ചേലക്കരയിലേത് തിളങ്ങുന്ന ജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണവിരുദ്ധ വികാരം എന്ന പ്രചരണം ലവലേശം ജനങ്ങളെ സ്വാധീനിച്ചിട്ടില്ല. കുപ്രചരണങ്ങളെയും കടന്നാക്രമങ്ങളെയും ജനം മുഖവിലയ്ക്കെടുത്തില്ല. സര്‍ക്കാരിന്‍റെ ജനപിന്തുണയും അംഗീകാരവും കൂടുതല്‍ ദൃഢമാക്കുന്നതാണ് ചേലക്കരയിലെ തെരഞ്ഞെടുപ്പ് ഫലം. പാലക്കാട് വര്‍ഗീയതയ്ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മുനമ്പത്തെ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്, സമരം നിർത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മുനമ്പം സമരസമിതി തള്ളി. വഖഫ് ആസ്തി വിവര പട്ടികയിൽ നിന്ന് ഭൂമി ഒഴിവാക്കും വരെ നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ജുഡീഷ്യൽ കമ്മിഷനോട് സഹകരിക്കുമെന്ന് ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രിയോട് അറിയിച്ച സമരക്കാർ, നേരിട്ട് ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടു.
വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. വയനാട്ടിലെ പ്രിയപ്പെട്ട സഹോദരി, സഹോദരന്മാരെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധിയുടെ കുറിപ്പ്. നിങ്ങളുടെ സ്വപ്നങ്ങളും പോരാട്ടങ്ങളും മനസിലാക്കുന്ന ഒരാളെയാണ് നിങ്ങള്‍ തെരഞ്ഞെടുത്തതെന്നും ഉറപ്പുവരുത്തും. പാര്‍ലമെന്‍റിൽ വയനാടിന്‍റെ ശബ്ദമാകുമെന്നും പ്രിയങ്ക ഗാന്ധി കുറിപ്പിൽ പറഞ്ഞു.
പാലക്കാട് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിലും വോട്ട് ചോര്‍ച്ചയുണ്ടായതിലും, കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി ബിജെപി നേതാക്കള്‍. പാലക്കാട് സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോര്‍ന്നെന്ന് സന്ദീപ് വാചസ്പതി ഫേസ്ബുക്കിൽ കുറിച്ചു. ബിജെപിയുടെ മേല്‍ക്കൂര ശക്തിപ്പെടുത്തണമെന്ന് ബിജെപി നേതാവ് എൻ ശിവരാജൻ പറഞ്ഞു.സംഘടനാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കെ സുരേന്ദ്രനോട് ചോദിക്കണമെന്നായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍റെ പ്രതികരണം.
ബിജെപിക്ക് ഏറ്റവും സാധ്യതയുണ്ടായിരുന്ന പാലക്കാട്ടെ വമ്പൻ തോൽവി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനുള്ള കനത്ത തിരിച്ചടിയാണ്. തോൽവിയുടെ ഉത്തരവാദിത്വം സുരേന്ദ്രൻ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പാർട്ടിയിൽ കലാപക്കൊടി. അധ്യക്ഷ സ്ഥാനത്ത് നിന്ന് സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവും ഇനി ശക്തമാകും.
ബിജെപിയുടെ മേൽക്കൂര ശക്തിപ്പെടുത്തണമെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ. ബിജെപിയ്ക്ക് ഇത്ര വലിയ തോൽവി പ്രതീക്ഷിച്ചില്ല. തോൽവി ആരുടെയെങ്കിലും തലയിൽ കെട്ടി വെക്കുന്നത് ശരിയല്ല. തോൽവിയെ കുറിച്ച് വിശദമായി പഠിക്കണമെന്നും സംഘടന കൂടുതൽ ശക്തിപ്പെടുത്തണമെന്നും എൻ ശിവരാജൻ പറഞ്ഞു.
സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണി ഉജ്വല വിജയമാണ് നേടിയതെന്നും വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഷാഫി പറമ്പില്‍ 2021ല്‍ വിജയിച്ചതിന്‍റെ അഞ്ചിരട്ടിയോളം ഭൂരിപക്ഷത്തിനാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്.പതിനെണ്ണായിരം എന്ന ഭൂരിപക്ഷം ബിജെപിയുടെയും സിപിഎമ്മിന്റെയും തെരഞ്ഞെടുപ്പ് നിയന്ത്രിച്ചവര്‍ക്ക് കൂടി അവകാശപ്പെട്ടതാണെന്നും സതീശൻ പറഞ്ഞു.ജനങ്ങള്‍ യുഡിഎഫിനൊപ്പമാണെന്നു തെളിയിച്ചുവെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
സിപിഎമ്മിനെ പരിഹസിച്ച് വി കെ ശ്രീകണ്ഠൻ എംപി. ബാലേട്ടാ ബാലേട്ടാ… എവിടെ പോയി ബാലേട്ടാ എന്ന് എ കെ ബാലനെ ട്രോളി കൊണ്ടായിരുന്നു ശ്രീകണ്ഠന്റെ പാട്ട്. പാലക്കാടിന്റെ ജനാധിപത്യ സ്വഭാവത്തെ തകർക്കാൻ ശ്രമിച്ചാൽ ഇതുപോലെ കരണക്കുറ്റിക്ക് അടി കിട്ടുമെന്നും അദ്ദേഹം വിമർശിച്ചു.
പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മികച്ച ഭൂരിപക്ഷത്തോടെ രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതിന് പിന്നാലെ വേറിട്ട ആഘോഷവുമായി പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പാലക്കാട്ടെ സിപിഎമ്മിന് നീല ട്രോളി ബാഗ് പാഴ്സല്‍ അയച്ചുകൊണ്ടാണ് പത്തനംതിട്ടയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിന്‍റെ വിജയം ആഘോഷിച്ചത്. പാലക്കാട്ടേക്കുള്ള സൂപ്പർഫാസ്റ്റ് ബസിലാണ് പ്രവർത്തകർ ട്രോളി ബാഗ് കൊടുത്തു വിട്ടത്.
ബിജെപിയെയും കെ സുരേന്ദ്രനെയും പരിഹസിച്ച് സന്ദീപ് വാര്യർ. ബിജെപി ഓഫീസിനെ കുറിച്ചാണെങ്കിൽ ചെകുത്താൻ കയറിയ വീട് എന്ന് പാടാം എന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം. സന്ദീപിനൊപ്പം ആര് പോയി എന്ന കെ സുരേന്ദ്രന്റെയും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെയും ചോദ്യത്തിന് രജിനികാന്തിന്‍റെ ഡയലോഗ് ഉപയോഗിച്ചാണ് സന്ദീപ് വാര്യർ മറുപടി പറഞ്ഞത്. കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരുമെന്നായിരുന്നു സന്ദീപ് വാര്യരുടെ മറുപടി.
ഭരണവിരുദ്ധ വികാരം ഉപതിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന എല്‍ഡിഎഫ് അവകാശവാദം ജനങ്ങളെയും ജനവിധിയേയും അപഹസിക്കുന്നതെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. കെപിസിസി ആസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് വിജയാഘോഷത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുക ആയിരുന്നു അദ്ദേഹം.പ്രയിങ്കാ ഗാന്ധി നേടിയ വിജയം മോദി -പിണറായി സര്‍ക്കാരുകള്‍ക്കെതിരായ ശക്തമായ താക്കീതാണെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പുകളിലെ ജനവിധി അംഗീകരിക്കുന്നുവെന്നും സര്‍ക്കാരിന് അനുകൂലമായ പ്രതികരണമാണ് ഉണ്ടായിരിക്കുന്നതെന്നും എൽഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണൻ പറഞ്ഞു. പാലക്കാട്ടെ യുഡിഎഫിന്‍റെ വിജയം വര്‍ഗീയ ശക്തികളെ കൂട്ടിപിടിച്ചാണെന്നും സരിൻ ഇടതുപക്ഷത്തിന് മുതൽ കൂട്ടാവുമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.
ജനങ്ങള്‍ ബിജെപിയുടെ നടുവൊടിച്ചെന്നും ഇനി ഈ പാര്‍ട്ടി കേരളത്തില്‍ തലപൊക്കില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ബിജെപിയുടെ വര്‍ഗീയ പ്രചാരണത്തിനും പണക്കൊഴുപ്പിനും ഇതിലും വലിയ തിരിച്ചടി കിട്ടാനില്ല. വര്‍ഗീയതയിലൂന്നിയുള്ള പ്രചാരണം കൊണ്ട് മഹാരാഷ്ട്രയില്‍ ബിജെപി നേട്ടമുണ്ടാക്കിയിട്ടുണ്ടെങ്കിലും കേരളത്തിന്റേത് മതേതര മണ്ണാണെന്ന് ബിജെപി തിരിച്ചറിയണം എന്നും അദ്ദേഹം പറഞ്ഞു .
