Screenshot 2024 02 27 20 21 14 990 com.android.chrome edit 2

 

വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയതായി കേന്ദ്ര സ‍ർക്കാർ. 2219 കോടി രൂപയുടെ പാക്കേജ് അന്തർ മന്ത്രാലയ സമിതി പരിശോധിക്കുകയാണ്. മാർഗ നിർദ്ദേശങ്ങൾക്കനുസരിച്ചാകും സഹായ ധനത്തിൽ തീരുമാനം. ഗുരുതര സ്വഭാവത്തിലുള്ള ദുരന്തം എന്ന ഗണത്തിലാണ് വയനാട് ദുരന്തത്തെ കേന്ദ്രം ഉൾപ്പെടുത്തിയത്.

 

വയനാടിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ അമിത്ഷായെ കണ്ടു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് എംപിമാര്‍ ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ എടുത്ത നടപടികള്‍ അറിയിക്കാമെന്ന് അമിത്ഷാ ഉറപ്പുനല്‍കിയതായി പ്രിയങ്ക വ്യക്തമാക്കി.

 

കേരത്തിലെ റെയിൽവേ പ്രൊജക്ടിനായി ഭൂമി ഏറ്റെടുക്കുന്നതിനു വേണ്ടി ആവശ്യമെങ്കിൽ  കോൺഗ്രസ് എംപി ശശി തരൂരിന് ധർണ  നടത്താമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ശശി തരൂർ എം പിയുടെ മണ്ഡലമായ തിരുവനന്തപുരത്തെ നേമം റെയിൽവേ ടെർമിനൽ പദ്ധതിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

 

ക്രിമിനല്‍ കേസുകളിലെ അപ്പീലിൽ ശിക്ഷ മരവിപ്പിക്കുന്നതിന് പിഴത്തുക കെട്ടിവയ്ക്കണമെന്ന ഉപാധി പാടില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ബലാത്സംഗ കേസിലെ ശിക്ഷ മരവിപ്പിക്കാന്‍ വിചാരണ കോടതി ഉത്തരവിട്ട 50000 രൂപയുടെ പിഴ കെട്ടി വയ്ക്കാനുള്ള കേരള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ഭേദഗതി ചെയ്തു. പിഴയും ശിക്ഷയുടെ ഭാഗമാണ്. അതുകൊണ്ട് അപ്പീലില്‍ പിഴയും ചോദ്യംചെയ്യപ്പെടുകയാണെന്ന്  സുപ്രീം കോടതി വ്യക്തമാക്കി.

 

പുതിയ എംഎൽഎമാരായ യു ആര്‍ പ്രദീപിനും രാഹുല്‍ മാങ്കൂട്ടത്തിലിനും നീല ട്രോളി ബാഗില്‍ ഉപഹാരം നല്‍കി സ്പീക്കര്‍. ഭരണഘടനയും നിയമസഭാ ചട്ടങ്ങൾ അടങ്ങുന്ന പുസ്തകങ്ങളുമാണ് ബാഗിൽ ഉള്ളത്. ബാഗ് എംഎൽഎ ഹോസ്റ്റലിൽ എത്തിച്ചു. ഉടൻ ഉപഹാരം രാഹുലിനും യു ആര്‍ പ്രദീപിനും കൈമാറും. നീല ട്രോളി ബാഗ് യാദൃശ്ചികമാണെന്നാണ് സ്പീക്കറുടെ ഓഫീസില്‍ നിന്ന് അറിയിക്കുന്നത്.

 

പാസ്‍പോർട്ടിന് അപേക്ഷിച്ചവരെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെതിരെ ജാഗ്രതാ നിർദേശവുമായി പൊലീസ്. പലതരം വാഗ്ദാനങ്ങളുമായി നിങ്ങളെ തേടിയെത്തുന്ന മെസേജുകളും അവയിലെ ലിങ്കുകളും സൂക്ഷിക്കണമെന്ന് തൃശ്ശൂർ സിറ്റി പൊലീസ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിച്ച അറിയിപ്പിൽ മുന്നറിയിപ്പ് നൽകുന്നു.

കേരളത്തിന്റെ ഹെലി ടൂറിസം നയത്തിന് മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി. സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിച്ചേരാനുള്ള ഹെലികോപ്റ്റര്‍ സര്‍വ്വീസ് നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഹെലി പോര്‍ട്ട്‌സ്, ഹെലി സ്റ്റേഷന്‍സ്, ഹെലിപാഡ്‌സ് തുടങ്ങിയവയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പോളിസിയില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.

 

സിബിഎസ്‍ഇ ഒൻപത്, പത്ത് ക്ലാസുകളിലേക്കുള്ള സയൻസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ സ്റ്റാൻഡേർഡ്, അഡ്വാൻസ്ഡ് എന്നീ തലങ്ങളിൽ പരീക്ഷ നടത്താൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്. വിഷയം കരിക്കുലം കമ്മിറ്റി ചർച്ച ചെയ്തുവെങ്കിലും ​ഗവേണിങ് ബോഡിയുടെ അം​ഗീകാരം ലഭിച്ചാൽ 2026-27 അധ്യയന വർഷം മുതൽ രീതി തുടരാനാണ് നീക്കം.

 

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈകോടതിയുടെ താക്കീത്. തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഫയൽ ചെയ്ത റിപ്പോർട്ട് കോടതി പരിഗണിക്കവെ ദേവസ്വങ്ങളെ ഹൈക്കോടതി താക്കീത് ചെയ്തു. നിർദ്ദേശം എന്ത് കൊണ്ട് നടപ്പാക്കുന്നില്ലെന്നും മതത്തിന്‍റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുതെന്നും സാമാന്യ ബുദ്ധി പോലുമില്ലേ എന്നും കോടതി ചോദിച്ചു.

 

അമിതനിരക്ക് ഈടാക്കുന്നത് ഒഴിവാക്കാൻ പ്രീപെയ്ഡ് രീതിയിലേക്ക് ഡോളി സർവീസ് മാറ്റാനുള്ള ദേവസ്വം നീക്കത്തിനെതിരെ തൊഴിലാളികളുടെ പ്രതിഷേധത്തിൽ വിമർശനവുമായി ഹൈക്കോടതി. അയ്യപ്പ ഭക്തരെ ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും തീർത്ഥാടന കാലയളവിൽ ഇത്തരം പ്രവർത്തികൾ ഇനി പാടില്ലെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിലപാടെടുത്തു. ഇതേ തുടർന്ന് പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും കോടതി വിലക്ക് ഏർപ്പെടുത്തി.

 

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം നൽകി ഉത്തരവ്. മഞ്ജുഷയുടെ അപേക്ഷ പരിഗണിച്ചാണ് നടപടി. ഉത്തരവാദിത്തപ്പെട്ട ചുമതലകളിൽ നിന്നൊഴിവാക്കി കളക്ടേറ്റിലേക്ക് മാറ്റി നൽകണമെന്ന് മഞ്ജുഷ ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം നൽകിയത്.

 

മധു മുല്ല ശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ അംഗത്വം നല്‍കി. പാർട്ടിയിൽ ചേരുന്നവരെ ബിജെപി സംരക്ഷിക്കുമെന്നും പി എഫ് ഐ നിരോധനത്തിന് ശേഷം സി പി എം , പി എഫ് ഐ ക്കാരെ പാർട്ടിയിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം കേരളത്തിൽ അസ്തമിക്കാൻ പോവുകയാണെന്നും പിണറായി വിജയന്‍റെ കാലത്ത് തന്നെ ഉദകക്രിയ നടക്കുമെന്നും പല ജില്ലകളിൽ നിന്നായി സിപിഎം നേതാക്കൾ ബിജെപിയിലേക്ക് എത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

 

സമസ്തയും മുസ്ലിം ലീഗും തമ്മിലുള്ള ഭിന്നതയില്‍ നിലപാട് വ്യക്തമാക്കി എ.പി വിഭാഗം നേതാവും എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയുമായ എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി. സമസ്തയുടെ കൂടി ഭാഗമായ ലീഗ് നേതാക്കള്‍ സുന്നി വിരുദ്ധ ആശയങ്ങളെ പിന്തുണക്കുന്നതാണ് ഇപ്പോഴുള്ള അസ്വസ്ഥതകള്‍ക്ക് കാരണമെന്ന് ഹക്കീം അസ്ഹരി പറഞ്ഞു. മുസ്ലിം ലീഗ് രൂപീകരിക്കുന്നതിന് മുമ്പ് സമസ്ത സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ലീഗിന് സമസ്തയെ നിയന്ത്രിക്കുന്നതിന് സാംഗത്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

കൊടകര കുഴൽപ്പണക്കേസിൽ തിരൂർ സതീഷിന്റെ രഹസ്യ മൊഴിയെടുക്കാൻ കോടതിയുടെ അനുമതി. തൃശ്ശൂർ സി ജെ എം കോടതിയാണ് രഹസ്യ മൊഴിയെടുക്കാൻ അനുമതി നൽകിയത്. കുന്നംകുളം കോടതിയിലാണ് രഹസ്യ മൊഴി രേഖപ്പെടുത്തുക. തീയതി കോടതി നിശ്ചയിച്ചിട്ടില്ല. കുഴൽപ്പണം ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നു എന്നായിരുന്നു മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്റെ വെളിപ്പെടുത്തൽ.

ഇടമുളയ്ക്കല്‍ സഹകരണ ബാങ്ക് ക്രമക്കേടില്‍ കേസെടുക്കാന്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്‌ ഹൈക്കോടതി നിര്‍ദ്ദേശം. ആരോപണവിധേയരുടെ സ്ഥാവര ജംഗമവസ്തുക്കള്‍ ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും കോടതി ഉത്തരവിട്ടു.കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ സര്‍ക്കാറിനെതിരെ നടപടിയുണ്ടാവുമെന്നും സുപ്രീം കോടതിയില്‍ പോയി കാലുപിടിക്കേണ്ടിവരുമെന്നും കോടതി വിമര്‍ശിച്ചു.

 

പ്രസവത്തിൽ കുഞ്ഞിൻ്റെ കൈക്ക് ചലന ശേഷി നഷ്ടമായെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. ആലപ്പുഴ വനിത ശിശു ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് കേസ്. കഴിഞ്ഞവർഷം ജൂലൈ 23 ന് ആശുപത്രിയിൽ ജനിച്ച കുഞ്ഞിന് വലതുകൈക്ക് ചലനശേഷി ഇല്ലാതെ വന്നതോടെയാണ് അച്ഛൻ ആലപ്പുഴ ചിറപ്പറമ്പ് വിഷ്ണു പൊലീസിനെ സമീപിച്ചത്. വാക്വം ഡെലിവറി വഴി പ്രസവം നടത്തിയപ്പോൾ ഉണ്ടായ പിഴവാണ് വലതു കൈയുടെ ചലന ശേഷി നഷ്ടമാക്കിയതെന്നാണ് ആരോപണം.

 

ഭാര്യയുടെ സ്ത്രീധന പീഡന പരാതിയിൽ മുൻകൂർ ജാമ്യം തേടി ബിപിൻ സി ബാബു ഹൈക്കോടതിയിൽ. പരാതി വാസ്തവ വിരുദ്ധമാണെന്നാണ് ബിപിൻ സി ബാബു ആരോപിക്കുന്നത്. പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതിന്റെ ഭാഗമായുള്ള രാഷ്ട്രീയ പകപോക്കലാണ് പരാതിക്ക് പിന്നിലെന്നും ബിപിൻ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

 

കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേര്‍ന്നു. പത്തിയൂർ മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ അഞ്ച് പേർ ബിജെപിയിൽ ചേർന്നു. മുൻ ബ്രാഞ്ച് സെക്രട്ടറി രാജൻ, ഗീത ശ്രീകുമാർ, വേണു നാലാനക്കൽ എന്നിവരെ ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. പത്താം തിയ്യതി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്തിലെ 12 ആം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സ്വീകരണം.

 

കരുളായി ഉൾവനത്തിൽ പാറയിൽ നിന്ന്കാൽ വഴുതി വീണ് ആദിവാസി യുവതിക്ക് ദാരുണാന്ത്യം. ചോല നായിക്ക ആദിവാസി വിഭാഗത്തിൽപ്പെട്ട മാതി (27) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രിയായിരുന്നു അപകടം. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

 

ആറാട്ടുപുഴയിൽ ഭാര്യവീട്ടിലെത്തിയ യുവാവ് മ‍രിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പിൽ വിഷ്ണുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മൻ, പൊടിമോൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി. തലയ്ക്കുണ്ടായ ആന്തരിക ക്ഷതമാണ് മരണകാരണമെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. കേസിൽ നാല് പ്രതികളും ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

 

എറണാകുളം കോലഞ്ചേരിയിൽ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികളടക്കം മൂന്ന് പേർക്ക് പരുക്ക്. പടപ്പറമ്പ് കവലയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ടു വന്ന കാറ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. പരുക്കേറ്റ മൂന്ന് പേരിൽ ഒരു പെൺകുട്ടിയുടെ നില അതീവ ഗുരുതരമെന്നാണ് വിവരം. ശ്രീനാരായണ ഗുരുകുലം കോളേജിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്.

 

കാസര്‍കോട്‌-തിരുവനന്തപുരം വന്ദേഭാരത് ഒരു മണിക്കൂറിലേറെയായി ഷൊര്‍ണൂര്‍ പാലത്തിന് സമീപം പിടിച്ചിട്ടിരിക്കുന്നു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ്‌ ട്രെയിന്‍ പിടിച്ചിട്ടിരിക്കുന്നത്. പ്രശ്‌നം പരിഹരിച്ച ഉടന്‍ ട്രെയിന്‍ പുറപ്പെടുമെന്നാണ്‌ റെയില്‍വേയില്‍ നിന്നുള്ള അറിയിപ്പ്. അതേസമയം സാങ്കേതിക പ്രശ്‌നം എന്താണെന്ന് വ്യക്തമല്ല.

 

ഉപഗ്രഹത്തിൽ സാങ്കേതികപ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് പ്രോബ-3 പേടകത്തിന്‍റെ വിക്ഷേപണം മാറ്റി. ഇന്ന് വൈകിട്ട് 4.08 ന് ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി59 ഉപയോഗിച്ചാണ് വിക്ഷേപണം നടത്താനിരുന്നത്. വിക്ഷേപണത്തിന് 43 മിനിട്ട് 50 സെക്കന്‍ഡ് ബാക്കിയുള്ളപ്പോൾ കൌണ്ട്ഡൌണ്‍ നിർത്തി. നാളെ വൈകീട്ട് 4.12ന് വിക്ഷേപണം നടത്താൻ ശ്രമിക്കും. ഐഎസ്ആര്‍ഒയുടെ കൊമേഴ്‌സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സഹകരിച്ചാണ് പ്രോബ-3 ദൗത്യം നയിക്കുന്നത്.

 

രാവിലെ ഒമ്പതരയോടെ ദില്ലിയിൽ നിന്ന് പുറപ്പെട്ട രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാവിലെ 11ഓടെ സംഭലിലേക്ക് അതിര്‍ത്തിയിൽ എത്തിയെങ്കിലും പൊലീസ് തടഞ്ഞു. ഗാസിപുര്‍ അതിര്‍ത്തിയിൽ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടും തടയുകയായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റു നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി അതിര്‍ത്തിൽ പൊലീസ് തടഞ്ഞതോടെ മുന്നോട്ട് പോകാനായില്ല.

 

ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന് അഭിമാനിക്കാവുന്ന നേട്ടമായി കൊല്‍ക്കത്ത നഗരം. ആഗോള നേച്ചര്‍ ഇന്‍ഡക്സ് 2024 പട്ടികയില്‍ ലോകത്തെ പ്രധാന നഗരങ്ങളില്‍ മുന്‍നിരയില്‍ കൊല്‍ക്കത്തയും. ആഗോള തലത്തില്‍ 200 ശാസ്ത്ര നഗരങ്ങളില്‍ 84-ാം സ്ഥാനത്താണ് കൊല്‍ക്കത്ത. ആഗോളതലത്തിൽ ബെയ്ജിംഗ് ഒന്നാം സ്ഥാനം നിലനിർത്തി.

 

സംഭലിൽ ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഷൻ്റ് ചെയ്തു. സംഭൽ ആക്രമണത്തിൽ ജയിലിൽ കഴിയുന്നവരെ കാണാൻ സമാജ് വാദി പാർട്ടി നേതാക്കൾക്ക് അവസരം ഒരുക്കിയതിനാണ് സസ്പെൻഷൻ.തിങ്കളാഴ്ചയാണ് സമാജ് വാദി പാർട്ടി നേതാക്കൾ ജയിലിൽ സന്ദർശനം നടത്തിയത്.

 

മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിനെ തെരഞ്ഞെടുത്തതില്‍ ആശ്വാസത്തോടെ ബിജെപി. ഫഡ്നവിസ് നാളെ മുംബൈയിലെ ആസാദ് മൈതാനിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മഹരാഷ്ട്രയിൽ ബിജെപി നേതൃത്വം നൽകുന്ന മഹായുതി സഖ്യം മിന്നുന്ന വിജയം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി സ്ഥാനം തർക്കത്തിലായിരുന്നു. ശിവസേന നേതാവും നിലവിലെ മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ വഴങ്ങാതായതോടെയാണ് അനിശ്ചിതത്വമുണ്ടായത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നത ബിജെപി നേതാക്കൾ ഇടപെട്ടതോടെ ഷിൻഡെ അയഞ്ഞു.

 

രാജ്യത്ത് ദേശാടന പക്ഷികൾക്ക് പ്രിയപ്പെട്ട സംസ്ഥാനം ഗുജറാത്തെന്ന് റിപ്പോർട്ട്. സംസ്ഥാന സർക്കാർ ചൊവ്വാഴ്ച പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. ലോക വന്യ ജീവി സംരക്ഷണ ദിനത്തിന് മുന്നോടിയായാണ് റിപ്പോർട്ട് തയ്യാറാക്കിയത്. 2024ൽ 18 മുതൽ 20 ലക്ഷം വരെ ദേശാടന പക്ഷികളാണ് ഗുജറാത്തിലെത്തിയതെന്നാണ് കണക്കുകൾ വിശദമാക്കുന്നത്.

 

അണ്ടര്‍-19 ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരായ തകര്‍പ്പന്‍ വിജയത്തോടെ ഇന്ത്യ സെമിയിലെത്തി. വെള്ളിയാഴ്ച നടക്കുന്ന സെമിയില്‍ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളികള്‍. മറ്റൊരു സെമി ഫൈനലില്‍ പാകിസ്താനും ബംഗ്ലാദേശും ഏറ്റുമുട്ടും.

റെസ്റ്റോറൻ്റുകളിലും ഹോട്ടലുകളിലും പൊതുസ്ഥലങ്ങളിലും ബീഫ് വിളമ്പുന്നതും കഴിക്കുന്നതും നിരോധിക്കാൻ അസം സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. മാട്ടിറച്ചി ഉപഭോഗം സംബന്ധിച്ച് നിലവിലുള്ള നിയമം ഭേദഗതി ചെയ്ത് പുതിയ വ്യവസ്ഥകൾ ഉൾപ്പെടുത്താൻ സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

 

ഓര്‍ത്തോഡോക്സ്-യാക്കോബായ സഭാ തര്‍ക്കത്തില്‍ ഉള്‍പ്പെട്ട മലങ്കര സഭയുടെ പള്ളികളിലെ സെമിത്തേരികളില്‍ ശവസംസ്‌കാര ശുശ്രൂഷ നടത്താന്‍ 1934 ലെ സഭ ഭരണഘടന അംഗീകരിക്കണമെന്ന നിബന്ധന പാടില്ലെന്ന് സുപ്രീം കോടതി. സെമിത്തേരികളിലെ ശവസംസ്‌കാര ശുശ്രൂഷ നടത്താന്‍ യാക്കോബായ സഭയുടെ പുരോഹിതര്‍ക്കര്‍ക്ക് വഴി ഒരുങ്ങുന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പുറത്ത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *