ഈ വർഷത്തെ രസതന്ത്ര നോബേൽ മൂന്ന് പേർക്ക്. പ്രൊട്ടീനുകളെക്കുറിച്ചുള്ള ഗവേഷണത്തിനാണ്  ഡേവിഡ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ എം. ജംപർ എന്നിവർക്ക്  പുരസ്കാരം ലഭിച്ചത്.     2003ൽ കംമ്പ്യൂട്ടേഷനൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതിയ തരം പ്രോട്ടീൻ നിർമ്മിച്ച ഡേവിഡ് ബേക്കറിനാണ് പുരസ്കാരത്തിന്റെ പകുതിയും ലഭിക്കുക. ബാക്കി ഭാഗം ഡെമിസ് ഹസാബിസും, ജോൺ ജംപറും ചേർന്ന് പങ്കിടും.

സ്വർണക്കടത്ത് ഇടപാടുകൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ മുഖ്യമന്ത്രി  ഇക്കാര്യം തന്നെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.ഹിന്ദു പത്രമാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല?തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണ് . തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും എന്നും ഗവർണർ പറഞ്ഞു.

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്  മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി കത്ത്. വിവരങ്ങൾ എല്ലാം അറിയിക്കുന്നതിൽ ബോധപൂർവമായ വീഴ്ചയില്ല.  തനിക്കെന്തോ മറച്ചു വയ്ക്കാനുണ്ട് എന്നത് അനാവശ്യ പരാമർശമാണ്. തനിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകി.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി  അന്വേഷണത്തിന് ഉത്തരവിട്ടു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന നവ കേരള സദസിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് അന്വേഷണം. എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നൽകണമെന്ന് കോടതി വ്യക്തമാക്കി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ സ്വകാര്യ ഹർജിയിലാണ് കോടതി ഉത്തരവ്.

തൃശ്ശൂർ പൂരം കലക്കലിൽ ജുഡീഷ്യൽ അന്വേഷണം വന്നാൽ ഒന്നാം പ്രതിയാകേണ്ടത് മുഖ്യമന്ത്രിയാണെന്ന്  പ്രതിപക്ഷ നേതാവ് വി ഡി  സതീശൻ. കാര്യം ചോദിക്കുമ്പോ തലശേരി കലാപത്തിന്റെ കഥ പറഞ്ഞിട്ട് കാര്യമില്ല ഉത്തരമാണ് വേണ്ടതെന്ന് വിഡി സതീശൻ അടിയന്തിര പ്രമേയ ചർച്ചയിൽ പറഞ്ഞു. പൂരം അലങ്കോലമാക്കിയ സംഭവത്തിൽ പേരിനെങ്കിലും ഒരു എഫ്ഐആർ രജിസ്റ്റ‍ർ ചെയ്തോയെന്ന് ചോദിച്ച അദ്ദേഹം പൂരം കലക്കാൻ സംസ്ഥാന സർക്കാർ ബിജെപിക്ക് കൂട്ട് നിന്നുവെന്നും കുറ്റപ്പെടുത്തി.

 

കാറുകളിൽ ചൈൽഡ് സീറ്റ് നടപ്പിലാക്കാൻ സർക്കാർ ആലോചിച്ചിട്ടില്ലെന്ന്  ​ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ. നിയമത്തിൽ പറയുന്ന കാര്യം ട്രാൻസ്പോർട്ട് കമ്മീഷണർ പറഞ്ഞെന്നേയുള്ളൂ എന്നും ബലം പ്രയോ​ഗിച്ച് നടപ്പാക്കില്ലെന്നും  ബോധവത്കരണം ആണ് ഉദ്ദേശിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഫൈൻ ഇടാക്കി തുടങ്ങില്ലെന്നും ചർച്ചയാകട്ടെ എന്ന് മാത്രമേ ട്രാൻസ്പോർട്ട് കമ്മീഷണർ ഉദ്ദേശിച്ചുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.

 

ഇടുക്കി ഡിഎംഒ ഡോക്ടർ എൽ മനോജ് കൈക്കൂലി കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്തു.  മൂന്നാറിലെ ഒരു ഹോട്ടലിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ 75000 കൈക്കൂലി വാങ്ങിയ കേസിലാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു ഡോക്ടറുടെ ഡ്രൈവറായ രാഹുൽ രാജിനെയും വിജിലൻസ് കസ്റ്റഡിയിലെടുത്തു.

നടി പ്രയാ​ഗ മാർട്ടിന് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്. ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസിൽ   ചോദ്യം ചെയ്യലിനായി മരട് പൊലീസ് സ്റ്റേഷനിൽ എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നടൻ ശ്രീനാഥ് ഭാസിയെയും ചോദ്യം ചെയ്യുമെന്ന് കൊച്ചി ഡിസിപി അറിയിച്ചുിരുന്നു.

സംസ്ഥാനത്ത്  ആരോഗ്യ വകുപ്പിന് കീഴില്‍ ആദ്യമായി കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് യാഥാര്‍ഥ്യമാകുന്നതായി മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെ കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ്  യാഥാര്‍ത്ഥ്യമാകുന്നത്.ഇതിന്റെ പ്രാധാന്യം മുന്നില്‍ കണ്ടാണ് കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ യൂണിറ്റ് യാഥാര്‍ത്ഥ്യമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

യുവതീ യുവാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ തട്ടിപ്പുസംഘങ്ങളുടെ ലക്ഷ്യം എന്ന്  സംസ്ഥാന പൊലീസിന്റെ മുന്നറിയിപ്പ്.സ്വന്തമായി  ഗൂഗിൾ പേ അക്കൗണ്ട് ഉള്ളവർക്ക്  ജോലി നൽകുന്നതാണ്  ഈ തട്ടിപ്പു സംഘത്തിന്റെ രീതി. ഉയർന്ന കമ്മീഷനാണ് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യുന്നത്.www.cybercrime.gov.in എന്ന വെബ്സൈറ്റിലും ഇത് സംബന്ധിച്ച   പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ് എന്ന് പോലീസ് അറിയിച്ചു .

കേരള  കേഡറിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥയും മുൻ  ഡിപിജിയുമായ  ആർ ശ്രീലേഖ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനില്‍ നിന്നുമാണ് അംഗത്വം സ്വീകരിച്ചത്. ബിജെപിയെ ഇഷ്ടമാണെന്നും അതിനാൽ പാർട്ടിയിൽ അംഗത്വമെടുക്കുകയാണെന്നും ആയിരുന്നു ശ്രീലേഖയുടെ പ്രതികരണം.

മുൻ എംഎൽഎ പി കെ ശശിയെ പാലക്കാട് സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കും. പാലക്കാട് ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. പാർട്ടി നടപടി നേരിട്ടയാൾ സി ഐ ടി യു ജില്ലാ പ്രസിഡൻ്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് വിലയിരുത്തൽ.പാർട്ടി ഫണ്ട് തിരിമറിയുടെ പേരിൽ പി കെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം നീക്കിയിരുന്നു.

സഹനത്തിന് ഓസ്കാർ ഉണ്ടായിരുന്നെങ്കിൽ അത് മുഖ്യമന്ത്രി പിണറായി വിജയന് ലഭിക്കുമായിരുന്നുവെന്ന് മന്ത്രി വി.എൻ. വാസവൻ. പിണറായി വിജയനെ വേട്ടയാടാൻ ശ്രമിക്കുന്നുവെന്നും അതിലൂടെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകർക്കാനാകുമെന്ന് പ്രതിപക്ഷം വിചാരിക്കുന്നുവെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

തിരുവനന്തപുരം പരുത്തിപ്പള്ളിയിലെ വനം വകുപ്പ് ഓഫീസിൽ സസ്പെന്‍ഷനിലായിരുന്ന റെയ്ഞ്ച് ഓഫീസർ സുധീഷ് കുമാര്‍ പരുത്തിപ്പള്ളി ഓഫീസിലെത്തി റെയ്ഞ്ച് ഓഫീസറുടെ കസേരയിൽ അതിക്രമിച്ച് കയറി ഇരിന്നു . സംഭവത്തില്‍ വനം വകുപ്പ് പൊലീസിൽ കേസ് നൽകി. ഇതോടെ സുധീഷ് കുമാറിനെതിരെ വീണ്ടും നടപടിയുണ്ടാകും. നിരവധി ആരോപണങ്ങളിൽപ്പെട്ട ഉദ്യോഗസ്ഥനാണ് സുധീഷ്.

തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടുപേരുടേയും കുടുംബത്തിന് പത്തുലക്ഷം രൂപ വീതം ധനസഹായം നൽകും. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അറിയിച്ചതാണ് ഇക്കാര്യം. പരിക്കേറ്റവരുടെ ചികിത്സാ ചിലവ് മുഴുവൻ സർക്കാർ വഹിക്കുമെന്നും ലിന്റോ ജോസഫ് അറിയിച്ചു.

 

പാട്ടകുടിശ്ശിക വരുത്തിയ ട്രിവാൻഡ്രം ടെന്നിസ് ക്ലബ്ബിന്റെ ബാർ ലൈസൻസ് റദ്ദാക്കിയ സംസ്ഥാന സർക്കാർ നടപടി ഹൈക്കോടതി ശരിവെച്ചു. ആവശ്യമെങ്കിൽ സർക്കാരിന് ഈ ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. പാട്ടകുടിശ്ശിക അടയ്ക്കാതെ ലൈസൻസ് പുതുക്കാനാകില്ലെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചാണ് കോടതി നടപടി.

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ബിആർ 99 ലോട്ടറി ഫലം പ്രഖ്യാപിച്ചു.  TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം.വയനാട്ടിൽ  വിറ്റ  ടിക്കട്ടിനാണു  ഒന്നാം സമ്മാനം.

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ  ശസ്ത്രക്രിയാ പിഴവെന്ന് പരാതി. കാസർകോട് വി. അശോകന്റെ പത്ത് വയസ്സുകാരനായ മകൻ ആദിനാഥിന് ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടർ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള  ഞരമ്പാണെന്നാണ് പരാതി.സംഭവത്തിൽ കാസർകോട് ഡിഎംഒക്ക് പരാതി നൽകിയിട്ടുണ്ട്.

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പരിശോധന ശക്തമാക്കി എക്സൈസ്. ആലപ്പുഴയിൽ നടത്തിയ പരിശോധനയിൽ മെത്താംഫിറ്റമിനും പത്തനംതിട്ടയിൽ നിന്ന് കഞ്ചാവും എക്സൈസ് പിടികൂടി.ആലപ്പുഴ മണ്ണഞ്ചേരിയിൽ 2.3 ഗ്രാം മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു.

കണ്ണൂർ തളിപ്പറമ്പിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് പരശുറാം എക്സ്പ്രസിൽ നിന്നാണ് പൂക്കോത്ത് തെരുവിലെ 14 വയസുകാരനെ റെയിൽവേ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ട് മുതലാണ് കുട്ടിയെ കാണാതാകുന്നത്.

 

പരാതി പറയാനെത്തിയ സഹോദരങ്ങളായ യുവാക്കളെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് പന്നിയങ്കര പോലീസിനെതിരെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവാക്കള്‍ പരാതി നല്‍കിയത്. പൊലീസ് അതിക്രമം മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചതാണ് പ്രകോപന കാരണമെന്ന് പരാതിയില്‍ പറയുന്നു. പൊലീസ് ബലപ്രയോഗത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു.കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം ഫറോഖ് എസിപി സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.

 

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി. ഒരു കിലോ ജിലേബി രാഹുൽ ​ഗാന്ധിയുടെ വസതിയിലേയ്ക്ക് ഓർഡർ ചെയ്താണ് ബിജെപി ഹരിയാനയിലെ വിജയം ആഘോഷമാക്കിയത്. പക്ഷേ, ഓർഡ‍ർ ചെയ്ത ജിലേബി ക്യാഷ് ഓൺ ഡെലിവറി ആണ്. അക്ബർ റോഡിലുള്ള രാഹുൽ ഗാന്ധിയുടെ വസതിയിലേയ്ക്ക് കൊണാട്ട് പ്ലേസിലെ ബികാനെർവാലയിൽ നിന്നാണ് ജിലേബി ഓർഡർ ചെയ്തത്.

ഹരിയാനയിലെ തോൽവി അംഗീകരിക്കില്ലെന്ന കോൺഗ്രസ് നിലപാട് തള്ളി സഖ്യകക്ഷികൾ. ഇവിഎമ്മിൽ ക്രമക്കേട് നടന്നു എന്ന കോൺഗ്രസ് വാദം ഏറ്റെടുക്കാൻ സഖ്യകക്ഷികൾ തയ്യാറായില്ല. അമിത ആത്മവിശ്വാസം തിരിച്ചടിയായെന്ന് ശിവസേന ഉദ്ധവ് താക്കറേ വിഭാഗം കുറ്റപ്പെടുത്തി. അഹങ്കാരവും സഖ്യകക്ഷികളെ ഉള്‍ക്കൊളളാത്ത മനോഭാവവുമാണ് കാരണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും കുറ്റപ്പെടുത്തി.

ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അടുത്തെത്തുന്ന എംഎൽഎമാർക്ക് അവരുടെ പദവിക്കൊത്തെ കസേരകൾ നൽകണമെന്ന് യുപി സ‍ർക്കാറിന്റെ നിർദേശം. ഉന്നത ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നതിന് സമാനമായ കസേരകൾ തന്ന എംഎൽഎമാർക്കും ഉറപ്പാക്കണമെന്നാണ് സംസ്ഥാനത്തെ പാർലമെന്ററികാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.ഓഫീസർ സോഫയിലാണ് ഇരിക്കുന്നതെങ്കിൽ എംഎൽഎയ്ക്കും സമാനമായ സൗകര്യം തന്നെ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.

 

ഹരിയാന തെരഞ്ഞെടുപ്പിൽ 20 നിയോജക മണ്ഡലങ്ങളിൽ നടന്ന ഇവിഎം ക്രമക്കേട് അന്വേഷിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടുവെന്ന് കോൺ​ഗ്രസ് നേതാവ് കെസി വേണുഗോപാൽ. 7 എണ്ണം സംബന്ധിച്ച് പരാതി നൽകി. 13 എണ്ണം സംബന്ധിച്ച പരാതി കൂടി നൽകും. ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മരവിപ്പിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടതായും കെസി വേണു​ഗോപാൽ പറഞ്ഞു.

 

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയിക്കെതിരെ ഫോറന്‍സിക് തെളിവുകള്‍ നിരത്തി സിബിഐ. ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 11 നിര്‍ണായക തെളിവുകളാണ് സിബിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്.തെളിവുകളെല്ലാം സഞ്ജയ് മാത്രമാണ് കുറ്റക്കാരന്‍ എന്നാണ് തെളിയിക്കുന്നതെന്ന് പറഞ്ഞ സിബിഐ കൂട്ടബലാത്സംഗത്തിന്റെ സാധ്യത തള്ളിക്കളഞ്ഞു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *