സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം മൂന്ന് അമേരിക്കൻ ഗവേഷകർക്ക്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഡാരൺ അസെമോഗ്ലു, സൈമൺ ജോൺസൺ, ചിക്കാഗോ യൂണിവേഴ്സിറ്റിയിലെ ജെയിംസ് റോബിൻസൺ എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. രാഷ്ട്രങ്ങൾ തമ്മിലുള്ള അഭിവൃദ്ധിയിലെ വ്യത്യാസങ്ങളെക്കുറിച്ചുള്ള പഠനത്തിനാണ് നൊബേൽ അംഗീകാരം ലഭിച്ചത്.
വയനാട്ടിലെ മേപ്പാടിയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് കേന്ദ്രസഹായം ലഭ്യമാക്കാന്‍ ചട്ടം 275 പ്രകാരമുള്ള പ്രമേയം നിയമസഭ ഐക്യകണ്ഠേന പാസാക്കി.മന്ത്രി എം.ബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടതുപോലെ അടിയന്തര സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ദുരിതബാധിതരുടെ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളണമെന്നും നിയമസഭ ഐക്യകണ്ഠേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ശബരിമലയില്‍ ദര്‍ശനത്തിന് സ്പോട്ട് ബുക്കിംഗ് വേണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി വി എൻ വാസവന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ കത്ത് നൽകി . ദർശനത്തിനായി ഓൺലൈൻ ബുക്കിംഗ് മാത്രമാക്കുന്നത് തീർത്ഥാടനത്തെ പ്രതികൂലമായി ബാധിക്കുമെന്നും, വിവിധ സംഘടനകളുടെ പ്രതിഷേധം കൂടി കണക്കിലെടുത്ത് തീരുമാനം പുന പരിശോധിക്കണമെന്നും ചിറ്റയം ഗോപകുമാർ കത്തില്‍ ആവശ്യപ്പെടുന്നു.
ഏറനാട്ടിൽ 25 ലക്ഷം രൂപ വാങ്ങി സിപിഐ നേതൃത്വം മുസ്ലിം ലീഗിന് സീറ്റ് വിറ്റുവെന്ന ആരോപണവുമായി പിവി അൻവർ എംഎൽഎ. ഇവർ രണ്ട് തവണ സീറ്റ് കച്ചവടം നടത്തിയെന്നും അൻവർ ആരോപിച്ചു. ഏറനാട്ടിൽ സിപിഐക്കെതിരെ മത്സരിച്ചത് സിപിഎം ആവശ്യപ്പെട്ടത് കൊണ്ടാണെന്നും, മണ്ഡലത്തിൽ തന്നെ സ്ഥാനാർത്ഥിയാക്കാമെന്ന എൽഡിഎഫ് ധാരണയിൽ നിന്ന് സിപിഐ അവസാന നിമിഷം പിന്മാറിയെന്നും അദ്ദേഹം ആരോപിച്ചു.
എം എൽ എ പിവി അൻവർ എല്ലാവർക്കും ഒരു പാഠമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.അത്തരം ആളുകൾ വരുമ്പോൾ ഒരു കമ്യൂണിസ്റ്റ് പാർട്ടി പാലിക്കേണ്ട ജാഗ്രതയെ പറ്റിയുള്ള പാഠമാണ് ഇപ്പോൾ മനസ്സിലാക്കി തന്നത്. ആ പാഠം സിപിഎമ്മിന് മാത്രമല്ല, തങ്ങൾക്കും ബാധകമാണെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ മേഖലയിൽ സുരക്ഷിത പ്രദേശങ്ങൾ അടയാളപ്പെടുത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം നാട്ടുകാർ തടഞ്ഞു. ആശങ്ക പരിഹരിക്കാതെ ചൂരൽ മലയിൽ സുരക്ഷിത മേഖലകൾ അടയാളപ്പെടുത്താൻ അനുവദിക്കില്ലെന്ന നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് ഉദ്യോഗസ്ഥർ മടങ്ങി. പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടർ മുണ്ടക്കെ ചൂരൽമല ജനകീയ സമിതിയുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു. തീരുമാനം ഉണ്ടാകുന്നത് വരെ സർവ്വേ നടത്തുന്നത് നിർത്തിവെക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 23 കേന്ദ്ര പുരസ്കാരങ്ങൾ കേരളാ പൊലീസിനെ തേടിയെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .കാനത്തിൽ ജമീല എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ്, നിയമസഭയിൽ മുഖ്യമന്ത്രി കേരള പോലീസിന് ലഭിച്ച നേട്ടങ്ങൾ വ്യക്തമാക്കിയത്.
