വഖഫ് ബിൽ വിഷയത്തിൽ കടുത്ത നിലപാടടുമായി കേന്ദ്രസർക്കാർ. വഖഫ് ഭേദ​ഗതി ബിൽ ബി.ജെ.പി സർക്കാർ പാസാക്കുമെന്നും തങ്ങളെ തടയാൻ ആർക്കും കഴിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. വഖഫ് നിയമം ഭേദ​ഗതി ചെയ്യാനും ബോർഡിന്റെ ഘടനയിൽ മാറ്റം വരുത്താനും സമയമായെന്നും അദ്ദേഹം പറഞ്ഞു. ഝാർഖണ്ഡിലെ ബാ​ഗ്മാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

 

വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ആണ്പരാതി. എല്‍ഡിഎഫാണ് പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്‍റെ വീഡിയോ പ്രചരിപ്പിച്ചു. ആരാധനാലത്തിനുള്ളില്‍ വിശ്വാസികളോട് വോട്ട് അഭ്യാര്‍ത്ഥിച്ചെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും ചൂണ്ടിക്കാടിയാണ് പരാതി നൽകിയിരിക്കുന്നത്.

പരസ്യപ്രചാരണം കഴിഞ്ഞിട്ടും എല്‍.ഡി.എഫ്. നേതാക്കള്‍ ചേലക്കര മണ്ഡലത്തിന്റെ പരിധിയില്‍ അനധികൃതമായി താമസിക്കുന്നുവെന്ന് കോണ്‍ഗ്രസിന്റെ പരാതി. ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. മണ്ഡലത്തില്‍ താമസിക്കുന്ന നേതാക്കളെ കസ്റ്റഡിയില്‍ എടുത്ത് മണ്ഡലത്തിന് പുറത്താക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

 

സീപ്ലെയിന്‍ പദ്ധതിക്ക് അനാവശ്യ വാദഗതികള്‍ ഉയര്‍ത്തി തടസം നിന്നത് എല്‍ഡിഎഫ് ആയിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍. 12 വര്‍ഷങ്ങള്‍ക്ക് മുമ്പേ യാഥാര്‍ത്ഥ്യമാക്കേണ്ട ഒരു പദ്ധതിയെ പിന്നോട്ട് അടിച്ചതും എല്‍ഡിഎഫിന്റെ തലതിരിഞ്ഞ വികസന കാഴ്ചപ്പാട് ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞു . സിപിഎം പത്തുകൊല്ലം പിറകോട്ടാണ് സഞ്ചരിക്കുന്നത്. 2004ൽ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ താന്‍ ദുബായില്‍ സീ പ്ലെയിനില്‍ സഞ്ചരിച്ചപ്പോള്‍ തോന്നിയ ആശയമായിരുന്നിത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

 

മല്ലു ഹിന്ദു വാട്ട്സ് ആപ്പ് ​ഗ്രൂപ്പ് വിവാദവുമായി ബന്ധപ്പെട്ട് കടുത്ത നടപടി സ്വീകരിച്ചെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. സിവിൽ സർവീസ് ഉദ്യോ​ഗസ്ഥനെന്ന നിലയിലാണ് ​ഗോപാലകൃഷ്ണനെതിരായ നടപടിയെന്നും മന്ത്രി പറഞ്ഞു. സസ്പെൻഷൻ നടപടി അവസാനത്തേതല്ലെന്നും മറ്റ് വശങ്ങൾ പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പരാതികളില്ലാതെ മികച്ച സംഘാടനമാണ് ഒളിമ്പിക്സ് മോഡൽ കായിക മേളയിൽ ഉണ്ടായത് എന്നാൽ കായിക മേള അലങ്കോലപ്പെടുത്താൻ ആസൂത്രിത നീക്കം നടന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചു. സാംസ്കാരിക പരിപാടി തടയാനും വളണ്ടിയർമാരെ മർദ്ദിക്കാനും ശ്രമമുണ്ടായി കായികമേളയുടെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്ന രീതിയിൽ ആയിരുന്നു വിരലിലെണ്ണാവുന്നവരുടെ പ്രവർത്തനമെന്നും ഇക്കാര്യം പൊതു വിദ്യാഭ്യാസ വകുപ്പ് ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

 

വ്യാജ വാർത്തകൾക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പി പി ദിവ്യ. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തന്നെയും തന്‍റെ കുടുംബത്തെയും മുഖ്യധാര മാധ്യമങ്ങളിലുടെയും സമൂഹ മാധ്യമങ്ങളിലൂടെയും അപമാനിക്കുന്നതിനായി വസ്തുതാവിരുദ്ധമായ വ്യാജവാർത്തകൾ കെട്ടിച്ചമച്ചവർക്കും വാട്സാപ്പ്, ഫേസ്ബുക്ക്‌, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്ന്പി പി ദിവ്യ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എം.ടി പത്മ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മുംബൈയിലെ മകളുടെ വസതിയിലായിരുന്ന അന്ത്യം. സംസ്ക്കാരം നാളെ കോഴിക്കോട് നടക്കും.

വയനാട് തവിഞ്ഞാല്‍ തലപ്പുഴയില്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസ് ലഭിച്ച കുടുംബങ്ങളെ സി.പി.എം. സംസ്ഥാന സമിതി അംഗം പി. ജയരാജന്‍ സന്ദര്‍ശിച്ചു. തലപ്പുഴയില്‍ അഞ്ചു കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.ഉപതിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് കുടുംബങ്ങളെ സന്ദര്‍ശിച്ച ശേഷം പി. ജയരാജന്‍ പറഞ്ഞു.

 

മാധ്യമപ്രവര്‍ത്തകരെ നിരന്തരം അവഹേളിക്കുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടികളില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍  മാര്‍ച്ചും ധര്‍ണയും നടത്തി. പുളിമൂട് കേസരി മന്ദിരത്തിനു മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് സെക്രട്ടേറിയറ്റ് ചുറ്റി ജനറല്‍ പോസ്റ്റ് ഓഫിസിനു മുന്നില്‍ സമാപിച്ചു.

ശബരിമല തീർത്ഥാടകർക്ക് വെർച്വൽ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആർടിസി യാത്രയും ബുക്ക് ചെയ്യാൻ സംവിധാനം. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ ഔദ്യോഗിക ബുക്കിംഗ് സൈറ്റിൽ കെഎസ്ആർടിസി സർവീസുകളും ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തി.

 

വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യൂട്യൂബിന്‍റെ പ്രവര്‍ത്തനനങ്ങൾക്ക് ഇന്ത്യയില്‍ കുറച്ച് നേരത്തേക്ക് തടസം നേരിട്ടതായി റിപ്പോര്‍ട്ട്. ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമില്‍ പ്രശ്നങ്ങള്‍ നേരിട്ടതായി നിരവധി യൂസര്‍മാര്‍ ഡൗണ്‍ഡിറ്റെക്‌ടറില്‍ പരാതിപ്പെട്ടു. 23 ശതമാനം പേര്‍ സെര്‍വര്‍ കണക്ഷനെയും 21 ശതമാനം പേര്‍ ആപ്പിനെയും കുറിച്ച് പരാതികള്‍ രേഖപ്പെടുത്തി. ചുരുങ്ങിയ നേരത്തേക്ക് മാത്രമായിരുന്നു യൂട്യൂബ് ആക്‌സ്സസിലെ ഈ പ്രശ്നങ്ങള്‍ നിലനിന്നത് എന്നാണ് വിവരം.

അരിമ്പൂരിൽ ഭാഗ്യക്കുറി വിൽപ്പനക്കാരിയെ പറ്റിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. 60 കാരിക്ക് ഡമ്മി നോട്ട് നൽകി ലോട്ടറി ടിക്കറ്റുകളും പണവും കവർന്ന സംഭവത്തിൽ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. അന്തിക്കാട് പൊലീസ് എസ് എച്ച് ഒക്കാണ് കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശം നൽകിയത്.

 

തൃക്കാക്കര നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കുട്ടികളിൽ മുണ്ടുനീര് വ്യാപിക്കുന്നതായി ആരോ​ഗ്യ വകുപ്പ്. തൃക്കാക്കര കാർഡിനൽ എൽപി സ്‌കൂളിൽ 40 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് സ്കൂളിന് അവധി നൽകിയിരിക്കുകയാണ് അധികൃതർ. തൃക്കാക്കര, കൊച്ചിൻ പബ്ലിക് സ്കൂളിൽ 9 പേർക്കും രോഗം സ്ഥിരീകരിച്ചു. മുണ്ടിനീര് പടരുന്ന സാഹചര്യത്തിൽ‌ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

കൊല്ലം മൈനാ​ഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നാണ്  പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. എന്നാൽ കേസിൽ മനഃപൂർവമുള്ള നരഹത്യ കുറ്റം നിലനിൽക്കില്ലെന്ന് പ്രതിഭാഗം വാദിച്ചു. കേസിലെ രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു.

 

ബ്രഹ്മപുരം അഴിമതി കേസില്‍ 14 പ്രതികൾ നൽകിയ വിടുതൽ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. കോണ്‍ഗ്രസ്‌ നേതാവും മുന്‍ വൈദ്യുതി സി വി  പത്മരാജൻ ഉൾപ്പെടെ പ്രതികൾക്ക് കോടതി നോട്ടീസ് നല്‍കി. ഡീസൽ  പവർ ജനറേറ്റർ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനിയുമായി ഉണ്ടാക്കിയ കരാറിൽ അഴിമതിയെന്നാണ് കേസ്.

 

ചെറുതുരുത്തിയില്‍ നിന്ന് പണം പിടിച്ച സംഭവത്തില്‍ പാലക്കാട് കുളപ്പുള്ളി സ്വദേശി ജയൻ സി സിയുടെ വീട്ടിൽ പൊലീസ് പരിശോധന.. ഇരുപത് ലക്ഷത്തോളം രൂപയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ചേലക്കരയിൽ നിന്ന് 19.7 ലക്ഷം രൂപ പിടികൂടിയത്. പണത്തിൻ്റെ ഉറവിടം സംബന്ധിച്ച് പരിശോധന തുടരുകയാണ്

 

സംസ്ഥാനത്ത് പകലും രാത്രിയും താപനിലയിൽ വർധനവ്. വടക്കൻ കേരളത്തിലാണ് ചൂട് ഏറ്റവും കഠിനമായിരിക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ 3 ദിവസവും ഉയർന്ന ചൂട് രേഖപെടുത്തിയത് കണ്ണൂർ എയർപോർട്ടിലാണ്. വടക്കൻ കേരളത്തിലാണ് കൂടുതൽ വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നത്.

 

അസമിലെ തിൻസുകിയയിൽ നിർമാണത്തിലിരുന്ന പാലത്തിന് മുകളിൽ നിന്ന് കാർ നദിയിലേക്ക് വീണ് നാല് പേർ മരിച്ചു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റു. മരിച്ചവരിൽ അഞ്ച് വയസുള്ള കുട്ടിയുമുണ്ട് . നിർമാണത്തിലിരുന്ന പാലത്തിന് മുകളിൽ നിന്ന് കാർ നദിയിലേക്ക് വീണ സംഭവത്തിൽ അധികൃതർ അന്വേഷണം തുടങ്ങി.

ഉത്തർപ്രദേശിൽ പിഎസ്‍സി പരീക്ഷ പലഘട്ടങ്ങളായി നടത്തുന്നതിനെതിരെ ഉദ്യോ​ഗാർത്ഥികളുടെ പ്രതിഷേധം. പ്രയാഗ് രാജിൽ യുപി പിഎസ്‌സി ആസ്ഥാനത്തിന് മുന്നിൽ നൂറുകണക്കിന് യുവാക്കളുടെ പ്രതിഷേധം രണ്ടാം ദിവസം തുടരുകയാണ്. കേന്ദ്രസേനയടക്കം സ്ഥലത്തെത്തി സുരക്ഷ കൂട്ടി.ഒറ്റ ദിവസം ഒരു ഷിഫ്റ്റിൽ പരീക്ഷ നടത്തണം എന്നാണ് ആവശ്യം. ഷിഫ്റ്റായി നടത്തിയാൽ ക്രമക്കേട് നടക്കും എന്നാണ് ഉദ്യോഗാർഥികളുടെ ആരോപണം.

കരസേനാ ഉദ്യോഗസ്ഥൻ ചമഞ്ഞ് തൊഴിൽ തട്ടിപ്പ് നടത്തിയ യുവാവിനെ ആഗ്രയിൽ വെച്ച് പിടികൂടി. ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങിയതിന് പുറമെ സൈനികരുടെ ആശ്രിതർക്ക് ലഭിക്കുന്ന ആനൂകൂല്യങ്ങൾ വാങ്ങിത്തരാമെന്ന് പറഞ്ഞും ഇയാൾ പലരിൽ നിന്നും പണം വാങ്ങിയതായി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് കണ്ടെത്തിയിട്ടുണ്ട്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ഇയാളെ കാത്തിരുന്ന് പിടികൂടുകയായിരുന്നു എന്നാണ് അധികൃതർ അറിയിച്ചത്.

 

ആഭ്യന്തര റൂട്ടുകളിൽ 1599 രൂപ മുതല്‍ ആരംഭിക്കുന്ന വിമാന ടിക്കറ്റുമായി എയർ ഇന്ത്യ എക്‌സ്‌പ്രസിൽ ഫ്‌ളാഷ്‌ സെയില്‍ . നവംബർ 19 മുതൽ 2025 ഏപ്രിൽ 30 വരെയുള്ള യാത്രകള്‍ക്കായി നവംബർ 13 വരെ ബുക്ക്‌ ചെയ്യുന്ന ടിക്കറ്റുകളാണ്‌ 1599 രൂപ മുതലുള്ള ഓഫർ നിരക്കില്‍ ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ airindiaexpress.com ബുക്ക് ചെയ്യുന്നവർക്ക് 1444 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റ് ലഭിക്കും.

 

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ ബാഗ് പരിശോധിച്ച സംഭവത്തിലെ വിവാദങ്ങളില്‍ പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. നടപടിക്രമങ്ങള്‍ പാലിച്ചാണ് പരിശോധനയെന്ന് കമ്മിഷന്‍ വ്യക്തമാക്കി. യവത്മാലില്‍ പ്രചാരണത്തിനെത്തിയ ഉദ്ധവിന്റെ ബാഗ് പരിശോധിച്ചത് തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ വലിയ വിവാദമായിരുന്നു.

ഡൽഹി ജുഡീഷ്യൽ സർവ്വീസിൽ നിന്നുള്ള ഭരത് പരാശർ സുപ്രീംകോടതിയുടെ സെക്രട്ടറി ജനറൽ ആകും. നിലവിൽ ഡൽഹിയിലെ നിയമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഭരത് പരാശർ. കൽക്കരി അഴിമതിക്കേസുകൾ പരിഗണിച്ചിരുന്ന പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ആയിരുന്നപ്പോൾ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭരത് പരാശർ സമൻസ് അയച്ചിരുന്നു .

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *