വർക്കലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജിന്റെ കൈവരി തകർന്ന് 15 പേർ ആശുപത്രിയിൽ. 2 പേരുടെ നില ഗുരുതരമാണ്. ശക്തമായ തിരമാലയിൽ ഫ്‌ളോട്ടിങ് ബ്രിഡ്‌ജ് ഉയർന്നുപൊങ്ങിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ കടലിൽ വീണ 15 പേരെ വർക്കല താലൂക്ക് ആശുപതിയിലേക്ക് മാറ്റി. കൂടുതൽ പേർ കടലിൽ വീണോയെന്ന് സംശയമുണ്ടെന്നു നാട്ടുകാർ പറയുന്നു.ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ നടക്കുകയാണ്.
സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ക്ഷാമബത്ത 9% വർദ്ധിപ്പിച്ചു. സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നും വിരമിച്ച വിവിധ വിഭാഗങ്ങൾക്കുള്ള ക്ഷാമാശ്വാസവും വർധിപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡി എ 4% വർധിപ്പിച്ചിരുന്നു. ജീവനക്കാരുടെ ഗ്രാറ്റിവിറ്റി പരിധി 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് സംസ്ഥാന സർക്കാരും ജീവനക്കാരുടെ ക്ഷാമബത്ത വർദ്ധിപ്പിച്ചത്.
പത്മജയെ ബിജെപിയിൽ എത്തിച്ചത് മോദി-പിണറായി ബന്ധത്തിലെ ഇടനിലക്കാരനെന്ന് കെ. മുരളീധരൻ. പിണറായി വിജയനെയും നരേന്ദ്ര മോദിയെയും ബന്ധിപ്പിക്കുന്നത് ലോക്നാഥ് ബെഹ്‍റയാണ് എന്ന് കെ മുരളീധരൻ ആരോപിച്ചു. ബെഹ്റയുടെ മെട്രോ എംഡിയെന്ന സ്ഥാനം ആലങ്കാരികം ആണ്. ബി ജെ പി ക്കാരിയുടെ ജൽപനങ്ങൾക്ക് മറുപടി പറയാൻ മനസില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കെ മുരളീധരന്റെ ആരോപണത്തിൽ പ്രതികരിച്ച് പത്മജ വേണുഗോപാൽ രംഗത്ത് . ലോക്നാഥ് ബെഹ്റ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ല, തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാൻ കോൺഗ്രസ് നേതാക്കളെ വെല്ലുവിളിക്കുന്നുവെന്നും പത്മജ പറഞ്ഞു. തന്നെ ബി.ജെ.പിയിലേക്ക് ഡൽഹിയിൽ നിന്ന് നേരിട്ടാണ് ക്ഷണിച്ചതെന്നും അവർ പറഞ്ഞു.
മന്ത്രി കെ ബി ഗണേഷ് കുമാർ ചുമതല ഏറ്റെടുത്തശേഷം നടപ്പിലാക്കിയ ആശയം വിജയമെന്ന് KSRTC. ഓർഡിനറി സർവീസുകളിൽ റൂട്ട് റാഷണലൈസേഷൻ നടപ്പിലാക്കി കൊണ്ട് വലിയ ലാഭമാണ് കെഎസ്ആർടിസി സൃഷ്ടിച്ചിരിക്കുന്നതെന്ന്, ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഈ പദ്ധതിയിലൂടെ ഒരു മാസം ലാഭിക്കാൻ കഴിയുന്നത് 4,38,36,500 രൂപയാണ്.കെഎസ്ആർടിസി ഇന്നത്തെ സാഹചര്യത്തിൽ ഡിമാൻഡ് ചെയ്യുന്ന ഫലപ്രദമായ പരിഷ്കരണ ആശയങ്ങൾ അതിവേഗം നടപ്പിലാക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
കോൺഗ്രസിൽ നിന്ന് ആളുകളെ കൊണ്ടുപോകുന്നത് സിപിഎം ബിജെപി പാക്കേജ് ആണെന്ന് കെസി വേണുഗോപാൽ. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അമരത്വമുള്ള പാർട്ടിയാണ്. നേതാക്കളെ അടർത്തിക്കൊണ്ടുപോയാൽ കോൺഗ്രസ് എന്ന പാർട്ടി അവസാനിക്കില്ല. പിണറായി വിജയൻ ഏതു പ്രസംഗത്തിലാണ് മോദിയെ വിമർശിച്ചിട്ടുള്ളത് എന്നും അദ്ദേഹം ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും. കേന്ദ്രഭരണ പ്രദേശങ്ങളിൽ എപ്പോൾ തിരഞ്ഞെടുപ്പ് നടത്താനാകും എന്ന ചർച്ചയിലാണ് ഉദ്യോഗസ്ഥർ. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കാശ്മീർ സന്ദർശിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരും. വാർത്താസമ്മേളനത്തിലൂടെ മാത്രമേ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കു എന്ന്കമ്മീഷൻ വ്യക്തമാക്കുന്നു.
കോൺഗ്രസ് പാർട്ടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി കോൺഗ്രസ് പാർട്ടിയെ വിമർശിച്ചത്. ഇന്ന് കോണ്‍ഗ്രസായിരുന്നവര്‍ നാളെ കോണ്‍ഗ്രസായിരിക്കുമെന്ന് എങ്ങനെ വിശ്വസിക്കുo. ഒരു സംസ്ഥാന ഭരണം കോൺഗ്രസിന് കൊടുത്താൽ, കോൺഗ്രസ് അത് ബിജെപിക്ക് കൊടുക്കും. ഇങ്ങനെ ഒരു നാണം കെട്ട പാർട്ടി ഉണ്ടോ? എന്നും മുഖ്യമന്ത്രി ചോദിച്ചു.
കണ്ണൂരിൽ കെ സുധാകരന്റെ റോഡ് ഷോ. മത്സരിക്കില്ലെന്നായിരുന്നു തീരുമാനിച്ചിരുന്നത് പക്ഷേ ഹൈക്കമാൻഡ് പറഞ്ഞത് അനുസരിക്കുന്നു. മണ്ഡലത്തിൽ അധികസമയം താൻ ഉണ്ടായില്ലെന്ന് പരാതി കേട്ടു. താൻ അത്രയും തിരക്കുള്ള നേതാവ് ആയതുകൊണ്ടാണ് അടിക്കടി മണ്ഡലത്തിൽ വരാൻ കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. എം വി ജയരാജൻ തനിക്കൊരു എതിരാളി അല്ലെന്നും മികച്ച ഭൂരിപക്ഷത്തോടെ ജയിക്കാൻ കഴിയുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലായിടത്തും തോല്‍പ്പിക്കാൻ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരൻ എന്ന് കെ സുരേന്ദ്രൻ. സ്വന്തം മാതാവിനെ ആക്ഷേപിച്ച കോൺഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാൻ പോലും മുരളീധരൻ തയാറായില്ല. ഇടതുമുന്നണിയെ തോൽപ്പിക്കാൻ ആണ് മുരളീധരൻ തൃശൂരില്‍ എത്തിയതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കോട്ടയത്ത് എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രൻ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഡിജെഎസിന് രണ്ടിടത്ത് സ്ഥാനാർത്ഥികൾ. മാവേലിക്കരയിൽ ബൈജു കലാശാലയും, ചാലക്കുടിയിൽ കെ എ ഉണ്ണിക്കൃഷ്ണനെയും സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചു. കോട്ടയം ഇടുക്കി സ്ഥാനാർത്ഥികൾ ആരൊക്കെ ആവണമെന്ന് ചർച്ച നടക്കുകയാണ്. ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകക്ഷിയായ ബിഡിജെഎസ് കോട്ടയം, ഇടുക്കി, മാവേലിക്കര, ചാലക്കുടി സീറ്റുകളിലാണ് മത്സരിക്കുന്നത്.
കെ മുരളീധരന് സ്വീകരണം നൽകി തൃശൂർ. പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളോടെ മുരളീധരൻ കെ കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിലെത്തി ആദരം അര്‍പ്പിച്ചു. ഓടി മുന്നില്‍ കയറാനാണ് തനിക്കിഷ്ട്ടമെന്നും, തൃശൂരില്‍ ബിജെപിയെ മൂന്നാമതെത്തിക്കും, കെ കരുണാകരനുറങ്ങുന്ന മണ്ണില്‍ സംഘികളെ അടുപ്പിക്കില്ല, കരുണാകരനെ ആരും സംഘിയാക്കാൻ നോക്കണ്ട, വർഗീയതയ്ക്കെതിരെ സന്ധി ഇല്ലാതെ പോരാടിയ അച്ഛന്‍റെ ആഗ്രഹ പൂർത്തീകരണമാവും തെരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു.
കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ മൂന്ന് വിധികര്‍ത്താക്കളെ കന്‍റോണ്‍മെന്‍റ് പൊലീസ് അറസ്റ്റ് ചെയ്തു. ഷാജി, സിബിൻ, ജോമെറ്റ് എന്നീ വിധികര്‍ത്താക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കലോത്സവത്തില്‍ കൈക്കൂലി വാങ്ങി ചിലര്‍ക്ക് അനുകൂലമായി മത്സരങ്ങളിലെ വിധിനിര്‍ണയം നടത്തിയെന്നാണ് ആരോപണം. കേരള യൂണിവേഴ്സിറ്റി ചെയര്‍മാൻ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി പിടിയിലായി. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ഗൂഢാലോചനയിലും പങ്കാളികളായവരാണ് ഇവർ. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നിലവിൽ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു.
തൃശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽ നിന്നും കാണാതായ രണ്ടു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തി. പതിനാറ് വയസുള്ള സജിക്കുട്ടന്‍, എട്ട് വയസുകാരന്‍ അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.രണ്ടു മൃതദേഹങ്ങളുടെയും കാലപ്പഴക്കത്തിൽ വലിയ വ്യത്യാസമുണ്ട്.ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ് ഇത്തവണയും ലോക്സഭ തെരെഞ്ഞെടുപ്പില്‍ പോരാട്ടമെന്നും അതില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ്. അതോടൊപ്പം പത്മജ വേണുഗോപാലിന്‍റെ ബിജെപി പ്രവേശനത്തില്‍ ദു:ഖമുണ്ടെന്നും, വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരായി കോണ്‍ഗ്രസ്സിന് ശക്തമായ നിലപാട് എടുക്കാന്‍ കഴിയില്ലെന്ന സന്ദേശമാണ് ഇതിലൂടെ ജനങ്ങളിലെത്തിയതെന്നും മന്ത്രി പറഞ്ഞു.
കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിൽ സ്ത്രീപ്രാതിനിധ്യം കുറവായതിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഷമാ മുഹമ്മദ്. സ്ത്രീകൾക്ക് സ്ഥാനാർത്ഥി നിർണയത്തിൽ ഒട്ടുംതന്നെ പ്രാധാന്യം നൽകിയില്ല. രാഹുൽ ഗാന്ധി എപ്പോഴും സംസാരിക്കുന്നത് സ്ത്രീ പ്രാതിനിധ്യത്തെകുറിച്ചാണ്. എന്നാൽ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ത്രീകളെ പാടെ അവഗണിക്കുകയാണ് ചെയ്തത്. സംവരണ സീറ്റ് ആയതുകൊണ്ട് മാത്രമാണ് രമ്യ ഹരിദാസിന് സീറ്റ് ലഭിച്ചത്എന്നും ഷമ മുഹമ്മദ് പറഞ്ഞു.
കട്ടപ്പന ഇരട്ട കൊലപാതകത്തിൽ പ്രതി നിതീഷ് കുറ്റം സമ്മതിച്ചു. എൻ ജി വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയെന്നാണ് കേസ്. പോലീസ് ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഡൽഹിയിലെ റോഡരികിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരം നടത്തിയ വിശ്വാസികൾക്കു നേരെ അക്രമം നടത്തിയ പൊലീസുകാരനെതിരെ നടപടി. പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് നിർദേശിച്ചു. നമസ്കരിച്ചവരെ ചവിട്ടുകയും അടിയ്ക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് നടപടി.
മഹാശിവരാത്രി റാലിയിക്കിടെ 14 കുട്ടികൾക്ക് വൈദ്യുതാഘാതമേറ്റു. 2 കുട്ടികളുടെ നില അതീവ ഗുരുതരമാണ്. രാജസ്ഥാനിലെ കോട്ടയിൽ ഇന്നലെ നടന്ന റാലിയ്ക്കിടെയാണ് സംഭവം.പരിക്കേറ്റ കുട്ടികളെ ചികിത്സിക്കാൻ ഡോക്ടർമാരുടെ പ്രത്യേക സംഘം രൂപീകരിച്ചെന്ന് മന്ത്രി ഹീരാലാൽ നാഗർ അറിയിച്ചു.
ബിഇഎംഎൽ നിർമ്മിക്കുന്ന വയർലെസ് നിയന്ത്രണ സംവിധാനമടക്കമുള്ള വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ എത്തുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് സ്ലീപ്പർ പ്രോട്ടോടൈപ്പിൻ്റെ നിർമാണം പൂർത്തിയായിട്ടുണ്ടെന്നും ഉടൻ സർവീസ് ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.