സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാര്‍ശകള്‍ ഭേദഗതികളോടെ മന്ത്രിസഭായോഗം അംഗീകരിച്ചു. പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തണമെന്ന ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
കേരളത്തില്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് റയില്‍വേമന്ത്രി അശ്വിനി വൈഷണവ്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. സ്ഥലമേറ്റെടുപ്പ് സുഗമമായി നിലവില്‍ 12350 കോടി രൂപയുടെ പദ്ധതികളാണ് കേരളത്തിനായി പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം കന്യാകുമാരി, എറണാകുളം- കുമ്പളം, കുമ്പളം തുറവൂര്‍ തുടങ്ങിയ പാതകളുടെ ഇരട്ടിപ്പിക്കല്‍, അങ്കമാലി ശബരിമല പുതിയ പാത എന്നീ പദ്ധതികളില്‍ സ്ഥലമേറ്റെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണെന്നും റയില്‍വേ മന്ത്രി മുഖ്യമന്ത്രിക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു. റയില്‍വേ വികസന പദ്ധതികള്‍ക്ക് തടസം നേരിടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ കുടുംബം ആവശ്യപ്പെട്ടുള്ള സിബിഐ അന്വേഷണ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാർട്ടിക്ക് ഉണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഈ നിലപാടിൽ മാറ്റമില്ല. സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. അതേസമയം, പാർട്ടി നവീൻ്റെ കുടുംബത്തിന് ഒപ്പമാണെന്നും എംവി ഗോവിന്ദൻ ആവർത്തിച്ചു.
എ.ഡി.എം നവീന്‍ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുകയല്ല സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചെയ്തതെന്ന് സിഐടിയു നേതാവ് മലയാലപ്പുഴ മോഹനന്‍. സി.ബി.ഐ എന്നത് അന്വേഷണത്തിന്റെ അവസാനവാക്കല്ലെന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞത്. അത് ശരിയാണെന്നും മലയാലപ്പുഴ മോഹനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
സംസ്ഥാനത്തെ 1458 സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹികസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി കണ്ടെത്തല്‍. ധനവകുപ്പിന്റെ നിര്‍ദേശ പ്രകാരം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് പെന്‍ഷന്‍ കൈപ്പറ്റുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോളേജ് അസി. പ്രൊഫസര്‍മാരും ഹയര്‍ സെക്കന്‍ഡറി അടക്കമുള്ള സ്കൂൾ അധ്യാപകരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്.
തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവ ഉദ്ഘാടനത്തിനിടെ നെയ്യാറ്റിന്‍കര ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയ സംഭവം അന്വേഷിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍ദേശിച്ചു. സംഭവത്തില്‍ ബാലാവകാശ കമ്മിഷനും കേസ് എടുത്തിട്ടുണ്ട്. ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് പതാക ഉയര്‍ത്തിയപ്പോള്‍, പതാക കയറില്‍ കുടുങ്ങിയിരുന്നു. ഇത് അഴിച്ചിറക്കാനാണ് സംഘാടകര്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കൊടിമരത്തില്‍ കയറ്റിയത്.
ക്ഷേമ പെൻഷൻ സർക്കാർ ഉദ്യോഗസ്ഥർ വാങ്ങുന്നത് തെറ്റാണെന്ന് മന്ത്രി കെഎൻ ബാലഗോപാൽ. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായി നടപടി ഉണ്ടാകും. അർഹതപ്പെട്ടവർക്കുള്ളതാണ് ക്ഷേമ പെൻഷനുകൾ . ഇതുവരെ അനധികൃതമായി വാങ്ങിയ പണം തിരികെ പിടിക്കുമെന്നും മന്ത്രി പറഞ്ഞു. ക്ഷേമ പെൻഷന് അവകാശമുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. പ്രസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെയും കള്ളവാർത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നും ആയിരുന്നു സുരേന്ദ്രൻ്റെ ഭീഷണി.
മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യുമെന്ന കെ. സുരേന്ദ്രന്‍റെ ഭീഷണിയിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ . ബി.ജെ.പിയിലെ മാത്രമല്ല, രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളിലെയും പ്രശ്നങ്ങൾ മാധ്യമങ്ങൾ വാർത്തയാക്കും . രാജ്യം ഭരിക്കുന്ന പാർട്ടിയിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ ചർച്ചചെയ്യപ്പെടും. മാധ്യമ പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമെന്നു ഭീഷണിപ്പെടുത്തുന്നത് മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് നൽകുന്ന ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും സംഘടന അറിയിച്ചു.
ഡിജിറ്റൽ സർവകലാശാല വിസിയുടെ ചുമതല ഡോക്ടർ സിസ തോമസിന് നൽകി ഗവർണർ. കെടിയു വിസിയുടെ താത്ക്കാലിക ചുമതല ഡോക്ടര്‍ കെ ശിവപ്രസാദിന് നല്‍കി. അനുമതി വാങ്ങാതെ പദവി വഹിച്ചതിന് ഡോക്ടർ സിസയ്ക്കെതിരെ സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സർക്കാർ രണ്ടിടത്തേക്കും മൂന്ന് പേരടങ്ങിയ ഒരു പാനൽ ഗവർണർക്ക് സമർപ്പിച്ചിരുന്നു. എന്നാൽ സർക്കാരിന്റെ ഈ പാനൽ തള്ളിക്കൊണ്ടാണ് രണ്ടിടത്തേക്കും ഗവർണർ താത്ക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ചിരിക്കുന്നത്.
ബിജെപി നേതാക്കൾക്കെതിരെ കോഴിക്കോട് നഗരത്തിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി പരാതി നൽകി. ജില്ലാ ജനറൽ സെക്രട്ടറി ഇ പ്രശാന്ത് കുമാറാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. വി മുരളീധരൻ, കെ സുരേന്ദ്രൻ, പി രഘുനാഥ് എന്നിവർക്കെതിരെയായിരുന്നു പോസ്റ്റർ.ഇവരെ പുറത്താക്കി ബിജെപിയെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്റർ.
ഉത്സവങ്ങൾക്കടക്കം ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പുറപ്പെടുവിച്ച മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്ന് ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയും ആനകളുടെ പരിപാലനവും കൂടി പരിഗണിച്ചാണ് കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇക്കാര്യത്തിൽ ദേവസ്വങ്ങൾ പിടിവാശി ഉപേക്ഷിക്കണം. ഉത്സവങ്ങളിൽ ആനകളെ എഴുന്നളളിക്കുന്നത് ഒഴിവാക്കാനാകാത്ത മതാചാരമാണെന്ന് പറയാനാകില്ല. അഭിപ്രായ പ്രകടനങ്ങൾ പരിഗണിച്ച് മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാകില്ലെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു.
ശബരിമലയിലെത്തുന്ന തീർത്ഥാടകർ യാത്രമധ്യേ വന്യമൃഗങ്ങൾക്ക് ഭക്ഷണസാധനങ്ങൾ നൽകാൻ പാടില്ലെന്ന് വനംവകുപ്പ് അധികൃതർ. വഴിയിലുടനീളം ഇത് സംബന്ധിച്ച അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ചിലർ ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. പ്ലാസിറ്റിക് കവറുകൾ മൃഗങ്ങൾ ഭക്ഷിക്കാൻ ഇടയായാൽ അവ മരണപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഭക്ഷണാവശിഷ്ടങ്ങൾ വേസ്റ്റ് ബിന്നുകളിൽതന്നെ നിക്ഷേപിക്കണമെന്നും വനംവകുപ്പ് അധികൃതർ അഭ്യർത്ഥിച്ചു.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണത്തിൽ സൈബർ സെൽ അന്വേഷണം തുടങ്ങി. കഴിഞ്ഞ വർഷം നിലക്കലിലെ യാത്ര ദുരിത വീഡിയോകളാണ് ഈ വർഷത്തെ പോലെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത്. ചില ഫെയ്‌സ്ബുക് പേജുകൾ വഴിയും വ്യാജ പ്രചരണം നടക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് പൊലീസ് നടപടി.
പ്ലസ്ടു കോഴക്കേസിൽ ഹൈക്കോടതി വിധിക്ക് ശേഷം തന്നെ സമീപിച്ചത് മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ ഉള്ള ആളാണെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. സിപിഎമ്മിലെ ഉന്നതന്‍ ഒത്തുതീര്‍പ്പിന് സമീപിച്ചെന്ന് കെഎം ഷാജി ഇന്നലെ ആരോപിച്ചിരുന്നു. പിണറായിക്കെതിരായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണം എന്നായിരുന്നു സിപിഎമ്മിന്‍റെ ആവശ്യമെന്നും എന്നാൽ അയാളുടെ പേര് വെളിപ്പെടുത്തുന്നില്ല സൗമ്യനായ മനസിന് ഉടമയാണ് അയാളെന്നും കെഎം ഷാജി പറഞ്ഞു.
തൃശ്ശൂർ നാട്ടികയിൽ ലോറി പാഞ്ഞുകയറി അഞ്ചുപേർ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. തൃശൂർ ജില്ലാ പോലീസ് മേധാവി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.കേസിലെ പ്രതികളായ ഡ്രൈവറെയും ക്ലീനറെയും കോടതി റിമാൻഡ് ചെയ്തു.
പണമില്ല എന്ന കാരണത്താൽ സ്കൂളിലെ ഒരു കുട്ടിയേപ്പോലും പഠനയാത്രയിൽ ഉൾപ്പെടുത്താതിരിക്കാൻ പാടുള്ളതല്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടി. വാർത്താക്കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പാലക്കാട് മെഡിക്കല്‍ പി.ജി. പ്രവേശനത്തിന് സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടെ ക്വാട്ടയിലേക്ക് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ പരിഗണിക്കാമെന്ന ഉത്തരവ് സുപ്രീംകോടതി പുനഃപരിശോധിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍പരിഗണിക്കുമെന്ന സൂചന ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് നല്‍കി.
കോഴിക്കോട് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന അബ്ദുൾ സനൂഫിനായി പൊലീസ് അന്വേഷണം തുടങ്ങി . അബ്ദുൾ സനൂഫിനെതിരെ കൊലക്കുറ്റം ചുമത്തി കേസ് എടുത്തു. യുവതിയുടെ മരണം കൊലപാതകമാണെന്ന സൂചന വന്നതോടെയാണ് കൊലക്കുറ്റം ചുമത്തിയത്. അബ്ദുൾ സൂഫിനെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.
ഒഡീഷയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി നൗഫൽ (25) ആണ് 10 കിലോഗ്രാം കഞ്ചാവുമായി എക്സൈസുകാരുടെ പിടിയിലായത്. എറണാകുളത്ത് യൂബർ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നൗഫൽ. ഒഡീഷയിൽ നിന്ന് ട്രെയിനിലാണ് 10 കിലോഗ്രാം കഞ്ചാവുമായി വന്നത്.
കളമശ്ശേരി കൊലപാതകത്തിലെ പ്രതി ഗിരീഷ് ബാബുവിനെ അടിമാലിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തിന് ശേഷം വീട്ടമ്മയുടെ ആഭരണങ്ങൾ അടിമാലിയിലെ ജ്വല്ലറിയിലാണ് വിറ്റത്.സ്വർണവും പണവും മോഷ്ടിക്കാനായിരുന്നു റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
വഖഫ് ബിൽ ശീതകാല സമ്മേളനത്തിൽ പരിഗണിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. സംയുക്ത പാര്‍ലമെന്‍ററി യോഗത്തില്‍ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉന്നയിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ പിന്‍വലിഞ്ഞത്. അദാനി വിവാദത്തെ ചൊല്ലി ഇന്നും പാര്‍ലമെന്‍റ് സ്തംഭിച്ചു. വഖഫ് നിയമഭേദഗതിയിലെ റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കാന്‍ ചേര്‍ന്ന യോഗം പ്രതിപക്ഷ പ്രതിഷേധത്തില്‍ ബഹളമയമായി.വിവാദ വിഷയങ്ങളൊന്നും പരിഗണിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി, കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ വിനീത് ജെയിൻ എന്നിവർക്കെതിരെ യുഎസ് ഫോറിൻ കറപ്റ്റ് പ്രാക്ടീസ് ആക്ട് കേസ് ചുമത്തിയിട്ടില്ലെന്ന് അദാനി ഗ്രീൻ എനർജി അറിയിച്ചു. അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി എജിഎല്ലിന്റെ ചെയർമാനും സാഗർ അദാനി എക്‌സിക്യൂട്ടീവ് ഡയറക്ടറുമാണ്. യുഎസ് എഫ്‌സിപിഎയുടെ ലംഘനത്തിന് മൂവർക്കും എതിരെ കുറ്റം ചുമത്തിയതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് വിശദീകരണം.
സംഘർഷമുണ്ടായ ഉത്തർ പ്രദേശിലെ സംഭലിലേക്ക് പോയ മുസ്ലീം ലീഗ് എംപിമാരെ യുപി പൊലീസ് വഴിയിൽ തടഞ്ഞു. നിരോധനാജ്ഞ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടി സംഭലിൽ നിന്ന് 120 കിലോമീറ്റർ അകലെ ഹാപൂരിൽ തടഞ്ഞാണ് എംപിമാരെ പൊലീസ് മടക്കി അയച്ചത്. നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് എംപിമാർ പറഞ്ഞു.
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഡിങ് ലിറന്റെ കുതിപ്പിന് ചെക്ക് പറഞ്ഞ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷ്. മൂന്നാംമത്സരത്തിലാണ് ഗുകേഷ് ജയം സ്വന്തമാക്കിയത്. 14 പോരാട്ടങ്ങള്‍ ഉള്‍പ്പെട്ട ഫൈനലിലെ ഗുകേഷിന്റെ ആദ്യ വിജയമാണിത്.
ഹരിയാണ, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ ഇന്ത്യ മുന്നണിയില്‍ ഭിന്നതയെന്ന് സൂചനകള്‍. കോണ്‍ഗ്രസിന്റെ ‘റബ്ബര്‍ സ്റ്റാമ്പ്’ ആകാന്‍ തങ്ങളില്ലെന്ന് വ്യക്തമാക്കി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.ഹരിയാണയിലെ തോല്‍വിക്ക് പിന്നാലെയും കോണ്‍ഗ്രസിനെതിരേ ടി.എം.സി. വിമര്‍ശനം ഉന്നയിച്ചിരുന്നു.
കനത്ത മഞ്ഞുവീഴ്ചയില്‍ വിറങ്ങലിച്ച് ദക്ഷിണ കൊറിയയുടെ തലസ്ഥാനം. ദക്ഷിണ കൊറിയ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ മെറ്റീരിയോളജിക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്ക് പ്രകാരം 1907-ല്‍ ആധുനിക കാലാവസ്ഥാ നിരീക്ഷണ സംവിധാനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ മഞ്ഞുവീഴ്ചയാണിത്.