ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ, സിഗ്നൽ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങുന്നതിനാണ്ആദ്യ പരിഗണനയെന്ന് സൈന്യം. സോണാർ, റഡാർ, ഐബോഡ് എന്നീ പരിശോധനകളിൽ കിട്ടിയ സിഗ്നൽ ലഭിച്ച സ്ഥലത്താകും പരിശോധന. ഈ മൂന്ന് തരം പരിശോധനാ സംവിധാനങ്ങളിൽ ഉറപ്പിച്ച പോയന്റാണിത്. പുതിയ പോയന്റിന് പഴയ പോയന്റുകളെക്കാൾ കൂടുതൽ സാധ്യത കൽപിക്കാൻ കഴിയില്ലെന്നും സൈന്യം പറയുന്നു.
അർജുനെ കണ്ടെത്താൻ തിരച്ചിലിനായി കൂടുതൽ സംവിധാനങ്ങൾ ഷിരൂരിൽ എത്തിക്കുന്നു. മുങ്ങൽ വിദഗ്ധർക്ക് ഡൈവ് ചെയ്യാൻ സഹായകരമാകുന്ന തരത്തിലുള്ള ഫ്ലോട്ടിങ് പെന്റൂണുകൾ ഗോവയിൽ നിന്ന് ഷിരൂരിൽ എത്തിക്കുമെന്ന് കർണാടക എം.എൽ.എ. സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ള കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന് വേണ്ടിയുള്ള തെരച്ചിൽ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തെരച്ചി തുടരാൻ നാവിക സേനയോട് ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടുവെന്ന് മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാണാതായ മൂന്നുപേരെയും കണ്ടെത്താൻ ശ്രമം തുടരും. ഈ കാലാവസ്ഥയിലും എന്തൊക്കെ ചെയ്യാനാകുമോ അതെല്ലാം ചെയ്യുമെന്നും മന്ത്രി റിയാസ് പറഞ്ഞു.
ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്ഹൈക്കോടതി സർക്കാരിനോട് ചോദിച്ചു. തലസ്ഥാന നഗരം വൃത്തിയുള്ളതായിരിക്കണമെന്ന് ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. പ്ലാസ്റ്റിക് മാലിന്യം കനാലിൽ നിക്ഷേപിക്കുന്നത് എങ്ങനെ തടയുമെന്ന് ആലോചിക്കണമെന്നും, നഗരത്തിലെ മാലിന്യ പ്രശ്‌നത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ ഓരോന്നായി പരിശോധിയ്ക്കുമെന്നും തദ്ദേശ സെക്രട്ടറിയോട് കോടതി പറഞ്ഞു.
പിഎസ്‍സി പരീക്ഷയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കി കെഎസ്ആർടിസി. നാളെ തിരുവനന്തപുരം ജില്ലയിൽ നടക്കുന്ന പിഎസ്‍സി എൽഡി ക്ലാർക്ക് പരീക്ഷയ്ക്ക് വേണ്ടിയാണ് ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ 607 സെന്‍ററുകളിലായി നടത്തുന്ന എൽ ഡി ക്ലാർക്ക് പരീക്ഷയ്ക്ക് ഉദ്യോഗാർത്ഥികൾക്കായി കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും.
ഇനി മുതൽ 18 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും ഹീമോഫീലിയ ചികിത്സയിൽ എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നൽകാൻ തീരുമാനിച്ചതായി മന്ത്രി വീണാ ജോർജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കൽ മാത്രം എടുത്താൽ മതിയാകും. ഹീമോഫിലിയ രോഗികളുടെ പരിചരണവും ചികിത്സയും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ ആശാധാര പദ്ധതിയിലൂടെയാണ് ഇത് നടപ്പിലാക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
ഈ അക്കാദമിക് വര്‍ഷത്തിലെ സംസ്ഥാന സ്കൂൾ കലോത്സവം ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കും. 24 വേദികളിലായാണ് മത്സരം. പ്രഥമ സ്കൂൾ ഒളിമ്പിക്സ് നവംബർ 4 മുതൽ 11 വരെ എറണാകുളത്താണ് നടക്കുക. ഇതിൻ്റെ ഉദ്ഘാടനം കലൂർ ജവഹര്‍ലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കും. വാര്‍ത്താ സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.
രോഗിയില്‍ നിന്ന് നിപ വൈറസ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ ടിറ്റോ തോമസിന് വിദഗ്ധ ചികിത്സ നൽകാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശൻ . ടിറ്റോ തോമസിന്‍റേത് മനസ്സുലയ്ക്കുന്ന വാര്‍ത്തയാണെന്ന് പറഞ്ഞ വി ഡി സതീശൻ, നിപ വൈറസിനെതിരായ പോരാട്ടത്തിന്‍റെ ജീവിക്കുന്ന രക്തസാക്ഷിയായി ടിറ്റോ മാറരുതെന്നും ചൂണ്ടികാട്ടി.
കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങിയ കരാർ പുനഃസ്ഥാപിച്ചത് റദാക്കിയത് കെഎസ്ഇബിക്കും സർക്കാരിനും തിരിച്ചടിയായി . അപ്പലേറ്റ് ട്രിബൂണൽ ആണ് കരാർ റദ്ദാക്കി വിധി പുറപ്പെടുവിച്ചത്. യൂണിറ്റിന് 4 രൂപ 29 പൈസക്ക് 25 വർഷത്തേക്ക് മൂന്ന് കമ്പനികളിൽ നിന്ന് 472 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതായിരുന്നു കരാർ. യുഡിഎഫ് കാലത്തെ ഈ കരാർ പുനഃസ്ഥാപിച്ച നടപടിക്ക് തിരിച്ചടിയാണിത്.
പൊതുവിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മുഴുവൻ തീർപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ മേഖലാ തല അദാലത്ത് എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിയുടെ പരിഗണനയിലുള്ള ഫയലുകൾ ഒഴികെയുള്ള മുഴുവൻ ഫയലുകളും തീർപ്പാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു .
വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി കീഴടങ്ങി. കൊല്ലം സ്വദേശിനി ധന്യ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കീഴടങ്ങിയ പ്രതിയെ സ്റ്റേഷനിൽ നിന്ന് ഇറക്കി മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി. റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനുമായിരുന്നു തട്ടിപ്പ്.
കൂടോത്രത്തിനെതിരെ ലോക്സഭയിൽ സ്വകാര്യ ബില്ല് അവതരിപ്പിച്ച് ബെന്നി ബെഹ്നാൻ എം പി. യുക്തി ചിന്ത പ്രോത്സാഹന ബില്ലാണ് അവതരിപ്പിച്ചത്. അന്ധവിശ്വാസങ്ങൾക്കെതിരെ നിയമനിർമ്മാണം നടത്താനും യുക്തി ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബിൽ അവതരിപ്പിച്ചത്. കോൺഗ്രസിൽ കൂടോത്ര വിവാദം ഉയർന്നതിന് പിന്നാലെയാണ് ബില്ലവതരണമെന്നതും ശ്രദ്ധേയമാണ്.
മിഷൻ 2025ന്റെ പേരിൽ സംസ്ഥാന കോൺഗ്രസിൽ തർക്കം . തിരുവനന്തപുരത്ത് ഇന്ന് നടന്ന യോഗത്തിൽ നിന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിട്ടുനിന്നു. കെപിസിസി ഭാരവാഹി യോഗത്തിലുയർന്ന വിമർശനത്തിൽ സതീശന് അതൃപ്തി എന്നാണ് റിപ്പോർട്ടുകൾ.
വിഡി സതീശനെതിരെ വിമര്‍ശനം ഉയര്‍ന്ന് കൊണ്ടാണ് മിഷൻ 25 യോഗത്തിൽ നിന്ന് അദ്ദേഹം വിട്ടുനിന്നതെന്ന് കെ സുധാകരൻ. വയനാട് യോഗത്തിലെ തീരുമാനങ്ങളെ ചൊല്ലി പാർട്ടിയിൽ തർക്കമുണ്ട്. ചില നേതാക്കൾ തിരുത്തൽ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടിയുടെ നേതൃത്വം അംഗീകരിച്ച നേതാക്കൾക്ക് തന്നെയാണ് ജില്ലകളുടെ ചുമതല നൽകിയിരിക്കുന്നത്. തർക്കമുണ്ടായ ഇടങ്ങളിൽ ചുമതലകൾ മാറ്റി എന്നും സുധാകരൻ ദില്ലിയിൽ പറഞ്ഞു.
കോൺഗ്രസ് നേതാവ് കെ. മുരളീധരന് സമനില തെറ്റിയിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പിയിൽ അംഗത്വം എടുക്കാതെ മുരളീധരൻ കേരള നിയമസഭയിൽ കാലുകുത്തില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഏകമകൻ ലഹരിക്ക് അടിമ ആയതിൻ്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്.
കൻവാർ തീർത്ഥാടകർ കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളിൽ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദർശിപ്പിക്കണമെന്നുള്ള ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും. തീർത്ഥാടകരുടെ മതവികാരം വ്രണപ്പെടാതിരിക്കാനാണ് നിർദേശം നൽകിയതെന്ന് യുപി സർക്കാർ ഇന്ന് സത്യവാങ്മൂലം സമർപ്പിച്ചു.മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, സർക്കാറുകളോടും സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.
പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ഫ്രാന്‍സിന്റെ റിലേ താരം സുന്‍കാംബ സിലയ്ക്ക് തൊപ്പി ധരിച്ച് പങ്കെടുക്കാന്‍ അനുമതി. ഹിജാബ് ധരിക്കുന്നത് കാരണം സ്വന്തം രാജ്യത്ത് നടക്കുന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തിയതായ സില വെളിപ്പെടുത്തിയതിനു പിന്നാലെ സംഭവം വിവാദമായിരുന്നു.സംഭവം വിവാദമായതിനു പിന്നാലെ സിലയുമായി ഫ്രഞ്ച് ഒളിമ്പിക് കമ്മിറ്റി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇപ്പോള്‍ താരത്തിന് തൊപ്പി ധരിച്ച് പങ്കെടുക്കാന്‍ ധാരണയായത് .