത്.