അമേരിക്കയുടെ 47-ാമത് പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള നിർണായകമായ വോട്ടെടുപ്പ് തുടങ്ങി. വിവിധ സംസ്ഥാനങ്ങളിൽ പോളിംഗ് പുരോഗമിക്കുകയാണ്. ന്യൂ ഹാംപ്ഷെയറിലെ ഡിക്സ്വിൽ നോച്ചിലാണ് ആദ്യം വോട്ട് രേഖപ്പെടുത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസിനും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനും മൂന്നുവീതം വോട്ടാണ് ഇവിടെ ലഭിച്ചത്. ഇവിടെ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
വയനാട് മുണ്ടക്കൈയ്ക്ക് വേണ്ടി സ്പെഷ്യൽ പാക്കേജ് തന്നെ വേണമെന്നാണ് കേരളം ആവശ്യപ്പെടുന്നതെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് നൽകിയത് സ്പെഷ്യൽ പാക്കേജാണെന്നും മന്ത്രി കെ രാജൻ. വയനാട് മുണ്ടക്കൈ പുനരധിവാസത്തിലെ നടപടികള്‍ കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. പണം കൊടുത്ത് തന്നെയാകും മുണ്ടക്കെ പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കുകയെന്നും നടപടികൾ കോടതി സ്റ്റേ ചെയ്തിട്ടില്ലെന്നും ഭൂമി ഏറ്റെടുക്കലിന് നിയമപരമായി ഒരു തടസ്സവുമില്ലെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ത്ഥാടന കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിക്കുവാന്‍ താത്പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സ്വാഗതം ചെയ്യുന്നതായി മന്ത്രി വീണാ ജോര്‍ജ്. കോന്നി മെഡിക്കല്‍ കോളേജ്, പത്തനംതിട്ട ജനറല്‍ ആശുപത്രി, പമ്പ, സന്നിധാനം തുടങ്ങിയ ആശുപത്രികളിലും നിലക്കല്‍, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, എരുമേലി തുടങ്ങിയ ആരോഗ്യ സേവന കേന്ദ്രങ്ങളിലും അവരെ നിയോഗിക്കും. ആരോഗ്യവകുപ്പില്‍ നിന്നും വിരമിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് അവസരമൊരുക്കുന്നത്.
ആന എഴുന്നള്ളിപ്പിന് കർശന നിയന്ത്രണങ്ങൾക്ക് ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാൻ പാടുള്ളൂവെന്നും സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനങ്ങൾ എന്നിവയിൽ ആനകളെ ഉപയോഗിക്കരുതെന്നും റിപ്പോർടിലുണ്ട് .ജനങ്ങളെ ആനകൾക്ക് സമീപത്തു നിന്നും 10 മീറ്റർ എങ്കിലും അകലത്തിൽ നിർത്തണം. 65 വയസ്സ് കഴിഞ്ഞ ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കരുതെന്നും റിപ്പോർട്ടിലുണ്ട്.
മുനമ്പത്തെ ഭൂമി അവിടെ താമസിക്കുന്നവർക്ക് അവകാശപ്പെട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രകാശ് ജാവഡേക്കർക്കും സർക്കാരിനും ഒരേ നിലപാടാണ്. ഇപ്പോൾ പുറത്തായത് ബി.ജെ.പിക്ക് ഇടം ഉണ്ടാക്കിക്കൊടുക്കാനുള്ള സർക്കാരിന്റെ കള്ളക്കളിയാണെന്നും, സർവകക്ഷി യോഗം വിളിച്ച് പ്രശ്ന പരിഹാരത്തിന് സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പി സംസ്ഥാന സമിതിയംഗം സന്ദീപ് വാര്യർ പാർട്ടി നേതൃത്വവുമായി പിണങ്ങിനിൽക്കുന്നത് ഈ തിരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട വിഷയമല്ലെന്ന് ബി.ജെ.പി ദേശീയ വക്താവ് അനിൽ ആന്റണി. തിരഞ്ഞെടുപ്പ് 20-ാം തീയതിയിലേക്ക് നീട്ടിയതുകാരണം സന്ദീപ് വാര്യർ അതിനുമുൻപ് ബി.ജെ.പിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് അനിൽ ആന്റണി പ്രതികരിച്ചു.
അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ജോണ്‍ എസ്.റാല്‍ഫ്. കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പി.പി ദിവ്യയുടെ ജാമ്യപേക്ഷയില് വാദം പൂര്‍ത്തിയായതിന് പിന്നാലെയാണ് അഭിഭാഷകന് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
എ ഡി എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി പി പി ദിവ്യ ഉയർത്തിയ അഴിമതി ആരോപണത്തിൽ കോടതിയിൽ എല്ലാ തെളിവുകളും ഹാജരാക്കിയെന്ന് പ്രതിഭാഗം അഭിഭാഷകൻ കെ വിശ്വൻ. പി പി ദിവ്യ ഉയർത്തിയ കൈക്കൂലി ആരോപണം കേവലം ആരോപണം മാത്രമല്ലെന്നും അതിനെ ഉറപ്പിക്കുന്ന തെളിവുകൾ കോടതിക്ക് കൈമാറിയിട്ടുണ്ടെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞത്.
കെ.എസ്.ആർ.ടി.സി ഒരു മാറ്റത്തിന്റെ പാതയിലാണെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. ആറേഴ് മാസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സി. കേരളത്തിലെ ജനങ്ങളെ ഞെട്ടിക്കും. അതിൽ ഒരു സംശയവും വേണ്ട. അത്തരം ഗംഭീരമായ പദ്ധതികളാണ് വരുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. തൃശൂർ ലോക്സഭാ സീറ്റ് പിണറായി വിജയൻ ബിജെപിക്ക് താലത്തിൽ വച്ച് കൊടുത്തുവെന്ന് കെ മുരളീധരൻ. ചേലക്കരയിലെ പരാജയം പിണറായിയുടെ തലയ്ക്കുള്ള അടിയാകും. സുരേഷ് ഗോപി പൂരം സ്ഥലത്ത് കമ്മീഷണർ സിനിമ മോഡൽ അഭിനയം നടത്തി. ന്യൂനപക്ഷ വോട്ട് വോട്ട് ലഭിക്കാഞ്ഞതോടെ ഭൂരിപക്ഷത്തിന്റെ ആളായി പിണറായി മാറിയെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
മുനമ്പത്ത് സർക്കാർ – ബിജെപി കള്ളക്കളി നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൂരം കലക്കി തൃശൂരിൽ ബിജെപിയെ ജയിപ്പിച്ചതുപോലെ മുനമ്പം പ്രശ്നത്തിലൂടെ പാലക്കാട് ബിജെപിക്ക് ഒരു സ്പെയ്സ് ഉണ്ടാക്കി കൊടുക്കാനാണ് സർക്കാർ ശ്രമമെന്ന് വിഡി സതീശൻ പറഞ്ഞു. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സതീശൻ.
തന്നെ നിർമാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്ന് നിർമാതാവും നടിയുമായ സാന്ദ്ര തോമസ്. അസോസിയേഷൻ ഒരു മാഫിയ ആണെന്നും ഇവിടെ പവർ ഗ്രൂപ്പ് ഉണ്ടെന്നതിന്റെ തെളിവാണ് തന്റെ പുറത്താക്കൽ നടപടി. ജനാധിപത്യ വിരുദ്ധമായ നടപടിയാണ് അവർ ചെയ്തിരിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കലാണിത് എന്നും അവർ പ്രതികരിച്ചു .
സംസ്ഥാനത്ത് 6 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ഈ ജില്ലകളിലുള്ളതെന്നാണ് പ്രവചനം.
കൊയിലാണ്ടി താലൂക്ക് ആശുപത്രി കോബൗണ്ടിൽ നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ നീങ്ങി യുവതിയെയും കൈകുഞ്ഞിനെയും ഇടിച്ചിട്ടു. ആനവാതിൽ സ്വദേശി സബീനക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ആശുപത്രി കോംപൌണ്ടിൽ നിറയെ രോഗികളുണ്ടായ സമയത്താണ് അപകടമുണ്ടായത്.
അമ്പലമുക്ക് വിനീത കൊലക്കേസിൽ നിർണായ മൊഴിയുമായി ഫൊറൻസിക് ഡോക്ടർ. വിനീതയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതുപോലെയാണ് തമിഴ്നാട്ടിലും പ്രതിയായ രാജേന്ദ്രൻ മൂന്നുപേരെ കൊലപ്പെടുത്തിയതെന്ന് ഫൊറൻസിസ് ഡോക്ടർ മൊഴി നൽകി.കോടതിയിലുള്ള പ്രതി രാജേന്ദ്രനാണ് തമിഴ്നാട്ടിലും മൂന്നു കൊലപാതകം ചെയ്തതെന്ന് കേസന്വേഷിച്ച തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരും കോടതിയിൽ തിരിച്ചറിഞ്ഞു.
2036 ലെ ഒളിമ്പിക്സ് ആതിഥേയത്വത്തിനായി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആതിഥേയ കമ്മീഷന് ഔദ്യോഗികമായി കത്തയച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്. ഒളിമ്പിക്സ്, പാരാലിമ്പിക്സ് ഗെയിംസിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യയുടെ താല്‍പ്പര്യമുണ്ടെന്നറിയിച്ചുള്ളതാണ് കത്ത്. 2036-ലെ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് മോദി മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്റെ ഉദ്ഘാടന ചടങ്ങിലും വ്യക്തമാക്കിയിരുന്നു.
തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ വീണ്ടും ദലിത് വിദ്യാർഥിക്ക് നേരെ ആക്രമണം. രണ്ടാം വർഷ പോളിടെക്നിക് വിദ്യാർത്ഥിയെ ആണ് പ്രബല ജാതിയിൽ പെട്ട യുവാക്കൾ ആക്രമിച്ചത്. ഇന്നലെ രാത്രി മേളപട്ടം ഗ്രാമത്തിലെ വീട്ടിൽ അതിക്രമിച്ച് കയറിയായിരുന്നു ആക്രമണം.സംഭവത്തിൽ പൊലീസ് ഇതുവരെ അക്രമികളെ പിടികൂടിയില്ലെന്ന് പരാതിയുണ്ട്. അക്രമി സംഘം ഒളിവിലാണെന്നാണ് സൂചന.
സൈന്യത്തിലെ ക്യാപ്റ്റനാണെന്ന് തെറ്റിദ്ധരിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്താൻ ശ്രമിച്ച യുവാവിനെ പിടികൂടി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ജയിലിൽ കഴിയുന്ന ബന്ധുക്കളെ പുറത്തിറക്കാൻ സഹായിക്കാമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം.തിക്രി ചെക് പോയിന്റിൽ വെച്ച് പൊലീസ് ഇയാളെ തടഞ്ഞു നിർത്തി ചോദ്യം ചെയ്തു.
അന്ധ്ര പ്രദേശിൽ പവൻ കല്യാണിന്റെ വിമർശനത്തിന് മറുപടിയുമായി ആഭ്യന്തര മന്ത്രി അനിത വംഗലപ്പുടി. ആഭ്യന്തര മന്ത്രിയെന്ന നിലയിലെ പ്രവർത്തനം പോരെന്നും പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കിൽ ആഭ്യന്തര വകുപ്പ് താൻ ഏറ്റെടുക്കുമെന്നുമാണ് പവൻ കല്യാണ്‍ പറഞ്ഞത്. ഉപമുഖ്യമന്ത്രിയുടെ വാക്കുകൾ വിമർശനമായല്ല പ്രോത്സാഹനമായാണ് താൻ കാണുന്നതെന്ന് അനിത പ്രതികരിച്ചു.
ഝാർഖണ്ഡ് മുക്തി മോർച്ച നേതാവ് ആലംഗീർ ആലമിനെ മുഗൾ ചക്രവർത്തി ഔറംഗസേബിനോട് ഉപമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഝാർഖണ്ഡ് മുക്തി മോർച്ചയിലെ ഒരു മന്ത്രി ഉണ്ടായിരുന്നു, ആലംഗീർ ആലം, അയാൾ ഝാർഖണ്ഡ് കൊള്ളയടിച്ചു. യോഗി ആദിത്യനാഥ് കോഡെർമയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു.
ജമ്മു കശ്മീരിലെ ബന്ദിപൊര വനമേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. ബന്ദിപൊരയിലെ കെത്സുണ് വനപ്രദേശത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് സൈന്യവും ഭീകരരും തമ്മില്‍ വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടതായാണ് വിവരം.
ഗുജറാത്തിലെ ആനന്ദിൽ നിർമാണത്തിലിരുന്ന പാലം തകർന്നു. മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായ പാലമാണ് തകർന്നത്. അപകടത്തില്‍പ്പെട്ട മൂന്ന് തൊഴിലാളികളില്‍ രണ്ടുപേര്‍ കുടുങ്ങിക്കിടക്കുകയാണ്. ആനന്ദ് പോലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം ആരംഭിച്ചു.
പുതിയ കരാര്‍ ഒപ്പിട്ട് സമരം അവസാനിപ്പിച്ച് ബോയിങ് ഇന്റര്‍നാഷണല്‍ അസോസിയേഷന് ഓഫ് മെഷീനിസ്റ്റ്സ് . സെപ്റ്റംബര്‍ 13-ന് ആരംഭിച്ച സമരം ജെറ്റ് നിര്‍മാണം പൂര്‍ണമായും നിലയ്ക്കുന്ന അവസ്ഥ വരെയെത്തിച്ച് കനത്ത നഷ്ടമാണ് കമ്പനിക്ക് വരുത്തിവെച്ചത്. ഏഴ് ആഴ്ചകള്‍ നീണ്ട സമരം തിങ്കളാഴ്ചയാണ് അവസാനിച്ചത്. 25 വര്‍ഷത്തിനിടെ യു.എസ്. സാമ്പത്തിക മേഖലയ്ക്ക് ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തിവെച്ച സമരമാണ് നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.