ഇന്നലെ കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടി തസ്മിദ് തംസുമിനായി തെരച്ചിൽ ഊർജിതമാക്കി പൊലീസ്. പെൺകുട്ടി കന്യാകുമാരിയിൽ ഇറങ്ങി എന്നാണ് ഒടുവിൽ പൊലീസിന് ലഭിച്ച വിവരം. ട്രെയിനിൽ യാത്ര ചെയ്തിരുന്ന യുവാവാണ് പൊലീസിന് ഈ വിവരം കൈമാറിയത്. ഇതേ തുടർന്ന് തസ്മിദ് കന്യാകുമാരിയിൽ ഇറങ്ങി എന്ന നിഗമനത്തിലാണ് പൊലീസ്. കന്യാകുമാരിയിൽ തെരച്ചിൽ ശക്തമാക്കുമെന്ന് തിരുവനന്തപുരം കമ്മീഷണർ അറിയിച്ചു. കന്യാകുമാരി എസ്പിയോട് കൂടുതൽ ലോക്കൽ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടതായും കമ്മീഷണർ പറഞ്ഞു.
കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടി തസ്മിദ് ചെന്നൈയിലെത്തിയതായി സ്ഥിരീകരണം. കാണാതായ കുട്ടി ട്രെയിൻ ഇറങ്ങുന്നതിൻ്റെ കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചു. വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടു.
വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരിൽ നിന്നും വീടുകളിലേക്ക് മടങ്ങുന്നവർക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുമെന്ന് മുസ്ലീം ലീഗ്. ഒന്നര കോടി രൂപയുടെ ആവശ്യ വസ്തുക്കളുടെ സഹായം കളക്ഷൻ സെൻ്ററുകൾ വഴി ലീഗിന് ലഭിച്ചുവെന്ന് മുസ്ലിം ലീഗ് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 27 കോടി രൂപയോളം രൂപ വയനാടിനായി സമാഹരിച്ചതായും ലീഗ് നേതാക്കൾ അറിയിച്ചു. അടിയന്തര സാമ്പത്തിക സഹായമായി 15,000 രൂപ വീതം വെള്ളിയാഴ്ച മുതൽ ഓരോ കുടുംബത്തിനും നൽകും.
കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് കേസിൽ യഥാർഥ പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. സ്ക്രീൻ ഷോട്ടിന്‍റെ തുടക്കം എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല . അന്വേഷണം ശരിയായ ദിശയിലാണ്. ചില ഫോണുകൾ കൂടി പരിശോധിക്കാനുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രതി ചേർത്ത ലീഗ് നേതാവും മുഹമ്മദ് ഖാസിം കുറ്റക്കാരനാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.
സംസ്ഥാനത്തെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് . മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നിലവിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് . പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 25 -ാം തിയതി കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എംപോക്‌സ് പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തതിനാൽ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കൻ രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍,സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമിനെ സജ്ജീകരിച്ചെന്നും മന്ത്രി പറഞ്ഞു. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.
മലപ്പുറം എസ് പിയെ പൊതുവേദിയിൽ ആക്ഷേപിച്ച പിവി അൻവർ എംഎൽഎയുടെ നിലപാടിനെ ന്യായീകരിച്ച് കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ. പൊലീസ് സംഘടന വേദികളിലെ വിമർശനം സ്വഭാവികമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സിആർ ബിജു പറഞ്ഞു . ഉൾക്കൊള്ളേണ്ട കാര്യമാണെങ്കിൽ ഉൾകൊള്ളുമെന്നും ഇല്ലെങ്കിൽ അവഗണിക്കുമെന്നും ജനറൽ സെക്രട്ടറി പറഞ്ഞു.
വെർച്വൽ അറസ്റ്റിലെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അക്കൗണ്ടുകൾ മരവിപ്പിച്ച് പണം തിരിച്ചു നൽകാൻ കോടതി ഉത്തരവ്. പോലീസ് സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പണം നഷ്ടപ്പെട്ടവർക്ക് തിരികെ നൽകാൻ ഉത്തരവിട്ടത്.
കേരളത്തിലെ ആദ്യ ഇന്‍റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺഫറൻസ് മറ്റന്നാൾ. അന്താരാഷ്ട്ര തലത്തിലുൾപ്പെടെ ശ്രദ്ധേയമായിട്ടുള്ള നൂറിലധികം കമ്പനികൾ പങ്കെടുക്കുന്ന കോൺഫറൻസ് ഓഗസ്റ്റ് 23ന് കൊച്ചിയിൽ വച്ചാണ് സംഘടിപ്പിക്കുന്നത്. റോബോട്ടിക്സ് സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങൾ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് നാം പുതിയ വ്യവസായ നയം രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
കൊൽക്കത്തയിലെ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി ഇടപെട്ടിട്ടും പിന്മാറാതെ ഡോക്ടർമാർ. കൊൽക്കത്തയിലെ വിവിധ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർ ആരോഗ്യ മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആർ ജി കർ ആശുപത്രിയുടെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുത്തു.
ദില്ലിയിൽ സമരം ചെയ്യുന്ന ഡോക്ടർമാരോട്ഡ്യൂട്ടിയിൽ തിരികെ കയറാൻ അടിയന്തര നിർദേശം. ദില്ലി എയിംസ് അധികൃതരാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഡോക്ടർമാരോട് എത്രയും വേഗം ഡ്യൂട്ടിയിൽ തിരികെ കയറണമെന്നും അല്ലാത്ത പക്ഷം കർശന നടപടിയെടുക്കുമെന്നും താക്കീത് നൽകി. ചർച്ചക്ക് ശേഷം തീരുമാനമെന്ന് ഡോക്ടർമാർ പ്രതികരിച്ചു. അതേസമയം രാജ്യ തലസ്ഥാനത്തെ മറ്റ് ആശുപത്രികളിൽ റസിഡന്റ് ഡോക്ടഡർ സമരം തുടരുകയാണ്.