പാലക്കാട് മഴവിൽ സഖ്യം എന്ന എംവി ഗോവിന്ദന്‍റെ പ്രതികരണം വിചിത്രമെന്ന് ലീഗ് നേതാക്കളായ പികെകുഞ്ഞാലിക്കുട്ടിയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പറഞ്ഞു.തകർപ്പൻ ജയം ചെറുതാക്കാനും മോശമാക്കി ചിത്രീകരിക്കാനുമുള്ള പ്രതികരണം ജനങ്ങൾ ചിരിച്ചു തള്ളും.പത്രങ്ങളിൽ ഇടതുമുന്നണി നൽകിയ വർഗീയ വിഷലിപ്തപ്രചരണം ജനങ്ങളെ രോഷാകുലരാക്കി.വർഗീയ പ്രചരണം ജനങ്ങൾ അംഗീകരിക്കില്ല എന്നതിന്‍റെ തെളിവാണ് ഈ ജനവിധി എന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഉജ്ജ്വല വിജയത്തിനുശേഷം പാലക്കാട് നഗരത്തിൽ നടത്തിയ റോഡ്ഷോയ്ക്കിടെ കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് കുഴഞ്ഞുവീണു. രാഹുൽ മാങ്കൂട്ടത്തില്‍, വികെ ശ്രീകണ്ഠൻ എംപി, സന്ദീപ് വാര്യര്‍, പികെ ഫിറോസ്, ഷാഫി പറമ്പിൽ തുടങ്ങിയവര്‍ക്കൊപ്പം തുറന്ന ജീപ്പിൽ കയറി പ്രവര്‍ത്തകര്‍ക്കൊപ്പം വിജയം ആഘോഷിക്കുന്നതിനിടെയാണ് പിസി വിഷ്ണുനാഥിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന പിസി വിഷ്ണുനാഥിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം നൽകി വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ച് കെ സി വേണുഗോപാൽ. ഗോവിന്ദൻ മാഷിന്റെ മുഖത്ത് ബിജെപി തോറ്റതിന്റെ വിഷമമാണെന്നും കെ സി വേണുഗോപാൽ പരിഹസിച്ചു.രാഹുൽമാങ്കൂട്ടത്തിലിനെ അഭിനന്ദിക്കുകയാണ് എംവി ഗോവിന്ദൻ ചെയ്യേണ്ടിയിരുന്നതെന്നും വേണുഗോപാൽ അഭിപ്രായപ്പെട്ടു.അതുപോലെ തന്നെ മഹാരാഷ്ട്രയിലെ തോൽവി അംഗീകരിക്കുന്നു എന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 26-27 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഹാത്രസിൽ ഫുഡ് ഗോഡൗണിൽ തളിച്ച കീടനാശിനി ശ്വസിച്ച് നൂറിലധികം കുരങ്ങുകൾ ചത്തെന്ന് പൊലീസ്. ജഡം രഹസ്യമായി ഒരു വലിയ കുഴിയിൽ കുഴിച്ചിട്ടതായും പൊലീസ് പറയുന്നു. കുഴിച്ചിട്ട ജഡം മൃഗ ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്തു. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം ഉറപ്പിച്ചതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനവും സദ്ഭരണവും വിജയിച്ചെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎയ്ക്ക് ചരിത്ര വിജയത്തിലൂടെ അധികാരം നൽകിയതിന് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് നന്ദി പറയുന്നതായും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
മഹാരാഷ്ട്രയിൽ മഹായുതി സർക്കാറിന്റെ മുന്നേറ്റം അമ്പരപ്പിക്കുന്നതാണെന്ന് വിലയിരുത്തൽ. വെറും എട്ട് മാസം മുമ്പ് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി സഖ്യം മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി അധികാരം നിലനിർത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ വെറും 17 സീറ്റ് മാത്രമാണ് ബിജെപി സഖ്യത്തിന് നേടാൻ കഴിഞ്ഞത്. 48 ലോക്സഭാ സീറ്റിൽ 17 എണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. 2019ൽ 41 സീറ്റുകൾ നേടിയ സ്ഥാനത്തുനിന്നാണ് 17 എണ്ണത്തിലേക്കുള്ള കൂപ്പുകുത്തൽ.
ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ജെ.എം.എം നേതൃത്വത്തിലുള്ള ഇന്ത്യാ സംഘം ഭൂരിപക്ഷത്തിലെത്തിയതിനു പിന്നാലെ മക്കളോടൊപ്പമുള്ള ഫോട്ടോ സാമൂഹികമാധ്യമത്തിലൂടെ പങ്കുവെച്ച് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ . എന്റെ ശക്തി എന്നാണ് മക്കളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം എഴുതിയത്’ .
മഹാരാഷ്ട്രയിലെ ദഹാനുവില്‍ പത്താം തവണയും ചെങ്കൊടിപാറിച്ച് സി.പി.എം. സിറ്റിങ് സീറ്റില്‍ സി.പി.എം സ്ഥാനാര്‍ഥി വിനോദ് നിക്കോളെയാണ് ഇത്തവണയും മികച്ച വിജയം നേടിയത്. 5133 വോട്ടിന്റെ ലീഡിനാണ് ബിജെപിയുടെ സ്ഥാനാര്‍ഥി വിനോദ് സുരേഷ് മേധയെ വിനോദ് നിക്കോളെ പിന്നിലാക്കിയത്. 104702 വോട്ടാണ് വിനോദ് നിക്കോള നേടിയത്.