ലീസും പെർമിറ്റുമുള്ള ക്വാറികളുടെ എണ്ണം 561 ആയി ചുരുക്കാൻ സര്‍ക്കാരിന് സാധിച്ചുവെന്ന് മന്ത്രി പി രാജീവ്.കേരളത്തിലെ ക്വാറികളെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ഓൺലൈനായി ജനങ്ങൾക്ക് അറിയാനും സാധിക്കും.ഏതെങ്കിലും ലംഘനമുണ്ടാവുന്ന ഘട്ടത്തിൽ നിയമാനുസൃതമായ നടപടികൾ കൈക്കൊണ്ടുവരികയുമാണെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാരിനെതിരെ സിപിഐ അനുകൂല ജീവനക്കാരുടെ സംഘടനയായ ജോയിൻ്റ് കൗൺസിൽ സമരത്തിലേക്ക്. ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നു, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന വാക്ക് പാലിച്ചില്ല, ജീവനക്കാരിൽ നിന്നും പെൻഷൻ വിഹിതം പിടിക്കുന്നത് അടിയന്തരമായി നിർത്തലാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ജോയിൻ്റ് കൗൺസിൽ മുന്നോട്ട് വെക്കുന്നത്.
അറസ്റ്റിലായ നടൻ ബാലയ്ക്ക് നിബന്ധനകളോടെ കോടതി ജാമ്യം അനുവദിച്ചു. സമൂഹമാധ്യമങ്ങളിൽ പരാതിക്കാരിക്കും മകൾക്കും എതിരായ പ്രചരണങ്ങൾ നടത്തരുതെന്നും , കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളുമായി സംസാരിക്കരുതെന്നുമാണ് പ്രധാന ജാമ്യ വ്യവസ്ഥകൾ. സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന മുൻ ഭാര്യയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി.
കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത.അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 17 വരെ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ് . ഇന്ന് മുതൽ 4 ദിവസം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവൻ വായിച്ചെന്നും ഇതിൽ കേസ് എടുക്കാവുന്ന പരാതികൾ ഉണ്ടെന്നും കോടതി നിരീക്ഷിച്ചു. എസ് ഐ ടി അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു. എഫ്ഐആര്‍ പകർപ്പ് ആർക്കും ലഭ്യമാകരുതെന്നും, പരാതിക്കാരെ മൊഴി നൽകാൻ നിർബന്ധിക്കരുത് എന്നും കോടതി ആവർത്തിച്ചു.
ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ തൃശ്ശൂർ സിറ്റി പോലീസ് അന്വേഷണം ആരംഭിച്ചു. തൃശ്ശൂർ പൂരം അലങ്കോലമായതിനെ തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി നിയമവിരുദ്ധമായി ആംബുലൻസിൽ സഞ്ചരിച്ചുവെന്നാരോപിച്ച് സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നല്കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ച നടന്ന നിയമസഭ മാർച്ചിനിടെ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പി.കെ ഫിറോസ് ഉള്‍പ്പെടെ 37 പേർക്ക് ജാമ്യം . കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. ഉപാധികളോടെയാണ് തിരുവനന്തപുരം സിജെഎം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
സിനിമകൾ ചിത്രീകരിക്കുമ്പോൾ സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് വനിത കമ്മീഷൻ. ഇതിനുപുറമെ, സിനിമയുടെ പ്രൊഡക്ഷൻ യൂണിറ്റുകളിൽ ലിംഗ അവബോധ പരിശീലനവും നിർബന്ധമാക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. ഹൈക്കോടതിയിൽ സമർപ്പിച്ച പ്രസ്താവനയിലാണ് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
കണ്ണൂരിലും ആലപ്പുഴയിലും സ്കൂൾ ബസുകൾ മറിഞ്ഞ് അപകടം. രണ്ട് ബസുകളിലുമായി 31 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. വിദ്യാർത്ഥികൾക്കാർക്കും സാരമായ പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.
കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഡിയർനസ് അലവൻസ് വർധന ദീപാവലിയ്ക്ക് മുമ്പ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. കേന്ദ്രസർക്കാർ ഡിഎ 3% വർധിപ്പിച്ചേക്കുമെന്നാണ് സൂചന. അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്ത ശേഷം വൈകാതെ തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം.
മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബാ സിദ്ദിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ എന്‍.ഐ.എ സംഘം ലോറന്‍സ് ബിഷ്ണോയിയെ ചോദ്യം ചെയ്തു. സല്മാന് ഖാനേയും നിരവധി കുപ്രസിദ്ധ ഗുണ്ടകളേയും തങ്ങള്‍ നോട്ടമിട്ടിട്ടുണ്ടെന്ന് ലോറന്‍സ് ബിഷ്ണോയ് വെളിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കാനഡയുടെ അന്വേഷണത്തിൽ അതൃപ്തി അറിയിച്ച് ഇന്ത്യ. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയെ പേരെടുത്ത് വിമര്‍ശിച്ച കേന്ദ്രവിദേശകാര്യ മന്ത്രാലയം ട്രൂഡോ സര്‍ക്കാരിന്റേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും ആരോപിച്ചു. അന്വേഷണത്തിന്റെ പേരില്‍ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.