സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യപഠനത്തിനായി ദില്ലി എയിംസിന് കൈമാറി. ദില്ലി എകെജി ഭവനിൽ നടത്തിയ പൊതുദർശനത്തിൽ നിരവധി നേതാക്കൾ യെച്ചൂരിക്ക് ആദരാജ്ഞലി അർപ്പിച്ചു. 3.30 ഓടെയാണ് വിലാപയാത്ര ആരംഭിച്ചത്. തുടർന്ന് യെച്ചൂരിയുടെ ഭൗതിക ശരീരം ദില്ലി എയിംസിന് കൈമാറി. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയായിരുന്നു സീതാറാം യെച്ചൂരിയുടെ മരണം.

മലയാളികൾക്ക് ഓണസന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിനെ ചേർത്തു പിടിക്കണമെന്ന് ആണ് മുഖ്യമന്ത്രിയുടെ ഓണ സന്ദേശം. ആഘോഷവേള ദുരിതത്തെ അതിജീവിച്ച നമ്മുടെ സഹോദരീ സഹോദരന്മാരോടുള്ള അനുകമ്പ നിറഞ്ഞതാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിജീവിത പ്രദേശത്തെ സാമ്പത്തികമായും സാമൂഹികമായും ചലനാത്മകമാക്കാനുമുള്ള വലിയ പരിശ്രമത്തിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി സന്ദേശത്തിൽ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടു പോലെ തന്നെ എല്ലാ മേഖലയിലും സമാന കമ്മിറ്റി വരണമെന്നും സിനിമയിൽ മാത്രമായി നടപടികൾ ഒതുങ്ങിപ്പോകരുതെന്നും കവിയും ഗാനരചയിതാവുമായ വൈരമുത്തു. പുതിയ ഇന്ത്യക്കുള്ള തുടക്കമാണ് ഹേമ കമ്മിറ്റി. സ്വയം പ്രതിരോധിക്കുന്നതിനെ കുറിച്ച് സ്‌കൂളുകളിൽ പെൺകുട്ടികളെ പഠിപ്പിക്കണമെന്നും വൈരമുത്തു ആവശ്യപ്പെട്ടു.

 

സപ്ലൈക്കോ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പഠിപ്പിച്ച ഓണക്കാലമാണ് ഇതെന്ന് മന്ത്രി ജി ആർ അനിൽ.ഉത്രാടദിനത്തിന് മുൻപുള്ള ദിവസങ്ങളിൽ 16 കോടി രൂപയുടെ വിൽപ്പനയാണ് ജില്ലാ ഫെയറുകളിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളിലും നടന്നത്. 24 ലക്ഷത്തിലധികം പേർ സപ്ലൈക്കോയിൽ നിന്ന് സാധനങ്ങൾ വാങ്ങി.അർഹരായ 92 ശതമാനം റേഷൻ കാർഡ് ഉടമകളും സൗജന്യ ഭക്ഷ്യ കിറ്റ് വാങ്ങിയെന്നും മന്ത്രി അറിയിച്ചു.

സഹകരണ ബാങ്കിലെ സ്ഥിര നിക്ഷേപങ്ങൾ പിൻവലിക്കാൻ സാധിക്കുന്നില്ലെന്ന പരാതിയിൻമേൽ ലോകായുക്തയുടെ ഉത്തരവ്. ഊരൂട്ടമ്പലം സഹകരണ ബാങ്കിനെതിരെയാണ് റസ്സൽപുരം സ്വദേശിയായ എൺപത് വയസുകാരി പത്മാവതി അമ്മ പരാതി നൽകിയത്. ഒരു മാസത്തിനകം പണം കൊടുക്കണമെന്ന് ബാങ്ക് പ്രസിഡന്‍റിനോടും സെക്രട്ടറിയോടും ലോകായുക്ത നിർദേശിച്ചു.

കോഴിക്കോട് ഉള്ള്യേരി മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നൽകി. ആശുപത്രിക്ക് മുന്നിൽ മൃതദേഹവുമായി നടത്തിയ പ്രതിഷേധം അവസാനിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർനടപടി എന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ ബോർഡ് യോ​ഗം ചേർന്ന് തുടർനടപടി സ്വീകരിക്കുമെന്ന് ആശുപത്രി മാനേജ്മെന്റും അറിയിച്ചു.

 

മലപ്പുറം വണ്ടൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് നിപ ബാധിച്ചിരുന്നതായി സംശയം.നിപ പോസിറ്റീവായതായി കോഴിക്കോട് നടന്ന പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പുണെ വൈറോളി ലാബിലെ ഫലംകൂടി ലഭ്യമായാലേ നിപ സ്ഥിരീകരിക്കാനാകൂ. കഴിഞ്ഞ തിങ്കളാഴ്ച പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലാണ് യുവാവ് മരിച്ചത്.

താനൂർ കസ്റ്റഡി കൊലപാതകത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ കുടുംബം സിബിഐക്ക് വീണ്ടും പരാതി നൽകി. അന്വേഷണത്തിൽ ആശങ്ക പ്രകടിപ്പിച്ച കുടുംബം കേസ് നാലു പേരിൽ ഒതുക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. സിബിഐ ഗൂഢാലോചന അന്വേഷിച്ചില്ലങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും താമിർ ജിഫ്രിയുടെ കുടുംബം വ്യക്തമാക്കി.

കേരളത്തിൽ മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. വരും മണിക്കൂറിൽ എറണാകുളമടക്കം 6 ജില്ലകളിലാണ് മഴ സാധ്യത. ഉച്ചക്ക് ഒരു മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, ജില്ലകളിലാണ് മഴ സാധ്യത ഏറ്റവും കൂടുതൽ ഉള്ളത്.

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടി തെരച്ചിൽ തുടരാൻ ഡ്രഡ്ജർ ചൊവ്വാഴ്ച കാർവാർ തുറമുഖത്ത് എത്തിക്കാൻ തീരുമാനമായി. നാളെ വൈകിട്ട് ഗോവ തീരത്ത് നിന്ന് പുറപ്പെടും. ചൊവ്വാഴ്ച കാർവാറിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യോഗം ചേരുമെന്നാണ് റിപ്പോർട്ട്.

കാര്‍ഷിക നിയമങ്ങളെ എതിര്‍ത്തവര്‍ കര്‍ഷകരെ കഴുത്തുഞെരിച്ച് കൊന്നിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച ദിവസം അടിയന്തരാവസ്ഥപോലെ ചരിത്രത്തില്‍ കുറിക്കപ്പെട്ട കിരാതദിനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വെള്ളായണിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന തീറ്റമത്സരത്തില്‍ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി മത്സരാര്‍ഥി മരിച്ചു. കഞ്ചിക്കോട് പുതുശ്ശേരി ആലാമരം ബി. സുരേഷ് (49) ആണ് മരിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് കവിയും ​ഗാനരചയിതാവുമായ വൈരമുത്തു നടത്തിയ പരാമർശത്തെ പരിഹസിച്ച് ​ഗായിക ചിന്മയി ശ്രീപദ. വൈരമുത്തു ശരിക്കും ഇങ്ങനെ പറഞ്ഞോയെന്നാണ് ചിന്മയിയുടെ ചോദ്യം. വൈരമുത്തുവിനെതിരെ ചിൻമയി മീറ്റൂ ആരോപണം ഉന്നയിച്ചിരുന്നു.വേട്ടക്കാർക്കൊപ്പമുള്ള കോൺക്ലേവ് നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ചിന്മയി ആവശ്യപ്പെട്ടു .

എംപോക്സ് വാക്സിന് അനുമതി നൽകി ലോകാരോ​ഗ്യസംഘടന.ബവേറിയൻ നോർഡിക് കമ്പനി പുറത്തിറക്കിയ വാക്സിനാണ് അനുമതി നൽകിയത്.ആഫ്രിക്കയിൽ ഉൾപ്പെടെ ലോകത്തിന്റെ പലഭാ​ഗങ്ങളിലും എംപോക്സ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് വാക്സിന് ലോകാരോ​ഗ്യസം​ഘടന അനുമതി നൽകിയത്.

ജമ്മു കശ്മീരില്‍ തീവ്രവാദം അവസാന ശ്വാസം വലിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് തുടക്കമിട്ടുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.പോലീസിനെയും സൈന്യത്തെയും ആക്രമിക്കാന്‍ നേരത്തെ ഉയര്‍ത്തിയ കല്ലുകള്‍ ഇപ്പോള്‍ പുതിയ ജമ്മു-കശ്മീര്‍ സൃഷ്ടിക്കാന്‍ ഉപയോഗിക്കുന്നുവെന്നും മോദി തിരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു.

ജമ്മുകശ്മീരിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം നേടുമെന്ന് കുരുക്ഷേത്രയിൽ നടന്ന റാലിയിൽ പ്രധാനമന്ത്രി അവകാശപ്പെട്ടു.കോൺഗ്രസ് ഭരണത്തിലേറിയ മൂന്ന് സംസ്ഥാനങ്ങളിലും വാഗ്ദാനങ്ങൾ നടപ്പാക്കാത്തതിനെതിരെ  ജനവികാരം ശക്തമാണെന്നും മോദി പറഞ്ഞു.

 

നര്‍മദ നദിക്കരയിലെ തീര്‍ഥാടന കേന്ദ്രങ്ങളിലും അതിനോട് ചേര്‍ന്നുള്ള പട്ടണങ്ങളിലും മദ്യ, മാംസ നിരോധനം ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്. നര്‍മദ ഉത്ഭവിക്കുന്ന അമര്‍കാണ്ഡകിലെ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ഗണേശ വിഗ്രഹ നിമജ്ജനത്തിനിടെ എട്ടുപേര്‍ മുങ്ങി മരിച്ചു. ഗുജറാത്തിലെ ഗാന്ധിനഗര്‍ ജില്ലയിലെ മേസ്വോ നദിയില്‍ വെള്ളിയാഴ്ചയാണ് അപകടം.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായധനം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

 

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജയില്‍മോചനം ആഘോഷിക്കാന്‍ വീടിനു പുറത്ത് പടക്കം പൊട്ടിച്ചതിനെതിരെ കേസെടുത്ത് ഡല്‍ഹി പോലീസ്. നോര്‍ത്ത് ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള കെജ്‌രിവാളിന്റെ വീടിന് മുമ്പില്‍ പടക്കം പൊട്ടിച്ചതിനെതിരെയാണ്‌ കേസ്.അന്തരീക്ഷമലിനീകരണം കുറയ്ക്കാന്‍ ഡല്‍ഹിയില്‍ പടക്കങ്ങളുടെ ഉപയോഗം നിരോധിച്ച് തിങ്കളാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് ലംഘിച്ചതിലാണ് കേസ് എടുത്തിരിക്കുന്നത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണിലെ രണ്ടാം മത്സരത്തില്‍ ഒഡിഷ എഫ്.സി.യെ തകര്‍ത്ത് ചെന്നൈയിന്‍ എഫ്.സി. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ചെന്നൈയുടെ ജയം. ആദ്യ പകുതിയില്‍ ഒഡിഷ ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷം തോല്‍വി വഴങ്ങുകയായിരുന്നു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *