സിദ്ധാർത്ഥന്‍റെ മരണത്തിലെ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവർ പിടിയിലായി. കീഴടങ്ങാൻ വരുമ്പോൾ കൽപ്പറ്റയിൽ വെച്ചാണ് സിന്‍ജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നീ പ്രതികളും പൊലീസിന്‍റെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധന നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
പെൺകുട്ടി വിസിക്ക് പരാതി നൽകിയില്ലെന്നും, ഡീനിനും മറ്റും പരാതി നൽകിയിട്ടുണ്ടെങ്കിൽ തന്റെ അടുത്ത് വന്നിട്ടില്ലെന്നും പൂക്കോട് വെറ്ററിനറി കോളേജിലെ മുൻ വിസി എംആർ ശശീന്ദ്രനാഥ്.വിദ്യാർഥി സംഘടനയുടെ ധാർഷ്ട്യമാണ് പ്രശ്നങ്ങൾക്ക് കാരണം. സിദ്ധാർത്ഥന്റെ വിഷയത്തിൽ ഭരണപരമായ വീഴ്ച ഉണ്ടായെന്നും വിസി കൂട്ടിച്ചേർത്തു. കുറ്റകൃത്യം ചെയ്തവർ ക്രിമിനൽ മനസ്സുള്ളവരാണ്. ഇവരുടെ പിഎഫ്ഐ ബന്ധം അന്വേഷിക്കണം. ജുഡീഷ്യൽ അന്വേഷണം അടക്കം ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ തന്നെ സസ്പെൻഡ് ചെയ്തത് പ്രതികാര നടപടിയായി കാണുന്നില്ലെന്ന് കേരള വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ ഡോ. എം.ആർ ശശീന്ദ്രനാഥ്. ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളജ് ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാനിരിക്കെയാണ് തന്നെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഗവർണർ പുറത്തിറക്കിയത്. തന്നെ സസ്പെൻഡ് ചെയ്തതോടുകൂടി സസ്പെൻഷൻ ഓർഡർ നൽകാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
195 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി.പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ നിന്നും, അമിത് ഷാ ഗാന്ധിനഗറിൽ നിന്നും മത്സരിക്കും. കേരളത്തിലെ 12 സീറ്റുകളിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തും, എം എൽ അശ്വനി കാസർഗോഡും, കൃഷ്ണകുമാർ പാലക്കാടും മത്സരിക്കും. കണ്ണൂരിൽ സി രഘുനാഥ്, ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ, പത്തനംതിട്ടയിൽ അനിൽ ആന്റണി എന്നിവരാണ് സ്ഥാനാർത്ഥികൾ. സുരേഷ് ഗോപി തൃശൂരിലും, പ്രഫുൽ കൃഷ്ണൻ വടകരയിലും, വി മുരളീധരൻ ആറ്റിങ്ങലിലും മത്സരിക്കുo.കോഴിക്കോട് – എം ടി രമേശ്,മലപ്പുറം – ഡോ അബ്ദുൽ സലാം,പൊന്നാനി – നിവേദിത സുബ്രമണ്യം എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ പട്ടിക.
സുപ്രധാന തസ്തികകളിലേക്ക് കേന്ദ്രസർക്കാർ സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ നിയമിക്കുന്നു. വിവിധ വകുപ്പുകളിലായി മൂന്ന് ജോയിന്റ് സെക്രട്ടറിമാരെയും, 22 ഡയറക്ടര്‍മാരെയും, ഡെപ്യൂട്ടി സെക്രട്ടറിമാരെയുമാണ് നിയമിക്കുക.സിവിൽ സർവീസിൽ നിന്നുള്ളവരായിരുന്നു സാധാരണ ഈ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി സ്വകാര്യ മേഖലയിൽ നിന്നുള്ളവരെ നിയമിക്കാനായി അനുമതി നല്‍കി.
രാമേശ്വരം കഫെ സ്ഫോടനകേസിൽ നാലുപേർ കസ്റ്റഡിയിലെന്ന് സൂചന. സിസിടിവി ദൃശ്യങ്ങളിൽ കണ്ട പ്രതികളെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മറ്റു പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുകയാണ് പൊലിസ്. ഐഇഡി സ്ഫോടനം നടത്തിയത് ടൈമർ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട് . പ്രതിയ്ക്കെതിരെ യുഎപിഎ ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തി.
വയനാട്ടിൽ മത്സരിക്കുന്ന കാര്യം രാഹുൽ തീരുമാനിക്കട്ടെ എന്ന് എഐസിസി. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെതിരെ ഇടതുപക്ഷം ദേശീയതലത്തിൽ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. കർണാടകയിലോ തെലുങ്കാനയിലോ രാഹുൽ മത്സരിക്കണമെന്ന അഭിപ്രായവും നിലനിൽക്കുന്നുണ്ട്. കണ്ണൂരിൽ മത്സരിക്കുമെങ്കിലും കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നതിലെ ഇഷ്ടക്കേട് കെ സുധാകരൻ കമ്മിറ്റിയെ അറിയിച്ചു. ആലപ്പുഴയിൽ കെസി വേണുഗോപാൽ മത്സരിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായില്ല.
സർക്കാർ ധവളപത്രം പുറത്തിറക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങുന്നത്.സംസ്ഥാനത്ത് ഗുരുതരമായ ധന പ്രതിസന്ധി ഉണ്ടാകുമെന്ന് കോൺഗ്രസ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ സംസ്ഥാന സർക്കാർ ഇത് പാടെ അവഗണിച്ചു. സർക്കാരിന്റെ തെറ്റായ ധനകാര്യ മാനേജ്മെന്റ് ആണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിന്‍റെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കുകയാണെന്നും, കേസിനു പോയതുകൊണ്ട് കിട്ടേണ്ട പണം കേന്ദ്രം തരാതിരിക്കുന്ന അവസ്ഥയാണുള്ളതെന്നും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. അതോടൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങില്ലെന്നും, സാങ്കേതികമായ ചില പ്രശ്നങ്ങളാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ബോധപൂര്‍വമായ ലൈംഗികാതിക്രമം എന്ന ഐപിസിയിലെ 354ആം വകുപ്പും, മാനഹാനി വരുത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവെന്ന കേരള പൊലീസ് ആക്ടിലെ 119 A വകുപ്പും ചുമത്തിയിട്ടുണ്ട്.
വയനാട് വെറ്ററിനറി സര്‍വകലാശാല വിസിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെന്റ് ചെയ്ത സംഭവത്തില്‍ ഗവർണറുടെ നടപടി സർക്കാരുമായി ആലോചിക്കാതെയായിരുന്നുവെന്ന് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. വിസിയെ സസ്പെൻഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ചെയ്യേണ്ട നടപടികൾ സർവകലാശാല എടുത്ത് കഴിഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു.
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായും, 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്കാണ് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാൻ ലക്ഷ്യമിടുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസിലെ സുവോളജി ഡിപ്പാർട്ട്മെൻറിന് സമീപത്തെ കാടിന് നടുക്കുള്ള വാട്ടർ ടാങ്കിനുള്ളിൽ നിന്നും അസ്ഥികൂടം കണ്ടെത്തിയിരുന്നു. അസ്ഥികൂടത്തിന്റെ സമീപത്തുനിന്ന് കണ്ടെത്തിയ ഡ്രൈവിംഗ് ലൈസൻസിലെ യുവാവിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.ഡിഎൻഎ പരിശോധന കഴിയാതെ അസ്ഥികൂടം മകന്റേത് ആണോയെന്ന് പറയാൻ കഴിയില്ലെന്നും, 2017 ന് ശേഷം മകനെ കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നുവെന്നും അവിനാശ് ആനന്ദിന്റെ അച്ഛൻ ആനന്ദ് കൃഷ്ണൻ പറഞ്ഞു.
കുഞ്ഞിന് വേണ്ടി ചികിത്സ സഹായം ചോദിച്ച കുടുംബത്തെ സുരേഷ് ഗോപി പരിഹസിച്ചെന്ന ആരോപണത്തിന് പിന്നാലെ സഹായം ചോദിച്ചു വരുന്നവരെ ആടിയോടിക്കുകയല്ല, ചേര്‍ത്തു പിടിക്കുകയാണ് കേരളത്തിന്റെ സംസ്‌കാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നല്‍കുന്നത്.
ലീഗിന് മൂന്നാം സീറ്റ് ലഭിക്കാതിരുന്നത് കോൺഗ്രസിന്റെ ആർഎസ്എസ് മനസ്സാണെന്ന ഇ പി ജയരാജന്റെ പരാമർശത്തോട്പ്രതികരിച്ചു അബ്ദു സമദ് സമദാനി എംപി. ഇപിയുടെ പരാമർശം തെറ്റാണെന്നും മുസ്ലിം ലീഗ് യുഡിഎഫിന്റെ ഉറച്ച ഭാഗമാണെന്നും അദ്ദേഹം പ്രതികരിച്ചു. ലീഗിലെ അണികളും നേതാക്കളും സ്വീകരിക്കുന്നത് പാർട്ടി നിലപാടാണ്. ബിജെപിക്കെ തിരായ പോരാട്ടം നയിക്കുന്ന ഇന്ത്യാ മുന്നണിയെ നയിക്കുന്നത് കോൺഗ്രസ് ആണെന്ന് മറക്കരുതെന്നും സമദാനി പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ.രാജ്യവ്യാപകമായി കോൺഗ്രസ് തകർന്നിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആറ്റിങ്ങലിലെ ജനങ്ങൾ വിവേകപൂർവ്വം വോട്ടവകാശം വിനിയോഗിക്കും എന്ന് ബിജെപിക്ക് ഉറപ്പുണ്ട്. നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
78 വയസുള്ള സരോജിനിയമ്മയെ പുറത്താക്കി, മകൾ വീടുപൂട്ടിപോയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.തൈക്കൂടം സ്വദേശിനിയായ സരോജിനി അമ്മയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മരട് പൊലീസ് എസ്.എച്ച്. ഒ അന്വേഷണം നടത്തി 2 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. ദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരിക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി എംപി ജയന്ത് സിൻഹ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണ് താൻ ഇപ്പോൾ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നും ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയോട് അദ്ദേഹം ആവശ്യപ്പെട്ടു.