2021ല്‍ ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് തുടര്‍ഭരണം നേടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. 60ലധികം സീറ്റുകളിലാണ് ബിജെപിയുടെ വോട്ടുമറിഞ്ഞത്. പ്രത്യുപകാരമായി കൊടകര കുഴല്‍പ്പണക്കേസ് പിണറായി സര്‍ക്കാര്‍ ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ രക്ഷിച്ചെടുത്തെന്നും സുധാകരന് ആരോപിച്ചു.
ആശ്രിത നിയമനത്തിന്റെ മാനദണ്ഡങ്ങൾ സംസ്ഥാന സര്‍ക്കാര്‍ പുതുക്കി. സര്‍വ്വീസിലിരിക്കെ മരിക്കുമ്പോൾ 13 വയസ് തികഞ്ഞ മക്കൾക്ക് മാത്രമേ ഇനി ആശ്രിത നിയമനം വഴി ജോലി ലഭിക്കൂ. സർവീസ് നീട്ടികൊടുക്കൽ വഴിയോ പുനർനിയമനം മുഖേനയോ സർവ്വീസിൽ തുടരുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല. മരണപ്പെട്ട ജീവനക്കാരൻ്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്നതുമാണ് പുതിയ വ്യവസ്ഥകൾ.
സാമൂഹ്യസുരക്ഷാ പെന്ഷൻ അനര്‍ഹമായ കൈപ്പറ്റിയ ജീവനക്കാരുടെ സസ്പെന്ഷൻ പിന്‍വലിച്ചു. റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെന്‍ഷനാണ് പിന്‍വലിച്ചത്. പെന്‍ഷനായി കൈപ്പറ്റിയ തുക പ്രതിവർഷം 18 ശതമാനം പലിശ സഹിതം തിരിച്ചടച്ചവരെയാണ് തിരികെയെടുത്തത്. ഡിസംബര്‍ 26നാണ് റവന്യൂ വകുപ്പിൽ നിന്ന് ക്ഷേമപെൻഷൻ അനർഹമായി കൈപ്പറ്റിയ 38 ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തത്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പുതിയ മത്സ്യബന്ധന തുറമുഖം വികസിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് അംഗീകാരം. വിഴിഞ്ഞത്ത് നിലവിലുള്ള മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവേശന കവാടത്തിൽ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നതിനുള്ള ബ്രേക്ക് വാട്ടർ നിർമ്മാണമടക്കം, സിഡബ്ല്യുആർപിഎസ് സമർപ്പിച്ച അന്തിമ രൂപരേഖയുടെ അടിസ്ഥാനത്തിൽ രണ്ടു പാക്കേജുകളായി തുറമുഖ പദ്ധതി നടപ്പാക്കും. 271 കോടി രൂപയുടേതാണ് പദ്ധതി.
മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ഭൂമിയുടെ പുനർ നിർമ്മാണ പുനരധിവാസ പ്രക്രിയ ലോകത്തിനു മുന്നിൽ കേരളം സമർപ്പിക്കുന്ന പുതിയൊരു മാതൃകയാണെന്ന് റവന്യു മന്ത്രി കെ രാജൻ. നാളെ കൽപ്പറ്റ മേപ്പാടിയിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുന്നതോടെ പുനർനിർമ്മാണത്തിൻ്റെ പ്രധാന ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നും മന്ത്രി വിവരിച്ചു.
ആശ വർക്കർമാർക്ക് 12000 വർഷം തോറും നൽകുമെന്ന് പാലക്കാട് നഗരസഭ. ബജറ്റ് പ്രസംഗത്തിലാണ് നഗരസഭയുടെ പ്രഖ്യാപനം. ഇതിലൂടെ മാസം നഗരസഭയിലെ ഓരോ ആശ വർക്കർക്കും ആയിരം രൂപ വീതം അധിക വരുമാനം ലഭിക്കും. ബിജെപിയാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്.
സെക്രട്ടേറിയറ്റിന് മുന്നിൽ 44 ദിവസമായി ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തെത്തിയത് ആശാ വര്‍ക്കര്‍മാരെ അഭിവാദ്യം ചെയ്യാനാണെന്നും ഇവര്‍ക്ക് എന്നാൽ കഴിയുന്ന സഹായം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. ആശാ വർക്കർമാർക്ക് 50,000 രൂപയുടെ ഒരു കുഞ്ഞു സഹായം കൈമാറി. പറ്റിയാൽ ഇനിയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. കൊച്ചിയിലെ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലായിരുന്നു ഇഡി ബാബുവിനെതിരെ കേസ് എടുത്തത്.
കൊടകര കേസിൽ ബിജെപി നേതാക്കളെ കുറ്റവിമുക്തരാക്കിയത് ഇഡി രാഷ്ട്രീയ പ്രേരിത ഏജൻസിയെന്ന സിപിഎം വാദം ശരിവെക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കുഴൽപ്പണ വിനിമയം കേരളാ പൊലീസ് അന്വേഷിച്ച് കേസിന്റെ സ്വഭാവം വച്ചാണ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്. രാഷ്ട്രീയ പ്രേരിത ഇഡിക്കെതിരെ 29 ന് കൊച്ചി ഇഡി ഓഫീലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ നിർണായക ചുവടുവെയ്പുമായി കേരള സർവകലാശാല. കേരള സർവകലാശാല കോളേജില്‍ അഡ്മിഷൻ നേടണമെങ്കിൽ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണമെന്നാണ് നിർദേശം. എല്ലാ അഫിലിയേറ്റഡ് കോളേജുകളിലും സൗഹൃദ ക്ലബ്ബുകൾ സ്ഥാപിക്കുമെന്നും ലഹരിവിരുദ്ധ കാമ്പസുകൾക്ക് അവാർഡു നൽകുമെന്നും സർവകലാശാല അറിയിച്ചു. ഇന്ന് ചേർന്ന സെനറ്റ് യോഗത്തിലെ ബജറ്റ് അവതരണത്തിലാണ് പ്രഖ്യാപനം.
നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ തുറന്നുപറച്ചിലിനുപിന്നാലെ, കേരളത്തിൽ അത്തരമൊരു അനുഭവമുണ്ടായെന്നത് ഗൗരവത്തിലെടുക്കേണ്ട വിഷയമാണെന്ന് സിപിഐ നേതാവ് ആനി രാജ പ്രതികരിച്ചു..നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള പ്രശ്നങ്ങൾ കൂടുതലായി അനുഭവിക്കുന്നത് ദളിതരും പിന്നാക്കവിഭാഗങ്ങളുമാണെന്നും ആനി രാജ ചൂണ്ടിക്കാട്ടി.
കൊടകര കുഴൽപ്പണക്കേസിൽ ബി ജെ പി ബന്ധം തള്ളിയ ഇ ഡി കുറ്റപത്രത്തിന് വിരുദ്ധമായി സംസ്ഥാന പൊലീസിന്റെ തുടരന്വേഷണ റിപ്പോർട്ട്. ആറ് കോടി രൂപ കള്ളപ്പണം ബി ജെ പി ജില്ലാ ഓഫീസിൽ എത്തിയിട്ടുണ്ടെന്ന പാർട്ടി ഓഫീസ് മുൻ സെക്രട്ടറി തിരൂർ സതീശിന്റെ മൊഴിയിൽ വസ്തുതയുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. എന്നാൽ പണത്തിന്റെ ഉറവിടത്തെ പറ്റി അന്വേഷിക്കേണ്ടത് ആദായനികുതി വകുപ്പാണെന്നാണ് ഇ ഡി ആവർത്തിക്കുന്നത്.
കാസര്‍കോട് അണങ്കൂർ ജെപി കോളനിയിലെ ജ്യോതിഷിനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പ്രതികളായിരുന്ന നാല് പേരെയും കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ടു. എസ്ഡിപിഐ പ്രവർത്തകരായ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ റഫീഖ്, ഹമീദ്, സാബിർ, അശ്റഫ് എന്നിവരെയാണ് വെറുതെ വിട്ടത്. 2017 ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം കഠിനംകുളം സ്വദേശി വിപിൻ,മണക്കാട് സ്വദേശി വിവേക്, പേയാട് സ്വദേശി കിരൺ, കണ്ണമ്മൂല സ്വദേശി ടെർബിൻ എന്നിവരാണ് പിടിയിലായത്.
