പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ് സൈറ്റ് സജ്ജമായി. indiancitizenshiponline.nic.in എന്ന വെബ്സൈറ്റിലാണ് പൗരത്വത്തിന് അപേക്ഷിക്കേണ്ടത്. വെബ്സൈററിലൂടെ അപേക്ഷിച്ച് നിശ്ചിത ഫീസടക്കണം. വ്യക്തിയുടെ പശ്ചാത്തലമടക്കം പരിശോധിച്ച് നിശ്ചിത സമയത്തിനകം നടപടിയുണ്ടാകുമെന്ന് പോർട്ടലിൽ വ്യക്തമാക്കുന്നു.
മാസപ്പടി അന്വേഷണത്തിൽ ഒന്നും ഒളിച്ചു വയ്ക്കരുതെന്നും, കെഎസ്ഐഡിസിയില്‍ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്നും ഹൈക്കോടതി. എക്സലോജിക്, സി.എം.ആർ.എൽ, കെ.എസ്.ഐ.ഡി.സി എന്നിവയ്ക്കെതിരെയാണ് അന്വേഷണം. അന്വേഷണത്തിൽ നിന്ന് കെഎസ്ഐഡിസിക്ക് മാറി നിൽക്കാനാകില്ലെന്നും എസ്എഫ്ഐഒ കോടതിയില്‍ പറഞ്ഞു. ഹർജി ഏപ്രിൽ അഞ്ചിന് പരിഗണിക്കാനായി മാറ്റി.
സി.എ.എ ഭേദഗതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്കിയ അതേ സര്‍ക്കാരാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ചട്ടം പ്രാബല്യത്തിൽ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള സംഘപരിവാര്‍ ശ്രമം അനുവദിക്കില്ലെന്നും, മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഭരണഘടനാ ആശയത്തെ നിലനിര്‍ത്താന്‍ ഏതറ്റംവരെയും കോണ്‍ഗ്രസും യു.ഡി.എഫും പോരാടുമെന്നും വി ഡി സതീശൻ പറഞ്ഞു.
പ്രീണന രാഷ്ട്രീയത്തിനായി കോൺഗ്രസ് സിഎഎയെ എപ്പോഴും എതിർത്തുവെന്നും, ബിജെപി സര്‍ക്കാര്‍ അവർക്ക് അർഹിക്കുന്ന പരിഗണന നൽകി അവരെ ശാക്തീകരിച്ചുവെന്നും അമിത് ഷാ. സ്വന്തം ധർമ്മം രക്ഷിക്കാൻ വേണ്ടി രാജ്യത്തേക്ക് അഭയാർത്ഥികളായെത്തിയവർ ലക്ഷക്കണക്കിനുണ്ട്. അവരെ പൗരത്വം നൽകി മോദി സർക്കാർ ആദരിക്കുമെന്നും മോദി സർക്കാർ നൽകിയ വാഗ്ദാനം പാലിച്ചു വെന്നും അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്ത് ഇന്നലത്തെ വൈദ്യുതിയുടെമൊത്തം ഉപഭോഗം നൂറ് ദശലക്ഷ യൂണിറ്റ് കടന്നുവെന്ന് കെ എസ് ഇ ബി. ഇങ്ങനെ പോയാല്‍ സംസ്ഥാനം വൈദ്യുത ക്ഷാമത്തിലേക്ക് പോകുന്നതിനും, വൈദ്യുതി കടമെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധികളിലേക്ക് എത്തിപ്പെടുന്നതിനുമെല്ലാം കാരണമാകാമെന്നും അതിനാല്‍ തന്നെ വൈദ്യുതി ഉപഭോഗം നിയന്ത്രണവിധേയമാക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സിപിഎമ്മിന് ശക്തമായ നിലപാടുണ്ട്, നിയമം ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കില്ല. സമാന ചിന്താഗതിയുള്ളവരെ കൂടെ കൂട്ടി മുന്നോട്ട് പോകണമെന്ന് തന്നെയാണ് അന്നും ഇന്നും സിപിഎമ്മിന്റെ നിലപാടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായാണ് പൗരത്വ നിയമം നടപ്പാക്കുന്നത് , തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് കഴിഞ്ഞമാസം ആദ്യം 100 കോടി രൂപ നൽകിയിരുന്നു. ഇപ്പോൾ 150 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. രണ്ടാം പിണറായി സർക്കാർ ഇതുവരെ 2695 കോടി രൂപ പദ്ധതിക്കായി നൽകിയെന്നും ഇതിൽ കേന്ദ്ര സർക്കാർ വിഹിതം വർഷം 151 കോടി രൂപ മാത്രമാണെന്നും ധനകാര്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങൾക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ ആശുപത്രി ചികിത്സയാണ് കാരുണ്യ പദ്ധതിയിൽ ഉറപ്പാക്കുന്നത്.
തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാർ ഒത്തുകളിക്കുകയാണോ എന്ന് സുപ്രീംകോടതി.മുൻ മന്ത്രി ആൻറണി രാജുവിനെതിരായ കേസിൽ സംസ്ഥാന സർക്കാർ മറുപടി നല്‍കാത്തത് ഗൗരവതരമാണെന്ന് ജസ്റ്റിസുമാരായ സിടി രവികുമാർ രാജേഷ് ബിൻഡാൽ എന്നിവർ ഉൾപ്പെട്ട ബഞ്ച് നിരീക്ഷിച്ചു. സത്യവാങ്മൂലം നല്കാൻ കേരളത്തിന് കോടതി കർശനം നിർദ്ദേശം നല്കി.
മുട്ടിൽ മരംമുറിക്കേസിൽ അഡ്വ. ജോസഫ് മാത്യു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. ഡിസംബർ നാലിനാണ് പ്രത്യേക അന്വേഷണ സംഘം തലവൻ വി.വി.ബെന്നി കേസിൽ കുറ്റപത്രം നൽകിയത്. നാളെ കേസ് സുൽത്താൻ ബത്തേരി കോടതി പരിഗണിക്കാനിരിക്കെയാണ്അന്വേഷണ സംഘത്തിൻ്റെ നിർദേശം കൂടി കണക്കിലെടുത്ത് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ വച്ചത്.
കൊച്ചി വാട്ടർ മെട്രോ കൂടുതൽ മേഖലകളിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുന്നു. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനെല്ലൂർ എന്നീ നാല് ടെർനമിനലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. മാർച്ച് 14ന് വൈകിട്ട് 5.30ന് ഏലൂർ വാട്ടർ മെട്രോ ടെർമിനലിൽ വച്ചാണ് ചടങ്ങുകൾ.
ഇലക്ടറൽ ബോണ്ട് വിവരങ്ങളെല്ലാം എസ്ബിഐ തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി. ഇന്ന് 5.30ന് തന്നെ എസ് ബി ഐ വിവരങ്ങൾ കൈമാറി. വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.സുപ്രീംകോടതിയിൽ സീൽ ചെയ്ത കവറിൽ മാത്രം സമർപ്പിച്ചിരുന്ന ഇലക്ടറൽ ബോണ്ട് വിവരങ്ങളും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കും.
രാജ്യത്ത് ആദ്യമായി സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കി. ആന്റി ബയോട്ടിക്കുകളുടെ അശാസ്ത്രീയ ഉപയോഗം തടയാന്‍ ജില്ലാതല എ.എം.ആര്. കമ്മിറ്റികള്‍ക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് മലപ്പുറത്ത് യുവാവ് കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ രണ്ട് സിവിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ആന്റസ് വിൽസൺ, ടിപി ഷംസീർ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവം ജില്ല ക്രൈംബ്രാഞ്ച് ഡിവെഎസ്പി അന്വേഷിക്കും.
ഇടുക്കി മറയൂരില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മംഗളംപാറ സ്വദേശി അന്തോണി മുത്ത് തങ്കയക്ക് ഗുരുതരമായി പരിക്കേറ്റു. മംഗളം പാറയിലെ കൃഷിയിടത്തില്‍ നനക്കുന്നതിനിടെയായിരുന്നു ആക്രമണം. അർധ രാത്രി ഈ വഴിയെത്തിയ ആദിവാസികളാണ് ഗുരുതര പരിക്കുകളോടെ അന്തോണിയെ കാണുന്നത്. അപകട നില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
മതത്തിന്റെയും ഭാഷയുടെയും പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ മറുപടി ലഭിക്കുമെന്ന് കമല്ഹാസൻ. ബിജെപിയുടെ ഹീനമായ പദ്ധതികളുടെ തെളിവാണ് സിഎഎയെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം തമിഴ്നാട്ടില്‍ ഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്ന് ബിജെപിക്ക് എതിരായി പ്രവര്‍ത്തിക്കാനാണ് കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പാർട്ടിയുടെ തീരുമാനം.
ബിജെപി ഹരിയാന സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര എംപിയുമായ നായബ് സിംഗ് സൈനി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി.ഹരിയാനയില്‍ ജെജെപി (ജൻനായക് ജനത പാര്‍ട്ടി)- ബിജെപി സഖ്യം തകര്‍ന്നതിന് പിന്നാലെയാണ് മനോഹര്‍ ലാല്‍ ഖട്ടാര്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചത്. മനോഹർ ലാല്‍ ഖട്ടാർ കർണാലില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.
പൗരത്വനിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നതിനെതിരെ ദില്ലി സര്‍വകലാശാലയില്‍ എസ്ഐഒ, എംഎസ്എഫ്, എഐഎസ്ഒ തുടങ്ങിയ സംഘടനകളിലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചതിനെ തുടർന്ന് അറസ്റ്റില്‍. മുപ്പതില്‍ അധികം വിദ്യാര്‍ത്ഥികളെ പൊലീസ് കൊണ്ടുപോയി എന്നാണ് സൂചന. എന്നാല്‍ വരുംദിവസങ്ങളിലും ക്യാംപസില്‍ സിഎഎ വിരുദ്ധ സമരം ശക്തമാക്കാനാണ് തീരുമാനമെന്നാണ് ഈ സംഘടനകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അറിയിക്കുന്നത്.
43 സ്ഥാനാര്‍ഥികൾ അടങ്ങിയ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മകന് നകുല്‍നാഥ്, മുന്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോതിന്റെ മകന് വൈഭവ് ഗെഹ്ലോത്, മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയുടെ മകന് ഗൗരവ് ഗോഗോയ് എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍. കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്ന ബി.ജെ.പി എം.പി രാഹുല്‍ കസ്വാനും സീറ്റ് നല്‍കിയിട്ടുണ്ട്.