പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിൽ കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തിൽ പുനരധിവാസ പ്രവർത്തനങ്ങൾക്കായി കേന്ദ്ര സഹായം ലഭിക്കാൻ നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി മോദിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‍റെ ആവശ്യങ്ങൾ ഉൾപ്പെടുത്തിയുള്ള നിവേദനവും സമർപ്പിച്ചു. ദില്ലിയിൽ പ്രധാനമന്ത്രിയുടെ ഓദ്യോഗിക വസതിയിൽ രാവിലെ ആയിരുന്നു കൂടിക്കാഴ്ച. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം എന്നതാണ് സംസ്ഥാനത്തിന്‍റെ പ്രധാന ആവശ്യം.
കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനടക്കം 12 പേര്‍ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒമ്പത് ബി.ജെ.പി. അംഗങ്ങളും എന്‍.ഡി.എ. ഘടകകക്ഷികളായ എന്‍.സി.പി, രാഷ്ട്രീയ ലോക് മഞ്ച് എന്നിവയില്‍നിന്ന് ഒരോരുത്തരും ഒരു കോണ്‍ഗ്രസ് അംഗവുമാണ് രാജ്യസഭയിലേക്ക് എത്തുന്നത്.
കേരള ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജഡ്ജിയെ ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്ററായി നിയമിക്കാൻ സുപ്രീം കോടതി തീരുമാനം. അഡ്മിനിസ്ട്രേറ്റർ ആരായിരിക്കുമെന്ന് വ്യക്തമാക്കി സെപ്റ്റംബർ 17-ന് വിശദമായ ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അമ്മ ഭരണസമിതിയിലെ കൂട്ടരാജി തീരുമാനം ആലോചിച്ചെടുത്തതെന്ന് അമ്മ വൈസ് പ്രസിഡന്റായിരുന്ന ജയൻ ചേർത്തല. പലവട്ടം മോഹൻലാലുമായി രാജി സംബന്ധിച്ച് കാര്യങ്ങൾ സംസാരിച്ചു. ധർമ്മികത കണക്കിലെടുത്താണ് രാജിവെച്ചത്. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. തെറ്റ് ചെയ്യാത്തവർ അഗ്നിശുദ്ധി വരുത്തി തിരിച്ചു വരണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
മുകേഷ് എംഎൽഎ സ്ഥാനം രാജി വെക്കണമെന്ന് ആനി രാജ. ലൈംഗിക ആരോപണം നേരിടുന്ന മുകേഷ് തന്റെ സ്ഥാനങ്ങളിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ നേരിടണം. അല്ലെങ്കിൽ അന്വേഷണം സത്യസന്ധമാണോ എന്നു പൊതുജനങ്ങൾ സംശയിക്കും. മുകേഷ് സ്വയം മാറി നിന്നില്ലെങ്കിൽ മാറ്റി നിർത്തി അന്വേഷണം ആരംഭിക്കാൻ സർക്കാർ തയ്യാറാകണം എന്നും അനിരാജാ പറഞ്ഞു.
താനുള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങൾ സംബന്ധിച്ച അന്വേഷണങ്ങള്‍ സ്വാഗതംചെയ്യുന്നുവെന്ന് നടന്‍ കൂടിയായ എം. മുകേഷ് എം.എല്‍.എ. വസ്തുനിഷ്ഠവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണ്. സത്യം പുറത്തുവരണമെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തൃശൂരിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ പ്രകോപിതനായ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ നടപടി ഭരണഘടന ലംഘനമാണെന്ന് എ ഐ വൈ എഫ് സംസ്ഥാന എക്‌സിക്യൂട്ടിവ്. വിമർശനങ്ങളോടും വിയോജിപ്പുകളോടും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന സുരേഷ് ഗോപി ജനാധിപത്യ സംവിധാനത്തിന് തന്നെ അപമാനമാണ്. മുൻപ് തന്നോട് പ്രതികരണമാരാഞ്ഞ മാധ്യമ പ്രവർത്തകയോടുള്ള മോശം സമീപനത്തിന്റെ പേരിലും സുരേഷ് ഗോപി വിവാദം സൃഷ്ടിച്ചിരുന്നുവെന്ന് എ ഐ വൈ എഫ് ചൂണ്ടികാട്ടി.
സുരേഷ് ഗോപിയുടെ പേര് ഹേമ കമ്മിറ്റി റിപ്പോർട്ടിലുണ്ടോയെന്ന് സംശയമുണ്ടെന്ന് കോൺഗ്രസ് നേതാവ്അനിൽ അക്കര. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള, മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് രോഷത്തോടെയുള്ള സുരേഷ് ഗോപിയുടെ പെരുമാറ്റം കൊണ്ടാണ് ഇങ്ങനെ ഒരു സംശയം ഉണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാൽ അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് ഉചിതമായ തീരുമാനമെന്ന് ഭാഗ്യലക്ഷ്മി. അമ്മ സംഘടനയിലുള്ള സ്ത്രീകളൊന്നും പ്രതികരിക്കുന്നത് കാണാറില്ല. ഇനിയൊരു കമ്മിറ്റി രൂപീകരിക്കുകയാണെങ്കിൽ 50 ശതമാനം പുരുഷന്മാരും 50 ശതമാനം സ്ത്രീകളും അതിൽ ഉൾപ്പെടണമെന്ന് സ്ത്രീകൾ നിർബന്ധമായും ആവശ്യപ്പെടണം, ഭാഗ്യലക്ഷ്മി പറഞ്ഞു.
താരസംഘടന അമ്മയിലെ കൂട്ടരാജി എടുത്തുചാട്ടമായിപ്പോയെന്ന് നടൻ ഷമ്മി തിലകൻ. താരസംഘടനയിലെ കൂട്ടരാജിയേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുറ്റാരോപിതരായിട്ടുള്ളവർ മാത്രം രാജിവെച്ചാൽ മതിയായിരുന്നു. ഇപ്പോഴത്തെ തീരുമാനത്തിൽ സംഘടനയിൽ അനിശ്ചിതത്വമുണ്ടായി. ഇപ്പോൾ അംഗമല്ലെങ്കിലും താനുംകൂടി സ്ഥാപകാംഗമായ സംഘടനയായതുകൊണ്ടാണിത് പറയുന്നത്. അതിന്റെയൊരു വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഛായ നഷ്ടപ്പെട്ട ഭരണസമിതി തുടരുന്നതിൽ അർത്ഥമില്ലെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. അമ്മ സംഘടനയുടെ ഭരണസമിതിയിൽ നിന്നുള്ള കൂട്ടരാജി ഒളിച്ചോട്ടമല്ല.ഒരു വീട്ടിലെ എല്ലാ മക്കളും ഒരുപോലെ ആകണമെന്നില്ലല്ലോ. തലമുറ മാറ്റം കൊണ്ടല്ല, തലയ്ക്കുള്ളിൽ എന്തെങ്കിലും ഉള്ള ആളുകൾ ഭരണസമിതിയിൽ വന്നാലാണ് നല്ല മാറ്റമുണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു.
ഉറിയടി എന്ന ചിത്രത്തിന്റെ സംവിധായകൻ സുധീഷ് ശങ്കറിനെതിരെ പരാതിയുമായി നടി. സീരിയലിന്റെ ഓഡിഷനുവേണ്ടി വിളിച്ചുവരുത്തി സംവിധായകൻ കടന്നുപിടിച്ചെന്ന് അവർ കൊല്ലം കഠിനംകുളം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതികരണത്തില്‍ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സി.പി.എം. എം.എല്‍.എയ്ക്കുവേണ്ടി എന്തിനാണ് ബി.ജെ.പിയുടെ കേന്ദ്രമന്ത്രി സ്വന്തം പ്രതിച്ഛായയ്ക്കുതന്നെ കളങ്കംവരുത്തുന്ന രീതിയില്‍ പ്രകോപനപരമായി പ്രതികരിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു.
താരസംഘടനയായ അമ്മയിൽ നിന്ന് മോഹൻലാൽ രാജിവെച്ചു എന്ന വാർത്ത കേട്ടപ്പോൾ ഞെട്ടിയെന്ന് നടി ശ്വേതാ മേനോൻ. അദ്ദേഹം വലിയ മാനസിക സമ്മർദത്തിലൂടെ കടന്നുപോയിട്ടുണ്ടാവണമെന്ന് അവർ പറഞ്ഞു.
താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് പിരിച്ചുവിട്ടതില്‍ പ്രതികരിച്ച് സംവിധായക വിധു വിന്‍സെന്റ്. ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ എന്ന് വിധു കുറിച്ചു .സിനിമയില്‍ മാത്രമല്ല ഉടയേണ്ട വിഗ്രഹങ്ങള്‍ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും കായിക രംഗത്തും അക്കാദമിക് രംഗത്തും ഒക്കെയുണ്ട്…Hats off to WCC എന്നാണ് വിധു ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്.
ആഗസ്റ്റ് 29 ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി എം .സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കുക, ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലെ ജുഡീഷ്യൽ ഓഫീസർമാരെ അപകടഘട്ടത്തിൽ കൈവിടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച്. ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പള, പെൻഷൻ പരിഷ്കരണം സംബന്ധിച്ച രണ്ടാം ദേശീയ ജുഡീഷ്യൽ പേ കമ്മീഷൻ ശുപാർശകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
താരസംഘടനയിലെ കൂട്ടരാജി നാണക്കേടു കൊണ്ടാണെന്ന് ചിന്തിക്കുന്നില്ലെന്ന് സംവിധായകൻ വിനയൻ. ‘അമ്മ’ സംഘടന തളർന്നുപോവുന്നതിൽ ഒട്ടും സംതൃപ്തിയില്ല. പ്രസിഡന്റോ സെക്രട്ടറിയോ ആയി ഇരിക്കാത്തവർ നേതൃസ്ഥാനത്തേക്ക് വരട്ടെ. ജനാധിപത്യപരമായിട്ടുള്ള ഒരു ചിന്ത വരുന്നു എന്നതാണിതിലെ പോസിറ്റീവായി താൻ കാണുന്നതെന്നും വിനയൻ പറഞ്ഞു.
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബാംഗങ്ങളും ജനപ്രതിനിധികളും നാളെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ കാണും. എത്രയും വേഗം ഡ്രഡ്ജർ കൊണ്ടുവന്ന് തെരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടാനാണ് സന്ദർശനം.
തിരുവനന്തപുരത്തെ പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും കാണാതായ മൂന്ന് കുട്ടികൾ തിരിച്ചെത്തി. 12.30ന്റെ ക്ലാസിൽ പങ്കെടുക്കാനായി സ്കൂൾ ബസിലെത്തിയ കുട്ടികൾ ക്ലാസിൽ കയറിയിരുന്നില്ല. തുടർന്ന് സ്കൂൾ അധികൃതർ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിച്ചു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കുട്ടികൾ സ്കൂളിലേക്ക് തിരികെ വരികയായിരുന്നു.
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ്. അടുത്ത 5 ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കു സര്‍ക്കാര്‍ ടെന്‍ഡറില്‍ സാമ്പത്തിക മുന്‍ഗണന നല്‍കുന്ന ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസ്സമ്മതിച്ച് സുപ്രീംകോടതി. സാമ്പത്തിക മുന്‍ഗണന ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെയുള്ള എതിര്‍കക്ഷികള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു.
മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ നാവികസേനയെ പഴിചാരി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പ്രതിമയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് സംസ്ഥാന സർക്കാരല്ല, ഇന്ത്യൻ നാവികസേനയാണെന്ന് അദ്ദേഹം പറഞ്ഞു. അതേസ്ഥലത്ത് ഛത്രപതി ശിവജിയുടെ ഒരു വലിയ പ്രതിമ നിർമ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുടിയേറ്റ നയങ്ങളിൽ കാനഡ ഭരണകൂടം നടപ്പാക്കിയ മാറ്റം നിരവധി വിദേശവിദ്യാർഥികളെ പ്രതിസന്ധിയിലാക്കുന്നു. 70000-ഓളം വിദേശ വിദ്യാർഥികൾ കാനഡയിൽനിന്ന് പുറത്താക്കപ്പെടൽ ഭീഷണി നേരിടുന്നുവെന്നാണ് റിപ്പോർട്ട്.
ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ അസാദ് സമാജ് പാര്‍ട്ടിയുമായി സഖ്യം പ്രഖ്യാപിച്ച് ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാര്‍ട്ടി. ജെ.ജെ.പി. 70 സീറ്റില്‍ മത്സരിക്കും. 20 ഇടത്ത് ആസാദിന്റെ പാര്‍ട്ടിയും സഖ്യത്തില്‍ ജനവിധി തേടുമെന്ന് സംയുക്തവാര്‍ത്താസമ്മേളനത്തില്‍ ഇരുവരും അറിയിച്ചു.
ടീമിനെ തിരഞ്ഞെടുക്കാന്‍ AI യെ ആശ്രയിക്കാനൊരുങ്ങി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് . ബോര്‍ഡിന്റെ ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വിയാണ് ഇക്കാര്യം അറിയിച്ചത്. ടീമിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. കൃത്യമായ ഡാറ്റയില്ലാത്തതാണ് കളിക്കാരെ തിരഞ്ഞെടുക്കുന്നതില്‍ വെല്ലുവിളി സൃഷ്ടിക്കുന്നത്. വരാനിരിക്കുന്ന ആഭ്യന്തര ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് കപ്പില്‍ ടീമിനെ തിരഞ്ഞെടുക്കാന്‍ എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രൈൻ പ്രസിഡൻറ് വൊളോദിമിർ സെലെൻസ്‌കിയുമായി കൂടികാഴ്ച നടത്തി ദിവസങ്ങൾക്ക് ശേഷം റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുതിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിനുമായി സംസാരിച്ചെന്നും തന്ത്രപരമായ പ്രത്യേക പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ചർച്ചചെയ്തെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.