ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ റംസാൻ 29 പൂർത്തിയാക്കി വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവർ അറിയിച്ചു.
വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച മലയാളികളെ മൻകീ ബാതിൽ പ്രശംസിച്ച് മോദി. ഖേലോ ഇന്ത്യ ദേശീയ ഗെയിംസിൽ സ്വർണമെഡൽ നേടിയ ജോബി മാത്യുവിനെയും മലയാളി റാപ്പർ ഹനുമാൻകൈൻഡിനെയുമാണ് മോദി മൻ കീ ബാതിൽ പ്രശംസിച്ചത്. മലയാളത്തിൽ വിഷു ആശംസയും ഈദ് അടക്കം വരാൻ പോകുന്ന ആഘോഷങ്ങൾക്കുള്ള ആശംസയും നേർന്നാണ് മൻ കീബാതിന്റെ നൂറ്റി ഇരുപതാം എപ്പിസോഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയത്.
ലഹരി മാഫിയക്ക് എതിരെ മാത്രമല്ല കുട്ടികളെ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യങ്ങൾക്കെതിരെയും ജാഗ്രത വേണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ രൂപം മാത്രമുള്ള ജീവികളായി കുട്ടികൾ മാറുന്നത് ഒഴിവാക്കണമെന്നും മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒപ്പം കുട്ടികളിലെ സമ്മര്‍ദ്ദം കുറക്കാൻ സ്കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാൻസ് അടക്കം കായിക വിനോദങ്ങൾക്ക് മാറ്റിവക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.
മ്യാൻമാറിന് സഹായവുമായി ഇന്ത്യ. ഓപ്പറേഷൻ ബ്രഹ്മയുടെ കീഴിൽ 118 പേരടങ്ങുന്ന ദുരന്ത നിവാരണ സംഘം മ്യാൻമാറിലെത്തി. കൂടാതെ 38 പേർ അടങ്ങുന്ന എൻഡിആർഎഫ് സംഘത്തെയും 15 ടൺ ദുരിതാശ്വാസ സാമഗ്രികളും ഇന്ത്യ മ്യാൻമാറിലേക്ക് അയച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ കരസേന താത്കാലിക വൈദ്യ ചികിത്സ കേന്ദ്രവും മ്യാൻമാറിൽ സ്ഥാപിക്കും.
ഹിമാചൽപ്രദേശിലെ കുളുവിലെ മണികരനിൽ മണ്ണിടിച്ചിലിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. വാഹനങ്ങൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ് ആളുകൾ അതിനിടയിൽ പെടുകയായിരുന്നു. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. പരുക്കേറ്റ നിലയിൽ അഞ്ച് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം.
തൃശൂർ പൂരം വെടിക്കെട്ട് ഗംഭീരമായി ജനങ്ങൾ നടത്തുമെന്ന് പറഞ്ഞൊഴിയാതെ എങ്ങനെയാണ് വെട്ടിക്കട്ടിന് അനുമതി ലഭിക്കുക എന്ന് സുരേഷ് ഗോപി എം പി വ്യക്തമാക്കണമെന്ന് ഡി സി സി പ്രസിഡണ്ട് അഡ്വ. ജോസഫ് ടാജറ്റ്. വിശ്വാസികളും, പൂരപ്രേമികളും കടുത്ത ആശങ്കയിലാണെന്നും സ്വന്തം കാര്യ സാധ്യത്തിനായി എന്തും വിളിച്ചു പറയുമ്പോൾ ഇതുകൂടെ പറയാനുള്ള ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്‍കെജി തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാങ്കേതിക വിദ്യയില്‍ ഊന്നിയ പരിശീലനം നല്‍കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പി രാജീവ്. ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒരു കോടി രൂപ ചെലവഴിച്ചാണ് കോട്ടപ്പുറം സ്‌കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്.
