വന നിയമ ഭേദഗതി സര്‍ക്കാര്‍ ഉപേക്ഷിച്ചു.. നിലവിലെ ഭേദഗതിയിൽ ആശങ്ക ഉയര്‍ന്നിട്ടുണ്ടെന്നും ആശങ്ക പരിഹരിക്കാതെ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. കര്‍ഷകര്‍ക്ക് ആശങ്ക ഉണ്ടാക്കുന്ന ഒരു നിയമവും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിന് 570 തസ്തികകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അസിസ്റ്റന്‍റ് സര്‍ജന്മാരുടെ അഞ്ച് തസ്തികകളും ഗ്രേഡ് 2 നഴ്സിംഗ് ഓഫീസര്‍മാരുടെ 150 തസ്തികകളും, ഗ്രേഡ് 2 ഫാര്‍മസിസ്റ്റുകളുടെ 250 തസ്തികകളും, ഗ്രേഡ് 2 ലാബ് ടെക്നീഷ്യന്മാരുടെ 135 തസ്തികകളുമാണ് പുതിയതായി സൃഷ്ടിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ ചില കാര്യങ്ങൾ ഉദ്ദേശിക്കുന്നുണ്ടെന്നും അതിന് തന്റെ ഓഫീസിനെ ഉപയോഗിക്കേണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സെക്രട്ടറിയേറ്റിനു മുമ്പില്‍ സര്‍വ്വീസ് സംഘടന മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫ്ലെക്സ് സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഘടന ചെയ്തത് ഗുരുതര തെറ്റാണെന്ന് ഹൈക്കോടതി പറഞ്ഞു. സംഘടനാ ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്യുകയാണ് വേണ്ടത്. ഇവര്‍ക്കെതിരെ എന്ത് നടപടിയെടുത്തുവെന്ന് സര്‍ക്കാര്‍ ഒരാഴ്ചക്കുള്ളില്‍ അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ഭക്ഷ്യ സുരക്ഷയില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രോഗത്തിന് ചികിത്സിക്കുക മാത്രമല്ല രോഗം വരാതെ നോക്കുന്നതും പ്രധാനമാണ്. ആരോഗ്യം ഉറപ്പ് വരുത്തുന്നതില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്.ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 211 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. പൊതു ആവശ്യങ്ങൾക്ക് വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ് ഫണ്ടിന്റെ ഒരു ഗഡു കൂടിയാണ് അനുവദിച്ചത്.
വയനാട്ടിലെ ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മൂന്ന് വഞ്ചന കേസുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കാനാണ് തീരുമാനം. പത്രോസ് താളൂർ, സായൂജ്, ഷാജി എന്നിവർ നൽകിയ പരാതികളിലെ കേസുകളാണ് ക്രൈം ബ്രാഞ്ച് അന്വേഷിക്കുക. ആത്മഹത്യ പ്രേരണ കേസിൽ ഐസി ബാലകൃഷ്ണൻ, എൻഡി അപ്പച്ചൻ, കെകെ ഗോപിനാഥൻ എന്നിവരാണ് പ്രതികൾ.
നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധി വിവാദത്തിൽ നിര്‍ണായക ചോദ്യങ്ങളുമായി ഹൈക്കോടതി. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അസ്വഭാവിക മരണം ആണെന്ന് കോടതിക്ക് നിഗമനത്തിൽ എത്തേണ്ടിവരുമെന്നും മരണ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ നിങ്ങളുടെ വാദം പരിഗണിക്കാമെന്നും കോടതി പറഞ്ഞു. നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ ‘സമാധി’ വിവാദത്തിൽ ഭാര്യ സുലോചന നൽകിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം.
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ‘സമാധി’യുമായി ബന്ധപ്പെട്ട ദുരൂഹനീക്കാൻ മണ്ഡപം തുറന്ന് പരിശോധിക്കണമെന്ന ഹൈക്കോടതി വിധിയോട് പ്രതികരിച്ച് മകൻ സനന്ദൻ. കോടതിവിധിയെ മാനിക്കുന്നതായി പറഞ്ഞ അദ്ദേഹം ഇതെല്ലാം അച്ഛൻ പൂജ ചെയ്തിരുന്ന ക്ഷേത്രത്തെ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങളാണെന്ന് ആരോപിച്ചു.
ബോബി ചെമ്മണ്ണൂരിന്‍റെ മാപ്പപേക്ഷ സ്വീകരിച്ച് ഹൈക്കോടതി. നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ചശേഷവും ജയിലിൽ നിന്നും ഇറങ്ങാത്ത നടപടിയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത് കേസും തീര്‍പ്പാക്കി. ബോബി ചെമ്മണ്ണൂരിന്‍റെ അഭിഭാഷകര്‍ നിരുപാധികമായുള്ള മാപ്പ് അപേക്ഷ കോടതിയിൽ നൽകിയതോടെയാണ് കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ അവസാനിപ്പിച്ചത്. ഇനിമേലിൽ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കര്‍ശന താക്കീതാണ് നൽകിയത്.
ഹണി റോസ് ഉള്‍പ്പടെയുള്ള സിനിമ താരങ്ങളെ ഇനിയും ഉദ്ഘാടനങ്ങള്‍ക്കായി ക്ഷണിക്കുമെന്ന് വ്യവസായി ബോബി ചെമ്മണൂര്‍. ഇതിലൂടെ എല്ലാകാലത്തും താന്‍ ഉദ്ദേശിച്ചത് മാര്‍ക്കറ്റിങ് മാത്രമാണെന്നും ബോബി ചെമ്മണൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിലെ ഓർത്തോഡോക്സ്, യാക്കോബായ വിഭാഗങ്ങളിലെ പള്ളികളുടെയും വിശ്വാസികളുടെയും കണക്കെടുന്നത് തടയണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ഓർത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യമാണ് സുപ്രീംകോടതി നിരാകരിച്ചത്. അതേസമയം കണക്കെടുപ്പ് സംബന്ധിച്ച വിശദാംശങ്ങൾ കോടതിക്ക് മാത്രമേ ബെഞ്ച് കൈമാറാവൂ എന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു.
കാട്ടാക്കട അശോകൻ വധക്കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി. 1 മുതൽ 5 വരെയുള്ള പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും, 7, 10,12 പ്രതികൾക്ക് ജീവപര്യന്തവും 50,000 പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ 8 പ്രതികളും ആർഎസ്എസ് പ്രവർത്തകരാണ്.2013 ലാണ് സിപിഎം പ്രവർത്തകനായ അശോകനെ വീട്ടിൽ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നത്. നീണ്ട 9 വർഷത്തിന് ശേഷമാണ് േകസിൽ വിധി വരുന്നത്.
ആനകൾ കൂട്ടമായിട്ടാണ് എത്തിയതെന്ന് മലപ്പുറത്തെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സരോജിനിക്കൊപ്പം ഉണ്ടായിരുന്ന അമ്മിണി പറഞ്ഞു. ഉച്ചക്കുളം ആദിവാസി ഊരിലെ സരോജിനി (നീലി) എന്ന സ്ത്രീയാണ് ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവമുണ്ടായത്.
കൊച്ചി തീരത്തുനിന്ന് 25000 കോടിയുടെ ലഹരി മരുന്നു പിടികൂടിയ കേസിൽ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയ്ക്ക് തിരിച്ചടി. കേസിൽ അറസ്റ്റിലായ ഇറാനിയൻ പൗരൻ സുബൈറിനെ വിചാരണ കോടതി കുറ്റവിമുക്തനാക്കി. പാക്കിസ്ഥാനിൽ നിന്നുള്ള സംഘം ഇന്ത്യയിലേക്ക് ലഹരി കടത്തി എന്നായിരുന്നു എൻസിബിയുടെ കണ്ടെത്തൽ.
സംസ്ഥാനത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ ഇടിമിന്നൽ ജാഗ്രതാ നിർദേശം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്നും തുറസായ സ്ഥലങ്ങളിൽ തുടരരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
എസ്ബിഐ ഉപഭോക്താക്കളോട് ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ട് അയക്കുന്നതായുള്ള മെസേജ് വ്യാജം. 9980 രൂപയുടെ എസ്‌ബിഐ നെറ്റ്‌ബാങ്കിംഗ് റിവാര്‍ഡ് പോയിന്‍റുകള്‍ ലഭിക്കാനായി ഡൗണ്‍ലോഡ് ചെയ്‌ത് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്ന എപികെ ഫയലാണ് സന്ദേശത്തിനൊപ്പം പ്രചരിക്കുന്നത്. എന്നാല്‍ ഈ സന്ദേശം വ്യാജമാണ് എന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലാണ് ഇന്ത്യക്ക് യഥാർത്ഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാഗവതിന്റെ പരാമർശം രാജ്യദ്രോഹപരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭാഗവത് മറ്റേതെങ്കിലും രാജ്യത്തായിരുന്നെങ്കിൽ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യപ്പെട്ടേനേയെന്നും രാഹുൽ പറഞ്ഞു.
ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് വനിതാ ടീം പുതിയ ചരിത്രം സൃഷ്ടിച്ചു. ക്യാപ്റ്റന്‍ സ്മൃതി മന്ദാനയുടെയും പ്രതിക റാവലിന്റെയും സെഞ്ചുറികളുടെ ബലത്തില്‍ അയര്‍ലന്‍ഡിനെതിരെ ഇന്ത്യന്‍ വനിതകള്‍ 50 ഓവറില്‍ 435 റണ്‍സടിച്ചു. അഞ്ചുവിക്കറ്റ് നഷ്ടത്തിലായിരുന്നു ഇന്ത്യയുടെ കൂറ്റന്‍സ്‌കോര്‍.