മുംബൈ വിമാനത്താവളത്തിലെ ശുചിമുറിയിൽ നിന്ന് നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ വിമാന യത്രക്കാരുടെ വിവരങ്ങൾ പരിശോധിച്ച് മുംബൈ പൊലീസ്. കുട്ടി ജനിച്ച ഉടൻതന്നെ കൊലപ്പെടുത്തിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ഇന്നലെ രാത്രി 10:30 ഓടെ വിമാനത്താവളത്തിന്റെ ശുചിമുറികൾ വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്.
: കർണാടകത്തിലെ വിമത എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നാലിനെ ബിജെപി പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ആറ് വർഷത്തേക്കുള്ള നടപടി. പാർട്ടി വിരുദ്ധ പ്രസ്താവനകൾ നടത്തിയതിന് കാരണം ബോധിപ്പിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയെ അപമാനിക്കുന്നുവെന്നും ഇന്ത്യയ്ക്കെതിരെ അജണ്ട വച്ച് പ്രവർത്തിക്കുന്ന സ്ഥാപനം എന്നുമാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ വിമർശനം. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ അടിച്ചമർത്തൽ നേരിടുന്നുവെന്ന് മതസ്വാതന്ത്ര്യ കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സഭയില്‍ മര്യാദ കാട്ടുന്നില്ലെന്ന കടന്നാക്രമണത്തിലൂടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി ശകാരിച്ച് ലോക്സഭ സ്പീക്കര്‍ ഓംബിര്‍ല. കുടുംബാംഗങ്ങള്‍ ലോക്സഭയില്‍ നേരത്തെയും ഒന്നിച്ച് അംഗങ്ങളായിട്ടുണ്ടെന്നും, പ്രതിപക്ഷ നേതാവ് സഭയുടെ അന്തസ് കാത്ത് സൂക്ഷിക്കണമെന്നും ഓംബിര്‍ല ആവശ്യപ്പെട്ടു. സ്പീക്കര്‍ അടിസ്ഥാനരഹിതമായി സംസാരിച്ചെന്നും, തനിക്ക് സംസാരിക്കാന്‍ അവസരം നല്‍കിയില്ലെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
കര വ്യോമസേനകൾക്കായി 156 ഹെലികോപ്റ്ററുകള്‍ വാങ്ങാന്‍ പ്രതിരോധ മന്ത്രാലയം. ഇതിനുള്ള അനുമതി ഉടന്‍ കേന്ദ്രമന്ത്രിസഭയുടെ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലഘു യുദ്ധ ഹെലികോപ്റ്ററായ പ്രചണ്ഡ് ആണ് ഇരുസേനകള്ക്കുമായി വാങ്ങുക.
യു.എസുമായുള്ള വ്യാപാരബന്ധം കൂടുതല്‍ സൗഹാര്‍ദപരവും ദൃഢവുമാക്കാന്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവയില്‍ ഇളവുനല്‍കുന്നത് പരിഗണിച്ച് ഇന്ത്യ. യു.എസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഹാര്‍ലി-ഡേവിസണ്‍ ബൈക്കുകള്‍, ബര്‍ബന്‍ വിസ്കി, കാലിഫോര്‍ണിയന്‍ വൈന്‍ എന്നിവയ്ക്കുള്ള ഇറക്കുമതിത്തീരുവയില്‍ കൂടുതല്‍ ഇളവ് അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്.
ഉത്തർപ്രദേശിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപിയിൽ നൂറ് ഹിന്ദു കുടുംബങ്ങൾക്കിടയിൽ ഒരു മുസ്ലീം കുടുംബം സുരക്ഷിതരായിരിക്കുമെന്നും എന്നാൽ തിരിച്ച് അങ്ങനെയല്ലെന്നും യോഗി എ.എൻ.ഐക്ക് നൽകിയ പോഡ്കാസ്റ്റിൽ അഭിപ്രായപ്പെട്ടു. 100 മുസ്ലീം കുടുംബങ്ങൾക്കിടയിൽ 50 ഹിന്ദുക്കൾ താമസിക്കുകയാണെങ്കിൽ അവർക്ക് സുരക്ഷിതത്വം അനുഭവപ്പെടില്ലെന്നും യോഗി പറഞ്ഞു.