കെസിബിസി നിലപാടിനെ സ്വാഗതം ചെയ്ത് ബിജെപി. ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് രാഷ്ട്രീയത്തിലുള്ളവരുടെ കടമയാണ്. കേരളത്തിലെ എല്ലാ എംപിമാരും വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കെസിബിസി നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇത് ഏതെങ്കിലും മതത്തിന് എതിരല്ല. ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വഖഫ് നിയമ ഭേദഗതിയിൽ കടുത്ത നിലപാടുമായി മുസ്ലിം ലീഗ്. ബില്ല് പാസാക്കിയാൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹാരിസ് ബീരാൻ എംപി പറഞ്ഞു. ജെഡിയുവിനെയും ടിഡിപിയെയും പിന്തിരിപ്പിക്കാൻ സമ്മർദ്ദം ചെലുത്തും, അതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുനമ്പം വിഷയവും വഖഫ് നിയമവും തമ്മിൽ ഒരു ബന്ധവുമില്ലെന്നും മുനമ്പത്തുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും ഹാരിസ് ബീരാൻ പറഞ്ഞു.
എമ്പുരാൻ എന്ന ചിത്രം കാണുകയുണ്ടായി എന്നും സിനിമയ്ക്കും അതിലെ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കുമെതിരെ വ്യാപകമായ വിദ്വേഷ പ്രചരണങ്ങൾ സംഘപരിവാർ വർഗീയത അഴിച്ചു വിടുന്ന സന്ദർഭത്തിലാണ് സിനിമ കണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യം കണ്ട ഏറ്റവും നിഷ്ഠൂരമായ വംശഹത്യകളിലൊന്നിനെ സിനിമയിൽ പരാമർശിക്കുന്നതാണ് അതിന്റെ ആസൂത്രകരായ സംഘപരിവാറിനെ രോഷാകുലരാക്കിയിരിക്കുന്നതെന്നും മാത്രമല്ല, ബിജെപിയുടേയും ആർ എസ് എസിന്റേയും നേതാക്കൾ വരെ പരസ്യമായ ഭീഷണികൾ ഉയർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
എമ്പുരാന്‍ സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച മോഹന്‍ലാലിന്‍റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ചിത്രത്തിന്‍റെ സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍. വിവാദമായ കാര്യങ്ങള്‍ ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യാന്‍ തങ്ങള്‍ അണിയറക്കാര്‍ ഒരുമിച്ച് തീരുമാനിച്ചതായി മോഹന്‍ലാല്‍ അറിയിച്ചിരുന്നു. ഈ പോസ്റ്റ് ആണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.
എമ്പുരാനെതിരെ വീണ്ടും ആർ എസ് എസ് മുഖപത്രമായ ഓർഗനൈസറിൽ ലേഖനം. ചിത്രം ഭീകരവാദത്തെ വെള്ളപൂശൂന്നുവെന്നാണ് ആരോപണം. രണ്ട് മണിക്കൂറിന് ഇടയിൽ പ്രസിദ്ധീകരിച്ച രണ്ട് ലേഖനങ്ങളിൽ ആണ് മോഹൻലാൽ, പ്രിഥ്വിരാജ്, ഗോകുലം ഗോപാലൻ, മുരളി ഗോപി എന്നിവരെ വിമർശിച്ചത്. എമ്പുരാൻ തിരക്കഥയെ കുറിച്ച് മോഹൻലാലിന് നേരത്തെ അറിയില്ല എന്ന വാദം വിശ്വസിക്കാൻ ആകില്ലെന്നും സ്ക്രിപ്റ്റ് വായിക്കാതെ മോഹൻലാൽ അഭിനയിക്കുമെന്ന് കരുതുന്നില്ലെന്നും ലേഖനത്തിൽ പറയുന്നു.
എമ്പുരാൻ സിനിമയിലെ ഏതെങ്കിലും രംഗങ്ങൾ കൊണ്ട് ഹിന്ദു സമുഹത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇല്ലാതാക്കാനാകില്ലെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. എത്ര തരംതാഴ്ത്തിയിട്ടും നരേന്ദ്ര മോദി ഉയരങ്ങളിൽ എത്തിയിട്ടുണ്ടെന്നും എമ്പുരാനിലെ രംഗങ്ങൾ നീക്കാൻ തങ്ങളാരും ആവശ്യപ്പെട്ടിട്ടില്ല കലയായാലും ജീവിതമായാലും മനുഷ്യനെയാണ് കൈകാര്യം ചെയ്യുന്നതെന്നും ജോര്‍ജ് കുര്യൻ പറഞ്ഞു.
