Untitled design 20250112 193040 0000 1

 

 

കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ച വഖഫ് ബില്ലിനു സംയുക്ത പാർലമെന്ററി സമിതിയുടെ അംഗീകാരം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച കരട് രേഖയില്‍ 14 ഭേദ​ഗതികൾ വരുത്തിയാണ് ബില്ലിന് ജെപിസി അംഗീകാരം നല്‍കിയത്. അമുസ്‌ലിങ്ങളായ രണ്ടുപേർ ഭരണസമിതിയിൽ ഉണ്ടാകുമെന്നതുൾപ്പടെയുള്ളവ അം​ഗീകാരം നൽകിയവയിൽ ഉൾപ്പെടും.

 

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നി​ഗമനം.

 

പ്രിയങ്ക ​ഗാന്ധി എംപി നാളെ വയനാട്ടിലെത്തും. വയനാട് പഞ്ചാരക്കൊല്ലിയില്‍ നരഭോജി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് പ്രിയങ്ക ​ഗാന്ധി സന്ദർശിക്കും. ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെ കുടുംബത്തെയും കാണും. നാളെ ഉച്ചക്ക് രണ്ട് മണിക്കായിരിക്കും പ്രിയങ്ക ​ഗാന്ധി ബത്തേരിയിലെ വിജയന്റെ വീട്ടിലെത്തുക.

 

നെൻമാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ വീട്ടിൽ നിന്ന് പകുതിയൊഴിഞ്ഞ വിഷക്കുപ്പി കണ്ടെത്തി. കൂടാതെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച വടിവാളും പൊലീസ് കണ്ടെത്തി. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോ​ഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏഴുപേരടങ്ങിയ സംഘമാണ് പോത്തുണ്ടി മേഖലയിൽ പരിശോധന നടത്തുന്നത്.

നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് സംസ്ഥാന ഇൻ്റലിജൻസ് റിപ്പോർട്ട്. സുധാകരനും മകളും പരാതി നൽകിയിട്ടും കേസ് എടുക്കാത്തത് പൊലീസിൻ്റെ വീഴ്ചയാണെന്ന് ഇൻ്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ചിരുന്നു. ഇൻ്റലിജൻ്റ്സ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നെൻമാറ പൊലീസിനെതിരെ നടപടി വന്നേക്കും.

 

റേഷൻകട സമരം റേഷൻ വ്യാപാരികൾ അവസിപ്പിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകും. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നാളെ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമാനിച്ചികുന്നു. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ് അറിയിച്ചു.

 

പാർട്ടിയിൽ കൂടുതൽ യുവാക്കൾക്ക് ഭാരവാഹിത്വം നൽകി കോൺഗ്രസ്. മുൻ യൂത്ത് കോൺഗ്രസ് കമ്മറ്റികളിൽ ഭാരവാഹികളായിരുന്നവർക്കാണ് പാർട്ടിയിലും ചുമതല നൽകിയത്. എംപി ഷാഫി പറമ്പിൽ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റായിരുന്ന കാലത്ത് ജില്ലാ ഭാരവാഹികളായിരുന്നവർക്ക് പുതിയ ചുമതല നൽകിയത്. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റുമാരായാണ് നിയമനം. ഡീൻ കുര്യാക്കോസിൻ്റെ കാലത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി ഭാരവാഹികൾക്കും നിയമനം നൽകിയിട്ടുണ്ട്.

 

വയനാട് പനമരത്ത് സിപിഎം മർദ്ദനമേറ്റ പഞ്ചായത്ത് മെമ്പർ ബെന്നി ചെറിയാൻ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. ബുധനാഴ്ച പനമരം പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി. ബെന്നിയുടെ പിന്തുണ യുഡിഎഫ് തേടിയിട്ടുണ്ടെന്നാണ് സൂചന.സിപിഎം പ്രവർത്തകർ ബെന്നിയെ ആക്രമിച്ചത് വിവാദമായിരുന്നു. നാളെ ബെന്നിക്ക് പിവി അന്‍വർ പങ്കെടുക്കുന്ന കണ്‍വെൻഷനില്‍ വച്ച് അംഗത്വം നല്‍കും.

ബ്രിട്ടീഷുകാര്‍ നട്ടുവളര്‍ത്തിയ 95 വർഷം പഴക്കമുള്ള തേക്ക് തടികൾ നിലമ്പൂരില്‍ ലേലത്തിന്. അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ നാളെയും ഫെബ്രുവരി 3 നുമായാണ് തേക്ക് ലേലം നടക്കുക.318 ഘനമീറ്റർ തേക്ക് തടികളാണ് നിലമ്പൂർ അരുവാക്കോട് സെൻട്രൽ ഡിപ്പോയിൽ ലേലത്തിനായി ഒരുക്കിയിരിക്കുന്നത്.

 

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിയിൽ ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനേയും മുന്‍ എംഡി കെഎ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഒരുമാസത്തിൽ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി. ഇരുവ‍ർക്കുമെതിരെ സിബിഐ അന്വേഷണം പൂർത്തിയാക്കിയിട്ടും പ്രോസിക്യൂഷൻ അനുമതി നൽകാത്ത സംസ്ഥാന സർക്കാരിന്‍റെ നിലപാട് ചോദ്യം ചെയ്തുളള ഹ‍ർജിയിലാണ് ജസ്റ്റീസ് കൗസർ എടപ്പഗത്തിന്‍റെ നിർദേശം.

 

കായംകുളത്ത് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൃഷ്ണപുരം കൊച്ചുമുറി വാലയ്യത്ത് വീട്ടിൽ സുധൻ (60) ഭാര്യ സുഷമ (54) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുധനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ സുഷമയെ കുളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സുഷമയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് സുധൻ ആത്മഹത്യ ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കി.

 

ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ ചലച്ചിത്ര താരത്തിനോട് മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകുന്നതിനായി ഹാജരാകാൻ നോട്ടീസ്. ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതിയെ സമീപിച്ച നടിക്കാണ് നോട്ടീസ് ലഭിച്ചത്. നോട്ടീസിന്റെ പകർപ്പ് നടിയുടെ അഭിഭാഷകർ സുപ്രീം കോടതിക്ക് കൈമാറി.

പാലക്കാട്ടെ മദ്യനിർമാണശാല വിഷയത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് വ്യക്തമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വികസനം വേണം, വികസനത്തിന്‌ എതിരല്ല, വഴിമുടക്കുന്ന പാർട്ടി അല്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. കുടിവെള്ളത്തെ മറന്നു പാവപ്പെട്ട മനുഷ്യരെ മറന്നു കൊണ്ട് വികസനം വന്നാൽ അത് ഇടതുപക്ഷ വികസനമായി ജനം കാണില്ലെന്നും ജനങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ ഇവരാണ് പ്രധാനപ്പെട്ടതെന്നും ബിനോയ് വിശ്വം വിശദമാക്കി.

 

കടുവാ ഭീതി ഒഴിഞ്ഞതിന് പിന്നാലെ വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം. റാട്ടകൊല്ലിയിൽ യുവാവിനെ പുലി ആക്രമിച്ചു. എസ്റ്റേറ്റ് വാച്ചറായ വിനീതിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തിൽ വിനീതിന്റെ കൈക്ക് പരിക്കേറ്റു. ഇയാളെ കൈനാട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്ന് വിവരം.

 

ജയിലിൽ നിന്ന് പരോളിലിറങ്ങിയ കൊലക്കേസ് കുറ്റവാളിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഭരണിക്കാവ് സ്വദേശി പ്രിൻസ് (55) ആണ് മരിച്ചത്. 2002 -ൽ വള്ളികുന്നം കാമ്പിശ്ശേരിയിൽ യുവതിയെ കുത്തി കൊന്ന കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. ഈ മാസം എട്ടിനാണ് ഇയാൾ പരോളിലിറങ്ങിയത്.

 

തെലങ്കാനയിലെ മഹബൂബാബാദ് ജില്ലയിലെ കുരവി ഗ്രാമത്തിലെ ബൻജാരെ താണ്ടയിൽ 25ഓളം കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി. കുരങ്ങന്മാരുടെ ശല്യം രൂക്ഷമായ മേഖലയിൽ സംഭവം കണ്ടെത്തിയ നാട്ടുകാരാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്. കുരങ്ങന്മാർക്ക് വിഷം നൽകിയതാണ് സംഭവമെന്നാണ് വനംവകുപ്പ് സംശയിക്കുന്നത്.

 

മഹാകുംഭമേളയുടെ വർണാഭമായ കാഴ്ചയുടെ ബഹിരാകാശ നിലയത്തിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. ജനുവരി 13ന് ആരംഭിച്ച മഹാകുംഭ മേളയുടെ 13ാം ദിവസമായ ഞായറാഴ്ച രാത്രി ദൃശ്യങ്ങളാണ് ബഹിരാകാശ സഞ്ചാരിയായ ഡോൺ പെറ്റിറ്റ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മഹാമകുംഭമേളയുടെ ഊർജ്ജം പങ്കുവയ്ക്കുന്നതാണ് ചിത്രമെന്നാണ് ചിത്രങ്ങൾക്ക് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും.

 

മുഡ ഭൂമി അഴിമതിക്കേസിലെ അന്വേഷണ റിപ്പോർട്ട് കർണാടക ഹൈക്കോടതിയുടെ ധർവാഡ് ബെഞ്ചിന് സമർപ്പിച്ച് ലോകായുക്ത. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തക്ക് ജനുവരി 28 വരെയാണ് ഹൈക്കോടതി സമയം നൽകിയിരുന്നത്. അഴിമതി നിരോധന നിയമത്തിലെ 17എ വകുപ്പ് പ്രകാരം 25 പേരുടെ മൊഴികൾ രേഖപ്പെടുത്തിയാണ് സമ​ഗ്രമായ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

 

 

മുഡ ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാർവ്വതിക്കും ന​ഗര വികസന മന്ത്രി ബൈരതി സുരേഷിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി.മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി ഭൂമി അഴിമതിക്കേസിൽ 2024 ഒക്ടോബറിലാണ് ഇ.ഡി അന്വേഷണം ആരംഭിക്കുന്നത്.

 

രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ് നടപ്പിലാക്കി ഉത്തരാഖണ്ഡ്. മുഖ്യമന്ത്രി പുഷ്കർ ധാമി യുസിസി പോർട്ടൽ ഉദ്ഘാടനം ചെയ്തു. ഉത്തരാഖണ്ഡ് സ്വദേശികളായ എല്ലാ വ്യക്തികൾക്കും ഭരണഘടനാപരമായും പൗരൻ എന്ന നിലയിലും എല്ലാവർക്കും ഒരേനിയമം പ്രദാനം ചെയ്യുന്നുവെന്നും എല്ലാ മതവിഭാ​ഗങ്ങളിലും പെട്ട വനിതകൾക്കും തുല്യത ഉറപ്പാക്കുന്നതുമാണ് നിയമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ചെക്കിങ് ഏരിയയിൽ നിന്ന് ആപ്പിൾ വാച്ച് മോഷണം പോയെന്ന് ആരോപിച്ച് ഒരു ഡോക്ടർ പോസ്റ്റ് ചെയ്ത കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായിരുന്നു. എന്നാൽ ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും ഡോക്ടർ പറ‌ഞ്ഞതെല്ലാം നുണയാണെന്നും വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സിഐഎസ്എഫിന്റെ വിശദീകരണം.

 

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ടുപോകുകയാണ് ട്രംപ് ഭരണകൂടം.ഇതിന്റെ ഭാഗമായി സിഖ് മതവിശ്വാസികളുടെ ഗുരുദ്വാരകളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി.ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമാണ് സംഭവം. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നുണ്ടോ എന്നു കണ്ടെത്തുന്നതിന് വേണ്ടിയാണ് പരിശോധന.

 

നേരിട്ട് വിമാന സർവീസും 2020 മുതൽ നിർത്തിവച്ച കൈലാഷ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ ഇന്ത്യയും ചൈനയും തീരുമാനിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് തീരുമാനം.ഇന്ത്യ-ചൈന വിദഗ്‌ധ തല യോഗം ചേരാനും ചൈന സമ്മതിച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *