ലോക സുരക്ഷയ്ക്ക് യുദ്ധമല്ല ചർച്ചയും നയതന്ത്രവും ആണ് ആവശ്യമെന്ന്  ബ്രിക്സ് ഉച്ചകോടിയിൽ നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും മോദി പറ‌ഞ്ഞു. എല്ലാ രാജ്യങ്ങളും ഒന്നിച്ച് നിന്ന് ഭീകരവാദത്തെയും, യുവാക്കളെ മതമൗലികവാദികളാക്കാനുള്ള നീക്കത്തെയും നേരിടണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

 

പ്രിയങ്ക ഗാന്ധിയെ കെട്ടിയിറക്കുന്നത് വയനാട്ടിലെ ജനങ്ങളെ വീണ്ടും പറ്റിക്കാനെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. എന്നാൽ വയനാട്ടുകാർ ഒരിക്കൽകൂടി പറ്റിക്കപ്പെടാൻ തയാറാകുമെന്ന് കരുതുന്നില്ലെന്നും, രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. മികച്ച സ്ഥാനാർത്ഥിയാണ് ബിജെപിയുടെ നവ്യ ഹരിദാസെന്നും അദ്ദേഹം പറഞ്ഞു .

വയനാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. ബാങ്ക് നിക്ഷേപവും സ്വർണവുമായി പ്രിയങ്ക ഗാന്ധിക്ക് 4,24,78689 കോടിയുടെ ആസ്തിയുണ്ടെന്ന് പ്രിയങ്ക ​ഗാന്ധിയുടെ നാമനിർദ്ദേശപത്രികക്കൊപ്പമുള്ള സത്യവാങ്മൂലത്തിൽ പറയുന്നു. വയനാട്ടിൽ മത്സരിക്കാനാവുന്നതിൽ സന്തോഷമെന്നും ജനം തന്നെ തെരഞ്ഞെടുത്താൽ ഭാഗ്യമായി കരുതുമെന്നും നാമനിർദ്ദേശ പത്രിക സമർപ്പണത്തിന് ശേഷം പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പ്രതികരിച്ചു.

 

പാലക്കാട് ഇടത് സ്വതന്ത്രനായി മത്സരിക്കുന്ന ഡോ.പി.സരിൻ ഒന്നാമതെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സരിനെ ഒപ്പം കൂട്ടിയത് അടവുനയമാണ്. എ.കെ.ആൻ്റണിയും ഉമ്മൻ ചാണ്ടിയും കെ കരുണാകരനും ഇടതുപക്ഷത്തിനൊപ്പം വന്നിട്ടുണ്ട്. അവരെല്ലാം സരിനെ പോലെ മുൻപ് പാർട്ടിയെ വിമർശിച്ചിട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

പ്രിയങ്ക ഗാന്ധിയെ ഇന്ദിര ഗാന്ധിയോട് ഉപമിച്ചുകൊണ്ട് രമേശ് ചെന്നിത്തല. രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ ഉദയമാണിതെന്ന് അദ്ദേഹം പറഞ്ഞു. 1982 ല്‍ എന്‍.എസ്.യു ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നാഗ്പൂര്‍ സമ്മേളനത്തിൽ ഇന്ദിര ഗാന്ധിക്കൊപ്പമുള്ള ഓർമ്മകളും പങ്കുവച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചെന്നിത്തല തന്റെ സന്തോഷം പങ്കുവെച്ചത് .

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ജീവകാരുണ്യ പ്രവർത്തകനായ മിൻഹാജിൻ്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് മൂവ്മെൻ്റ് ഓഫ് കേരള പിൻവലിച്ചു. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിത്വം പകുതി കോൺഗ്രസ് നേതാക്കൾ അംഗീകരിക്കുന്നില്ലെന്നും സരിൻ്റെ സ്ഥാനാർത്ഥിത്വം കൂടെയുള്ളവർ പലരും അംഗീകരിക്കുന്നില്ലെന്നും അൻവർ പറഞ്ഞു.ചേലക്കരയിലുള്ളത് പിണറായിസമാണ്. ചേലക്കരയിൽ ഇനി ചർച്ചയില്ലെന്നും അൻവർ വ്യക്തമാക്കി.

 

രാഹുൽ മാങ്കൂട്ടത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി സമർപ്പിച്ച അപേക്ഷയെ എതിർത്ത് പൊലീസ്. സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് എല്ലാ തിങ്കളാഴ്ചയും തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി ഒപ്പിടണമെന്ന ജാമ്യവ്യവസ്ഥയിലാണ് ഇളവ് തേടിയിരിക്കുന്നത്. ഇതിനെ എതി‍ർത്ത പൊലീസ്  ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്ഥാനാർഥി എന്ന നിലക്കാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹർജി നൽകിയത്.

 

ചേലക്കര മണ്ഡലത്തിലെ ദേശമംഗലത്തിനടുത്ത് പള്ളത്തെ മുസ്‌ലിം ലീഗ് ഓഫീസിൽ പി.വി.അൻവർ സന്ദർശിച്ചതിൽ വിശദീകരണവുമായി പാർട്ടി പ്രാദേശിക നേതൃത്വം. അൻവർ വിളിച്ചിട്ട് വന്നതല്ലെന്നും ക്ഷണിക്കാതെ പെട്ടെന്ന് കയറി വന്നതാണെന്നും മുസ്‌ലിം ലീഗ് ദേശമംഗലം പഞ്ചായത്ത് ട്രഷറർ കെ.എ.സലീം പറഞ്ഞു.

വയനാടിനെ കോൺഗ്രസിൻ്റെ കുടുംബ വാഴ്ചക്ക് വിട്ടുകൊടുക്കില്ലെന്ന് എൻ ഡി എ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. പ്രിയങ്കാ വാദ്ര തെരഞ്ഞെടുക്കപ്പെട്ടാൽ വയനാടിന് രണ്ട് എംപിമാർ ഉണ്ടാകുമെന്ന രാഹുൽ ഗാന്ധിയുടെ വാക്കുകൾ തന്നെ മണ്ഡലത്തിൽ പാവയായ ഒരാളെ സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ്‌. ഇപ്പോൾ വയനാട് കാണാനെത്തിയ വിനോദ സഞ്ചാരികളാണ് നെഹ്രു കുടുംബത്തിലെ ഇളമുറക്കാരെന്നും നവ്യ ഹരിദാസ് പറഞ്ഞു, നിലമ്പൂരിൽ ബിജെപി മേഖലാ യോഗത്തിൽ സംസാരിക്കുകയായിരുന്നു നവ്യ ഹരിദാസ്.

 

പി പി ദിവ്യയുടെ  മുൻകൂർ ജാമ്യഹർജിയിൽ വാദം നടക്കാനിരിക്കെ, ദിവ്യക്കെതിരെ ശക്തമായ തെളിവുകൾ പൊലീസ് റിപ്പോർട്ടിലുണ്ടാകുമെന്ന്  സൂചന.  എഡിഎം നവീൻ ബാബുവിന്‍റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവർത്തിച്ച കളക്ടർ അരുൺ കെ വിജയൻ, യോഗത്തിന് മുമ്പ് അവർ ഫോണിൽ വിളിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ആ ഫോൺ കോളിൽ അസാധാരണത്വം തോന്നിയില്ലെന്ന് കളക്ടർ മൊഴി നല്കി. യാത്രയയപ്പ് യോഗത്തിനെ കുറിച്ച് ദിവ്യ ചോദിച്ചപ്പോഴും അവർക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് കരുതിയില്ലെന്നും  , ആരോപണത്തെക്കുറിച്ച് അറിഞ്ഞതും യോഗത്തിൽ മാത്രമെന്നാണ് അദ്ദേഹത്തിന്റെ മൊഴി.