മോഹൻലാലിനൊപ്പം ശബരിമല ദർശനത്തിന് പോയ തിരുവല്ല സിഐ സുനിൽകൃഷ്ണന് കാരണം കാണിക്കൽ നോട്ടീസ്. ശബരിമല ദർശനത്തിന് മാത്രമാണ് അനുമതി നൽകിയതെന്നും താരത്തിന്റെ സുരക്ഷ സ്വയം ഏറ്റെടുത്ത് പോയത് വീഴ്ചയാണെന്ന് കാട്ടിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്. മാർച്ച് 18 നായിരുന്നു മോഹൻലാലിന്റെ ശബരിമല ദർശനം.
വയനാട് എംപിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ പ്രിയങ്കാഗാന്ധിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് കാര്‍ ഓടിച്ച് കയറ്റി തടഞ്ഞ യൂട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു. തൃശ്ശൂര്‍ എളനാട് മാവുങ്കല്‍ വീട്ടില്‍ അനീഷ് എബ്രഹാമിനെതിരെയാണ് മണ്ണുത്തി പൊലീസ് കേസെടുത്തത്.
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി എറണാകുളം മറൈന്‍ ഡ്രൈവ് ഹരിത ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിന്റെ മുന്നോടിയായി ക്ലീന്‍ ഡ്രൈവ് നടത്തി. കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ക്ലീന്‍ ഡ്രൈവ് കൊച്ചി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോക്ടര്‍ ആര്‍ എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ അറസ്റ്റിലായത് 146 പേര്‍. സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വിൽപ്പന നടത്തുന്നതായി സംശയിച്ച് 3191 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 140 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഗുണ്ടയുടെ പെൺ സുഹൃത്തിന് സന്ദേശം അയച്ചതിനു യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച കേസിൽ പ്രതികൾ റിമാൻഡിൽ. യുവതി ഉൾപ്പടെ നാലു പേരെയാണ് സംഭവത്തിൽ പൂച്ചാക്കൽ പോലിസ് അറസ്റ്റ് ചെയ്തത്. അരൂക്കുറ്റി പാലത്തിന് സമീപം ഫോണിൽ സംസാരിച്ചു കൊണ്ട് നിൽക്കുമ്പോഴായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച രാത്രി അരൂക്കുറ്റി സ്വദേശിയയ ജിബിനെ ഒരു സംഘം ഭീഷണി പ്പെടുത്തി തട്ടിക്കൊണ്ടു പോയത്.
ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിലെ പോലീസ് അന്വേഷണത്തിൽ വീഴ്ചപറ്റിയെന്ന് കുടുംബം. സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ കാരണമാണ് മകൾ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പോലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛൻ ആരോപിച്ചു. വിവാഹ വാഗ്ദാനം നൽകി മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തതാണ് കുടുംബത്തിന്റെ ആരോപണം.
ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പേഴ്സിൽ നിന്നാണ് പണം എസ്ഐ എടുത്തത്. 3000 രൂപയായിരുന്നു എടുത്തത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടർന്ന് എസ്ഐയെ സസ്പെൻഡ് ചെയ്യുകയായിരുന്നു.
സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ കാന്‍സറിന് റോബോട്ടിക് പീഡിയാട്രിക് സര്‍ജറി വിജയകരമായി നടത്തി. ആര്‍സിസിയിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗമാണ് നേപ്പാള്‍ സ്വദേശിയായ 3 വയസുകാരന് റോബോട്ടിക് സര്‍ജറി നടത്തിയത്. പീഡിയാട്രിക് റോബോട്ടിക് സര്‍ജറി വിജയകരമായി നടത്തിയ ആര്‍സിസിയിലെ മുഴുവന്‍ ടീം അംഗങ്ങളെയും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
യാക്കോബായ സഭയുടെ അധ്യക്ഷനായി ബസേലിയോസ് ജോസഫ് കാതോലിക്കാബാവ സ്ഥാനം ഏറ്റെടുത്തു. സഭാ ആസ്ഥാനമായ എറണാകുളം പുത്തൻ കുരിശിലാണ് സ്ഥാനാരോഹണ ചടങ്ങ് നടന്നത്. കാതോലിക്കാ ബാവ ആയിരുന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ കബറിടത്തിൽ ധൂപ പ്രാർത്ഥന നടത്തിയായിരുന്നു ചടങ്ങുകളുടെ തുടക്കം. സ്ഥാന ചിഹ്നമായ അംശവടി കൈമാറി കൊണ്ടായിരുന്നു ചടങ്ങുകൾ അവസാനിച്ചത്.
കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് മാമലക്കണ്ടത്ത് കാട്ടാന ആക്രമണത്തില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. മാമലക്കണ്ടം മാവിന്‍ചുവട് ഭാഗത്ത് താമസിക്കുന്ന ഡാനിഷ് ജോസഫ്, റോസ്ലി എന്നിവരുടെ വീടുകളാണ് ഇന്ന് പുലര്‍ച്ചെ കാട്ടാനക്കൂട്ടം തകര്‍ത്തത്.
മലപ്പുറം വേങ്ങരയിൽ ജൂനിയർ വിദ്യാർത്ഥികൾക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം. കഴിഞ്ഞ ദിവസം വേങ്ങര ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് പ്ലസ് ടു വിദ്യാര്‍ത്ഥികളും പ്ലസ് വൺ വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടിയത്. ക്രൂര മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് അന്വേഷണം തുടങ്ങി.
വയനാട്ടിൽ ചത്ത ആടുകളെ കാട്ടിലെറിഞ്ഞ സംഘത്തെ വനംവകുപ്പ് പിടികൂടി. രാജസ്ഥാനില്‍ നിന്നുള്ള ആട് വില്‍പ്പനക്കാരായ നാല് പേരെയാണ് ബേഗൂർ റെയ്ഞ്ച് സംഘം പിടികൂടിയത്. ബേഗൂര്‍ റെയ്ഞ്ചിലെ കാട്ടിനുള്ളിൽ ലോറി കടക്കുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ആടുകളുടെ ജഡം കണ്ടെത്തിയത്.
കോഴിക്കോട് വെള്ളിപറമ്പിൽ പഴകിയ നിലയിലുള്ള കോഴി ഇറച്ചി പിടികൂടി. നിർത്തിയിട്ട വാഹനത്തിൽ നിന്ന് ദുർഗന്ധം വന്നതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് കവറുകളിലാക്കി വച്ചിരിക്കുന്ന പഴകിയ ഇറച്ചി കണ്ടെത്തിയത്.
നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തി ആർഎസ്എസിനെ രാജ്യപൈതൃകം ഉയർത്തിപ്പിടിക്കുന്ന മഹാ ആൽമരമെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്നേഹിക്കാനും സേവിക്കാനും ലക്ഷക്കണക്കിനാളുകളെ പഠിപ്പിച്ച സംഘടനയാണ് ആർഎസ്എസ് എന്നും മോദി വ്യക്തമാക്കി. തൻറെ ജീവിതത്തിന് വഴികാട്ടിയത് ആർഎസ്എസ് ആണെന്നും പറഞ്ഞ നരേന്ദ്ര മോദി സംഘവുമായി ഒരു ഭിന്നതയും ഇല്ലെന്ന സന്ദേശം നല്കാനാണ് ശ്രമിച്ചത്.
ഹൈദരാബാദിൽ വീണ്ടും മാധ്യമ പ്രവർത്തകനെ തെലങ്കാന പൊലീസ് കസ്റ്റഡിയിലെടുത്തു. സൗത്ത് ഫസ്റ്റ് എന്ന വെബ് പോർട്ടലിന്‍റെ റിപ്പോർട്ടർ സുമിത് ഷായെയാണ് കസ്റ്റഡിയിലെടുത്തത്. ഹൈദരാബാദ് സർവകലാശാലയിലെ സമരം റിപ്പോർട്ട് ചെയ്യാനെത്തിയ സുമിതിനെ സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസുദ്യോഗസ്ഥരാണ് കസ്റ്റഡിയിലെടുത്തത്.
ഒമാനില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് 577 തടവുകാര്‍ക്ക് മോചനം നൽകി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന തടവുകാരാണ് മോചിപ്പിക്കപ്പെടുന്നത്. മോചിതരാകുന്ന സ്വദേശികളുടെയും വിദേശികളുടെയും പേരു വിവരങ്ങൾ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
ഒഡിഷയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. കമാഖ്യ എക്സ്പ്രസ്സിന്റെ 11 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു. സ്ഥലത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. കട്ടക്ക് ജില്ലയിലെ നെർഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ പാളം തെറ്റിയത്.