Screenshot 2024 02 27 20 21 14 990 com.android.chrome edit 6

 

നീറ്റ് യുജി പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ലഭിച്ച മാർക്ക് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശം നൽകി. റോൾ നമ്പർ മറച്ച് ഓരോ സെൻ്ററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികളുടെ മാർക്ക് ശനിയാഴ്ച്ച 5 മണിക്കുള്ളിൽ പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീംകോടതിയുടെ നിർദ്ദേശം. നീറ്റ് കേസ് തിങ്കളാഴ്ച്ച പത്തരയ്ക്ക് വീണ്ടും വാദം കേൾക്കാമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ തിങ്കളാഴ്ച്ചയോടെ തീരുമാനമെടുക്കുമെന്നും കോടതി അറിയിച്ചു.
വടക്കൻ കേരളത്തിൽ അതിതീവ്ര മഴ. സംസ്ഥാനത്ത് വെള്ളക്കെട്ടിൽ വീണ് 2 പേർ മരിച്ചു.. കനത്ത മഴ തുടരുന്ന സാഹര്യത്തില്‍ കണ്ണൂര്‍, കാസര്‍കോട്, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. കണ്ണൂരിലും വയനാടും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി. കാസര്‍കോട് പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് .വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുള്ളതിനാൽ അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഈ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ഒഡിഷ തീരത്തു എത്താൻ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മീൻപിടുത്തക്കാർക്ക് കർശനമായ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

ദില്ലിയില്‍ ഗുസ്തിതാരങ്ങള്‍ നടത്തിയ സമരത്തെ വിമര്‍ശിച്ചതില്‍ ഖേദം അറിയിച്ച് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ. കഴിഞ്ഞ വര്‍ഷം നടന്ന ഗുസ്തിതാരങ്ങൾ നടത്തിയ സമരം എല്ലാവര്‍ക്കും പാഠമായിരുന്നു. ഇതുസംബന്ധിച്ചുണ്ടായ വിവാദത്തില്‍ ഖേദമുണ്ട്. കായികതാരങ്ങളുടെ ക്ഷേമം ഏറ്റവും പ്രധാനമാണ്. അവരുടെ ശബ്ദം കേള്‍ക്കുന്നുവെന്നും ബഹുമാനിക്കപ്പെടുന്നുവെന്നും ഉറപ്പുവരുത്താന്‍ താന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഉഷ വ്യക്തമാക്കി.

പൊഴിയൂരിൽ പുതിയ മത്സ്യബന്ധന തുറമുഖ നിർമ്മാണ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി അഞ്ച്‌ കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഈവർഷത്തെ ബജറ്റിലാണ്‌ പൊഴിയൂരിൽ പുതിയ തുറമുഖം നിർമ്മാണത്തിനുള്ള പദ്ധതി പ്രഖ്യാപിച്ചത്‌. വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്തിന്റെ സമീപ പ്രദേശത്തായാണ്‌ പുതിയ ഫിഷറീസ്‌ തുറമുഖം നിർമ്മിക്കുന്നത്‌.

120 കോടി രൂപ പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ അനുവദിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ.ഇ – ഗ്രാന്റ്‌സ്‌ പോർട്ടലിൽ കുടിശികയുള്ള മുഴുവൻ പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ തുകയും  വിതരണം ചെയ്യാനാകുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ്‌ വിനിയോഗ പരിധി 100 ശതമാനം ഉയർത്തിയാണ്‌ തുക ലഭ്യമാക്കുന്നത്‌.150 കോടി രൂപയാണ്‌ ഈ ഇനത്തിലെ ബജറ്റ്‌ വകയിരുത്തൽ. ഇതിൽ 32.13 കോടി രൂപയുടെ വിനിയോഗ അനുമതി നേരത്തെ ലഭ്യമാക്കിയിരുന്നു.

പാലക്കാട്  ജില്ലയിലെ ആലത്തൂർ കാട്ടുശ്ശേരിയിൽ സ്കൂൾ ബസ് മറിഞ്ഞു. ചേരാമംഗലം കനാലിലേക്കാണ് ബസ് മറിഞ്ഞത്. ബസ്സിൽ 20 ഓളം കുട്ടികൾ ഉണ്ടായിരുന്നു. എഎസ്എംഎം ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്. കുട്ടികള്‍ക്ക്  നിസാര പരിക്ക് ഉണ്ട്‌ . വിദ്യാര്‍ത്ഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു.

മാവോയിസ്റ്റ് ബന്ധമുള്ള തൃശ്ശൂര്‍ സ്വദേശിയായ മനോജിനെ എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നിന്ന് തീവ്രവാദ വിരുദ്ധ സേന പിടികൂടി. മാവോയിസ്റ്റുകൾക്കിടയിലെ സന്ദേശവാഹകനാണ് ഇയാളെന്നാണ് വിവരം. കമ്പനി ദളം കേന്ദ്രീകരിച്ചാണ് മനോജ് പ്രവര്‍ത്തിക്കുന്നത്. 14 യുഎപിഎ കേസുകളിൽ പ്രതിയാണ്. അരീക്കോടുള്ള തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് എറണാകുളത്തെത്തി സൗത്ത് റെയിൽവെ സ്റ്റേഷനിൽ വച്ച് ഇയാളെ പിടികൂടിയത്.

തദ്ദേശവകുപ്പ് മന്ത്രിയും, ജലസേചന മന്ത്രിയും, മേയറും   ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി അനുവദിച്ച കോടികൾ എന്ത് ചെയ്തുവെന്നതിന്  ഉത്തരം നൽകണമെന്ന്  വി. മുരളീധരൻ.  ബിജെപി തിരുവനന്തപുരം  ജില്ലാ കമ്മിറ്റി  നഗരസഭാ കാര്യാലയത്തിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോട് വൃത്തിയാക്കാൻ ബജറ്റിൽ നീക്കി വച്ച 12 കോടി എവിടെ പോയി എന്നതിൽ വിശദീകരണം വേണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തിൽ റെയിൽവെയെ പഴിചാരി തടിയൂരാനുള്ള ശ്രമം ജനം പുച്ഛിച്ച് തള്ളുമെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.

കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ കേരള എക്സ്പ്രസ് ട്രെയിൻ പിടിച്ചിട്ടു. തിരുവനന്തപുരത്ത് നിന്നും ദില്ലിയിലേക്ക് പുറപ്പെട്ട ട്രെയിനാണ് സാങ്കേതിക തകരാറിനെ തുടർന്ന് പിടിച്ചിട്ടത്. ട്രെയിനിന്‍റെ പാന്‍ട്രി ബോഗിയുടെ ചക്രം കറങ്ങാത്തതാണ് ട്രെയിൻ പിടിച്ചിടാൻ കാരണമെന്നാണ് റെയില്‍വെയുടെ വിശദീകരണം. എറണാകുളത്ത് നിന്നും മറ്റൊരു ബോഗി എത്തിച്ച് ബോഗി മാറ്റി ഘടിപ്പിച്ചാലെ യാത്ര തുടരാനാകുവെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്.

തൃശൂർ പുത്തൂര്‍ മരത്താക്കര മേരി ഇമ്മാക്കുലേറ്റ് പള്ളിയിലെ ശ്മശാനത്തില്‍നിന്നും ദുര്‍ഗന്ധം വമിക്കുകയാണെന്ന പരാതിയില്‍ കലക്ടര്‍ ഒരു മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍.  നിര്‍മാണത്തിലെ അപാകതകളാണ് ദുര്‍ഗന്ധത്തിനു കാരണമെന്നാണ് പരാതിക്കാർ പറയുന്നത്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പരിശോധിച്ചും പരാതിക്കാരെ കേട്ടും ആവശ്യമായ സംശയ നിവാരണം വരുത്തിയതിനു ശേഷം ഒരു മാസത്തിനകം പരാതി തീര്‍പ്പാക്കണമെന്നാണ് നിര്‍ദേശം നല്‍കിയത്.

കെഎസ്ഇബി ഓഫീസുകള്‍ക്കുനേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സിസിടിവി സ്ഥാപിക്കാനുള്ള തീരുമാനവുമായി മാനേജ്മെന്‍റ്. സംസ്ഥാനത്തെ എല്ലാ കെഎസ്ഇബി ഓഫീസുകളിലും അത്യാധുനിക സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. ശബ്ദം കൂടി റെക്കോഡ് ചെയ്യാൻ പറ്റുന്ന ക്യാമറാ സംവിധാനമാണ് സ്ഥാപിക്കുക.ഇതോടൊപ്പം ലാന്‍ഡ് ഫോണുകളില്‍ വരുന്ന ഓഡിയോ റെക്കോഡ് ചെയ്യാനുള്ള സൗകര്യവും കൊണ്ടുവരുമെന്ന് അധികൃതർ അറിയിച്ചു.

കനത്ത മഴയില്‍ പൊട്ടി വീണ വൈദ്യുത ലൈൻ ശരിയാക്കാൻ തോട്ടിലിറങ്ങി കെഎസ്ഇബി ജീവനക്കാരന്‍റെ അതിസാഹസിക രക്ഷാപ്രവര്‍ത്തനം. മലപ്പുറം വണ്ടൂരിന് സമീപമുള്ള പോരൂര്‍ താളിയംകുണ്ട് കാക്കത്തോടിന് കുറുകെ പൊട്ടി വീണ വൈദ്യുത കമ്പി പുറത്തേക്ക് എടുക്കുന്നതിനായാണ് കെഎസ്ഇബി വാണിയമ്പലം സെക്ഷൻിലെ ലൈൻമാൻ സജീഷ് സ്വമേധയാ കുത്തിയൊലിക്കുന്ന തോട്ടിലേക്ക് ഇറങ്ങിയത്.

കവര്‍ച്ചയ്ക്കുള്ള നീക്കം നടത്തുന്നതിനിടെ രണ്ട് മലയാളികൾ കോയമ്പത്തൂരിൽ അറസ്റ്റിൽ. കണ്ണൂർ സ്വദേശികളായ അബ്ദുൾ ഹാലിം,ഷമാൽ എന്നിവരാണ് പിടിയിലായത്.കളമശ്ശേരി ബസ് കത്തിക്കല്‍ കേസിൽ ഉള്‍പ്പെടടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ തടിയന്‍റെവിട നസീറിന്‍റെ സഹോദരനാണ് അറസ്റ്റിലായ ഷമാല്‍.

കോട്ടയം മാളിയേക്കടവിൽ താറാവ് കർഷകൻ മുങ്ങി മരിച്ചു. പടിയറക്കടവ് സ്വദേശി സദാനന്ദൻ (65) ആണ് മരിച്ചത്. മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. എങ്ങനെയാണ് വള്ളത്തിൽ നിന്നും വെള്ളത്തിലേക്ക് വീണതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ആംആദ്മി പാ‍‌‌‌‌‌‌‌‌‌‌‌‌‌‌ർ‌ട്ടി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അറിയിച്ചതോടെ ഇന്ത്യ സഖ്യം ഉണ്ടാകില്ലെന്ന് വ്യക്തമായി. സംസ്ഥാനത്ത് 90 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് എഎപിയുടെ തീരുമാനം. കോൺഗ്രസ് അടക്കം മറ്റൊരു പാര്‍ട്ടിയുമായും സഖ്യമുണ്ടാക്കില്ലെന്നാണ് ഛണ്ഡീഗഡിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭഗവന്ത് മാൻ വ്യക്തമാക്കിയത്.

ഉത്തർപ്രദേശിലെ ​ഗോണ്ടയിൽ ചണ്ഡിഗഡ് – ദീബ്രു​ഗഡ് ദിൽബർ​ഗ് എക്സ്പ്രസിന്റെ കോച്ചുകൾ പാളം തെറ്റി. ചണ്ഡിഗഡിൽ നിന്ന് ദിബ്രുഗഡിലേക്ക് പോവുകയായിരുന്ന 15904 നമ്പർ ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. ജിലാഹി സ്റ്റേഷന് സമീപമായിരുന്നു അപകടം. ചില കോച്ചുകൾ തലകീഴായി മറിഞ്ഞതായാണ് വിവരം. പാളം തെറ്റാനുള്ള കാരണമോ എത്ര പേർക്ക് അപകടം പറ്റിയെന്നോ ഇപ്പോൾ വ്യക്തമല്ല. നിലവിൽ യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. 12 കോച്ചുകൾ പാളം തെറ്റിയെന്നാണ് പ്രാഥമിക വിവരം.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് രാജ്യവ്യാപകമായി മൊബൈൽ ഇൻ്റർനെറ്റ് റദ്ദാക്കാൻ ഉത്തരവിട്ടതായി ബംഗ്ലാദേശ് ടെലികമ്മ്യൂണിക്കേഷൻ സഹമന്ത്രി വ്യക്തമാക്കി. വിദ്യാർഥി പ്രക്ഷോഭത്തിൽ ഇതുവരെ ഒൻപത് പേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.1971 ലെ ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയിൽ 30 ശതമാനം സംവരണത്തിനെതിരെയാണ് വിദ്യാർത്ഥി പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാർക്ക് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.

മോദിക്കെതിരെ ആ‌ർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്. ചിലർക്ക് അമാനുഷികരും ഭ​ഗവാനുമൊക്കെയാകാൻ ആ​ഗ്രഹമുണ്ട്.  എന്നാൽ ഭ​ഗവാൻ വിശ്വരൂപമാണ്. അതിന് മുകളിലെന്തെങ്കിലുമുണ്ടോയെന്ന് ആർക്കുമറിയില്ല. ആന്തരികമായും ബാഹ്യമായും വികാസത്തിന് പരിധിയില്ലെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു. ജാർഖണ്ഡിലെ പരിപാടിയിലാണ് പരാമർശം.

ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി ഉയര്‍ത്തിയേക്കും. യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രിയാണ് നിലവില്‍ ഉദയനിധി. ഓഗസ്റ്റ് 22-ന് മുമ്പായി അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് വിവരം. ദി ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഏകദിന, ടി20 ടീമുകളെ ബി.സി.സി.ഐ. പ്രഖ്യാപിച്ചു. ടി20-യില്‍ സൂര്യകുമാര്‍ യാദവാണ് ക്യാപ്റ്റന്‍. ഏകദിനത്തില്‍ രോഹിത് ശര്‍മതന്നെ നയിക്കും. സഞ്ജു സാംസണ്‍ ടി20 പരമ്പരയില്‍ ഉള്‍പ്പെട്ടു. വിരാട് കോലി, കെ.എല്‍. രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ഏകദിനത്തിലുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *