തെറ്റായ രേഖ ചമച്ച് അനർഹർ പെൻഷൻ പറ്റിയ സംഭവം ഗുരുതരമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. സംഭവത്തിൽ ഉൾപ്പെട്ട ആളുകളോട് വിശദീകരണം തേടണമെന്നും തെറ്റായ കാര്യം ചെയ്തവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റായ കാര്യങ്ങൾ ആര് ചെയ്താലും അവരെ അംഗീകരിക്കില്ല എന്ന നിലപാട് അല്ലേ സംഘടനകൾ സ്വീകരിക്കേണ്ടതെന്നും മന്ത്രി ചോദിച്ചു.
എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണമുന്നയിച്ച് ടിവി പ്രശാന്തൻ പരാതി നൽകിയിരുന്നോ എന്ന വിവരാവകാശ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നൽകിയില്ലെന്ന് റിപ്പോർട്ട്. ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് നേതാവ് ടി എൻ ഖാദർ നൽകിയ വിവരാവകാശ അപേക്ഷയാണ് തള്ളിയത്. പരാതിയുടെ കൃത്യമായ കാലയളവില്ലാതെ മറുപടി നൽകാൻ കഴിയില്ല എന്നാണ് വിശദീകരണം.
മന്ത്രി സജി ചെറിയാൻെറ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസ് കൊല്ലം ക്രൈം ബ്രാഞ്ച് എസ്പി സുരേഷ് കുമാറിൻെറ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്. എസ്പിക്ക് കീഴുള്ള സംഘത്തെ അന്വേഷണ ഉദ്യോഗസ്ഥന് തീരുമാനിക്കാമെന്നാണ് ക്രൈം ബ്രാഞ്ച് മേധാവിയുടെ ഉത്തരവ്.
മല്ലു ഹിന്ദു ഓഫീസേർസ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ സസ്പെൻഷനിലുള്ള ഐ.എ.എസ് ഓഫീസർ കെ ഗോപാലകൃഷ്ണന് കുറ്റാരോപണ മെമ്മോ നൽകി. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് ഗുരുതര കുറ്റങ്ങൾ ആരോപിച്ച് മെമ്മോ നൽകിയത്. സംസ്ഥാനത്തെ ഐ എ എസ് ഓഫീസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചു, അനൈക്യത്തിന്റെ വിത്തുകൾ പാകി, ഓൾ ഇന്ത്യ സർവീസ് കേഡറുകൾ തമ്മിലുള്ള ഐക്യദാർഢ്യം തകർക്കാൻ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് മെമ്മോയിൽ ആരോപിക്കുന്നത്. മെമ്മോയ്ക്ക് 30 ദിവസത്തിൽ കെ ഗോപാലകൃഷ്ണൻ മറുപടി നൽകണം.
സിപിഎം തരംതാഴ്ത്തിയ പാലക്കാട്ടെ നേതാവ് പി.കെ ശശിക്കെതിരെ മണ്ണാർക്കാട് ഏരിയ സമ്മേളനത്തിൽ രൂക്ഷവിമർശനം. ശശിയുടെ നിലപാടുകൾ ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് വോട്ട് കുറയാൻ ഇടയാക്കിയെന്നും, മുസ്ലീം ലീഗ് ഭരിക്കുന്ന അരിയൂർ ബാങ്കിലെ അഴിമതി പുറത്തു കൊണ്ടുവരുന്നതിൽ വീഴ്ച പറ്റിയെന്നും, ശശിയും ഭരണ സമിതിയും തമ്മിലുള്ള ബന്ധം ഇതിന് കാരണമായതെന്നും സിപിഎം പാലക്കാട് ജില്ലാ സെകട്ടറി ഇ എൻ സുരേഷ് ബാബു പ്രസംഗത്തിൽ പറഞ്ഞു.
ഡിജിറ്റൽ സർവകാലാശാല വൈസ് ചാൻസലറായി സിസ തോമസിനെ നിയമിച്ച ഗവർണറുടെ നടപടി സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം ഹൈക്കോടതി നിരസിച്ചു. നിയമനം ചോദ്യം ചെയ്തുളള ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച് പിന്നീട് പരിഗണിക്കാനായി മാറ്റി. സാങ്കേതിക സർവകലാശാലയ്ക്ക് വിസി യെ നിയമിച്ചത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ ഹർജിയിലും കോടതി സ്റ്റേ ആവശ്യം തളളിയിരുന്നു. സർവകലാശാലകൾക്ക് വൈസ് ചാൻസലർമാർ ഇല്ലാതിരിക്കുന്നത് നല്ലതല്ല എന്നായിരുന്നു കോടതി നിരീക്ഷണം .
സംസ്ഥാനത്തെ സര്‍വ്വകലാശാലകളിൽ കാവിവത്കരണം നടപ്പാക്കുള്ള ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് സിപിഎം നേതൃത്വം നൽകും. സര്‍വ്വകലാശാലകളിൽ തുടങ്ങി പൊതു സമൂഹത്തിൽ വരെ ഗവര്‍ണറുടെ ചെയ്തികൾ തുറന്ന് കാണിക്കും വിധം ആശയ പ്രചാരണത്തിന് രൂപം നൽകുമെന്നും എം. വി ഗോവിന്ദൻ തിരുവനന്തപുരത്ത് പറഞ്ഞു.
ഹേമ കമ്മറ്റിയോട് സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സ്വീകരിക്കുന്ന തുടർ നടപടികൾക്കെതിരെയുള്ള നടി മാല പാർവതിയുടെ ഹർജിയിൽ നോട്ടീസ് അയക്കുന്നതിനെ എതിർത്ത് ഡബ്ല്യുസിസി. സുപ്രീം കോടതിയിൽ നടി നൽകിയ ഹർജി അപ്രസക്തമാണെന്നും ഡബ്ല്യുസിസി വ്യക്തമാക്കി. ഹർജിയിൽ കക്ഷി ചേരാൻ സംഘടന അപേക്ഷ നൽകി. ഹേമ കമ്മിറ്റി കാട്ടിയത് വിശ്വാസ വഞ്ചനയാണെന്നായിരുന്നു നടി മാലാ പാർവതിയുടെ പ്രതികരണം.
കരുനാഗപ്പള്ളിയിൽ കുലശേഖരപുരം ലോക്കൽ സമ്മളനത്തിലുണ്ടായ സംഘര്‍ഷത്തിൽ കര്‍ശന നടപടി ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തെറ്റായ പ്രവണതകൾ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും വച്ചുപൊറുപ്പിക്കില്ല. തെറ്റ് ഉണ്ടാകുന്നതല്ല അത് കൈകാര്യം ചെയ്യുന്നത് എങ്ങനെ എന്നാതാണ് പ്രധാനം. സംഘടനാ തലത്തിൽ തന്നെ നടപടി ഉറപ്പാക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബർ നിഹാദിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി പൊലീസിൻ്റെ റിപ്പോർട്ട് തേടി. തമ്മനത്തെ ഫ്ലാറ്റിൽ നിന്ന് രാസലഹരിയുമായി യുവാക്കളെ കസ്റ്റഡിയിലെടുത്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷയുമായി തൊപ്പി എന്ന നിഹാദ് കോടതിയെ സമീപിച്ചത്. കേസ് അടുത്തമാസം നാലിന് പരിഗണിക്കും.
എരഞ്ഞിപ്പാലം ലോഡ്ജിൽ മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീല കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശി അബ്ദുൾ സനൂഫ് ചെന്നെയിൽ നിന്നാണ് പിടിയിലായത്. കോഴിക്കോട് നിന്നുള്ള പൊലീസ് സംഘം അബ്ദുൾ സനൂഫിനെ കസ്റ്റഡിയിലെടുത്തു.
തൃശൂർ ചാലക്കുടി സ്വദേശി എഡ്വിൻ തോമസിനെ കണ്ടെത്താൻ പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ ട്വിസ്റ്റ്. കർണാടക പോലീസിന്റെ അഭിഭാഷകൻ ദില്ലി ഹൈക്കോടതിയിൽ ഹാജരായി സമർപ്പിച്ച രേഖകൾ പ്രകാരം കേരളത്തിലും തമിഴ്നാട്ടിലും കർണാടകത്തിലുമായി 15 ൽ അധികം കേസുകളിൽ പ്രതിയാണ് എഡ്വിൻ. ഹൂബ്ലി പോലീസ് എടുത്ത കേസിലാണ് ദില്ലിയിൽ നിന്ന് പിടികൂടിയതെന്നാണ് വിശദീകരണം. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും അഭിഭാഷകൻ ദില്ലി ഹൈക്കോടതിയെ അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒ പി ടിക്കറ്റിന് ഡിസംബര്‍ ഒന്ന് മുതല്‍ പത്ത് രൂപ ഫീസ് ഈടാക്കും. ജില്ലാ കളക്ടര്‍ സ്നേഹികുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആശുപത്രി വികസന സമിതി യോഗത്തിന്റേതാണ് തീരുമാനം. മെഡിക്കല്‍ കോളേജ് ആശുപത്രി, ഐഎംസിഎച്ച്, ഡെന്റല്‍ കോളേജ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളില്‍ ഒ പി ടിക്കറ്റ് നിരക്ക് ബാധകമാണ്.
സംസ്ഥാന സർക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കമ്പനിയിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് കാളങ്ങാട്ട് റോഡ് കൈരളി നഗറിൽ താമസിക്കുന്ന പി ഉണ്ണിയാണ് മരിച്ചത്. 54 വയസായിരുന്നു. ട്രാക്കോ കേബിൾ കമ്പനിയിൽ 11 മാസമായി ശമ്പളം കിട്ടാത്തതിന്റെ വിഷമത്തിലായിരുന്നു ഉണ്ണിയെന്ന് ബന്ധുക്കൾ പറയുന്നു.
പത്തനംതിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശിയാണ് അറസ്റ്റിലായത്. 18 വയസും ആറ് മാസവുമാണ് പ്രതിയുടെ പ്രായം. വിദ്യാർത്ഥിനിയുടെ മരണത്തിലെ കുറ്റസമ്മതമൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്. വിദ്യാർത്ഥിനിയുടെ മരണത്തിൽ പോക്സോ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
പാലക്കാട് ശ്രീനിവാസന് വധക്കേസ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീം കോടതി. ഓരോ പ്രതിയുടേയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നുവെന്നും 17 പ്രതികള്‍ക്ക് ഒരുമിച്ച് ജാമ്യം അനുവദിച്ചതില്‍ പിഴവ് പറ്റിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജാമ്യത്തിനെതിരെ എൻഐഎ നല്കിയ ഹര്‍ജിയില്‍ സുപ്രീം കോടതി പ്രതികള്‍ക്ക് നോട്ടീസയച്ചു.
ചിന്മയി കൃഷ്ണദാസ് അടക്കം 17 ഹിന്ദു നേതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗ്ലാദേശ് ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ്. മുഴുവൻ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ പരിശോധിക്കാനും തീരുമാനമായി. അതോടൊപ്പം, ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അക്രമം വ്യാപകമാകുകയാണ്. കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കൃഷ്ണദാസ് നിലവിൽ ചിറ്റഗോങിൽ ജയിലിലാണ്.
രാജ്യം ഉറ്റുനോക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിയ്ക്ക് വേഗം കൂടുന്നതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ ഇടനാഴിയുടെ ജോലികൾ വേഗത്തിലായതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പദ്ധതിയ്ക്ക് വേണ്ടിയുള്ള മുഴുവൻ സ്ഥലമേറ്റെടുപ്പും പൂർത്തിയായി കഴിഞ്ഞതായും 320 കിലോ മീറ്ററിലധികം ഫിസിക്കൽ ഇൻഫ്രാസ്ട്രക്ചർ ജോലികൾ തയ്യാറായിക്കഴിഞ്ഞതായുമാണ് റിപ്പോർട്ട്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ഫിൻജാൽ ചുഴലിക്കാറ്റായി മാറി. നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരതൊടുമെന്നാണ് വിവരം. തമിഴ്നാട്ടിലും പുതുച്ചേരിയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ചെന്നൈ അടക്കം വടക്കൻ ജില്ലകളിൽ റെഡ് അലർട്ടാണ്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
വിവാഹം കഴിക്കാന്‍ തയ്യാറായില്ല എന്നതുകൊണ്ടുമാത്രം ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി. കുറ്റാരോപിതന് തന്റെ പ്രവൃത്തികളിലൂടെ മരിച്ചയാള്‍ക്ക് ആത്മഹത്യയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന സാഹചര്യം സൃഷ്ടിച്ചാല്‍ മാത്രമേ കുറ്റം നിലനില്‍ക്കുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.
ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ ഡി. ഗുകേഷും ചൈനയുടെ ഡിങ് ലിറനും ഏറ്റുമുട്ടുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ നാലാം പോരാട്ടത്തില്‍ സമനില. ഇതോടെ ഇരുവരുടെയും പോയിന്റ് നില 2-2 ആയി.
സൗരോര്‍ജ കരാറിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തില്‍ അദാനി ഗ്രൂപ്പിനെതിരേ യു.എസ് അഴിമതിക്കുറ്റം ചുമത്തിയതില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇത് സംബന്ധിച്ച് അമേരിക്കയുമായി ഒരാശയവിനിമയവും നടന്നിട്ടില്ലെന്ന് മന്ത്രാലയ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചാമ്പ്യന്‍സ് ട്രോഫി വേദി സംബന്ധിച്ച ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ നിര്‍ണായക യോഗം തീരുമാനമാവാതെ പിരിഞ്ഞു. 20 മിനിറ്റുമാത്രമാണ് യോഗം നീണ്ടുനിന്നത്. ഹൈബ്രിഡായി ടൂര്‍ണമെന്റ് നടത്തുന്നതിനെതിരായ നിലപാടില്‍ പാകിസ്താന് ഉറച്ചുനില്‍ക്കുകയാണ്.
ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദുസമൂഹത്തിനുനേര്ക്ക് അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ രാജ്യത്തെ ഗൗരവതരമായ ആശങ്ക അറിയിച്ച് ഇന്ത്യ. മാധ്യമങ്ങളുമായി നടത്തുന്ന പ്രതിവാര കൂടിക്കാഴ്ചയിലാണ് ബംഗ്ലാദേശിനെ ആശങ്ക അറിയിച്ച വിവരം വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ വഴിമുട്ടി. വെള്ളിയാഴ്ച നടക്കാനിരുന്ന മഹായുതി നേതാക്കളുടെ കൂടിക്കാഴ്ച അവസാന നിമിഷം മാറ്റി. മുന്‍മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേ അപ്രതീക്ഷിതമായി സ്വന്തം നാട്ടിലേക്ക് തിരിച്ചതോടെയാണ് ചര്‍ച്ച മാറ്റിവെച്ചത്.