ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്.രാജ്യത്തെ തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കാനും വികസനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബിൽ കൊണ്ടുവരാനാണ് തീരുമാനം.

 

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്‌ ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കും.കേന്ദ്ര സർക്കാറിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിലുള്ളതെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.സംഘപരിവാർ നീക്കങ്ങൾക്കെതിരെ രാജ്യത്തെ ജനാധിപത്യ സമൂഹം മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അപ്രായോഗികമെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. മുൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് അംഗീകരിച്ച കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനത്തോടായിരുന്നു ഖർഗെയുടെ പ്രതികരണം. ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ ശ്രമമാണ് ഇതെന്നും നടപ്പാക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തീരുമാനത്തെ എതിർത്ത് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്ക്. മന്ത്രിസഭ അംഗീകരിച്ചാലും ഭരണഘടനാ ഭേദഗതിക്ക് വേണ്ട ഭൂരിപക്ഷം എൻഡ‍ിഎക്ക് ഇപ്പോഴില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന മന്ത്രിസഭകളെ കേന്ദ്രത്തിൻ്റെ ദയാദാക്ഷീണ്യത്തിന് വിധേയരാക്കുന്നതിനുള്ള ഈ നീക്കം പ്രാദേശിക പാർട്ടികളെ അപ്രസക്തമാക്കുന്നതാണെന്നും തോമസ് ഐസക് വിമർശിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന രീതിയിലാണ് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന തലതിരിഞ്ഞ ആശയം കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്നത്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രായോഗികമല്ല. ഇത് രാജ്യത്തോട് തന്നെയുള്ള വെല്ലുവിളിയാണെന്നും പ്രതിപക്ഷനേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

 

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു. എംപോക്‌സ് ലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്.ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്.

കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. ദുബായിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്ന ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദ്ദേശിച്ചു. ഏതെങ്കിലും രീതിയിലുളള ലക്ഷണമുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

 

ഓണാഘോഷത്തിന് സമാപനമായി തൃശൂരില്‍ പുലികളിയ്ക്ക് തുടക്കം. ഏഴ് ദേശങ്ങളില്‍ നിന്നുള്ള പുലികളി സംഘങ്ങളിലെ മുന്നൂറിലേറെ പുലികള്‍ പട്ടണം കൈയടക്കും. സ്വരാജ് റൗണ്ടിലെ നായ്ക്കനാല്‍ ജങ്ഷനിലിലെത്തുന്ന പാട്ടുരായ്ക്കല്‍ ദേശത്തിന്റെ വരവോടെ പുലികളി ആരംഭിച്ചു .കൂട്ടത്തിൽ കുഞ്ഞിപ്പുലികളും പെൺപുലികളുമുണ്ട്. ഇത്തവണ പിങ്ക് പുലിയും നീല പുലിയും തുടങ്ങി പലവിധ വർണങ്ങളിലുള്ള പുലികളുണ്ട്.

ലിഫ്റ്റ് തകരാറിയതിനെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗികളെ ചുമന്ന് താഴെയിറക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർക്ക്‌ കമ്മീഷൻ അംഗം വി കെ ബീനാകുമാരി നിർദ്ദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

ഓണക്കാലത്ത് സംസ്ഥാനത്തെ മദ്യ വിൽപ്പന ഉയർന്നു. ബെവ്ക്കോ വഴിയുള്ള വിൽപ്പന പ്രകാരം ഈ മാസം ആറു മുതൽ 17 വരെ 818.21 കോടിയുടെ മദ്യമാണ് വിറ്റത്. ഇത്തവണ ഓണം മദ്യ വിൽപ്പന ഏറ്റവും കൂടുതൽ നടന്നത് തിരൂർ ബെവ്കോ ഔട്ട് ലെറ്റിലാണ്. 5.59 കോടി രൂപയുടെ മദ്യമാണ് ഇവിടെ വിറ്റത്.

കേരളം തീവ്രവാദ സംഘങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സ്ഥലമാണ്, അതിനായി സർക്കാർ ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെന്ന് ഇപി ജയരാജൻ.കേരളത്തിലെ യുവാക്കൾ മതഭീകരവാദ സംഘടനയുടെ ഭാഗമാകുന്നുവെന്ന പി ജയരാജൻ്റെ പ്രസ്താവനയെ തുടർന്നാണ് ഇ പിയുടെ മറുപടി

അപകടത്തിൽ പരിക്കേറ്റ സിപിഐ ബ്രാഞ്ച് സെക്രട്ടറിയെയും കുടുംബത്തെയും സഹായിച്ച പ്രവാസിയ്ക്കും കുടുംബത്തിനും ക്രൂരമർദ്ദനം. മദ്യപിച്ച് ബൈക്കിൽ തെന്നിവീണ സിപിഐ ചിറയിൻകീഴ് എനീസ് ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറി ജെഹാംഗീറും സുഹൃത്ത് നസീറും ചേർന്നാണ് പ്രവാസിയായ ഷെബീർ ഖാനെയും ഭാര്യയെയും വീട് കയറി ആക്രമിച്ചത്. ഷെബീർ ഖാൻ റൂറൽ എസ്പിക്കും, ഡിജിപിക്കും പരാതി നൽകി.

 

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനടക്കമുള്ളവർക്കായി തെരച്ചിൽ നടത്താൻ കാർവാർ തുറമുഖത്ത് നിന്ന് ഇന്ന് രാത്രി ഡ്രഡ്ജർ പുറപ്പെടും. നാളെ രാവിലെ പുതിയ ഗംഗാവലി പാലത്തിന് സമീപം ഡ്രഡ്ജർ എത്തിക്കും. വേലിയിറക്ക സമയത്ത് ഡ്രഡ്ജർ നടപടികൾ തുടങ്ങാനാണ് തീരുമാനം.നാളെ നാവിക സേന പുഴയിലെ ഒഴുക്കും അടിത്തട്ടിൽ സോണാർ പരിശോധനയും നടത്തും.

 

മൈനാഗപ്പള്ളി കാർ അപകടത്തിലെ പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി.ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതിയാണ് തള്ളിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള പൊലീസിന്റെ അപേക്ഷയിൽ നാളെ വാദം കേൾക്കും. പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും.ഒന്നാം പ്രതി അജ്മലിനെയും രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയെയും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാനാണ് നീക്കം.

ചരിത്ര പ്രസിദ്ധമായ ആറന്മുള – ഉത്രട്ടാതി ജലമേളക്ക് തുടക്കം. വർണാഭമായ ജല ഘോഷയാത്രയോടെയാണ് ഇത്തവണത്തെ ജലമേള തുടങ്ങിയത്. 52 പള്ളിയോടങ്ങൾ ജല ഘോഷയാത്രയിൽ പങ്കെടുത്തു. നെഹ്റു ട്രോഫി മാതൃകയിലാണ് ഇക്കുറി വള്ളംകളി നടത്തുന്നത്.ജലമേളയ്ക്ക് പകിട്ടേകി നേവിയുടെ അഭ്യാസ പ്രകടനവും കലാരൂപങ്ങളും ദൃശ്യാവിഷ്കാരവും പമ്പയാറ്റിൽ നടന്നു.

ഓണക്കാലത്ത് സപ്ലൈകോ വില്‍പനശാലകളില്‍ 123.56 കോടി രൂപയുടെ വിറ്റുവരവ്. ഇതില്‍ 66.83 കോടി രൂപ സബ്‌സിഡി ഇനങ്ങളുടെ വില്‍പനയിലൂടെ നേടിയതാണ്. സബ്‌സിഡിയിതര ഇനങ്ങളുടെ വിറ്റുവരവില്‍ 56.73 കോടി രൂപ ലഭിച്ചു.സെപ്റ്റംബര്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 14 ഉത്രാട ദിവസം വരെയുള്ള കണക്കാണ് സപ്ലൈകോ പുറത്തുവിട്ടിരിക്കുന്നത്.

 

ഹരിയാനയിൽ സ്ത്രീകൾ, വയോധികർ,യുവജനങ്ങൾ എന്നിവരെ പരിഗണിച്ചുളള വാഗ്ദാനങ്ങളുമായി കോൺഗ്രസ്. പ്രതിമാസം സ്ത്രീകൾക്ക് 2000 രൂപയും, ഗ്യാസ് സിലിണ്ടറിന് 500 രൂപയും നൽകും. 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും.നിരവധി പദ്ധതികളാണ് ഹരിയാനയ്ക്കായി കോൺഗ്രസ് ഒരുക്കിയിരിക്കുന്നത്.

റഷ്യയുടെ തലസ്ഥാന നഗരമായ മോസ്കോയിൽ യുക്രൈന്റെ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടുകയും നിരവധി വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തു.യുക്രൈന്റെ ഡ്രോണുകൾ ഉപയോ​ഗിച്ചുള്ള ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിഞ്ഞെന്ന് റഷ്യ അവകാശപ്പെട്ടു.

ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തിൽ മികച്ച പോളിംഗ്. 6 മണിക്ക് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ 63 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് കണക്ക്. കശ്മീർ പുനഃസംഘടനയുടെ വിജയമെന്ന് ബി ജെ പി വിലയിരുത്തിയപ്പോൾ കേന്ദ്ര സർക്കാർ നടപടികളോടുള്ള അമർഷമെന്നാണ് പ്രതിപക്ഷം അഭിപ്രായപ്പെട്ടത്.

രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് കാര്യമായ സംഭാവനകൾ ചെയ്യുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ കണക്കുകൾ.

മ്യാന്മറുമായുള്ള അതിര്‍ത്തി പൂര്‍ണമായി വേലികെട്ടി അടയ്ക്കാന്‍ ഇന്ത്യ. 1,643 കിലോമീറ്റര്‍ നീളത്തിലാണ് വേലികെട്ടുക. അനധികൃത ആയുധക്കടത്തിന്റേയും മയക്കുമരുന്ന് കടത്തിന്റേയും പേരില്‍ കുപ്രസിദ്ധി നേടിയ മ്യാന്മര്‍ അതിര്‍ത്തിയാണ് ഇന്ത്യ അടച്ചുപൂട്ടുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *