Untitled design 20250112 193040 0000 2

 

പഹല്‍ഗാം ഭീകരാക്രമണത്തില്‍ തിരിച്ചടി തുടങ്ങി ഇന്ത്യ. ബന്ദിപോരയില്‍ ലഷ്കക്കര്‍ ഇ തയ്ബ കമാന്‍ഡറെ സൈന്യം വധിച്ചു. പാകിസ്ഥാനികളെ കണ്ടെത്തി നാടുകടത്താന്‍ മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്‍കി. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. 215 പാകിസ്ഥാനി പൗരൻമാർ അട്ടാരി അതിർത്തി വഴി മടങ്ങി. 416 ഇന്ത്യൻ പൗരൻമാർ പാകിസ്ഥാനിൽ നിന്ന് തിരിച്ചെത്തി. വീസ റദ്ദാക്കാനുള്ള തീരുമാനത്തിൻറെ അടിസ്ഥാനത്തിലാണ് മടക്കം.

 

പഹൽ​ഗാം ഭീകരാക്രമണത്തെ തുടർന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. കൂടിക്കാഴ്ചയ്ക്കു ശേഷം ഭീകരാക്രമണത്തിൽ പരിക്കേറ്റവരേയും അദ്ദേഹം സന്ദർശിച്ചു. സഹോദരന്മാരെ തമ്മിൽ അകറ്റുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും ഈ സമയത്ത് ജനങ്ങൾ ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

 

പെഹൽ​ഗാൻ ഭീകരാക്രമണത്തിന് പിന്നാലെ, പാകിസ്ഥാൻ പൗരന്മാർ ഇന്ത്യ വിടണമെന്നുള്ള നിർദേശം പാകിസ്ഥാനിലേക്ക് വിവാഹം ചെയ്തയച്ച ഇന്ത്യൻ യുവതികൾക്ക് ദുരിതമാകുന്നു. 48 മണിക്കൂറിനകം ഇന്ത്യവിട്ട് പോകണമെന്നാണ് ഇന്ത്യൻ സർക്കാർ നിർദേശിച്ചിട്ടുള്ളത്. പലരു‌ടെയും കുടുംബം ഇന്ത്യയിലായതിനാൽ നാട്ടിലെ ബന്ധുക്കളെ കാണാൻ എത്തിയവരാണ് പലരും.

 

ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ പഹൽഗാം ഭീകരാക്രമണത്തിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. ദില്ലി ജുമാമസ്ജിദിന് മുന്നിൽ ബസാർ മഠ്യ മഹൽ ട്രേഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജുമാ നമസ്കാരത്തിന് ശേഷം പ്ലക്കാടുകൾ ഉയർത്തിയാണ് വ്യാപാരികൾ ജമാമസ്ജിദിന് മുന്നിൽ ഒത്തുകൂടിയത്. ദില്ലി വ്യാപാരി അസോസിയേഷന്റെ നേതൃത്വത്തിലും പ്രതിഷേധ റാലി നടന്നു. ദില്ലി ചാന്ദിനി ചൌക്കിൽ വ്യാപാരികൾ ബന്ദിന് ആഹ്വാനം ചെയ്തു.

 

സിന്ധു നദീജല കരാർ മരവിച്ച നടപടി ഇന്ത്യ കർശനമായി നടപ്പാക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ധാരണ. പാകിസ്ഥാന് വെള്ളം നല്കാതിരിക്കാനുള്ള പദ്ധതി തയ്യാറെന്ന് കേന്ദ്രം വ്യക്തമാക്കി. ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിലുള്ള 3 പദ്ധതികൾ തയ്യാറാക്കിയെന്ന് ജലശക്തി മന്ത്രി വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യോ​ഗത്തിൽ പങ്കെടുത്തിരുന്നു.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ എം പവര്‍ ഇന്ത്യയില്‍നിന്ന് വാങ്ങിയ പണമെങ്കിലും അഴിമതിപ്പണമാണെന്ന് സി പി എം സമ്മതിക്കണമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍എ. പണം തിരിച്ചടച്ചു എന്നത് കടലാസ് രേഖ മാത്രമാണ്. എസ് എഫ് ഐ ഒ ചാര്‍ജ് ഷീറ്റിലെ വിശദാംശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ സി പി എം മറുപടി പറയണമെന്നും മാത്യു കുഴല്‍ നാടന്‍ ആവശ്യപ്പെട്ടു.

 

കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകൾ ആരതിക്കെതിരായ സൈബർ ആക്രമണത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാമചന്ദ്രന്റെ മകൾ ആരതിക്കെതിരായ സൈബർ ആക്രമണം മത നിരപേക്ഷതക്ക് അപമാനമാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഭീകരക്രമണത്തിന്റെ പേരിൽ വർഗീയത പ്രചരിപ്പിക്കാനുള്ള നീക്കം തിരിച്ചറിയണമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

 

മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ മറന്ന് സിപിഐ. സിപിഐ ദേശീയ കൗൺസിലിന്റെ ഭാ​ഗമായ പൊതുസമ്മേളനത്തിൽ ക്ഷണിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് കാനം രാജേന്ദ്രന്റെ കുടുംബം. ആദരവ് നൽകുന്ന പരിപാടിയിൽ ക്ഷണിച്ചില്ലെന്ന് കാനം രാജേന്ദ്രന്റെ കുടുംബം പറയുന്നു. ഇന്നലെ നടന്ന പരിപാടിയിൽ മരിച്ച നേതാക്കളുടെ കുടുംബാം​ഗങ്ങളെ ആദരിച്ചിരുന്നു. എന്നാൽ തങ്ങളുടെ കുടുംബത്തെ ക്ഷണിച്ചില്ലെന്ന് കാനത്തിന്റെ മകൻ സന്ദീപ് രാജേന്ദ്രൻ പറഞ്ഞു.

മലമ്പനി നിവാരണത്തിന് ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.2027-ഓട് കൂടി മലേറിയ നിവാരണം എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കുന്നത്.ലോക മലമ്പനി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ഐടി പാർക്കുകളിൽ മദ്യം വിൽക്കാൻ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവായി. സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന ഐടി പാർക്കുകൾക്കും സ്വകാര്യ ഐടി പാർക്കുകൾക്കും ലൈസൻസിന് അപേക്ഷിക്കാം. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദർശകർക്കും അതിഥികൾക്കുമാണ് മദ്യം വിൽക്കാവുന്നത്.

 

കോഴിക്കോട് ഡിസിസി ഓഫിസ് ഉദ്ഘാടനത്തോട് അനുബന്ധിച്ചുണ്ടായ ഉന്തും തള്ളും പോലെ ഒരു സംഭവം ഇനി ആവർത്തിക്കരുതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഇനി മുതൽ സ്റ്റേജിൽ ആര് ഇരിക്കണമെന്ന് മുൻകൂട്ടി വ്യക്തമാക്കി കസേരകളിൽ പേര് എഴുതി ഒട്ടിക്കണമെന്ന് സുധാകരൻ നിർദ്ദേശിച്ചു. അച്ചടക്കം അനിവാര്യമാണ് അതെല്ലാം എഐസിസി തീരുമാനങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലർട്ട്. 28ന് വയനാട്, കണ്ണൂർ ജില്ലകളിലും 29ന് മലപ്പുറം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെഎം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം വൈകുന്നതിൽ സിബിഐ കൊച്ചി എസ്പിയ്ക്ക് പരാതി നൽകി പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ. കെഎം എബ്രഹാം വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൊച്ചി സിബിഐ യൂണിറ്റിനാണ് കേസ് ഏറ്റെടുക്കാനുള്ള നിർദേശം ഹൈക്കോടതി നൽകിയത്. എന്നാൽ രണ്ടാഴ്ച്ച പിന്നിട്ടിട്ടും സിബിഐ അന്വേഷണം തുടങ്ങിയിട്ടില്ലെന്നാണ് പരാതി.

 

തിരുവല്ല- ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ പാലത്തിന്റെ (നമ്പർ 174) ഗർഡർ മാറ്റി സ്ഥാപിക്കുന്നതിനായി ഏപ്രിൽ 26 ന് ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു. വൈകുന്നേരം 7:55 മുതൽ ചില സർവ്വീസുകൾ റദ്ദാക്കുമെന്നും വഴിതിരിച്ചു വിടുമെന്നും അറിയിച്ചിട്ടുണ്ട്.

 

രാസലഹരി വിപത്തിനെതിരെ കേരള പത്രപ്രവര്‍ത്തക യൂനിയൻ ആവിഷ്കരിച്ച ‘ബ്രേക്കിങ്​ ഡി’ പദ്ധതിയുടെ ലോഗോ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. രാസലഹരികളുടെ ചങ്ങലക്കണ്ണികളെ കുറിച്ച വിവരങ്ങൾ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഭയപ്പാടില്ലാതെ അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സാധ്യമാകുന്നതാണ് പദ്ധതി.

കാശ്മീരിൽ നിന്ന് ഇനി കേരളത്തിൽ മടങ്ങിയെത്താൻ ഉള്ളത് 295 പേരെന്ന് നോർക്ക. ഇന്നും ഇന്നലെയുമായി മാത്രം 111 പേർ തിരിച്ചെത്തിയിരുന്നു. 67 പേർ ശ്രീനഗറിൽ നിന്ന് ദില്ലിയിലേക്ക് യാത്ര ചെയ്യുന്നതായി നോർക്ക അറിയിച്ചു. കാശ്മീരിലെ പഹൽ​ഗാമിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം മലയാളികൾ ശ്രീ​ഗനറിൽ കുടുങ്ങുകയായിരുന്നു. 28 പേരാണ് കാശ്മീരിൽ കൊല്ലപ്പെട്ടത്.

 

തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഹൈക്കോടതിയിലും പലക്കാട് കളക്ട്രേറ്റിലുമുൾപ്പെടെ ബോംബ് ഭീഷണി ഉണ്ടായിരുന്നു.

 

വാഴമുട്ടത്ത് ബാറിലെ സുരക്ഷ ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേരെ കൂടി തിരുവല്ലം പൊലീസ് പിടികൂടി. വള്ളക്കടവ് സ്വദേശിയും നിലവിൽ പുഞ്ചക്കരി നിവാസിയുമായ ഷാരൂഖ്‌ഖാൻ (27), കല്ലിയൂർ കാക്കാമൂല സ്വദേശി അഖിൽ ചന്ദ്രൻ(28) എന്നിവരെയാണ് അറസ്‌റ്റു ചെയ്തത്‌.

കാസർകോട് യുവാവ് സ്വർണവുമായി പിടിയിൽ. മഞ്ചേശ്വരം എക്സൈസ് ചെക്പോസ്റ്റിലാണ് സംഭവം. രാജസ്ഥാന്‍ സ്വദേശി ചെഗന്‍ലാലിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൈയ്യിൽ നിന്ന് 60 പവനോളം വരുന്ന 480.9 ഗ്രാം സ്വർണാഭരണങ്ങൾ പിടികൂടി.

 

അനധികൃത കച്ചവടത്തിനെതിരായി നടപടിയെടുക്കാനെത്തിയ കോഴിക്കോട് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ തടഞ്ഞെന്ന കേസില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളെ കോടതി വെറുതെ വിട്ടു. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

പത്തനംതിട്ടയിൽ 59കാരനെ ഹോം നഴ്സ് ക്രൂരമായി മര്‍ദിച്ചതായി പരാതി. പത്തനംതിട്ട തട്ടിയിലാണ് മുൻ ബിഎസ്എഫ് ജവാൻ കൂടിയായ വി ശശിധരൻപിള്ള ക്രൂരമര്‍ദനത്തിനിരയായത്. മര്‍ദനമേറ്റ ശശിധരൻ പിള്ളയെ ഗുരുതരാവസ്ഥയിൽ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ വിഷ്ണു എന്ന ഹോം നേഴ്സിനെതിരെ കൊടുമൺ പൊലീസിൽ പരാതി നൽകി.

 

തൃശ്ശൂർ വാടാനപ്പള്ളി നടുവിൽക്കരയിൽ വയോധിക ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബോധാനന്ദവിലാസം സ്കൂളിന് പടിഞ്ഞാറ് കൊടുവത്ത്പറമ്പിൽ പ്രഭാകരനേയും (82) ഭാര്യ കുഞ്ഞിപ്പെണ്ണിനേയും (72) ആണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.

 

ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഭരണം ബിജെപിക്ക്. ബിജെപിയുടെ രാജ ഇഖ്ബാൽ സിംഗ് ദില്ലിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി മൻദീപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് ഇഖ്ബാൽ സിംഗ് തെരഞ്ഞെടുക്കപ്പെട്ടത്.

 

വഖഫ് നിയമഭേദഗതി സ്റ്റേ ചെയ്യുന്നതിനെ ശക്തമായി എതിർത്ത് കേന്ദ്ര സർക്കാർ. നിയമത്തിലെ മാറ്റങ്ങളെ ന്യായീകരിച്ച് കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്. പാർലമെന്റ് പാസാക്കിയ നിയമം ഭാഗികമായി സ്റ്റേ ചെയ്യുന്നതിന് കോടതിക്ക് അധികാരം ഇല്ലെന്നും ഇത് പാർലമെന്റിന്റെ അധികാരത്തിലുള്ള കൈകടത്തലാണെന്നുമാണ് കേന്ദ്രത്തിന്റെ വാദം. വഖഫ് ഭേദഗതി കാരണം അനീതി നേരിട്ടെന്ന് കാണിച്ച് ആരും കോടതിയിൽ എത്തിയിട്ടില്ലെന്നും കേന്ദ്രം പറയുന്നു.

 

നാഷണൽ ഹെറാൾഡ് കേസ് അന്വേഷിക്കുന്ന ഇഡിക്ക് ദില്ലി റോസ് അവന്യൂ കോടതിയിൽ തിരിച്ചടി. കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച കുറ്റപത്രം അപൂ‍ർണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി, കൂടുതൽ രേഖകൾ ഹാജരാക്കാൻ ഇഡിയോട് ഇന്ന് നിർദ്ദേശിച്ചു. കുറ്റപത്രത്തിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്കും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കുമെതിരെ നോട്ടീസ് അയക്കാൻ കോടതി വിസമ്മതിച്ചു. നോട്ടീസ് നൽകേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടണമെന്ന് വ്യക്തമാക്കിയ കോടതി, കേസ് മെയ് രണ്ടിന് പരിഗണിക്കാൻ മാറ്റി.

 

ഇന്ത്യയിലെ അതിദരിദ്രരുടെ എണ്ണം കുത്തനെ കുറഞ്ഞതായി ലോകബാങ്ക് റിപ്പോര്‍ട്ട്. ദിവസം 2.15 ഡോളറില്‍(183 രൂപ) താഴെ മാത്രം വരുമാനം ലഭിക്കുന്നവരെയാണ് ലോകബാങ്ക് അതിദരിദ്രരായി കണക്കാക്കുക.രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 29 ശതമാനമാണെന്നത് വെല്ലുവിളിയാണെന്നും ലോകബാങ്ക് റിപ്പോര്‍ട്ടിലുണ്ട്.

ഹമാസിനെതിരേ രൂക്ഷവിമര്‍ശനവുമായി പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ്. ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിന് ബന്ദികളെ മോചിപ്പിക്കണമെന്നും ഹമാസിനെ നിരായുധീകരിക്കണമെന്നും ഗാസയുടെ നിയന്ത്രണം കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹമാസിനെ നായകളുടെ സന്തതികള്‍ (sons of dogs) എന്നാണ് മഹമൂദ് അബ്ബാസ് വിശേഷിപ്പിച്ചതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.

 

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപമുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ മുതിര്‍ന്ന റഷ്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. യുക്രൈന്‍ സമാധാന ചര്‍ച്ചകള്‍ക്കായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അയച്ച പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദ്മിര്‍ പുതിനുമായി കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് സ്‌ഫോടനം ഉണ്ടായത്.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ ലക്ഷ്യം സമൂഹത്തെ ഭിന്നിപ്പിക്കുകയാണെന്നും ഇത്തരം ഹീനപ്രവര്‍ത്തനത്തിനെതിരെയുള്ള പോരാട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്നും ഭീകരവാദത്തെ അടിയറവ് പറയിപ്പിക്കണമെന്നും കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍.പരിക്കേറ്റ് ചികിത്സയിലുള്ള വിനോദസഞ്ചാരികളെ ശ്രീനഗറിലെ കരസേനാ ആശുപത്രിയില്‍ വെള്ളിയാഴ്ച സന്ദര്‍ശിച്ച രാഹുല്‍ ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട .കുടുംബാംഗങ്ങളോടുള്ള സ്‌നേഹവും അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *