മാറിമാറി വരുന്ന പ്രകൃതി ദുരന്തങ്ങളുടെ സാഹചര്യത്തിൽ പ്രത്യേക ഗ്രാന്‍റും കൂടുതൽ വിഹിതവും അനുവദിക്കണമെന്ന് ധനകാര്യ കമ്മീഷനോട് കേരളം. സംസ്ഥാനത്തിനുള്ള ധനവിഹിതത്തിൽ കാര്യമായ വർധന വേണമെന്നും 16ാം ധനകാര്യകമ്മീഷനോട് സർക്കാരും പ്രതിപക്ഷവും ഒരു പോലെ ആവശ്യപ്പെട്ടു. കേരളത്തിന്‍റെ വികസന പുരോഗതി കൂടി കണക്കിലെടുത്ത് നികുതി വിഹിതം കണക്കാക്കുന്നതിനുള്ള മാനദണ്ഡം കാലോചിതമായി പരിഷ്കരിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ട് വെച്ചിട്ടുണ്ട്.
പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനമായ ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ക്ക് മറ്റുവഴികളില്ലെന്നും വേദനാജനകമായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്‌റാം രമേശ് വ്യക്തമാക്കി.
വിഴിഞ്ഞം വിഷയത്തിൽ കേന്ദ്ര സർക്കാരിന്‍റെ മറുപടി കേരളത്തോടുള്ള നിർമ്മല സീതാരാമന്‍റെ വെറുപ്പും ബിജെപിയുടെ രാഷ്ട്രീയ പകപോക്കലും തുറന്നുകാട്ടുന്നതാണെന്ന് സിപിഐ എംപി അഡ്വ പി സന്തോഷ് കുമാർ. വിഴിഞ്ഞം അന്താരാഷ്ട്ര കടൽ വികസന പദ്ധതിക്ക് നൽകിയ വയബിലിറ്റി ഗ്യാപ് ഫണ്ട് സംബന്ധിച്ച് എംപി പാർലമെന്‍റിൽ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനു മന്ത്രാലയം നൽകിയ മറുപടി പ്രകാരം വിജിഎഫ് പദ്ധതിയിൽ വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര സർക്കാർ 817.80 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ വായ്പയായിട്ടല്ല ഗ്രാന്‍റായാണ് വിജിഎഫ് നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
കെ ഗോപാലകൃഷ്ണൻ ഐ എ എസിനും അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനുമെതിരെ വിമർശനവുമായി എൻ പ്രശാന്ത് ഐ എ എസ്. രണ്ട് ഉദ്യോഗസ്ഥരും തന്നെ കുടുക്കാൻ വ്യാജ ഫയൽ ഉണ്ടാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. തെളിവായി ഇ ഓഫീസ് ലോഗ് രേഖകളും പ്രശാന്ത് ഫേസ്ബുക്കിൽ പങ്കുവെച്ചു. ഈ-ഓഫീസിലെ പിഡിഎഫ് ഫയലിന്റെ ഏറ്റവും താഴെ ഡൗൺലോഡ് ചെയ്ത വ്യക്തിയുടെ വിവരം കാണിക്കും ഈ ഭാഗമാണ് പ്രശാന്ത് പങ്കുവെച്ചത്.
മുനമ്പം ഭൂമി തർക്കം പരിഗണിക്കേണ്ടത് സിവിൽ കോടതിയാണെന്ന് ഹൈക്കോടതി. വഖഫ് നോട്ടീസിൻമേലുളള തുടർ നടപടികളിൽ നിന്ന് മുനമ്പത്തുകാർക്ക് ഇടക്കാല സംരക്ഷണം നൽകാൻ താൽക്കാലിക സ്റ്റേ അനുവദിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ പറഞ്ഞു. മുനമ്പത്തെ തർക്കഭൂമി ഫറൂഖ് കോളജ് അധികൃതരിൽ നിന്ന് തങ്ങളുടെ പൂർവികർ വാങ്ങിയതാണെന്നും വഖഫ് നടപടികൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുളള പ്രദേശവാസികളായ ചിലരുടെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ പരാമർശം.
മാടായി കോളേജിൽ നിയമനം നടത്തിയത് പണം വാങ്ങിയെന്ന് അഭിമുഖത്തിനെത്തിയ ഉദ്യോഗാര്‍ത്ഥി. രണ്ട് പേർക്ക് ജോലി വാഗ്ദാനം നൽകിയെന്ന് അഭിമുഖ ദിവസം തന്നെ പരാതി നൽകിയിരുന്നു ഇതേ ആളുകൾക്ക് തന്നെയാണ് ഇന്നലെ കോളേജിൽ നിയമനം നൽകിയതെന്നും നിയമനം സുതാര്യമെന്ന എംകെ രാഘവൻ എംപിയുടെ വാദം തെറ്റാണെന്നും ഉദ്യോഗാർത്ഥിയായ ടിവി നിധീഷ് ആരോപിച്ചു.
വയനാട് ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നൽകാമെന്ന കര്‍ണാടക സര്‍ക്കാരിന്‍റെ വാഗ്ദാനത്തിൽ കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് വിശദീകരിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഇപ്പോഴും വീട് നിര്‍മിക്കാനുള്ള സ്ഥലം പണം കൊടുത്ത് വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക സര്‍ക്കാര്‍ തയ്യാറാണെന്നും കത്തിൽ സിദ്ധരാമയ്യ വ്യക്തമാക്കി.
വയനാട്ടില്‍ 100 വീടുകള്‍ വാഗ്ദാനം ചെയ്തുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ കത്തിനോട് സംസ്ഥാന സര്‍ക്കാര്‍ നിസംഗത പുലര്‍ത്തിയത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വയനാട് പുനരധിവാസത്തില്‍ അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.കേരള സര്‍ക്കാര്‍ ചെയ്തത് വയനാടിനെ അവഗണിക്കുന്ന കേന്ദ്ര നിലപാടിന് തുല്യമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു.
പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ടിൽ കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിൽ എന്തെല്ലാം ഉൾപ്പെണമെന്ന കാര്യത്തിൽ കേരളത്തിന്റെ നിലപാട് കൃത്യമായി ബോധ്യപ്പെടുത്തിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. റിപ്പോർട്ട് തയ്യാറാക്കുന്നതിനായുള്ള ചർച്ചകളുടെ ഭാഗമായി കേരളത്തിലെത്തിയ നീതി ആയോഗ് മുൻ വൈസ് ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയ ചെയർമാനായ കമ്മീഷന് മുന്നിലാണ് കേരളത്തിന്റെ ആവശ്യങ്ങളും നിലപാടും അറിയിച്ചത്.
സംവിധായകൻ രഞ്ജിത്തിന് എതിരായ പീഡന പരാതിയിൽ കേസന്വേഷണത്തിന് സ്റ്റേ അനുവദിച്ചുള്ള വിധിപ്പകർപ്പിന്റെ വിശദാശങ്ങൾ പുറത്ത്. പരാതിക്കാരനെതിരെ രൂക്ഷ വിമർശനമുന്നയിച്ചാണ് കർണാടക ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തത്. രഞ്ജിത്തിനെതിരെ പരാതി നൽകിയ യുവാവ് പറയുന്നത് പച്ചക്കള്ളമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
കേരളത്തിൽ ചാവേർ ബോംബ് ആക്രമണത്തിന് പദ്ധതിയിട്ടതിന് വിചാരണക്കോടതി പത്തുവർഷത്തെ തടവിന് ശിക്ഷിച്ച റിയാസ് അബൂബക്കറിന് ഹൈക്കോടതി ശിക്ഷാ ഇളവ് നൽകി. കൊച്ചിയിലെ എൻ ഐ എ കോടതി വിധിച്ച പത്തുവർഷത്തെ തടവ് ശിക്ഷയാണ് എട്ടു വർഷമായി കുറച്ചത്. നിലവിൽ അഞ്ചുവർഷമായി ഇയാൾ ജയിലിലാണ്.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കാലടി സർവകലാശാല കേന്ദ്രീകരിച്ചാണ് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നത്. അടുത്ത വർഷം ഇതിന്റെ ആഭിമുഖ്യത്തിൽ എല്ലാ കലാലയങ്ങളിലും ജെൻഡർ പാർലമെന്റുകൾ നടത്തുമെന്നും മന്ത്രി പറഞ്ഞു.
റഷ്യയിലേക്ക് യുദ്ധത്തിനായി മനുഷ്യക്കടത്ത്. തൃശൂര്‍ സ്വദേശികളായ ജയിന്‍, ബിനില്‍ എന്നിവരെ ജോലിക്കെന്ന് പറഞ്ഞ് എത്തിച്ച ശേഷം യുദ്ധരംഗത്തേക്ക് അയച്ചെന്നാണ് വീട്ടുകാര്‍ക്ക് ലഭിച്ച സന്ദേശം. വീട്ടുകാരുടെ പരാതിയില്‍ മോചനത്തിനായി എംബസി മുഖാന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ അറ്റകുറ്റപ്പണിയെ ചൊല്ലിയുള്ള തർക്കത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചോദ്യത്തിനാണ് സ്റ്റാലിന്റെ വിശദീകരണം.
സംസ്ഥാനത്തിന് ചെറിയ തുകയ്ക്ക് വൈദ്യുതി ലഭിച്ചു കൊണ്ടിരുന്ന കരാര്‍ റദ്ദാക്കി അദാനിയുമായി കൂടിയ വിലയ്ക്ക് കരാര്‍ ഒപ്പിട്ടതില്‍ വന്‍ അഴിമതിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്തുകൊണ്ട് കുറഞ്ഞ നിരക്കിലുള്ള വൈദ്യുതി വാങ്ങിയില്ല എന്നതിന്റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മന്ത്രിക്കു ബാധ്യതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്നും ഇത് പ്രകാരം വ്യാഴാഴ്ച ഇടുക്കി, എറണാകുളം, തൃശൂർ എന്നീ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ക്ഷത്രിയ സമുദായത്തെ അപമാനിക്കുന്നതാണ് പുഷ്പ 2 ചിത്രം എന്ന് ആരോപിച്ച് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ക്കെതിരെ സാമുദായിക സംഘടനയായ കര്‍ണി സേന നേതാവായ രാജ് ഷെഖാവത്ത്. ചിത്രത്തിൽ ഷെഖാവത്ത് എന്ന വാക്ക് പലയിടത്തും അധിക്ഷേപം പോലെയാണ് ഉപയോഗിക്കുന്നത് ഇത് ക്ഷത്രിയ സമൂഹത്തെ അപമാനിക്കുന്നതിന് തുല്യമാണ്. അതിനാല്‍ സിനിമയിൽ നിന്ന് ആ വാക്ക് നീക്കം ചെയ്യണമെന്ന് നിർമ്മാതാക്കളോട് രാജ് ഷെഖാവത്ത് ആവശ്യപ്പെട്ടു.
കര്‍ണാടകയിലെ ബെലഗാവിയില്‍ ലിംഗായത്ത് പഞ്ചമശാലി സമുദായത്തിന്റെ സംവരണ പ്രതിഷേധം അക്രമാസക്തമായി. സമുദായ മേധാവി ബസവജയ മൃത്യുഞ്ജയ് സ്വാമിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രക്ഷോഭത്തിനിടെ പോലീസ് ലത്തിച്ചാര്‍ജ് നടത്തി. കര്‍ണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിനിടെയാണ് സംഭവം.
ഹരിയാനയിലെ ഗുരുഗ്രാമിൽ നൈറ്റ് ക്ലബ്ബിന് നേരെ പെട്രോൾ ബോംബെറിഞ്ഞ സംഭവത്തിൽ ഒരു യുവാവ് അറസ്റ്റിലായി. ഉത്തർപ്രദേശിലെ മീററ്റിലെ സ്വദേശിയായ സച്ചിൻ എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
റഷ്യയും യുക്രൈനും ഒരുമിച്ച് നിർമിച്ച യുദ്ധക്കപ്പൽ ഇന്ത്യക്ക് കൈമാറി. 2016ലാണ് ഇന്ത്യ രണ്ട് യുദ്ധക്കപ്പൽ നിർമിക്കാൻ ഓർഡർ നൽകിയത്.ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് തിങ്കളാഴ്ച മോസ്‌കോയിൽ എത്തിയപ്പോൾ റഷ്യ കപ്പൽ ഇന്ത്യക്ക് കൈമാറി.
അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ശേഖർ കുമാർ യാദവിന്‍റെ വിവാദ പരാമർശങ്ങളെ കുറിച്ച് സുപ്രീം കോടതി അന്വേഷണം തുടങ്ങി. രാജ്യത്ത് ഭൂരിപക്ഷ സമുദായത്തിന്‍റെ താത്പര്യമാണ് നടപ്പാകേണ്ടതെന്ന ശേഖർ കുമാർ യാദവിന്‍റെ വിവാദ പ്രസംഗത്തിൽ അലഹബാദ് ഹൈക്കോടതിയിൽ നിന്ന് വിവരങ്ങൾ തേടിയതായി സുപ്രീംകോടതി വ്യക്തമാക്കി.
കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ വീണ്ടും പരിഹസിച്ച് നിയുക്ത യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജസ്റ്റിന്‍ ട്രൂഡോയെ ഗവര്‍ണര്‍ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ട്രൂത്ത് സോഷ്യല്‍ എന്ന സാമൂഹിക മാധ്യമത്തിലൂടെ ട്രംപ് പരിഹസിച്ചത്.