പാർലമെൻ്റിൻ്റെ ശൈത്യകാല സമ്മേളനം നാളെ തുടങ്ങും. വഫഖ് നിയമഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പടക്കം ചര്‍ച്ചകളുടെ നാള്‍ വഴികളില്‍ തന്നെ പ്രതിഷേധമുയര്‍ന്ന 15 ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചരിക്കുന്നത്. വയനാട്ടിലേതടക്കം രാജ്യത്തെ ഞെട്ടിച്ച ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ കൊണ്ടുവന്നേക്കും.
പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള വിമർശനം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാണക്കാട് തങ്ങളെ വിമർശിച്ചത് രാഷ്ട്രീയ വിമർശനമാണെന്നും മറ്റൊന്നും അല്ലെന്നും പിണറായി പറഞ്ഞു. കോഴിക്കോട് സൗത്ത് സിപിഎം ഏരിയ കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ബാബരി മസ്ജിദ് തകർക്കുമ്പോൾ എല്ലാ സഹകരണവും ചെയ്തു കൊടുത്തത് കോൺഗ്രസ് ആണ്. അന്ന് കേരളത്തിൽ മന്ത്രിസഭയിൽ കോൺഗ്രസിന് ഒപ്പം ആയിരുന്നു ലീഗ്. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്നത് കൊണ്ടാണ് ഈ മാറ്റം എന്നും അദ്ദേഹം വിമർശിച്ചു .
പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ക്രെഡിറ്റ് എല്ലാവർക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഒരു പോലെ പ്രവർത്തിച്ചുവെന്നും കെസി വേണുഗോപാൽ ചൂണ്ടിക്കാട്ടി. പ്രിയങ്ക പാർലമെന്റിൽ ആദ്യം ഉന്നയിക്കുന്ന വയനാട് ദുരന്തമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം, മഹാരാഷ്ട്രയിലെ തോൽവിയുടെ കാരണം കൂട്ടമായി പരിശോധിക്കും. തിരിച്ചടി കോൺഗ്രസിന് മാത്രമല്ല, മഹാവികാസ് അഘാഡിയിലെ എല്ലാ കക്ഷികൾക്കുമാണെന്നും വേണുഗോപാൽ പറഞ്ഞു.
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി രാഹുൽ മാങ്കൂട്ടത്തിൽ. ഉമ്മൻ ചാണ്ടിയുടെ കല്ലറ വൈകാരിക അടുപ്പമുള്ളയിടമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ പാലക്കാട്ടേത് ജനങ്ങളുടെ വിജയമാണെന്ന് പറഞ്ഞ രാഹുൽ വർഗീയ ശക്തികളുടെ വോട്ട് വാങ്ങിയിട്ടില്ലെന്നും എസ്ഡിപിഐയെ ശക്തമായി എന്നും എതിർത്തിട്ടുള്ളത് ലീഗാണെന്നും ചൂണ്ടിക്കാട്ടി. അതോടൊപ്പം എതിരാളികൾ തോൽവി അംഗീകരിക്കണമെന്നും പാലക്കാട്ടെ ജനങ്ങളെ വർഗീയത പറഞ്ഞു പരിഹസിക്കരുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
പാലക്കാട്ടെ ജയം ഒറ്റക്കെട്ടായ പ്രവർത്തനത്തിന്റെ ഫലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. ബിജെപിയെ കോൺഗ്രസ് നിലംപരിശാക്കിയെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനരോഷം ഉപതെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചെന്നും കെ. സുധാകരൻ പറഞ്ഞു. പി. സരിൻ കാണിച്ചത് വലിയ ചതിയാണെന്നും സ്ഥാനാർഥിത്വം കിട്ടിയില്ല എന്നുപറഞ്ഞ് തെരഞ്ഞെടുപ്പിന് മുമ്പ് മറുപക്ഷം ചാടുന്നയാളെ വിശ്വസിക്കാനോ കൂടെ നിർത്താനോ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചേലക്കരയിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കലഹം. പാലക്കാടിനേക്കാള്‍ മെച്ചപ്പെട്ട പ്രചാരണം നടത്തിയിട്ടും ചേലക്കരയില്‍ തോറ്റത് സംഘടനാ ദൗര്‍ബല്യം കൊണ്ടാണെന്ന് കൊടിക്കുന്നില്‍ സുരേഷ് കുറ്റപ്പെടുത്തി. തോല്‍ക്കുമെന്ന് ഉറപ്പായ സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പ്പിച്ചെന്ന വിമര്‍ശനം ഉയർത്തി പ്രാദേശിക നേതാക്കളും രംഗത്തെത്തി. എന്നാൽ ചേലക്കരയിലുണ്ടായ തോൽവി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
ചേലക്കരയിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്ന് ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ. ചേലക്കരയിലെ ബിജെപി വോട്ട് വർധിച്ചത് പ്രത്യേക സാഹചര്യത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയ വേർതിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ബിജെപിയുടെ വോട്ട് ശതമാനം കൂടിയ സാഹചര്യം പരിശോധിക്കുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി.
സരിൻ തിളങ്ങുന്ന നക്ഷക്രമാകാൻ പോകുന്നുവെന്നും ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ പി സരിനെ ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെ ബാലന്‍. സരിൻ ഇഫക്ട് ഉണ്ടായില്ലെന്ന് അധിക്ഷേപിക്കുന്നത് സരിന്‍റെ കഴിവ് നന്നായി അറിയാവുന്നവരാണ് സരിനെ സിപിഎം പൂർണ്ണമായും സംരക്ഷിക്കുമെന്നും പോളിംഗ് ശതമാനം കുറഞ്ഞിട്ടും പാർട്ടിയുടെ അടിസ്ഥാന വോട്ട് നഷ്ടമായില്ലെന്നും ബാലൻ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പാലക്കാട് സിപിഎം നടത്തിയത് ശക്തമായ രാഷ്ട്രീയ പോരാട്ടമെന്ന് മന്ത്രി എംബി രാജേഷ്. പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെങ്കിലും വോട്ട് കൂട്ടാനായിയെന്നും കല്ലേറുകൾ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് കണ്ടത് എസ്ഡിപിഐ – ജമാത്ത് ഇസ്ലാമി – യുഡിഎഫ് കൂട്ട്കെട്ടാണെന്നും അവരുടെ ഔദാര്യത്തിലാണ് യുഡിഎഫ് ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് യുഡിഎഫ് ജയിച്ചത് വർഗീയ വോട്ട് കൊണ്ടെന്ന് ഡോ. പി സരിൻ. പള്ളികളിൽ അടക്കം ലഘുലേഖ വിതരണം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയ സരിൻ പാലക്കാട് കണ്ടത് അപകടകരമായ വിജയഫോർമുലയാണെന്നും കൂട്ടിച്ചേർത്തു. ലീഗ് അവരുടെ നിയന്ത്രണം തന്നെ എസ്ഡിപിഐയ്ക്ക് നൽകിയെന്നും സരിൻ വിമർശിച്ചു. പരസ്യത്തിൽ തെറ്റില്ലെന്നും പത്ര പരസ്യവിവാദത്തിൽ സരിൻ പ്രതികരിച്ചു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പരാജയത്തെക്കുറിച്ച് പ്രതികരിക്കാതെ മുതിര്‍ന്ന ബി.ജെ.പി. നേതാവ് വി. മുരളീധരന്‍. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ ചുമതലയാണ് പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചതെന്നും പാലക്കാട്ടെ കാര്യങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനോട് ചോദിക്കുന്നതാകും നല്ലതെന്നും മാധ്യമങ്ങളോട് പറഞ്ഞു.
പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപി ഡീൽ ആക്ഷേപത്തിൽ മലക്കം മറിഞ്ഞ് സിപിഎം. ഫലം വരും മുമ്പ് വടകര -പാലക്കാട് ഡീൽ ആക്ഷേപം യുഡിഎഫിനെതിരെ ഉന്നയിച്ച സിപിഎം ഫലം വന്നതോടെ അത് തൃശ്ശൂര്‍- പാലക്കാട് ഡീൽ എന്ന് കളം മാറ്റി. പ്രചാരണത്തിൽ പിഴച്ചെന്ന വലിയ വിമര്‍ശനം ഉയരുമ്പോഴും തീരുമാനങ്ങളെല്ലാം കൂട്ടായെടുത്തതെന്നാണ് മന്ത്രി എംബി രാജേഷിന്‍റെ വിശദീകരണം.
ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷൻ പാലക്കാട് തമ്പടിച്ചത് കൊണ്ട് മാത്രം വിജയിക്കാനാകില്ലെന്ന് ബിജെപി ജില്ല കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ പറഞ്ഞു. സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ച സംഭവിച്ചുവെന്നും സി. കൃഷ്ണകുമാറിനെതിരെ എതിർപ്പ് ഉയർന്നപ്പോൾ നേതൃത്വം പരിഗണിക്കണമായിരുന്നുവെന്നും മറ്റൊരാളെ സ്ഥാനാർത്ഥിയാക്കണമായിരുന്നു എന്നും സുരേന്ദ്രൻ വിമർശനമുന്നയിച്ചു.
രാജ്യം ഭരിക്കുന്ന പാർട്ടിയായി ബി.ജെ.പി. മാറിയിട്ടുണ്ടെങ്കിൽ ഉപതിരഞ്ഞെടുപ്പുഫലം വരാനിരിക്കുന്ന പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് എൻ.ഡി.എ. സ്ഥാനാർഥി സി. കൃഷ്ണകുമാർ. അടിസ്ഥാനവോട്ടുകൾ നിലനിർത്താൻ ഒരുപരിധിവരെ ബി.ജെ.പി.ക്കായിട്ടുണ്ടെന്നും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 40,000-ത്തിലധികം വോട്ടാണ് ബി.ജെ.പി.ക്ക് ലഭിച്ചത് അതിനടുത്ത് വോട്ടുനിലനിർത്താൻ ഇക്കുറി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
പ്രിയങ്ക ഗാന്ധിയെ പാർലമെന്റിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കനിമൊഴി എംപി. വൻഭൂരിപക്ഷത്തിൽ പ്രിയങ്ക ജയിച്ചതിൽ വളരെ സന്തോഷമെന്ന് പറഞ്ഞ കനിമൊഴി പാർലമെന്റിലെ പ്രതിപക്ഷ ശബ്ദത്തിന് കരുത്ത് കൂടുമെന്നും വ്യക്തമാക്കി. പ്രിയങ്കയുടെ ജയം ജനാധിപത്യത്തിന് നല്ലതാണെന്നും മഹാരാഷ്ട്രയിലെ ജനവിധി ഇന്ത്യ സഖ്യം അംഗീകരിക്കുന്നതയും കനിമൊഴി കൂട്ടിച്ചേർത്തു.
പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ സിപിഎം വിമത കൺവെൻഷൻ. ജില്ലാ സെക്രട്ടറിക്കെതിരെ പ്രതിഷേധമുയർത്തിയാണ് കൺവെൻഷൻ സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി സംഘടന മര്യാദ പാലിക്കുന്നില്ലെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡൻ്റ്, 11 ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്. കൊഴിഞ്ഞാമ്പാറ ലോക്കൽ സമ്മേളനം സമീപത്ത് നടക്കുമ്പോഴായിരുന്നു കൺവെൻഷൻ സംഘടിപ്പിച്ചത്.
പാർട്ടിയിൽ വലിയ എതിർപ്പില്ലെന്ന് കണ്ടപ്പോൾ ആക്രമണത്തിന് ശക്തി കൂട്ടിയിരിക്കയാണെന്നും ആര് ചതിപ്രയോഗം നടത്തിയാലും സമസ്തക്ക് ഒന്നും സംഭവിക്കില്ലെന്നും സമസ്ത നേതാവ് അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കിൽ കുറിച്ചു. സമസ്തയേയും സമസ്ത നേതാക്കളെയും ഇടക്കിടെ കൊട്ടുന്നത് പി എം എ സലാമിന്റെയും കെ എം ഷാജിയുടെയും മുഖ്യ തൊഴിലാണെന്നും അബ്ദുൾ ഹമീദ് വിമർശിച്ചു . സമസ്തയുടെ അധ്യക്ഷനെ നിരന്തരം ഇവർ വേട്ടയാടുന്നുവെന്നും സമസ്തയുടെ ആദർശത്തോട് ഇവർക്ക് അരിശമാണെന്നും അബ്ദുൾ ഹമീദ് വിമർശിച്ചു.
യുഡിഎഫിനെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സഹായിച്ചുവെന്ന സിപിഎമ്മിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി കേരള അമീർ പി മുജീബ് റഹ്മാൻ. പാലക്കാട് തെരഞ്ഞെടുപ്പ് വോട്ടർമാരെ അഭിനന്ദിക്കുന്നു. പാണക്കാട് എത്തിയപ്പോൾ പിന്നിൽ ജമാഅത്തെ ഇസ്ലാമി എന്ന് സിപിഎം പറയുന്നു. യുഡിഫിൻ്റെ കൂടെ നിന്ന് ബിജെപിക്കെതിരെ പ്രവർത്തിച്ചതിന് എന്തിനാണ് സിപിഎമ്മും ഗോവിന്ദൻ മാഷും അസ്വസ്ഥപ്പെടുന്നതെന്നും ഇത് അപകടകരമായ അവസ്ഥയാണെന്നും പി മുജീബ് റഹ്മാൻ പറഞ്ഞു.
റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ നാളെ മുതൽ അപേക്ഷ നല്‍കാം. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിനുള്ള അപേക്ഷ നാളെ രാവിലെ 11 മണി മുതൽ നൽകാവുന്നതാണ്. അപേക്ഷകൾ ഡിസംബർ 10 വൈകിട്ട് 5 മണി വരെ ഓൺലൈനായി സ്വീകരിക്കും.
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വൻ വർധനവ്. നടതുറന്ന് 9 ദിവസം പൂർത്തിയാകുമ്പോൾ കഴിഞ്ഞ വർഷത്തേക്കാള്‍ 3,03,501 തീർത്ഥാടകരാണ് അധികമായി എത്തിയത്. വരുമാനത്തിൽ 13,33,79,701 രൂപയുടെ വർധനയുമുണ്ടായെന്ന് ദേവസ്വം ബോർഡ് പിഎസ് പ്രശാന്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തികൂടിയ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വെല്ലൂർ മെഡിക്കൽ കോളേജിൽ എംബിബിഎസ് സീറ്റ് തരപ്പെടുത്താമെന്ന് വിശ്വസിപ്പിച്ച് രക്ഷിതാക്കളിൽ നിന്ന് കോടികൾ തട്ടിയ പത്തനംതിട്ട സ്വദേശി അറസ്റ്റിൽ. തമിഴ്നാട്ടിലെ പ്രമുഖ കോളേജിൽ സ്റ്റാഫ് ക്വാട്ടയിൽ എംബിബിഎസ് സീറ്റ് നൽകാമെന്നായിരുന്നു വൈദികനെന്ന് പരിചയപ്പെടുത്തിയ ജേക്കബ് തോമസ് കേരളത്തിലും സംസ്ഥാനത്തിന് പുറത്തുമുള്ള രക്ഷിതാക്കളെ വിശ്വസിപ്പിച്ചിരുന്നത്.
മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനന്റെ മരണത്തിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരെ കുടുംബം. മോഹനൻ സിപിഎമ്മിൽ ചേരാത്തതിൽ ശശിക്ക് വൈരാഗ്യം ഉണ്ടായി എന്നാണ് കുടുംബത്തിന്റെ ആരോപണം. ബാങ്കിലെ നിക്ഷേപകരെ വെള്ളനാട് ശശി ഇളക്കി വിട്ടുവെന്നും മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരായ പരാതികള്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം പരാതിക്കാരിയായ നടി പറഞ്ഞിരുന്നു. എന്നാൽ, ഈ തീരുമാനം മാറ്റികൊണ്ടാണിപ്പോള്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗതെത്തിയത്. താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയുടെ ആക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന് സാരമായി പരിക്കേറ്റു. മൂക്കിന്റെ പാലം തകര്‍ന്ന രഞ്ജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവ് കുത്തിവെയ്പ്പ് എടുക്കുന്നതിനിടെ അന്തേവാസി ആക്രമണ സ്വഭാവം കാണിച്ചതിനെ തുടര്‍ന്ന് നഴ്‌സുമാര്‍ സെക്യൂരിറ്റി ജീവനക്കാരുടെ സഹായം തേടുകയായിരുന്നു.
ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ൻ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. വിദേശത്തുനിന്നും എത്തിയ ഇയാൾ ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു താമസിച്ചിരുന്നത്. പനിബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. തുടര്‍ന്നാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.
നിയുക്ത കർദ്ദിനാൾ മോൺസിഞ്ഞോർ ജോർജ് ജേക്കബ് കൂവക്കാട് മെത്രാപ്പോലീത്ത ആയി അഭിഷിക്തനായി. ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ റഫേൽ തട്ടിൽ മുഖ്യകാര്‍മികത്വം വഹിച്ചു. ഡിസംബർ 8 വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ ജോർജ് കൂവക്കാട് കർദ്ദിനാളായി ചുമതലയേൽക്കും.
മലപ്പുറം വഴിക്കടവിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ 14 കാരൻ മരിച്ചു. പുളിക്കൽ അങ്ങാടി സ്വദേശി മുഹമ്മദ് നജാസാണ് മരിച്ചത്. ബന്ധുവായ എടക്കര എരഞ്ഞിക്കൽ അബ്ദുൾ അസീസിനും പരുക്കേറ്റു. ഇയാളെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴുത്തിൽ കയർ കുരുങ്ങി ബൈക്കിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്. മരം മുറിക്കുന്നതിനായി റോഡിന് കുറുകെ വലിച്ചുകെട്ടിയ കയർ സെയ്ദിന്റെ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഭാര്യയ്ക്കും രണ്ടു മക്കൾക്കും ഒപ്പം യാത്ര ചെയ്യുമ്പാഴായിരുന്നു അപകടം.
ഉത്തർ പ്രദേശിലെ സംബാലിലുണ്ടായ സംഘർഷത്തിൽ 3 പേർ മരിച്ചതായി റിപ്പോർട്ട്. കോടതി ഉത്തരവിനെ തുടർന്ന് ഷാഹി ജമാ മസ്ജിദിൽ സർവേ നടത്താൻ എത്തിയ അഭിഭാഷക കമ്മീഷനും പൊലീസിനും നേരെ ഒരുകൂട്ടമാളുകൾ കല്ലെറിഞ്ഞതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. സംഘർഷത്തിൽ 22 പേർക്ക് പരിക്കേറ്റു. 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗൗതം അദാനിക്കും അനന്തരവൻ സാഗർ അദാനിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ യുഎസ് സെക്യൂരിറ്റീസ് ആന്‍റ് എക്സ്ചേഞ്ച് കമ്മീഷന്‍ നോട്ടീസയച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സൗരോർജ വൈദ്യുതി കരാർ ലഭിക്കാൻ 2200 കോടി രൂപ കൈക്കൂലി നൽകിയെന്ന കേസിലാണ് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ നടപടി.
ഉത്തർപ്രദേശിലെ വാരാണസിയിൽ പൊലീസുകാരന് ആൾക്കൂട്ട മർദ്ദനമേറ്റു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു മർദ്ദനം. പൊലീസുകാരൻ ഓടിച്ച കാർ ഓട്ടോയിൽ ഇടിച്ചതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. തർക്കം കൈയാങ്കളിയിലെത്തുകയായിരുന്നു. തുടർന്ന് തടിച്ചുകൂടിയ ആളുകൾ ഭാര്യയും മക്കളും നോക്കി നിൽക്കെ പൊലീസുകാരനെ പൊതിരെ തല്ലുകയായിരുന്നു.
മരണപ്പെട്ട പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് പുതിയ നിബന്ധനകള്‍ ഏർപ്പെടുത്തി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. രക്തബന്ധമുള്ള ബന്ധുവിനോ പവര്‍ ഓഫ് അറ്റോര്‍ണിയുള്ള വ്യക്തിക്കോ മാത്രമേ ആവശ്യമായ രേഖകള്‍ റദ്ദാക്കാനോ പേപ്പറുകളില്‍ ഒപ്പിടാനോ സാധിക്കൂ എന്നതാണ് പ്രധാന നിബന്ധന.
രാജ്യത്തെ എല്ലാ മൊബൈല്‍ നെറ്റ്‌വര്‍ക്ക് സേവനദാതാക്കളും കവറേജ് മാപ്പ് അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ. മികച്ച ടെലികോം സേവനം ഉറപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് ട്രായ് ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.
നടൻ വിജയ്‍യുടെ രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്‍റെ പ്രഥമ സമ്മേളനത്തിന് സ്ഥലം വിട്ടുനല്‍കിയ കര്‍ഷകരെ ആദരിച്ച് നടന്‍ വിജയ്. ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് വിഴുപ്പുറം വിക്രവണ്ടിയിലെ ഏക്കറുകണക്കിന് സ്ഥലം സമ്മേളനത്തിന് വിട്ടുനല്‍കിയ കര്‍ഷകരെയും കുടുംബങ്ങളെയും ഉപഹാരങ്ങള്‍ നല്‍കി വിജയ് ആദരിച്ചത്. ആദ്യ മാനാട് വന്‍ വിജയമാക്കിയ വിഴുപ്പുറത്തെ ജില്ലാ നേതാക്കൾക്ക് സ്വർണമോതിരവും വിജയ് സമ്മാനിച്ചു
ഉത്തർ പ്രദേശിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം. പാസഞ്ചർ ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമമാണ് ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ പിലിഭിത്തിൽ ഒഴിവായത്. 25 അടി നീളമുള്ള ഇരുമ്പ് കമ്പി പാളത്തിൽ വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് കൃത്യ സമയത്ത് പ്രയോഗിച്ചതോടെ ട്രെയിൻ നിൽക്കുകയായിരുന്നു.
ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാന്റ് മാർക്കോസ് ജൂനിയറിനെതിരെ പൊതുവേദിയിൽ വച്ച് 46കാരിയായ ഫിലിപ്പീൻസ് വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടെർഡ് കാർപിയോയുടെ ഭീഷണി. ജൂൺ മാസത്തിൽ മാർക്കോസിന്റെ ക്യാബിനറ്റിൽ നിന്ന് രാജി വച്ചിരുന്നെങ്കിലും വൈസ് പ്രസിഡന്റ് സ്ഥാനം സാറ ഒഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ സാറയുടെ അനുയായികളേയും കുടുംബാംഗങ്ങളേയും കേസിൽ കുടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായാണ് സാറ ആരോപിക്കുന്നത്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ പ്രസിഡന്റിനേയും കുടുംബത്തിന്റേയും തല വെട്ടണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥന് ക്വട്ടേഷൻ നൽകിയതായാണ് സാറ ശനിയാഴ്ച വ്യക്തമാക്കിയത്.
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സമ്പ്രദായത്തെ പ്രശംസിച്ച് ടെസ്‌ല സിഇഒ എലോൺ മസ്‌ക്. എങ്ങനെയാണ് ഇന്ത്യ ഒരു ദിവസം കൊണ്ട് 640 മില്യൺ വോട്ടുകൾ എണ്ണുന്നത് എന്ന ഒരു വാർത്തയുടെ തലക്കെട്ട് പങ്കുവെച്ച ഉപയോക്താവിന് നൽകിയ മറുപടിയിലാണ് മസ്ക് ഇന്ത്യയെ പ്രശംസിച്ചത്. ഇന്ത്യയിൽ തട്ടിപ്പ് എന്നത് തെരഞ്ഞെടുപ്പിൻ്റെ ലക്ഷ്യമല്ലെന്ന അടിക്കുറിപ്പും ഉപയോക്താവ് നൽകിയിരുന്നു.
ഐപിഎൽ മെഗാ താരലേലം ഇന്നും നാളെയും സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. ജിദ്ദയിലെ അബാദി അൽ ജോഹർ അറീനയിൽ ഉച്ചയ്ക്കു ശേഷം മൂന്നരയ്ക്കാണ് താരലേലം തുടങ്ങിയത്. 10 ടീമുകളിലായി താരലേലത്തിൽ അവസരം കിട്ടുക 70 വിദേശികൾ അടക്കം 204 താരങ്ങൾക്കാണ്. 42 വയസുള്ള ഇംഗ്ലണ്ട് പേസർ ജയിംസ് ആൻഡേഴ്സനാണ് ലേലത്തിലെ പ്രായമേറിയ താരം. ബിഹാറിന്‍റെ പതിമൂന്നു വയസുകാരൻ വൈഭവ് സൂര്യവംശിയാണ് ഏറ്റവും പ്രായം കുറഞ്ഞ താരം.
മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ നാളെയെന്ന് സൂചന . മുഖ്യമന്ത്രി ആരെന്നതിനുള്ള തീരുമാനത്തിനായി മുന്നണി നേതാക്കള്‍ അമിത്ഷായെ കാണും. രണ്ടരവര്‍ഷം കൂടി തുടരാന്‍ ഏക്നാഥ് ഷിന്‍ഡെ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി മുഖ്യമന്ത്രി പദം ഏറ്റെടുക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ താല്‍പര്യം. മുഖ്യമന്ത്രിയുടെയും രണ്ട് ഉപ മുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ നാളെ നടക്കുമെന്നാണ് വിവരം.
ഉത്തര്‍പ്രദേശിലെ സാംബലില്‍ ജനക്കൂട്ടവും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നില്‍ ബിജെപിയാണെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉപതിരഞ്ഞെടുപ്പിലെ ക്രമക്കേടുകളില്‍നിന്ന് ശ്രദ്ധതിരിക്കാനായി യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ നടത്തുന്ന ശ്രമമാണിതെന്ന് അഖിലേഷ് യാദവ് ആരോപിച്ചു.
ഐപിഎല്ലിലെ റെക്കോര്‍ഡ് തുകയ്ക്ക് റിഷഭ് പന്തിനെ ടീമിലെത്തിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്.വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപക്കാണ് ലഖ്നൗ റിഷഭ് പന്തിനെ ടീമിലെത്തിച്ചത്. ലേലത്തിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പോകുമെന്ന് സൂചനകളുണ്ടായിരുന്ന റിഷഭ് പന്തിനായി ചെന്നൈ ശ്രമിക്കുക പോലും ചെയ്യാതിരുന്നതും ശ്രദ്ധേയമായി.