കണ്ണൂര്‍ എ.ഡി.എമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട് ടി.വി പ്രശാന്തനെതിരായ വകുപ്പുതല നടപടി ഉടനുണ്ടായേക്കും. മെഡിക്കല്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉള്‍പ്പെടുന്ന സംഘം പരിയാരം മെഡിക്കല്‍ കോളേജിലെത്തി. പെട്രോള്‍ പമ്പ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്വേഷണ സംഘം പ്രശാന്തനില്‍ നിന്ന് വിശദീകരണം തേടും.

 

ഗാര്‍ഡ് ഓഫ് ഓണറില്‍ ബ്യൂഗിള്‍ ഉള്‍പ്പെടുത്താത്തില്‍ അമർഷം രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പത്തനംതിട്ട ടൂറിസം ​ഗസ്റ്റ് ഹൗസിലെത്തിയ ​ഗവർണർ പോലീസിൽ നിന്നും സല്യൂട്ട് സ്വീകരിച്ചില്ല. പ്രോട്ടോക്കോൾ ലംഘനമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. എ.ഡി.എം. നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിക്കാൻ ​ഗവർണർ പത്തനംതിട്ടയിലെത്തിയപ്പോഴായിരുന്നു സംഭവം.

 

തിരുവിതാംകൂർ എന്ന പേര് നാമാവശേഷമായി കൊണ്ടിരിക്കുകയാണെന്നും പല സ്ഥാപനങ്ങളുടെയും പേരിൽ നിന്ന് തിരുവിതാംകൂ‍ർ മായുന്നുവെന്നും ഗൗരി ലക്ഷ്‌മി ഭായി. കേരള യൂണിവേഴ്സിറ്റിയുടെ പേര് ട്രാവൻകൂർ യൂണിവേഴ്സിറ്റി എന്നാക്കി മാറ്റണമെന്നും   അവർ  ആവശ്യപ്പെട്ടു.തിരുവനന്തപുരത്ത് എൻ.വി സാഹിത്യ വേദി പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ഗൗരി ലക്ഷ്‌മി ഭായി.

സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമ ബത്തയും  സർവീസ്‌ പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസം  ഒരു ഗഡുവും  അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. മൂന്ന് ശതമാനം ഡിഎയാണ് അനുവദിച്ചത്.ഈ സാമ്പത്തിക വർഷം മുതൽ പ്രതിവർഷം രണ്ടു ഗഡു ഡിഎ, ഡിആർ ജീവനക്കാർക്കും പെൻഷൻക്കാർക്കും അനുവദിക്കാനാണ്‌ സർക്കാർ ഉദ്ദേശിക്കുന്നതെന്ന്‌ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

 

അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്‍റെ മകൾ ആശ ലോറൻസ് നൽകിയ ഹർജി തള്ളി. അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കൽ വിദ്യാ‍ർത്ഥികൾക്ക് പഠനാവശ്യത്തിന് കൈമാറാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ ആഴ്ചകളായി സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി അനാട്ടമി വിഭാഗത്തിന് കൈമാറും

സംസ്ഥാന സര്‍ക്കാരിന്റെ നാലാം നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍.സഹകരണം സുതാര്യം ടെലിവിഷന്‍ പരിപാടിയുടെ പ്രകാശനവും, സഹകരണ എക്‌സ്‌പോ-2025ന്റെ ലോഗോ പ്രകാശനവും മന്ത്രി നിര്‍വ്വഹിച്ചു.

 

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്വീവേജ് സര്‍വൈലന്‍സ് പഠനങ്ങളിലും ലോകത്ത് പല രാജ്യങ്ങളിലും പോളിയോ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും  ഈ സാഹചര്യത്തില്‍ കുഞ്ഞുങ്ങളെ പോളിയോ രോഗത്തില്‍ നിന്നും തടയാന്‍ പ്രതിരോധം വളരെ പ്രധാനമാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.എല്ലാ കുട്ടികള്‍ക്കും ദേശീയ വാക്‌സിനേഷന്‍ പട്ടിക പ്രകാരമുള്ള പോളിയോ വാക്‌സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്ഫോടക വസ്തു ചട്ടത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതി തൃശ്ശൂർ പൂരം നടത്തിപ്പിനെയടക്കം ആശങ്കയിലാക്കിയ സാഹചര്യത്തിൽ കേന്ദ്രത്തിന് കേരളം കത്തയക്കും. തൃശ്ശൂര്‍പൂരം ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ദേവാലയങ്ങളിലെ കരിമരുന്ന് പ്രയോഗത്തെ പുതിയ ഭേദഗതി പ്രതികൂലമായി ബധിക്കുമെന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തു. ഈ വിഷയം ഗൗരവമായി പരിഗണിക്കുന്നതിന് മുഖ്യമന്ത്രി തലത്തില്‍ കേന്ദ്ര സര്‍ക്കാരിന് കത്തയക്കാൻ യോഗത്തിൽ തീരുമാനിച്ചു.

 

വിൽപ്പനയ്ക്കായി കൊണ്ടുവന്ന 4 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ഗുരുവാലിയ  രുഥൽ ചൗധരി (29) ആണ് പിടിയിലായത്. ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിനൊടുവിലായിരുന്നു അറസ്റ്റ്.

 

അടുത്ത 3 മണിക്കൂറിൽ 8 ജില്ലകളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

വ്യാജ ഭീഷണികളെ തുടർന്ന്  ഒന്‍പത് ദിവസത്തിനിടെ വിമാന കമ്പനികള്‍ക്കുണ്ടായ നഷ്ടം 600 കോടി രൂപയ്ക്ക് മുകളിലെന്ന് റിപ്പോർട്. വ്യാജ ഭീഷണി സന്ദേശങ്ങള്‍ അയയ്ക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്നതായി കണക്കാക്കുമെന്നും എക്സിന്‍റെയും മെറ്റയുടെയും പ്രതിനിധികൾക്ക് കേന്ദ്ര ഐടി മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

 

നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്ന് ബെംഗളൂരുവിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ നടപടിയുമായി സർക്കാർ. കെട്ടിട നിർമാണം നിയമ വിരുദ്ധമാണെന്നും ഉടമയ്‌ക്കെതിരെ കർശന നടപടിയെടുക്കുമെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ അറിയിച്ചു.കെട്ടിടം തകർന്നു വീണ ഹൊറമാവ് അഗരയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു ശിവകുമാർ.

 

നരേന്ദ്ര മോദിയെ കാണുന്നതിൽ സന്തോഷമെന്ന് ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടത് രണ്ടു രാജ്യങ്ങൾക്കും അത്യാവശ്യമാണെന്നും ഷി ജിൻപിങ് പറഞ്ഞു. അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള ചർച്ചകളാണ് കൂടിക്കാഴ്ച്ചയിൽ നടന്നത്. ബ്രിക്സ് ഉച്ചകോടിയിലാണ് ഷി ജിൻപിങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കൂടിക്കാഴ്ച്ച നടത്തിയത്. ഇന്ത്യ- ചൈന പ്ര‌ത്യേക പ്രതിനിധികൾ അതിർത്തി തർക്കത്തിൽ ചർച്ച തുടരും.

തുർക്കി എയ്റോസ്പേസ് ഇൻഡസ്ട്രീസിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു. ആക്രമണമുണ്ടായിടത്ത് നിന്നും ഉച്ചത്തിലുള്ള സ്ഫോടന ശബ്ദമുണ്ടായതായി തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വെടിവെപ്പിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഭീകരവാദത്തെ പണം നൽകി പ്രോത്സാഹിപ്പിക്കുന്ന ആളുകൾക്കെതിരേ നടപടി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ല. ഭീകരതയ്ക്കെതിരായ യു.എൻ ഉടമ്പടി അം​ഗീകരിക്കണമെന്നും മോദി ബ്രിക്സ് ഉച്ചകോടിയിൽ ആവശ്യപ്പെട്ടു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *