വയനാട് മുന്‍ എം.പിയും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി തൻ്റെ ഒരു മാസത്തെ ശമ്പളം വയനാടിന്റെ ദുരിതാശ്വാസ പുനരധിവാസ ഫണ്ടിലേക്ക് സംഭാവന ചെയ്തു. 2.30 ലക്ഷം രൂപയാണ് കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് രാഹുല്‍ സംഭാവന ചെയ്തത്.ഏറെ നഷ്ടങ്ങള്‍ നേരിടേണ്ടിവന്ന അവിടുത്തെ ആളുകളുടെ ജീവിതം പുനര്‍നിര്‍മിക്കാന്‍ നമുക്ക് ഒരുമിച്ച് സഹായിക്കാമെന്നും രാഹുല്‍ സാമൂഹിക മാധ്യമത്തിൽ കുറിച്ചു.
ഗുജറാത്തിലെ പോർബന്തറിൽ രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ വീരമ്യത്യു വരിച്ച മലയാളി പൈലറ്റ് വിപിൻ ബാബുവിന് അന്ത്യാഞ്ജലി. മൃതദേഹം മാവേലിക്കര കണ്ടിയൂരിലെ ശ്മശാനത്തിൽ സംസ്കരിച്ചു. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു സംസ്കാരം നടന്നത്.
കള്ളന്മാര്‍ക്ക് കഞ്ഞിവെച്ച മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണ്‍. കേരള രാഷ്ട്രീയത്തില്‍ വിചിത്രമായ കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഷിബു ബേബിജോണ്‍ പറഞ്ഞു.
2016ല്‍ പൂരത്തിന്‍റെ രക്ഷകനായി വന്ന സുനില്‍ കുമാര്‍ 2024ൽ പൂരത്തിന്‍റെ അന്തകനായി എത്തിയെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. തൃശൂര്‍ പൂരം അലങ്കോലമാക്കിയതിന്‍റെ മുഖ്യ സൂത്രധാരൻ വിഎസ്‍ സുനില്‍കുമാറും പൊലീസുമാണെന്നും അദ്ദേഹം ആരോപിച്ചു.പൂരം കലക്കിയതിൽ ഹൈക്കോടതിയിലും സർക്കാരിനും പരാതി നൽകിയത് താനാണെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു.
ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറഞ്ഞ പിണറായിക്ക് അജിത്തിനെയും സുജിത്തിനെയും ഭയമാണെന്ന് ഷാഫി പറമ്പിൽ എംപി. കുറ്റപ്പെടുത്തി. അജിത് കുമാറിനെയും സുജിത് ദാസിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. അരമന രഹസ്യങ്ങൾ പുറത്ത് പറയും എന്ന ഭീഷണിയിലാകും സംരക്ഷിക്കുന്നതെന്നും മുഖ്യമന്ത്രിക്ക് പേടിയാണെന്നും ഷാഫി പറമ്പിൽ വിമർശിച്ചു.
താഴേ തട്ടിൽ പാര്‍ട്ടി ദുര്‍ബലമാണെന്ന് സിപിഎമ്മിൻ്റെ വിലയിരുത്തൽ. നേതൃശേഷിയുള്ളവരെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കണമെന്നും വ്യക്തിവിരോധം തീർക്കാൻ സമ്മേളനങ്ങളെ ഉപയോഗിക്കരുതെന്നും അടക്കമുള്ള നിര്‍ദ്ദേശങ്ങൾ സംസ്ഥാന നേതൃത്വം മുന്നോട്ട് വെച്ചു. നിലവിൽ ഭൂരിഭാഗവും ശരാശരി നിലവാരം മാത്രം ഉള്ളവരാണെന്നും രാഷ്ട്രീയ ധാരണയുള്ള മുഴുവൻ സമയ നേതൃത്വമാണ് ബ്രാഞ്ച് തലത്തിൽ വേണ്ടതെന്നുമാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശം.
എംഎല്‍എ പി വി അന്‍വറിനെ പിന്തുണച്ച് കെടി ജലീൽ. അൻവർ പറഞ്ഞതിൽ അസത്യം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെയെന്നും ഒരിറ്റു ദയ അർഹിക്കാത്ത പൊലീസ് പ്രമുഖർ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടുമെന്നും ജലീല്‍ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പി വി അൻവർ എംഎല്‍എ പരാതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കും. വസ്തുനിഷ്ഠമായി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തണമെന്ന് ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ് അറിയിച്ചു. ഏതൊക്കെ ആരോപണങ്ങൾ ഏത് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്ന കാര്യം ഡിജിപി തീരുമാനിക്കും.
റിട്ട. ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദിന് വീണ്ടും നിയമനം. കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ആക്കിയാണ് പുതിയ നിയമനം. നേരത്തെ റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്ലേറ്റ് ട്രിബ്യൂണൽ ചെയർമാനായിരുന്നു.
മലപ്പുറം എസ്‍പിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് മരം മുറിച്ചുവെന്ന ആരോപണത്തിൽ വെളിപ്പെടുത്തലുമായി ക്യാമ്പ് ഓഫീസിന് സമീപത്ത് താമസിക്കുന്ന അയല്‍വാസി. മരം മുറിച്ചു കഴിഞ്ഞശേഷമാണ് വീടിന് അപകട ഭീഷണിയുണ്ടെന്ന് കാണിച്ചുള്ള പരാതി പൊലീസ് എഴുതി വാങ്ങിയതെന്ന് അയല്‍വാസിയായ ഫരീദ മാധ്യമങ്ങളോട് പറഞ്ഞു.
ആലത്തൂരിൽ അഭിഭാഷകനോട് എസ് ഐ മോശമായി പെരുമാറി എന്ന പരാതിയിൽ ആരോപണ വിധേയനായ എസ് ഐ വി ആർ റിനീഷിനെ ശിക്ഷിച്ച് ഹൈക്കോടതി. രണ്ട് മാസത്തെ തടവിനാണ് എസ് ഐ റിനീഷിനെതിരെ ജസ്റ്റിസ് ദേവരാമചന്ദ്രൻ ശിക്ഷ വിധിച്ചത്. പിന്നാലെ ഒരു വർഷത്തേക്ക് സമാന കുറ്റകൃത്യത്തിൽ ഏർപ്പെടരുത് എന്ന വ്യവസ്ഥയിൽ ശിക്ഷ കോടതി മരവിപ്പിച്ചു.
സാമ്പത്തികച്ചെലവ് കുറഞ്ഞതും പരിസ്ഥിതി ആഘാതമില്ലാത്തതും വലിയ തോതില്‍ ഭൂമി ആവശ്യമില്ലാത്തതുമായ എംഎസ്എംഇ പദ്ധതികള്‍ക്ക് കേരളത്തില്‍ വലിയ സാധ്യതയാണുള്ളതെന്ന് മന്ത്രി പി രാജീവ്. ലോക ബാങ്ക് പിന്തുണയോടെ കേന്ദ്ര എംഎസ്എംഇ മന്ത്രാലയം നടപ്പിലാക്കുന്ന റൈസിംഗ് ആന്‍ഡ് ആക്സിലറേറ്റിംഗ് എംഎസ്എംഇ പെര്‍ഫോര്‍മന്‍സ് പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാനതല റോള്‍ ഔട്ട് ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംവിധായകൻ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. ബംഗാളി നടിയുടെ പരാതിയെ തുടർന്നുള്ള കേസിലെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തീർപ്പാക്കിയത്. രഞ്ജിത്തിനെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതായതിനാലാണ് നടപടി.
കെഎസ്ആർടിസി ജീവനക്കാരുടെ സെപ്തംബർ മാസത്തെ പെൻഷൻ ഓണത്തിന് മുമ്പ് നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പെൻഷൻ നൽകുമെന്ന് കെ എസ് ആർ ടിസി കോടതിയിൽ ഉറപ്പ് നൽകി. ഓഗസ്റ്റ് മാസത്തെ പെൻഷൻ വിതരണം തുടങ്ങിയതായി സ്റ്റാന്റിംഗ് കൗൺസിൽ സിംഗിൾ ബെഞ്ചിനെ അറിയിച്ചു.
തിരുവനന്തപുരം പാപ്പനംകോട്സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിന്റെ ഓഫീസിലെ ജീവനക്കാരി വൈഷ്ണയെ തീവെച്ചത് രണ്ടാം ഭർത്താവായ ബിനുവാണെന്നതിന് കൂടുതൽ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ബിനുവിന്റെ നരുവാമൂടുള്ള വീട്ടിന് സമീപത്ത് നിന്നും ഓട്ടോയിൽ കയറി ഇൻഷുറൻസ് ഓഫീസിന് സമീപം ഇറങ്ങിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നല്‍കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കെ ഡിസ്‌കിന്റെ സഹകരണത്തോടെയാണ് പൈലറ്റ് പ്രോജക്ടായി ബോണ്‍മാരോ രജിസ്ട്രി തയ്യാറാക്കുന്നത്.
സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാളെ വൈകുന്നേരം അഞ്ച് മണിക്ക് തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ.കെ.നായനാർ പാർക്കിൽ ആണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. മന്ത്രി ജി.ആർ.അനിലിന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ-തൊഴിൽ വകുപ്പുമന്ത്രി ആദ്യവില്പന നടത്തും.
കെടിഎമ്മിലെ ബയര്‍ രജിസ്ട്രേഷന്‍ സര്‍വകാല റെക്കോര്‍ഡുമായി 2800 കടന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള ട്രാവല്‍ മാര്‍ട്ടുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ സംസാരിക്കുകയിരുന്നു അദ്ദേഹം.ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും പ്രാധാന്യമുള്ളതും അന്താരാഷ്ട്ര പ്രതിനിധികളുടെ പ്രാതിനിധ്യം ഏറ്റവും കൂടുതലുള്ളതുമായ ടൂറിസം സമ്മേളനമാണിത്.
കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തീരദേശ വടക്കൻ ആന്ധ്രാപ്രദേശിന് മുകളിൽ ഒരു ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്.ഇതിന്റെ ഫലമായി 7 ദിവസം വ്യാപകമായി ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബോളയെ കണ്ടുവെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയാണ് എ.ഡി.ജി.പിയെ കൂടിക്കാഴ്ചയ്ക്കായി പറഞ്ഞയച്ചത്. ഒരു മണിക്കൂര്‍ ഇരുവരും കൂടിക്കാഴ്ച നടത്തി. ഇതിന് തെളിവായി സിസിടിവി ദൃശ്യങ്ങളുണ്ടെന്നും സതീശന്‍ ആരോപിച്ചു.
നാലാമത് ‘എൻ രാജേഷ് സ്മാരക പുരസ്കാരം’ മലയാള ചലച്ചിത്ര മേഖലയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിക്ക് . ചലച്ചിത്ര രംഗത്ത് ലിംഗ നീതി ഉറപ്പാക്കാനും തൊഴിലിടത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾക്കും അക്രമസംഭവങ്ങൾക്കുമെതിരെ ശബ്ദിക്കാനുമായി ആരംഭിച്ച ഡബ്ല്യൂ.സി.സി യുടെ പ്രവർത്തനങ്ങൾ, ഈ മേഖലയിൽ പുതിയ മാറ്റങ്ങൾക്ക് വഴിതുറന്ന സാഹചര്യത്തിലാണ് സംഘടന പുരസ്കാരത്തിനർഹമായത്.
14 ഇലക്ട്രിക് ബസ് സർവീസ് നടത്തി കെഎസ്ആർടിസി വികാസ് ഭവൻ യൂണിറ്റ് നേടിയത് മാസം അരക്കോടി വരുമാനം എന്ന റെക്കോർഡ്. വെറും 14 സർവീസ് നടത്തിയാണ് ഈ റെക്കോർഡ് നേട്ടം കെഎസ്ആർടിസി വികാസ് ഭവൻ യൂണിറ്റ് സ്വന്തമാക്കിയത്.
ബിജെപി നേതാക്കളെ ക്രിമിനല്‍ കേസുകളില്‍ കുടുക്കാൻ ഗുഢാലോചന നടത്തിയെന്നാരോപിച്ച് മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെതിരെ സിബിഐ കേസെടുത്തു. എന്‍സിപി ശരത് പവാര്‍ വിഭാഗത്തിന്‍റെ മുതിര്‍ന്ന നേതാവാണ് അനില്‍ദേശ്മുഖ്. അദ്ദേഹത്തെ കൂടാതെ മഹാരാഷ്ട്രയിലെ മുന്‍ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രവീൺ പണ്ഡിറ്റ് ചവാനും രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
ദ്വിരാഷ്ട്രസന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി സിംഗപ്പൂരിലെത്തി. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. അദ്ദേഹവുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ച് നേതാക്കൾ ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്.
ലൈംഗികാതിക്രമ പരാതികളില്‍ ശക്തമായ നടപടിയെടുക്കാന്‍ തമിഴ് താരസംഘടനയായ നടികര്‍ സംഘം. ലൈംഗികാതിക്രമ പരാതികള്‍ അന്വേഷിക്കാന്‍ ആഭ്യന്തര പരാതി പരിഹാര സെൽ രൂപവത്കരിക്കും. ലൈംഗികാതിക്രമം തെളിയിക്കപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തും. മലയാള സിനിമയുമായി ബന്ധപ്പെട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ സിനിമയില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നത് ചര്‍ച്ചചെയ്യാന്‍ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വിവാദമായ ഹേമ കമ്മിറ്റി റിപ്പോർട്ട് സെപ്റ്റംബർ ഒൻപതിന് മുമ്പ് സർക്കാർ ഹൈക്കോടതിക്ക് കൈമാറും. റിപ്പോർട്ടിന്റെ പൂർണ രൂപത്തിന് പുറമെ മൊഴിപ്പകർപ്പുകൾ, റിപ്പോർട്ടിന് പിന്നാലെ സർക്കാർ സ്വീകരിച്ച നടപടികൾ, ആരോപണങ്ങൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങൾ, ഇതിലെ കേസുകൾ എന്നിവയാണ് കോടതിക്ക് കൈമാറുക.
.എല്‍.എമാരുടെ കൂറുമാറ്റം തടയാന്‍ പുതിയ നിയമനിര്‍മാണവുമായി ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഇതിന്‍ പ്രകാരം, കൂറുമാറ്റ നിരോധന നിയമം അനുസരിച്ച്അയോഗ്യരാക്കപ്പെടുന്നവര്‍ക്ക് പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കില്ല. വിഷയവുമായി ബന്ധപ്പെട്ട് സഭയില്‍ അവതരിപ്പിച്ച ബില്‍ പാസായി.