Screenshot 2024 02 27 20 21 14 990 com.android.chrome edit 1

 

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നതിൽ തര്‍ക്കമില്ലെന്ന് കേരള വഖഫ് സംരക്ഷണ സമിതി. ഇന്ത്യയിലെ മുസ്ലിം വിഭാഗത്തിന് പൗരത്വം പോലും നിഷേധിച്ച് രണ്ടാംകിട പൗരന്മാരാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാര്‍ ശക്തികള്‍ വഖഫിനെക്കുറിച്ചു ദുഷ്പ്രചാരണം നടത്തുന്നതില്‍ അത്ഭുതമില്ല, വഖഫ് ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്ത് നിയമ സംവിധാനങ്ങളുണ്ടെന്നും സംഘടന പറഞ്ഞു. രാജ്യത്തെ നിയമത്തിന് മുകളിലല്ല മറ്റൊന്നും.മുനമ്പത്തെ വഖ്ഫ് വിഷയത്തിന് നിയമപരമായ പരിഹാരം കാണുന്നതിന് പകരം വര്‍ഗീയ വിദ്വേഷം ഇളക്കി വിട്ട് ഒരു സമുദായത്തെയും മതത്തെയും അപമാനിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എറണാകുളം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.

 

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 70 കടന്നു . എന്നാല്‍ പോളിംഗ് കുത്തനെ കുറഞ്ഞത് സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാക്കി. 2021 ൽ 73.71 ശതമാനമായിരുന്നു പോളിംഗ്. ഇത്തവണ ഇത് 70.51 ശതമാനമായി കുറഞ്ഞു. മൂന്ന് ശതമാനത്തില്‍ ഏറെയാണ് പോളിംഗിലെ കുറവ്. ബിജെപി ശക്തി കേന്ദ്രമായ പാലക്കാട് മുനിസിപ്പാലിറ്റിലുണ്ടായ പോളിംഗ് വര്‍ദ്ധനവും പിരായിരി, കണ്ണാടി, മാത്തൂർ പഞ്ചായത്തുകളില്‍ വോട്ട് കുറഞ്ഞതും മുന്നണികളുടെ പ്രതീക്ഷകള്‍ തകിടം മറിച്ചു.

 

ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പ്രതിഷേധക്കാര്‍. പാലക്കാട് വെണ്ണക്കരയിലെ പോളിംഗ് ബൂത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ശ്രമമുണ്ടായത്.യുഡിഎഫ് സ്ഥാനാര്‍ത്തി ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. പിന്നാലെ ഉണ്ടായ വാക്കുത്തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു.

പാലക്കാട് മണ്ഡലത്തില്‍ വൈകുന്നേരം ആറുമണിയോടെ പോളിം​ഗ് അവസാനിച്ചു. 184 പോളിംഗ് ബൂത്തുകളിൽ 105 എണ്ണത്തിൽ 57.06% ആണ് പോളിം​ഗ് . നിലവിൽ പോളിംഗ് അവസാനിച്ചെങ്കിലും ടോക്കൺ വാങ്ങി ക്യൂവിൽ നിൽക്കുന്നവർക്ക് വോട്ടിംഗിന് അവസരമുണ്ടാകുമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി ബൂത്തുകളിലെത്തിയത് ചോദ്യം ചെയ്ത് ബിജെപി, സിപിഎം പ്രവർത്തകർ രംഗത്തെത്തിയതോടെ സംഘർഷം ഉടലെടുത്തത്.

 

വെണ്ണക്കരയിൽ യുഡിഎഫ് ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുച്ചുവെന്ന് ഡോക്ടർ പി സരിൻ. മറ്റു പല ബൂത്തുകളിലും യുഡിഎഫിന്റെ പ്രവർത്തകരെ കാണാനേയില്ല.ഇലക്ഷൻ അലങ്കോലമാക്കാനാണ് ശ്രമമെന്നും പി സരിൻ വ്യക്തമാക്കി.നിയമപരമായി നടപടികൾ തങ്ങൾക്കും അറിയാം.നൂറ് ശതമാനം ആത്മാർത്ഥതയോടെയാണ് ഇടതു പ്രവർത്തകർ തനിക്കുവേണ്ടി പ്രവർത്തിച്ചതെന്നും പി സരിൻ പറഞ്ഞു.

 

ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് കോൺഗ്രസിന് ബൂത്തിലിരിക്കാൻ പോലും ആളുണ്ടായിരുന്നില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു. ഇത് വോട്ട് കച്ചവടം നടന്നതിൻ്റെ തെളിവാണ്. മണ്ഡലം നിലനിർത്താൻ യുഡിഎഫ് കുബുദ്ധി ഉപയോഗിച്ചു, മണ്ഡലം പിടിച്ചെടുക്കാൻ ബിജെപി കുപ്രചരണം നടത്തി. മണ്ഡലത്തിൽ ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി പി സരിൻ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

സംഘർഷം ഒഴിവാക്കാനാണ് താൻ വോട്ട് ചെയ്യാതിരുന്നതെന്ന് ഇരട്ട വോട്ട് ആക്ഷേപം നേരിടുന്ന ബിജെപി പ്രസിഡൻ്റ് കെഎം ഹരിദാസ്. തന്നെ വോട്ട് ചെയ്യുന്നതിൽ നിന്ന് ആർക്കും തടയാൻ കഴിയില്ല. വികെ ശ്രീകണ്ഠന് ബിജെപി ജില്ല പ്രസിഡൻ്റിനെ തടയാനാകില്ലെന്നും അത് വ്യാമോഹം മാത്രമാണെന്നും കെഎം ഹരിദാസ് മാധ്യമങ്ങളോട് പറഞ്ഞു.

 

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. ഒരിടത്തെങ്കിലും മികച്ച നടപ്പാത ഇല്ലാതെ എന്ത് നഗരമാണിതെന്ന് കോടതി ചോദിച്ചു. എം ജി റോഡിലെ നടപ്പാതയുടെ അവസ്ഥ സങ്കടകരമാണെന്നും സീബ്രാ ക്രോസിംഗിന്റെ മുകളിൽ കാറിടുന്ന അവസ്ഥയാണെന്നും ഹൈക്കോടതി പറഞ്ഞു. കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയെ വിളിച്ച് വരുത്താമെന്നും കോടതി അറിയിച്ചു. കൊച്ചിയിൽ ഏത് റോഡും നടപ്പാതയുമാണ് സുരക്ഷിതമെന്ന് ചോദിച്ച കോടതി മുൻകാല ഉത്തരവുകൾ കളക്ടർ പരിശോധിച്ച് നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

 

തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 10.30ന് ആശുപത്രിയിലെത്തിയ മന്ത്രി രണ്ട് മണിക്കൂറോളം ചെലവഴിച്ചു. ജീവനക്കാരുമായും രോഗികളുമായും കൂട്ടിരിപ്പുകാരോടും മന്ത്രി സംസാരിച്ചു. രോഗികള്‍ ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

പാണക്കാട് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം, സിറാജിലെ വിവാദ പരസ്യം, മുനമ്പം ഭൂമി തുടങ്ങിയ വിഷയങ്ങളിൽ നിലപാട് വ്യക്തമാക്കി എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ ഹക്കീം അസ്ഹരി രംഗത്ത്. മത നേതാക്കൾ ആരും വിമർശനത്തിന് അതീതരല്ലെന്നാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനത്തിൽ എസ് വൈ എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഭിപ്രായപ്പെട്ടത്. എന്നാല്‍ വിമര്‍ശനത്തില്‍ മിതത്വം വേണമെന്നും വിമർശനം സർഗാത്മകമാകണമെന്നും ഡോ ഹക്കീം അസ്ഹരി ചൂണ്ടികാട്ടി.

 

എൽഡിഎഫിന്റെ വിവാദ പരസ്യത്തിൽ വിമർശനവുമായി സുപ്രഭാതം വൈസ് ചെയർമാനും ഗൾഫ് ചെയർമാനുമായ സൈനുൽ ആബിദീൻ. പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പരസ്യമെന്ന് സൈനുൽ ആബിദീൻ പറഞ്ഞു. പരസ്യം ബിജെപിക്ക് ഗുണകരമായി. സന്ദീപ് വാര്യരുടെ മാറ്റം എന്ത് കൊണ്ട് ഉൾക്കൊള്ളാനാവുന്നില്ലെന്നും സൈനുൽ ആബിദീൻ പറഞ്ഞു. പത്രം ഒരു പണ്ഡിതസഭയുടേത് കൂടിയാണ്. ഈ നിലപാട് സ്വീകാര്യമല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

 

ആന്‍റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനുള്ള ആരോഗ്യ വകുപ്പിന്‍റെ ഇടപെടലുകളുടെ ഫലമായി ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് ഉണ്ടായിട്ടുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് മോഹനന്റെ ആത്മഹത്യാക്കുറിപ്പിൽ സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ പരാമർശമെന്ന് റിപ്പോർട്. ബാങ്കിനെതിരെ ശശി ഉൾപ്പെടെയുള്ളവർ തെറ്റിദ്ധാരണ പരത്തിയെന്നും ജനങ്ങളെ ഇളക്കിവിട്ടുവെന്നും ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നു. ഇതാണ് പ്രതിസന്ധിക്കു ഇടയാക്കിയതെന്നു ആത്‍മഹത്യ കുറിപ്പിൽ ഉണ്ടെന്നു മോഹനന്റെ സഹോദരൻ വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടില്‍ നിന്നും അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. നവംബര്‍ നാലിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രജനിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും മരിക്കുകയുമായിരുന്നു.

അടുത്ത വര്‍ഷാവസാനം ആരംഭിക്കുന്ന കൊച്ചി – മുസിരിസ് ബിനാലെയുടെ (കെ എം ബി) ആറാം പതിപ്പിന്‍റെ ക്യൂറേറ്ററായി നിഖില്‍ ചോപ്രയും എച്ച് എച്ച് ആര്‍ട്ട് സ്പേസസുമായിരിക്കും പ്രവർത്തിക്കും. കൊച്ചി ബിനാലെ ഫൗണ്ടേഷനു വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് ഇത് പ്രഖ്യാപിച്ചത്.

 

കൊച്ചി കളമശ്ശേരിയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം. റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജെയ്സി എബ്രഹാമിന്റെ അപ്പാർട്ട്മെന്‍റിൽ ഹെൽമറ്റ് ധരിച്ച എത്തിയ ആൾക്കായുള്ള തെരച്ചിൽ തുടരുന്നു. ജെയ്സിയുടെ കോൾ ലിസ്റ്റ് പരിശോധിച്ച് സംശയമുള്ളവരുടെ മൊഴികളും പൊലീസ് രേഖപ്പെട്ടുന്നുണ്ട്.

 

തൊണ്ടി മുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു വിചാരണ നേരിടണമെന്ന വിധിയില്‍ സുപ്രധാന പരാമര്‍ശങ്ങളുമായി സുപ്രീം കോടതി. തൊണ്ടി മുതല്‍ മാറ്റിയ നടപടി നീതി വ്യവസ്ഥയോടുള്ള പരിഹാസമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴ സാധ്യതയുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചിരിക്കുന്നത്.

 

ജാർഖണ്ഡിലും മഹാരാഷ്ട്രയിലും എക്സിറ്റ് പോൾ ഫലങ്ങൾ വന്നു തുടങ്ങി. ജാർഖണ്ഡിൽ ബിജെപിക്ക് ഒറ്റയ്ക്ക് അധികാരം പ്രവചിച്ച് ഭാരത് പ്ലസ് എക്സിറ്റ് പോൾ ഫലം . മഹാരാഷ്ട്ര മഹായുതി സഖ്യത്തിനെന്നാണ് ആദ്യം വന്ന പോൾ ഡയറി എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നത്.മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യം 152 മുതൽ 160 സീറ്റ് വരെ നേടുമെന്നും ഇന്ത്യ സഖ്യം 130 മുതൽ 138 വരെ സീറ്റ് നേടുമെന്നും മറ്റുള്ളവർ പരമാവധി എട്ട് സീറ്റ് നേടുമെന്നുമാണ് ചാണക്യ എക്സിറ്റ് പോൾ ഫലം.മഹാരാഷ്ട്രയിൽ തൂക്ക് സഭയ്ക്ക് സാധ്യതയെന്നാണ് ലോക്ഷാഹി മറാത്തിയുടെ എക്സിറ്റ് പോൾ ഫലം.

രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴയാണ് രാമേശ്വരത്ത് പെയ്തത്. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ വ്യാപക മഴയാണ്. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയിൽ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

യു.പിയിൽ സ്ത്രീകൾക്ക് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന പോലീസ് ഉദ്യോ​ഗസ്ഥന്റെ വീഡിയോ പങ്കുവെച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ഒമ്പത് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ക്രമക്കേട് നടക്കുന്നുവെന്ന ​ഗുരുതരമായ ആരോപണങ്ങൾ നിലനിൽക്കെയാണ് പുതിയ വിവാദം.

 

ബെംഗളൂരുവില്‍ രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനുള്ള നടപടികള്‍ക്ക് വേഗതകൂട്ടി കര്‍ണാടക സര്‍ക്കാര്‍. ഇതിനായുള്ള ഭൂമി കണ്ടെത്തുന്ന നടപടി അന്തിമ ഘട്ടത്തിലേക്കെത്തിയതായാണ് വിവരം. ബെംഗളൂരുവില്‍നിന്ന് 35 കി.മീറ്റര്‍ മാത്രം അകലെയുള്ള തമിഴ്‌നാട്ടിലെ ഹൊസൂരുവില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായുള്ള നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കര്‍ണാടക നടപടികള്‍ വേഗത്തിലാക്കിയിരിക്കുന്നത്.

 

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ പ്രാഥമിക റൗണ്ടില്‍ കേരളത്തിന് വിജയത്തുടക്കം. കരുത്തരായ റെയില്‍വേസിനെയാണ് കേരളം കീഴടക്കിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് (1-0) കേരളം വിജയിച്ചത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *