സംസ്ഥാന വ്യാപക മാലിന്യ നിർമാർജ്ജന ക്യാമ്പയിന് തുടക്കിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ.‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായിട്ടുള്ള ക്യാമ്പയിൻ ആണ് ആരംഭിച്ചത്. ഗാന്ധി ജയന്തി ദിനത്തില്‍ തുടങ്ങി സീറോ വേസ്റ്റ് ദിനമായ 2025 മാര്‍ച്ച് 30 ന് അവസാനിക്കുന്ന വിപുലമായ ജനകീയ ക്യാമ്പയിനാണ് ഇന്നു തുടക്കമാവുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  പറഞ്ഞു.

പി വി അൻവറിനൊപ്പമില്ലെന്ന നിലപാടുമായി  കെ ടി ജലീൽ എംഎൽഎ. പി വി അൻവറിനെ രാഷ്ട്രീയപരമായ വിയോജിപ്പ്  അറിയിക്കും എന്ന് അദ്ദേഹം പ്രതികരിച്ചു. സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കുമെന്നും, വെടിവെച്ച് കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും തള്ളിപ്പറയില്ലെന്നും ജലീൽ പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ കെ സുധാകരൻ. പി ശശിക്കെതിരെ സിപിഎം നടപടി എടുത്തിട്ടുണ്ടെന്നും രണ്ട് വീടുകളിൽ കയറി പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പരാതിയിലാണ് നടപടി എടുത്തതെന്നും കെ സുധാകരൻ പറഞ്ഞു. പിവി അൻവർ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിയാവാനാണ് സാധ്യത എന്നും കെ സുധാകരൻ പറഞ്ഞു.

 

ബിജെപിയുടെ തണലിൽ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രി പിണറായി വിജയൻ എന്ന വിമർശനവുമായി കെ സുധാകരൻ . അതിനെ തൊടാനും പേടിയാണ് തൊട്ടില്ലെങ്കിലും പേടിയാണ്. സിപിഎം തകർന്ന് തരിപ്പണമാവുകയാണെന്നും, ഇത് അറിയാൻ കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ ഫലം നോക്കിയാൽ മതി എന്നും കെ സുധാകരൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമാക്കി മുസ്ലിം ലീഗ് തെറ്റിദ്ധാരണ പരത്തുകയാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ വിജയരാഘവൻ ആരോപിച്ചു. പി ആർ ഏജൻസികൾ അന്യ രാജ്യങ്ങളിൽ നിന്നും വന്ന രാജ്യ വിരുദ്ധ ശക്തികൾ ആണോയെന്നും അതിലെന്താണിത്ര തെറ്റെന്നും എ വിജയരാഘവൻ ചോദിച്ചു. മലപ്പുറമെന്നാൽ മുസ്ലിം ലീഗ് മാത്രമല്ല. മലപ്പുറത്തെ വര്‍ഗീയമാക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യില്ലെന്നും തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ലീഗ് ഇതു ചെയുന്നതെന്നും എ വിജയരാഘവൻ കൂട്ടിചേര്ത്തു.

 

കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു അഭിമുഖം നൽകാൻ ഏതെങ്കിലും പി.ആ‍ർ ഏജൻസിയുടെ ആവശ്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്..മുഖ്യമന്ത്രിക്ക് ജനങ്ങളോട് എന്തെങ്കിലും പറയാൻ ഇടനിലക്കാരൻ്റെ ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. പി.ആർ വിഷയം മുഖ്യമന്ത്രി വിശദമാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു .

പി.ആര്‍. ഏജന്‍സി കൈസണെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. വരാനിരിക്കുന്ന മഹാരാഷ്ട്രാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും സഖ്യകക്ഷികള്‍ക്കും വേണ്ടി കര്‍ട്ടനു പിന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്ന പി.ആര്‍. ഏജന്‍സിയാണ് കൈസണ്‍ എന്ന് വിവരം ലഭിച്ചതായി അദ്ദേഹം ആരോപിച്ചു.ഉടഞ്ഞ വിഗ്രഹമാണ് പിണറായി വിജയനെന്നും ആ മുഖം മിനുക്കാന്‍ ഇനി ഒരു പി.ആര്‍. ഏജന്‍സിക്കും ആവില്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.

സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്കി യൂത്ത് ലീഗ്. ദി ഹിന്ദു എഡിറ്റർ, കെയ്സൺ എംഡി, അഭിമുഖം തയ്യാറാക്കിയ ഹിന്ദുവിലെ മാധ്യമ പ്രവർത്തക, മുഖ്യമന്ത്രി എന്നിവരടക്കം നാലുപേർക്കെതിരെയാണ് പരാതി. അഭിമുഖത്തിലെ പരാമർശം വിവിധ മതങ്ങൾക്കിടയിൽ സ്പർദ ഉണ്ടാക്കുന്നതാണെന്നും ഒരു നാടിനെ അപകീർത്തിപ്പെുത്തുന്നതാണെന്നും പരാതിയിൽ പികെ ഫിറോസ് പറയുന്നു.വിവാദ പരാമർശത്തിൽ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കിയും പരാതി നൽകിയിരുന്നു.

 

എസ്ബിഐയുടെ സെർവർ തകരാറിലായതിനെ തുടർന്ന് ഒരുവിഭാഗം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. അധ്യാപകരുടെയും കെ.എസ്.ഇ.ബി. ജീവനക്കാരുടെയും ശമ്പളമാണ് മുടങ്ങിയത്. ട്രഷറിയിൽ നിന്നും ശമ്പളം ബാങ്കിലേക്ക് വന്നുവെങ്കിലും വിതരണം തടസ്സപ്പെടുകയായിരുന്നു.

നിയമസഭ സ്പീക്കർക്ക് പരാതി നൽകി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പ്രതിപക്ഷാംഗങ്ങള്‍ നല്‍കിയ നക്ഷത്ര ചിഹ്നമിട്ട ചോദ്യ നോട്ടീസുകള്‍ ചട്ട വിരുദ്ധമായി നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളാക്കി നിയമസഭ സെക്രട്ടേറിയറ്റ് മാറ്റിയെന്നാണ് പ്രധാന പരാതി.ഇത് സ്പീക്കറുടെ നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍കാല റൂളിംഗുകള്‍ക്കും വിരുദ്ധമാണെന്നാണ് പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നത്.

 

എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലുറച്ച് സിപിഐ. മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ചയിലാണ് സിപിഐ നിലപാട് ആവര്‍ത്തിച്ചത്.റിപ്പോര്‍ട്ട് വരട്ടെയെന്നും അതിനുശേഷം തീരുമാനിക്കാമെന്നുമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. എഡിജിപിക്കെതിരായ ആരോപണങ്ങളിലെ അന്വേഷണത്തിൽ ഡിജിപി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഇരിക്കെയാണ് കൂടിക്കാഴ്ച നടന്നത്.

 

കർണ്ണാടകയിലെ ദേശീയപാതയിലെ മണ്ണിടിച്ചിലിൽ അര്‍ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് അർജുന്റെ  കുടുംബം. ലോറി ഉടമ മനാഫിനെതിരെ അര്‍ജുന്‍റെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു  . മനാഫ് മാധ്യമങ്ങളിൽ പറഞ്ഞ ചില കാര്യങ്ങൾ മൂലം കടുത്ത സൈബര്‍ ആക്രമണമാണ് കുടുംബം നേരിടുന്നതെന്നും ഭാര്യയടക്കമുള്ള കുടുംബത്തോടൊപ്പം മാധ്യമങ്ങൾക്ക് മുന്നിലെത്തി അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിൻ വ്യക്തമാക്കി

 

പണപ്പിരിവ് നടത്തിയെന്ന    അർജുന്റെ കുടുംബത്തിന്റെ ആരോപണം നിഷേധിച്ച് ലോറിയുടമ മനാഫ്. തന്നെ ക്രൂശിക്കുന്നത് എന്തിനാണെന്ന് അറിയില്ല, ഫണ്ട് പിരിവ് നടത്തിയിട്ടില്ല.അങ്ങനെ തെളിയിച്ചാൽ പരസ്യമായി കല്ലെറിഞ്ഞു കൊന്നോട്ടെ. അർജുന്റെ കണ്ടെത്തുന്നത് വരെ ഉപയോഗിക്കാനാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇനി അത് സജീവമാക്കും, ഉള്ളടക്കം ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. പുതിയ ലോറിക്ക് അർജുന്റെ പേര് ഇടുമെന്നും മനാഫ് പ്രതികരിച്ചു.

 

ട്രെയിൻ അപകടങ്ങൾ തടയുന്നതിനായി  റെയിൽവേ നടത്തുന്ന ബോധവൽക്കരണ ക്യാമ്പയിന് നാളെ തുടക്കമാകും.ട്രെയിനുകൾക്കുനേരെ ഉണ്ടാകുന്ന കല്ലേറ്, റെയിൽപ്പാളങ്ങളിൽ കല്ലുകളും മറ്റും വെച്ച് സൃഷ്ടിക്കുന്ന അപകടങ്ങൾ, റെയിൽവേ ലൈൻ മുറിച്ചുകടക്കുമ്പോൾ ട്രെയിൻ തട്ടിയുണ്ടാകുന്ന അപകടങ്ങൾ എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണമാണ് ഈ ക്യാമ്പയിന്റെ ഉദ്ദേശ്യം.

കേരളത്തിൽ ഇന്ന് മുതൽ ഒക്ടോബർ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്.

 

കോഴിക്കോട് സ്വദേശിയുടെ സഹതാപം മുതലെടുത്ത് നാലുകോടി തട്ടിയെടുത്ത കേസിലെ പ്രതികൾ പിടിയിൽ. രാജസ്ഥാനിലെ സാദരയിൽ വച്ച് കോഴിക്കോട് സൈബർ പൊലീസാണ് തട്ടിപ്പു സംഘത്തെ അറസ്റ്റു ചെയ്തത്. മുഖ്യപ്രതി സുനിൽ ദംഗി, കൂട്ടുപ്രതി ശീതൽ മേഹ്ത്ത എന്നിവരാണ് അറസ്റ്റിലായത്.

കേന്ദ്ര സർക്കാർ ഓരോ പൌരന്മാർക്കും 32849 രൂപ സൌജന്യമായി നൽകുന്നതായി വ്യാജ പ്രചാരണം.രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പണം നൽകുന്നുവെന്ന്,  കേന്ദ്ര ധനമന്ത്രാലയത്തിന്റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. ഇത്തരത്തിൽ ആർക്കും പണം നൽകുന്നില്ലെന്നാണ് കേന്ദ്ര സർക്കാർ വിശദമാക്കിയിട്ടുള്ളത്. കേന്ദ്ര സർക്കാർ വസ്തുതാ പരിശോധക വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

സൗദി അറേബ്യ പലസ്തീൻ ജനതക്ക്  പ്രതിമാസ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. പലസ്തീൻ ജനതക്ക് അവരുടെ എല്ലാ നിയമാനുസൃതമായ അവകാശങ്ങളും നേടാനും കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാജ്യം സ്ഥാപിക്കാനും പ്രാപ്തരാക്കുന്നതിനുമുള്ള പിന്തുണയാണിതെന്നും സൗദി പറഞ്ഞു.

 

ദില്ലിയിൽ ഇന്ന് നടന്ന വൻ മയക്കുമരുന്ന് വേട്ടയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2,000 കോടിയിലധികം വിലമതിക്കുന്ന 500 കിലോ കൊക്കെയ്ൻ ദില്ലി പൊലീസ് കണ്ടെടുത്തിരുന്നു. തെക്കൻ ദില്ലിയിൽ പൊലീസിന്റെ പ്രത്യേക സംഘം നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേ‍ർ അറസ്റ്റിലായി. കൂടുതൽ വിവരങ്ങൾക്കായി കസ്റ്റഡിയിലെടുത്ത നാല് പ്രതികളെയും പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

 

നൂറ് ശതമാനം ശർക്കരയിൽ നിന്നും നിർമ്മിച്ച റമ്മുമായി ഇന്ത്യൻ കമ്പനി. അമൃത് ഡിസ്റ്റിലറീസാണ് ഇന്ത്യയിലെ ആദ്യത്തെ 100ശതമാനം ശർക്കരയിൽ നിന്നുള്ള റം ബെല്ല പുറത്തിറക്കിയിരിക്കുന്നത്. ആഗോള സ്പിരിറ്റ് വ്യവസായത്തിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ചാണ് അമൃത് പുതിയ പരീക്ഷണവുമായി എത്തിയിട്ടുളളത്.

ഇറാൻ -ഇസ്രയേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർ ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണം എന്ന് നിർദ്ദേശിച്ചു. നിലവിൽ ഇറാനിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണണമെന്നും നിർദ്ദേശമുണ്ട്.സംഘർഷം വ്യാപിക്കുന്നതിൽ അതിയായ ആശങ്കയുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസിന് ഇസ്രയേലില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഇസ്രയേല്‍ സര്‍ക്കാര്‍. ഇറാന്റെ മിസൈല്‍ ആക്രമണത്തെക്കുറിച്ചുള്ള പ്രതികരണത്തിന്റെ പേരിലാണ് വിലക്ക്.

ഇസ്രയേലിനെതിരെ ചൊവ്വാഴ്ച ഇറാന്‍ നടത്തിയ മിസൈലാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. എംബസിയ്ക്കുള്ളിലും സമീപത്തും പട്രോളിങ് വര്‍ധിപ്പിച്ചതായും പോലീസ് സേനയുടെ ഒരു സംഘത്തെ എംബസി സുരരക്ഷയ്ക്കായി വിന്യസിച്ചതായും ഡല്‍ഹി പോലീസ് അധികൃതര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. ‘ജൻ സൂരജ് പാർട്ടി’യെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി അംഗീകരിച്ചു.തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സംസ്ഥാനത്തെ മദ്യനിരോധനം അവസാനിപ്പിക്കുമെന്നും വരുമാനം വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്താൻ ഉപയോഗിക്കുമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു .

ഉസ്‌ബെക്കിസ്താനിലെ താഷ്‌കെന്റില്‍ നടന്ന ഉസ്‌ബെക്കിസ്താന്‍ ലോകകപ്പ് കിക്‌ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മലയാളികളും. സഞ്ജു എം.എസ്., അരുണ്‍ എസ്. നായര്‍, അഭിജിത്ത് കൃഷ്ണന്‍ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ട മലയാളികള്‍.സെപ്റ്റംബര്‍ 24 മുതല്‍ 29 വരെ താഷ്‌കെന്റിലാണ് ചാമ്പ്യന്‍ഷിപ്പ് നടന്നിരുന്നത്.

ഹരിയാണയിൽ ബിജെപി സ്ഥാനാർഥിക്ക് നേരെ കർഷകരോഷം. റാതിയ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന സുനിത ദുഗ്ഗലിനെ പ്രചരണത്തിനിടയിൽ കർഷകർ ഓടിച്ചുവിട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *