Untitled design 20250112 193040 0000 1

 

 

ഒമ്പത് വര്‍ഷത്തെ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് സംസ്ഥാന സര്‍ക്കാരിന്റെ ലഘുലേഖ. രാജ്യത്ത് ഏറ്റവും കൂടുതല്‍ പി.എസ്.സി നിയമനം നടക്കുന്നത് കേരളത്തിലാണെന്നും ലഘുലേഖയില്‍ പറയുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ലഘുലേഖ പുറത്തിറക്കിയത്. രണ്ടുപേജുള്ള ലഘുലേഖയ്ക്.പുറമെ 108 പേജുള്ള വിശദമായ വിവരണങ്ങളുമായൊരു ബുക്ക്‌ലെറ്റും തയ്യാറാക്കിയിട്ടുണ്ട്.

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നാളെ കാസര്‍കോട് തുടക്കം. വിഴിഞ്ഞവും ദേശീയപാത വികസനവും പ്രധാന നേട്ടങ്ങളായി അവതരിപ്പിച്ച് വീണ്ടുമൊരു തുടര്‍ഭരണമാണ് ലക്ഷ്യം. ഒരുമാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്ക് കോടികളാണ് ചെലവ്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലെ സര്‍ക്കാരിന്‍റെ ധൂര്‍ത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം പരിപാടികളില്‍ സഹകരിക്കില്ല.

പതിനാറ് വർഷത്തിന് ശേഷം സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ മാസം 23 ന് തിരുവനന്തപുരത്ത് കോട്ടൺഹിൽ സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളുടെ പ്രകാശനവും സംസ്ഥാനതല വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

നേതാവാകാൻ അല്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാക്കന്മാരെ സൃഷ്ടിക്കാനാണ് താൻ വന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ബിജെപിയുടെ ജില്ലാ ഓഫീസുകൾ ജനങ്ങൾക്ക് വേണ്ടിയുള്ള ഹെൽപ്പ് ഡെസ്കായി പ്രവർത്തിക്കും. അവിടെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാനുള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തിരുവനന്തപുരം സൗത്ത് ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ ഒരു പ്രശ്നവുമില്ലെന്ന് കെസി വേണു​ഗോപാൽ. സ്ഥാനാർത്ഥിയാകാൻ താൽപര്യമുള്ള ചിലരുടെ ആഗ്രഹത്തെ ഊതിവീർപ്പിച്ച് കോൺഗ്രസിൽ ഭിന്നതയാണെന്ന് വരുത്തി തീർക്കുകയാണ്. ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നും കെസി വേണുഗോപാൽ പറഞ്ഞു. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരായി നിയമിക്കാനുള്ള ഹൈക്കോടതി കൊളീജിയം ശുപാർശയിൽ തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്ന് നിയമമന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷക ലിസ് മാത്യു, കേരള ഹൈക്കോടതിയിലെ അഭിഭാഷക എ.കെ. പ്രീത എന്നിവരുടെ പേരുകളാണ് ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തത് എന്നാണ് സൂചന.

 

താമരശ്ശേരി ഷഹബാസ് കൊലക്കേസിൽ കൂടുതൽ വിദ്യാർത്ഥികളെ പ്രതികളെ ചേർക്കാൻ കഴിയുമോ എന്നതിൽ പൊലീസ് നിയമോപദേശം തേടും. അക്രമം നടത്താൻ ആഹ്വാനം നടത്തിയവരിൽ കൂടുതൽ കുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നിയമോപദേശം തേടാനുള്ള നീക്കം. കേസിൽ മെയ് അവസാനത്തോടെയാണ് കുറ്റപത്രം സമർപ്പിക്കുക. കൊലപാതകത്തിൽ മുതിർന്നവരുടെ പങ്കിന് തെളിവ് ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.

 

 

നിലമ്പൂരിൽ ആര് സ്ഥാനാര്‍ത്ഥിയായാലും യുഡിഎഫ് ജയിക്കുമെന്നും പാര്‍ട്ടിയിൽ തര്‍ക്കങ്ങളില്ലെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. പാർട്ടിയും മുന്നണിയും നേരത്തെ സജ്ജമാണ്. പിവി അൻവറിന്‍റെ പിന്തുണ യുഡിഎഫിന് കിട്ടും. പാർട്ടിയിലെ പിണക്കങ്ങൾ എല്ലാം തീർത്തുവെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്നും സ്ഥാനാർഥി നിർണയത്തിൽ പ്രതിസന്ധിയില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഉടൻ സ്ഥാനാർഥിയും പ്രഖ്യാപിക്കുമെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

എസ് സതീഷിനെ സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഡിവൈഎഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ്‌ ആയ സതീഷ് നിലവിൽ സംസ്ഥാന യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ്.

എഡിജിപി എംആര്‍ അജിത് കുമാറിന് വീണ്ടും വിശിഷ്ട സേവനത്തിന് ശുപാര്‍ശ. ഡിജിപിയാണ് രാഷ്ട്രപതിയുടെ മെഡലിനായി സര്‍ക്കാരിന് ആറാം തവണയും ശുപാര്‍ശ നൽകിയത്. നേരത്തെ അഞ്ചു തവണയും രാഷ്ട്രപതിയുടെ മെഡലിനായുള്ള ശുപാര്‍ശ കേന്ദ്രം തള്ളിയിരുന്നു. ഇന്‍റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് അജിത് കുമാറിന് എതിരായ സാഹചര്യത്തിലായിരുന്നു കേന്ദ്രം മെഡൽ നിരസിച്ചത്.

മാലാ പാർവതിക്കെതിരെ രൂക്ഷവിമർശനവുമായി നടി രഞ്ജിനിയും . നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാ​ഗ്യലക്ഷ്മിയും. മാലാ പാർവതി അവസരവാദിയാണെന്ന് രഞ്ജിനി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.മാലാ പാർവതിയോട് പുച്ഛം തോന്നുന്നു. ഇതാണോ മാലാ പാർവതിയുടെ സ്ത്രീ ശാക്തീകരണമെന്നും ഭാ​ഗ്യലക്ഷ്മി ചോദിച്ചു.

 

കലക്ടർ ദിവ്യ എസ് അയ്യരുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട ദളിത് നേതാവിനെ കോൺ​ഗ്രസ് സസ്പെന്റ് ചെയ്തു. ദളിത് കോൺഗ്രസ്‌ എറണാകുളം ജില്ലാ സെക്രട്ടറി ടി കെ പ്രഭാകരനെയാണ് കോൺഗ്രസ്‌ ജില്ലാ നേതൃത്വം സസ്‌പെന്റ് ചെയ്തത്. ദിവ്യ എസ് അയ്യർ, കെ കെ രാഗേഷിനെ പുകഴ്ത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനു താഴെയാണ്, എറണാകുളം കാഞ്ഞിരമറ്റം സ്വദേശി ടികെ പ്രഭാകരൻ അശ്ലീല പരാമർശം നടത്തിയത്.

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകി ബിജെപി. ബിജെപിയുടെ ഈസ്റ്റർ സന്ദർശനത്തിനെതിരെയുള്ള രാഹുലിന്റെ പ്രതികരണമാണ് പരാതിയിലേക്ക് നയിച്ചത്. മണിപ്പൂരിലേതുപോലെ പിച്ചാത്തിയുമായി അരമനയിൽ കയറി ചെല്ലാതിരുന്നാൽ മതിയെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. തുടർന്ന് ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണ് സൗത്ത് പൊലീസിൽ പരാതി നൽകിയത്.

സിനിമാ സെറ്റിൽ നടൻ ഷൈൻ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ നടി വിൻസിക്ക് പൂർണ പിന്തുണയെന്ന് മന്ത്രി എംബി രാജേഷ്. വിൻസിയുമായി ഇന്നലെ സംസാരിച്ചുവെന്ന് എംബി രാജേഷ് പറഞ്ഞു. അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വിൻസി പറഞ്ഞു. തുറന്ന് പറഞ്ഞതിന് സിനിമ പ്രവർത്തകർ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

സിനിമ മേഖലയിൽ രാസലഹരി ഉപയോഗം വ്യാപകമെന്ന് ഷൈൻ ടോം ചാക്കോ. പ്രമുഖരായ പല നടൻമാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, പഴി മുഴുവൻ തനിക്കും, മറ്റൊരു നടനും മാത്രമെന്നും ഷൈനിന്‍റെ മൊഴി. പരിശോധനകൾ ശക്തമായതോടെ കഴിഞ്ഞ ഒരു മാസമായി സിനിമ സെറ്റുകളിൽ ലഹരി കിട്ടാൻ ബുദ്ധിമുട്ടുണ്ടെന്നും ഷൈൻ പൊലീസിന് മൊഴി നൽകി.

സൂത്രവാക്യം സിനിമയുടെ സെറ്റില്‍ നടന്ന ദുരനുഭവത്തെ കുറിച്ച് നടി വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തലും സിനിമയുടെ അണിയറ പ്രവര്‍ത്തകർ ഇന്നലെ കൊച്ചിയിൽ പറ‌ഞ്ഞ കാര്യങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ. നാളെ ഫിലിം ചേമ്പറിനു മുന്നില്‍ ഇരു ഭാഗത്തിന്റെയും മൊഴികൾ നിർണായകമാകും. അഞ്ച് ദിവസം മുന്‍പ് വിന്‍സി അലോഷ്യസ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു വിൻസിയുടെ നി‍ർണായക വെളിപ്പെടുത്തൽ.

 

ഈസ്റ്റര്‍ ദിനത്തിൽ മത മേലധ്യക്ഷന്മാരെ ബിജെപി നേതാക്കള്‍ സന്ദർശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെയും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി സിബിസിഐ അധ്യക്ഷൻ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും കണ്ടു. വഖഫ് നിയമ ഭേദഗതി നടപ്പാകുമ്പോൾ മുനമ്പം പ്രശ്നത്തിനും പരിഹാരമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

കാസർകോട് പാലക്കുന്ന് കോളേജിലെ ബിസിഎ ആറാം സെമസ്റ്റർ പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഗ്രീൻവുഡ്സ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പി. അജീഷിനെ സസ്പെൻഡ് ചെയ്തു. ബേക്കൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാനേജ്മെന്റിന്റെ നടപടി. ചോദ്യ പ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണവുമായി സഹകരിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

 

തമിഴ്നാട് വിഴുപ്പുറത്ത് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തുറന്ന ക്ഷേത്രത്തിൽ ദർശനം നടത്താൻ ആളില്ല. പ്രബല ജാതിക്കാരെ ഭയന്ന് ക്ഷേത്രത്തിലേക്ക് ഇല്ലെന്നാണ് ദളിതർ പറയുന്നത്‌. പ്രബലജാതിക്കാർ ശുദ്ധികലശം നടത്താതെ ദർശനത്തിനു തയ്യാർ അല്ലെന്ന നിലപാടിൽ ആണ്‌. 2023 ജൂണിൽ ദളിതർ അകത്തു കടന്നതിനെ ചൊല്ലിയുള്ള സംഘർഷങ്ങൾക്ക് പിന്നാലെ ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയ ക്ഷേത്രം ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വൻ സുരക്ഷയിൽ വ്യാഴാഴ്ചയാണ്‌ തുറന്നത്.

 

ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിൽ വീണ്ടും വഴിത്തിരിവ്. യശ്വന്ത് വർമ്മയുടെ വീട്ടിൽ പണം നിറച്ച ചാക്കുകൾ ഉണ്ടായിരുന്നെന്ന് മൊഴി. ദില്ലി പൊലീസ്, അഗ്നിശമന സേന എന്നിവയിലെഅംഗങ്ങൾ ആണ് മൊഴി നല്കിയത്. എന്നാൽ ജഡ്ജിയുടെ വീട്ടിൽ പണം ഉണ്ടായിരുന്നുവെന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നൽകിയ മൊഴി.

 

സുപ്രീം കോടതിക്കെതിരെ ബിജെപി എംപിമാർ നടത്തിയ പരാമർശങ്ങൾ തള്ളിക്കളഞ്ഞ് നേതൃത്വം. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്കുമെതിരെ ബിജെപി നേതാക്കളായ നിഷികാന്ത് ദുബേ, ദിനേഷ് ശർമ എന്നിവർ നടത്തിയ പരാമർശങ്ങൾ ബിജെപി തള്ളിയെങ്കിലും വിവാദം കത്തുന്നു. ചീഫ് ജസ്റ്റിസ് മതയുദ്ധങ്ങൾ ക്ഷണിച്ച് വരുത്തുന്നു എന്ന പരാമർശത്തിൽ നിഷികാന്ത് ദുബെക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

തുടർച്ചയായ മഴയ്ക്ക് പിന്നാലെ ജമ്മു കശ്മീരിൽ കനത്ത മണ്ണിടിച്ചിൽ. മൂന്നുപേർ മരിച്ചു. നിരവധി വീടുകളും വാഹനങ്ങളും മണ്ണിടിച്ചിലിൽ നശിച്ചു. ജമ്മു കശ്മീർ ശ്രീനഗർ ദേശീയ പാതയിൽ റമ്പാൻ ജില്ലയിലാണ് മണ്ണിടിച്ചിലുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

 

സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. മതേതര പാർട്ടികളെ ഒന്നിച്ചു നിർത്തുന്നതിൽ തമിഴ്നാട് രാജ്യത്തിന് മാതൃകയാണെന്നും ഗവർണർക്ക് എതിരായ കേസിലെ തമിഴ്നാട് സർക്കാരിന്റെ വിജയം അഭിനന്ദനാർഹമാണെന്നും എംഎ ബേബി പറഞ്ഞു. എഐഎഡിഎംകെ-ബിജെപി മുന്നണി അവസരവാദ രാഷ്ട്രീയത്തിന്റെ ഭാഗം ആണെന്നും ബേബി വിമർശിച്ചു.

സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മര്‍ദ്ദത്തില്‍ ആക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബി ജെ പി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കര്‍ നടപടിയെടുക്കണമെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഭരണഘടനക്കെതിരായ ശക്തമായ കടന്നാക്രമണമാണിത്. സുപ്രീംകോടതിയും സ്വമേധയാ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.

 

ആന്ധ്രയിലെ ശ്രീ സത്യസായി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കിയ മോട്ടോഴ്സിന്റെ പെനുകൊണ്ട നിർമാണ കേന്ദ്രത്തിൽനിന്ന് 900 എഞ്ചിനുകൾ മോഷണം പോയ സംഭവത്തിൽ ഒൻപത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഭൂരിഭാ​ഗവും തമിഴ്നാട് സ്വദേശികളും കിയയിലെ മുൻ ജീവനക്കാരായ രണ്ട് വിദേശികളുമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു.ചെയ്തു.

 

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിനെ പിന്തുണച്ച് ഡി എം കെ രംഗത്ത്. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരായ നീക്കത്തെ അപലപിക്കുന്നതായി ഡി എം കെ വക്താവ് ടി ആർ ബാലു വ്യക്തമാക്കി.ഇ ഡി നീക്കം ഗുജറാത്തിലെ എ ഐ സി സി സമ്മേളനം കാരണമെന്നും ഡി എം കെ അഭിപ്രായപ്പെട്ടു. റായ്പൂർ സമ്മേളനത്തിന് ശേഷം കോൺഗ്രസ് നേതാക്കൾക്കെതിരെ റെയ്ഡ് ഉണ്ടായെന്നും ടി ആർ ബാലു ചൂണ്ടികാട്ടി. ഇപ്പോഴത്തെ ഇ ഡി നീക്കങ്ങൾ ഇതിന് സമാനമാണെന്നും ഡി എം കെ അഭിപ്രായപ്പെട്ടു.

 

രാജ്യത്ത് നടക്കുന്ന എല്ലാ മതപരമായ യുദ്ധങ്ങള്‍ക്കും ഉത്തരവാദി സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കുമെന്ന വിവാദ പ്രസ്കാവനയില്‍ ബിജെപി എംപി നിഷികാന്ത് ദുബെക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തം. കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പട്ട് സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അറ്റോര്‍ണി ജനറലിന് കത്തയച്ചു. ദുബെക്കെതിരെ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *