അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും നേരിട്ടും അഭ്യര്‍ത്ഥിച്ചു. അനധികൃത മരുന്നുകള്‍ക്കെതിരെ കേരളം വലിയ പ്രവര്‍ത്തനമാണ് നടത്തുന്നത്. കേരളത്തിലെ ജിമ്മുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകള്‍ കണ്ടെത്തിയിരുന്നു. ഏത് മരുന്നും ഓണ്‍ലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
ഇന്ന് മുതൽ വേനൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ പ്രവചനം. ഇത് പ്രകാരം അടുത്ത 5 ദിവസവും കേരളത്തിൽ മഴ മുന്നറിയിപ്പുണ്ട്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലമ്പൂര്‍ മണ്ഡലത്തിൽ പി വി അൻവർ നിർണായക ഘടകമാണെന്ന് മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി എസ് ജോയ്. കോൺഗ്രസിൽ നിന്ന് ആരെയെങ്കിലും അടർത്തിയെടുത്ത് സ്ഥാനാർത്ഥിയാക്കാമെന്ന സിപിഎമ്മിന്‍റെ മോഹം നടക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്‍റെ പരാജയം നോട്ടപ്പിശക് മൂലംസംഭവിച്ചതാണെന്നും വി എസ് ജോയ് പറഞ്ഞു.
സിപിഎമ്മിൽ തെറ്റ് തിരുത്തൽ താഴേ തട്ട് വരെ എത്തിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടു എന്ന് വിലയിരുത്തുന്ന സംഘടനരേഖ പുറത്ത്. ഗാർഹിക പീഡനം സ്ത്രീധനം, പുരുഷ മേധാവിത്വം , അഴിമതി തുടങ്ങി പ്രവണതകൾ ഉണ്ടെന്നാണ് കുറ്റപ്പെടുത്തൽ. പിബി താഴേതലത്തിലുള്ള ഘടകങ്ങളെ ചലിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. കേരളത്തിലെ എസ്എഫ്ഐയിൽ തെറ്റായ പ്രവണതൾ ഉണ്ടെന്നും റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.
കേരളത്തിന് മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം. 2024 ഡിസംബര്‍ 7 മുതല്‍ 2025 മാര്‍ച്ച് 7 വരെ നടന്ന ക്ഷയരോഗ നിവാരണ പദ്ധതിയുടെ 100 ദിനകര്‍മ്മ പരിപാടിയില്‍ പരമാവധി നാറ്റ് ടെസ്റ്റ് ചെയ്തതിനുള്ള പുരസ്‌കാരമാണ് സംസ്ഥാനത്തിന് ലഭിച്ചത്.
ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ഏപ്രിൽ 11-ന് മോക്ക് ഡ്രിൽ സംഘടിപ്പിക്കും.സംസ്ഥാനത്തുടനീളമുള്ള 13 ജില്ലകളിൽ തിരഞ്ഞെടുക്കപ്പെട്ട 26 സ്ഥലങ്ങളിൽ ഒരേ സമയമാണ് മോക്ക് ഡ്രിൽ സംഘടിപ്പിക്കുന്നത്.
അന്താരാഷ്ട്രാ വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെ പ്രതി ചേർക്കും. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലിസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.സഹപ്രവർത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകർച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിൻെറ പരാതി. എന്നാൽ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താൻ ഇതുവരെ പൊലിസിന് കഴിഞ്ഞട്ടില്ല.
എംപുരാൻ സിനിമക്കെതരെ ദേശീയ അന്വേഷണ ഏജൻസിക്ക് പരാതി നൽകി. പാലക്കാട് ഒറ്റപ്പാലം സ്വദേശി ശരത്ത് എടത്തിലാണ് പരാതി നൽകിയത്. ദേശീയ അന്വേഷണ ഏജൻസിയെ അപകീർത്തിപ്പെടുത്തൽ, വർഗീയ വിദ്വേഷം ജനിപ്പിക്കൽ, ദേശവിരുദ്ധ വികാരങ്ങൾ പ്രോത്സാഹിപ്പിക്കൽ, ഇന്ത്യയുടെ അന്താരാഷ്ട്ര പ്രശസ്തിയെ വ്രണപ്പെടുത്തൽ, തീവ്രവാദത്തെ മഹത്വവൽക്കരിക്കൽ എന്നിവ സിനിമയുടെ ഉള്ളടകത്തിലുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി.
കലാകാരനും കലാപ്രവർത്തകർക്കും അതിരുകളില്ലാത്ത ആവിഷ്കാര സ്വാതന്ത്ര്യം വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്ന് ചലച്ചിത്ര അക്കാദമി ചെയർമാനും നടനുമായ പ്രേംകുമാർ. എമ്പുരാന്റെ റീ സെൻസറിങ്ങുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആവിഷ്കാര സ്വാതന്ത്ര്യമെന്നത് കലാകാരന്റെ അവകാശംതന്നെയാണ്. സെൻസറിങ് സംവിധാനത്തോട് വ്യക്തിപരമായ അനുഭാവമുള്ളയാളല്ല താൻ. മോഹൻലാലിന്റെ ഖേദപ്രകടനം വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
തലസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി വിൽപ്പന നടത്തിയിരുന്ന ഗ്യാസ് സിലണ്ടറുകൾ പിടിച്ചെടുത്തു. പോത്തന്‍കോട്, പാവുക്കോണം, വാവറയമ്പലം, ബിഎസ്എന്‍എല്‍ എക്‌സ്‌ച്ചേഞ്ചിന് സമീപം എന്നിവിടങ്ങളിൽ അനധികൃത കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 188 ഗ്യാസ് സിലിണ്ടറുകളാണ് സിവിൽ സപ്ലൈസ് വകുപ്പ് പിടിച്ചെടുത്തത്.
നീലഗിരി ഗൂഡല്ലൂരിൽ വിനോദയാത്രാ സംഘത്തിന് നേരെ കടന്നൽ ആക്രമണം. ആക്രമണത്തിൽ ഒരാൾ മരിച്ചു. പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി എത്തിയ സംഘത്തിലുണ്ടായിരുന്ന യുവാവായ ആയഞ്ചേരി വള്ള്യാട് സ്വദേശി പി സാബിർ ആണ് മരിച്ചത്.രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വർക്കല പേരേറ്റിൽ ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും അപകടത്തിൽ മരിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കീഴടങ്ങി. പേരേറ്റിൽ സ്വദേശി ടോണി പെരേരയാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ കല്ലമ്പലം പൊലീസിൽ കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്സവം കണ്ട് മടങ്ങിയ അമ്മയും മകളും വാഹനമിടിച്ച് മരിച്ചത്.
ആദിവാസി യുവാവിനെ സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായേക്കും. വയനാട് എസ് പി തപോഷ് ബസുമതാരി ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഉത്തരവാദികൾക്കെതിരെ റിപ്പോർട്ടിൽ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ പൊലീസിനെതിരെ ആരോപണവുമായി ഗോകുലിന്‍റെ ബന്ധുക്കൾ രംഗത്ത് വന്നു.
ബാങ്കോക്കില്‍ നിന്നും മുംബൈ വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്തിയ മലയാളി പിടിയില്‍. കോഴിക്കോട് സ്വദേശിയായ മുഹമ്മദ് ഷരീഫാണ് അറസ്റ്റിലായത്. ഇയാളില്‍ നിന്നും അന്താരാഷ്ട്ര വിപണിയില്‍ മൂന്ന് കോടി രൂപ വിലയുള്ള മൂന്ന് കിലോ കഞ്ചാവ് പിടികൂടി. കസ്റ്റംസ് വകുപ്പിന്റെ എയർ ഇന്റലിജൻസ് യൂണിറ്റാണ് അറസ്റ്റ് ചെയ്തത്.
കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷൻസ് കോടതിയാണ് നോബി ലൂക്കോസിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 28 ദിവസത്തിന് ശേഷമാണ് നോബി ജയിൽ നിന്ന് പുറത്തിറങ്ങുന്നത്. നോബി തന്നെയാണ് കേസിലെ പ്രതിയെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഷൈനിയുടെ അച്ഛൻ കുര്യാക്കോസ് പ്രതികരിച്ചു.
വഖഫ് ബില്ല് വന്നാൽ മുനമ്പത്തെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി കിരൺ റിജിജു. അറുനൂറിലധികം പേരുടെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശം ഉന്നയിച്ചിരിക്കുകയാണ്. നിയമ ഭേദഗതി യാഥാർത്ഥ്യമാകുന്നതോടെ ഭൂമി തിരിച്ചെടുക്കാനാകുമെന്നും റിജിജു പറഞ്ഞു.
വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമമെന്ന് കെ രാധാകൃഷ്ണൻ എംപി. മുസ്ലീം സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും കെ രാധാകൃഷ്ണൻ എംപി പറഞ്ഞു. ബിൽ ന്യൂനപക്ഷ വിരുദ്ധമായത് കൊണ്ട് സിപിഎം എതിർക്കുന്നുവെന്നും എംപി പറഞ്ഞു. കെ രാധാകൃഷ്ണൻ സംസാരിക്കുമ്പോൾ ഭരണപക്ഷം പ്രതിഷേധമുയർത്തി. മതപരമായ കാര്യങ്ങളിൽ സർക്കാർ അതിക്രമിച്ചു കയറുന്നതിൻ്റെ അപകടം ഈ ബില്ലിനുണ്ടെന്നും എംപി ചൂണ്ടിക്കാട്ടി.
വഖഫ് ബോര്‍ഡില്‍ മുസ്‌ലിം ഇതര അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഭേദഗതി ബില്ലിലെ വ്യവസ്ഥയില്‍ വിശദീകരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബോര്‍ഡിലെ മുസ്‌ലിം ഇതര അംഗങ്ങള്‍ക്ക് മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ യാതൊരു പങ്കും ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌സഭയില്‍ വഖഫ് ഭേദഗതി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അമിത് ഷാ.