അന്തരിച്ച വ്യവസായ പ്രമുഖൻ രത്തൻ ടാറ്റയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ.സംസ്കാര ചടങ്ങ് മുംബൈയിലെ വർളി ശ്മശാനത്തിൽ ആണ് നടക്കുന്നത്.പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.കൊളാബോയിലെ വീട്ടിലെത്തിയും മുംബൈയിലെ എൻസിപിഎ ഓഡിറ്റോറിയത്തിലെത്തിയും രാഷ്ട്രീയ-കായിക-വ്യവസായ ലോകത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു. എൻസിപിഎ ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിന് ശേഷമാണ് വർളി ശ്മശാനത്തിലേക്ക് മൃതദേഹം എത്തിച്ചത്.
വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ജി എസ് ടിയുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനം വേഗത്തിൽ എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രൊഫ. കെ വി തോമസ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായി ചർച്ച നടത്തി. കേന്ദ്ര ധനമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് കൂടിക്കാഴ്ച നടത്തിയത്.
മഹാനവമിയുമായി ബന്ധപ്പെട്ട് നാളെ നടത്താനിരുന്ന പരീക്ഷകൾ, അഭിമുഖങ്ങൾ, കായികക്ഷമതാ പരീക്ഷകൾ,സർവ്വീസ് വെരിഫിക്കേഷൻ, പ്രമാണ പരിശോധന എന്നിവ മാറ്റിവെച്ചതായി കേരള പിഎസ്‌സി അറിയിച്ചു. ഇവയുടെ പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നും പിഎസ്‌സി വക്താവ് അറിയിച്ചു.
നാളത്തെ പൊതു അവധി റേഷൻ കടകൾക്കും ബാധകമായിരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. റേഷകടകളുടെ അടുത്ത പ്രവൃത്തി ദിവസം തിങ്കളാഴ്ച ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.മഹാനവമി പ്രമാണിച്ച് സംസ്ഥാനത്തെ സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള എല്ലാ സഹകരണ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിരുന്നു. നാളെ നിയമസഭയ്ക്ക് അവധി ബാധകമല്ല.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനക്കെതിരെ പൊലീസ്. സ്വർണ്ണക്കടത്ത് പണം നിരോധിത സംഘടനകൾ ഉപയോഗിക്കുന്നുവെന്ന് പൊലീസ് വെബ്സൈറ്റിലുണ്ടെന്ന ഗവർണറുടെ പ്രസ്താവനക്കെതിരെയാണ് പൊലീസ് വാർത്താക്കുറിപ്പിറക്കിയത്. കേരളാ പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിൽ അത്തരമൊരു പ്രസ്താവന ഇല്ലെന്ന്പൊലീസ് വ്യക്തമാക്കി. ഗവർണറുടെ പ്രസ്താവന വന്ന് മണിക്കുറുകൾക്ക് ശേഷമാണ് വിശദീകരണം.
സംസ്ഥാന ഗവർണർ കേരള വിരുദ്ധനെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. എല്ലാ പരിധിയും വിട്ടുള്ള ആക്രമണമാണ് കേരളത്തിലെ മുഖ്യമന്ത്രിക്ക് നേരെ ഗവർണർ നടത്തുന്നത്.എത്രത്തോളം കേരള വിരുദ്ധനെന്ന് നിരന്തരം തെളിയിച്ചൊരു ഗവർണർ ആണ് കേരളത്തിലുള്ളത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലഹരിക്കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ 5 മണിക്കൂർ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തു. ലഹരി ഉപയോഗിച്ചിട്ടില്ലെന്നും ഓംപ്രകാശിനെ അറിയില്ലെന്നുമാണ് ശ്രീനാഥ് ഭാസി പൊലീസിനോട് പറഞ്ഞത്. മുറിയിലെത്തിയത് ബിനു ജോസഫിനൊപ്പമെന്നും ശ്രീനാഥ് അറിയിച്ചു. ബിനു ജോസഫ് സുഹൃത്താണെന്നും ബിനുവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നും ഭാസി പൊലീസിന് നൽകിയ മൊഴിയിലുണ്ട്.
നടി പ്രയാഗ മാര്‍ട്ടിന്റെ ചോദ്യ ചെയ്യല്‍ തുടരുന്നു. എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലാണ് പ്രയാഗ ഹാജറായിട്ടുള്ളത്. നടനും അഭിഭാഷകനുമായ സാബു മോനൊപ്പമാണ് പ്രയാഗ എത്തിയത്. നിയമോപദേശം നല്‍കാനാണ് താന്‍ കൂടെവന്നതെന്നും മൊഴിയെടുപ്പിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ സാധിക്കൂവെന്നും സാബു മോന്‍ വ്യക്തമാക്കി.
നടൻ ടി.പി.മാധവന്റെ മൃതദേഹം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കരിച്ചു. മകൻ രാജ കൃഷ്ണ മേനോൻ അന്ത്യകർമ്മങ്ങൾ നിർവഹിച്ചു.തൈക്കാട് ഭാരത് ഭവനിലെ പൊതുദർശനത്തിൽ, മന്ത്രിമാരും രാഷ്ട്രീയ, സാംസ്കാരിക, സിനിമ രംഗത്ത് നിന്നുള്ളവരും അന്തിമോപചാരം അർപ്പിച്ചു.
മഹാരാജാസ് കോളജിലെ അഭിമന്യൂ സ്മാരകം പൊളിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. 2 കെഎസ്‌യു പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്നും സ്വകാര്യ താല്‍പര്യം മാത്രമെന്നും നിരീക്ഷിച്ചാണ് ഹൈക്കോടതി ഹർജി തള്ളിയത്.
പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ചങ്കൂറ്റം ഉണ്ടെങ്കിൽ ഇല്ലെന്ന് പറയട്ടെ, വിജയേട്ടാ എനിക്കത് പറ്റില്ലെന്നാണ് അന്ന് മറുപടി നല്‍കിയതെന്നും സുരേഷ് ഗോപി പറഞ്ഞു.കൊല്ലം ഫാത്തിമ മാതാ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ കോളേജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് വൻ വിജയം . ഏഴ് വർഷത്തിന് ശേഷം കെഎസ്‌യുവിൽ നിന്ന് പാലക്കാട് വിക്ടോറിയ കോളേജ് തിരിച്ചുപിടിച്ചതിനൊപ്പം, പട്ടാമ്പി സംസ്‌കൃത കോളേജും നെന്മാറ എൻഎസ്എസ് കോളേജും എസ്എഫ്ഐ നേടി.
വികസന വെല്ലുവിളികള്‍ നേരിടുന്ന കട്ടികളെ ചികിത്സയോടൊപ്പം അങ്കണവാടികളില്‍ പ്രവശിപ്പിക്കുന്നതിന് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി മന്ത്രി വീണാ ജോര്‍ജ്. 2 വയസിനും 3 വയസിനും ഇടയിലുള്ള വികസന വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ സാമൂഹിക മാനസിക വികസനം സാധ്യമാകാന്‍ വളരെ പ്രയോജനകരമാകുമെന്ന് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ഉള്‍പ്പെടെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
എറണാകുളം പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ എംഎൽഎ പിവി അൻവറിന് യോഗം ചേരാൻ മുറി നൽകിയില്ല. മുറി അനുവദിക്കാതിരുന്നതോടെ അൻവർ സ്ഥലത്ത് പ്രതിഷേധിച്ചു. റസ്റ്റ് ഹൌസിന്റെ മുറ്റത്ത് യോഗം ചേരാനാണ് തീരുമാനം. പൊതുമരാമത്ത് മന്ത്രി റിയാസിന്റെ ഇടപെടലിലാണ് തനിക്ക് മുറി അനുവദിക്കാതിരുന്നതെന്ന് അൻവർ ആരോപിച്ചു.
സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങള്‍ മുറിച്ച് വനം വകുപ്പ് മുഖേന വില്‍പന നടത്തുന്നതിന് ഉടമകള്‍ക്ക് അവകാശ നല്‍കികൊണ്ടുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി.ചന്ദനമരം വെച്ചുപിടിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി ഉടമകള്‍ക്ക് വന്‍തുക വരുമാനം ഉണ്ടാക്കുന്നതിനും ചന്ദനമോഷണം കുറയ്ക്കുന്നതിനും ഈ ഭേദഗതി സഹായകമാകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.
2025 വര്‍ഷത്തെ പൊതു അവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരമുള്ള അവധികളും മന്ത്രിസഭാ യോഗം അംഗീകരിച്ചു.ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുളള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും.
അത്യാധുനിക സൗകര്യങ്ങളുമായി കെഎസ്‌ആർടിസിയുടെ എസി സൂപ്പർഫാസ്‌റ്റ് പ്രീമിയം സർവീസ് യാത്രയ്ക്ക് തയ്യാറായി. ആദ്യഘട്ടത്തിൽ 10 ബസുകളാണ് സർവീസ് നടത്തുക. സൂപ്പർഫാസ്‌റ്റിനും എക്‌സ്‌പ്രസിനും ഇടയിലായിരിക്കും ടിക്കറ്റ് നിരക്ക്. വൈഫൈ കണക്‌ഷൻ, മ്യൂസിക് സിസ്‌റ്റം, പുഷ് ബാക്ക് സീറ്റ് എന്നീ സൗകര്യങ്ങൾ ഉണ്ടാകും. 40 സീറ്റുകളാണ് ബസിൽ ഉള്ളത്. സർവീസുകൾ അടുത്ത ആഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.
കേരളത്തില്‍ ഒരാഴ്ച വ്യാപകമായി ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 13 മുതൽ 14 തീയതികളിൽ അതിശക്തമായ മഴയ്ക്കും 10 മുതല്‍ 14 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മർദിച്ച സംഭവത്തിൽ അധ്യാപികയെ അറസ്റ്റ് ചെയ്തു. പ്ലേ സ്കൂൾ അധ്യാപിക സീതാലക്ഷ്മിയെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
രത്തൻ ടാറ്റയ്ക്ക് മരണാന്തര ബഹുമതിയായി ഭാരതരത്ന നൽകണമെന്ന് ക്യാബിനറ്റ് പ്രമേയം പാസാക്കി മഹാരാഷ്ട്ര സർക്കാർ. ഇന്ന് അടിയന്തര ക്യാബിനറ്റ് യോഗം ചേർന്നാണ് പ്രമേയം പാസാക്കിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് രത്തൻ ടാറ്റ അന്തരിച്ചത്.
നാഷ്ണൽ കോണ്‍ഫറൻസ് നേതാവ് ഒമർ അബ്ദുള്ളയെ ജമ്മു കശ്മീർ മുഖ്യമന്ത്രിയായി തീരുമാനിച്ചു. രണ്ടാം തവണയാണ് ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയാവുന്നത്. ഫറൂക്ക് അബ്ദുള്ളയാണ് ഒമർ അബ്ദുള്ളയെ മുഖ്യമന്ത്രിയാക്കിയുള്ള തീരുമാനം പ്രഖ്യാപിച്ചത്.
ഹരിയാനയിലെ തോൽവിയുമായി ബന്ധപ്പെട്ട കോൺഗ്രസ് അവലോകന യോഗത്തിൽ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം. നേതാക്കളുടെ താല്പര്യം ഒന്നാമതും, പാർട്ടി താൽപര്യം രണ്ടാമതുമായി മാറിയിട്ടുണ്ടെന്നതടക്കമുള്ള വിമർശനമാണ് രാഹുൽ ഉന്നയിച്ചത്. മല്ലികാർജുൻ ഖർഗെയുടെ വീട്ടിൽ നടന്ന അവലോകന യോഗത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിരീക്ഷകരായ അജയ് മാക്കൻ, അശോക് ഗെലോട്ട് തുടങ്ങിയവർ പങ്കെടുത്തു.ഇ വി എമ്മിനെതിരായ പരാതി ശക്തമായി ഇനിയും ഉന്നയിക്കാനും അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്.
ചെന്നൈ വിമാനത്താവളത്തിൽ എത്തിയ നാല് യാത്രക്കാരിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണമാലകളും ഇ- സിഗരറ്റും നാല് പുതിയ ഐഫോണുകളും പിടിച്ചു.ഡയറക്‌ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നൽകിയ സൂചനയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.മലേഷ്യയിൽ നിന്ന് ചെന്നൈയിൽ വിമാനമിറങ്ങി, ഗ്രീൻ ചാനൽ വഴി പുറത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള നീക്കത്തില്‍ മറുപടിയുമായി പി.ടി. ഉഷ. കല്യാണ്‍ ചൗബെ പുറത്തിറക്കിയ അജണ്ട നിയമവിരുദ്ധവും ചട്ടവിരുദ്ധവുമാണെന്ന് ഉഷ പറഞ്ഞു.ഉഷയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് അവര്‍ മാധ്യമങ്ങളോട് ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്.
സാഹിത്യത്തിനുള്ള 2024-ലെ നൊബേല്‍ പുരസ്‌കാരം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്. ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുര്‍ബലതകളെ തുറന്നുകാട്ടുകയും ചെയ്യുന്ന തീക്ഷ്ണതയുള്ള കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങ്ങിന്റേതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി.