Screenshot 2024 02 27 20 21 14 990 com.android.chrome edit 4

 

ജൂൺ 25 ഇനി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കുമെന്ന് കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥയിൽ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകൾ സഹിച്ചവരുടെ സംഭാവനകൾ ഈ ദിനം അനുസ്മരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ചു.

നേപ്പാളിൽ മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് ബസുകൾ നദിയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഏഴ് ഇന്ത്യക്കാർ ഉള്‍പ്പെടെ അറുപതിലധികം പേരെ കാണാതായെന്നാണ് റിപ്പോർട്ട്. ചിത്വാൻ ജില്ലയിലെ നാരായൺഘാട്ട് മുഗ്ലിംങ് റോഡിൽ പുലർച്ചെ മൂന്നരയ്ക്കാണ് അപകടമുണ്ടായത്. ആകെ 65 പേരാണ് രണ്ട് ബസിലായി ഉണ്ടായിരുന്നത്. ത്രിശൂലി നദിയിലേക്കാണ് ബസ് മറിഞ്ഞത്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ സംഭവത്തിൽ അതീവ ദുഖം രേഖപ്പെടുത്തി.

ധനകാര്യവകുപ്പ്തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 421 കോടി രൂപ അനുവദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടില്‍ നിന്നാണ് തുക  അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 299 കോടി കോടി രൂപയും ബ്ലോക്ക്‌ പഞ്ചായത്തുകൾക്ക്‌ 20 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക്‌ 14 കോടിയും, മുൻസിപ്പാലിറ്റികൾക്ക്‌ 52 കോടിയും, കോർപറേഷനുകൾക്ക്‌ 36 കോടി രൂപയുമാണ്‌ ലഭിക്കുക.

മലപ്പുറത്ത് മ‍ഞ്ഞപ്പിത്തം ബാധിച്ച് രണ്ടുമാസത്തിനിടെ മൂന്ന് മരണം. ഇന്നലെയും മിനിഞ്ഞാന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയവരില്‍ പകുതിയിലധികവും മലബാര്‍ ജില്ലകളില്‍ നിന്നുള്ളവരാണ്. കഴിഞ്ഞ രണ്ടു ദിവസമായി പനിച്ചു വിറയ്ക്കുകയാണ് മലബാറിലെ ജില്ലകള്‍.സംസ്ഥാനത്ത് ഒട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പനികളില്‍ പകുതിയിലധികവും മലബാര്‍ ജില്ലകളില്‍ നിന്നാണ്.

മാന്നാർ കല കൊലപാതകക്കേസിൽ പ്രതിഭാഗം അഭിഭാഷകൻ സുരേഷ് മത്തായി വക്കാലത്ത് ഒഴിഞ്ഞു . പാർട്ടി നിർദേശപ്രകാരമാണ് വക്കാലത്ത് ഒഴിഞ്ഞത് എന്നാണ് സൂചന. അതേസമയം, മാന്നാർ കല കൊലപാതകക്കേസിൽ ഒന്നാംപ്രതി അനിലിനെ ഇസ്രയേലിൽ നിന്ന് നാട്ടിലെത്തിച്ച ശേഷം ഒന്നിച്ച്  തെളിവെടുപ്പ് നടത്തിയാൽ മതിയെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. അതിനാൽ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി നൽകണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.

വിഴിഞ്ഞം തുറമുഖട്രയൽറൺ ഉദ്ഘാടന വേദിയിൽ  വി എസ് അച്യുതാനന്തൻ തുറമുഖം യാഥാർത്ഥ്യമാക്കാൻ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ആരും പരാമർശം നടത്താത്തതിൽ വിമർശിച്ച് വി എസിന്‍റെ മുൻ സ്റ്റാഫ് എ സുരേഷ് . വി എസ് വിഴിഞ്ഞം തുറമുഖത്തിന് വേണ്ടിനടത്തിയ കാര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ സുരേഷ്, ഇന്നത്തെ ഉത്ഘാടന വേദിയിൽ പ്രസംഗിച്ച ആരെങ്കിലും അദ്ദേഹത്തിന്‍റെ പേര് പരാമർശിക്കും എന്ന് വല്ലാതെ ആശിച്ചു പോയെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു.

വിഴിഞ്ഞം തുറമുഖട്രയൽ റണ്ണിന്‍റെ  ഉദ്ഘാടന ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ വിളിക്കേണ്ടതായിരുന്നുവെന്ന് കെ സുധാകരൻ. പ്രതിപക്ഷത്തെ ബഹുമാനിക്കേണ്ടേ. ഉമ്മൻ‌ചാണ്ടിയുടെ പേരുപോലും പറയാതെ പോയത് മര്യാദകേടാണ്. പിണറായി വിജയൻ കാലഹരണപ്പെട്ട നേതാവാണെന്നും കെ സുധാകരൻ പറഞ്ഞു.

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എൻഫോഴ്സ്മെന്‍റ് ഡറക്ടറേറ്റ് പ്രാഥമികാന്വേഷണം തുടങ്ങി. ബോബി ചെമ്മണ്ണൂർ സ്ഥാപനങ്ങൾ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. വലിയ പലിശ വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് ഡെപ്പോസിറ്റുകൾ സ്വീകരിക്കുന്നുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ ഇഡി കണ്ടെത്തിയത്. ഇതിൽ കള്ളപ്പണ ഇടപാടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. നിലവിൽ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്ന‌തെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു.

തനിക്കെതിരെയുള്ളത് ഇഡിയുടെ പ്രാഥമിക അന്വേഷണം മാത്രമെന്ന് ബോബി ചെമ്മണ്ണൂർ. ഇഡി ചോദിച്ച കാര്യങ്ങൾക്കൊക്കെ കൃത്യമായ മറുപടി നൽകിയെന്നും രേഖകൾ ഹാജരാക്കി. ഇഡി തെറ്റായതൊന്നും കണ്ടെത്തിയിട്ടില്ല. നിരവധി സ്ഥാപനങ്ങളിൽ നിന്നും ഇഡി വിവരങ്ങൾ തേടിയിട്ടുണ്ടെന്നും അതിലൊന്നാണ് ഇതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. അന്വേഷണം ഈ മാസം തന്നെ അവസാനിപ്പിക്കുമെന്ന് ഇഡി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

വേങ്ങര സ്വദേശിയായ നവവധുവിന് നേരെയുണ്ടായ ഗാർഹിക പീഡന അന്വേഷണത്തിൽ ഇടപെട്ട് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി റിപ്പോർട്ട് തേടി. അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. പെൺകുട്ടി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതികളിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നാണ് നിർദ്ദേശം. അന്വേഷത്തിന്റെ പുരോഗതി കോടതിയെ ബോധിപ്പിക്കണം. റിപ്പോർട്ട് ഒരാഴ്ച്ചക്കകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

സംസ്ഥാന ബജറ്റിൽ സാമ്പത്തിക പ്രതിസന്ധി മുൻനിര്‍ത്തി കുടുംബ കോടതികളിലെ വസ്തുതർക്ക കേസുകളിൽ അടക്കം കോടതി ഫീസുകളിൽ നിരക്ക് വര്‍ധിപ്പിക്കാനെടുത്ത തീരുമാനത്തിൽ ഇളവ് വരുത്തി. കുടുംബ കോടതിയിൽ വരുന്ന സ്വത്ത് സംബന്ധമായ വ്യവഹാരങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ച കോർട്ട് ഫീ സ്റ്റാമ്പ് നിരക്കിൽ ഇളവ് വരുത്തി.പുതിയ തീരുമാനം അനുസരിച്ച് കുടുംബ കോടതിയിൽ വരുന്ന സ്വത്ത് സംബന്ധമായ വ്യവഹാരങ്ങളിൽ ബജറ്റിൽ പ്രഖ്യാപിച്ച കോർട്ട് ഫീ സ്റ്റാമ്പ് നിരക്കിൽ ഇളവ് വരുത്തിയിട്ടുണ്ട് .

ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് വിഴിഞ്ഞം പദ്ധതിയെ മുന്നോട്ട് നയിച്ചതെന്നും ജനങ്ങള്‍ അദ്ദേഹത്തിന്‍റെ സംഭാവനകള്‍ മറക്കില്ലെന്നും വി ഡി സതീശൻ. എല്‍ഡിഎഫ് ഓന്തിനെ പോലെ നിറം മാറുകയാണ് . വിഴിഞ്ഞം തുറമുഖത്തിന്‍റെ ട്രയല്‍ റണ്‍ ഉദ്ഘാടന ദിവസം എറണാകുളം ഡിസിസി ഓഫീസില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഉമ്മൻചാമ്ടി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു വിഡി സതീശൻ.

സിപിഎം നേതാവിനെതിരെയുള്ള പിഎസ്‍സി കോഴക്കേസിൽ യൂത്ത് കോൺഗ്രസ് നേതാവായ വൈശാൽ മൊഴി നൽകി.  മെഡിക്കൽ കോളേജ് എസിപി ഓഫീസിൽ എത്തിയാണ് മൊഴി നൽകിയത്. വിഷയത്തിൽ പരാതിക്കാരനാണ് വൈശാൽ കല്ലാട്ട്. പരാതിക്ക് ബലം നൽകുന്ന വിവരങ്ങൾ പൊലീസിന് കൈമാറിയെന്നു വൈശാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

സി പി എം മാഫിയകളെയും ക്രിമിനലുകളെയും പച്ചപരവതാനി വിരിച്ച് സ്വീകരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയിൽ കാണുന്നതെന്ന് കെ സുരേന്ദ്രൻ. കാപ്പാ കേസ് പ്രതിക്കും കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയ്ക്കും പിന്നാലെ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും സി പി എമ്മിൽ ചേർന്നതിൽ ഒരു അത്ഭുതവുമില്ലെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.ക്രിമിനലുകൾക്ക് ഭരണത്തിന്റെ തണലിൽ സംരക്ഷണം കൊടുക്കാമെന്ന വാഗ്ദാനമാണ് സി പി എം നൽകുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലുണ്ടായ സംഘർഷത്തിൽ 9 വിദ്യാർത്ഥികളെ സസ്പെൻ്റ് ചെയ്തു. ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികളും മറ്റ് വിദ്യാർത്ഥികളുമായാണ് സംഘർഷം . കഴിഞ്ഞ ദിവസം ഇരു കൂട്ടരും തമ്മിൽ തുറിച്ച് നോക്കിയെന്ന് പറഞ്ഞ് ചെറിയ തോതിൽ സംഘർഷം നടന്നിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ഇന്ന് കോളേജിലെ ഗാർഡൻ ഏരിയയിലും പിന്നീട് കോളേജിന് മുന്നിലായി റോഡിലുമായി ചേരി തിരിഞ്ഞ് സംഘർഷം നടന്നത്.

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 11 പേര്‍ പനി ബാധിച്ച് മരിച്ചു. ഇവരിൽ നാല് പേര്‍ക്ക് എലിപ്പനി,173 പേര്‍ക്ക് ഡങ്കിപ്പനിയും നാല് പേര്‍ക്ക് കോളറയും സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച് ചികിത്സ തേടിയ 44 പേര്‍ക്ക് എച്ച്1എൻ1 രോഗബാധയാണെന്ന് വ്യക്തമായി. 12204 പേരാണ് പുതുതായി പനി ബാധിച്ച് ചികിത്സ തേടിയത്.

പ്രധാനമന്ത്രിയുയി കാത്തലിക് ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ കൂടിക്കാഴ്ച നടത്തി. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചായിരുന്നു കൂടിക്കാഴ്ച. വ്യത്യസ്ത മന്ത്രാലയങ്ങളിൽ ക്രൈസ്തവ പ്രതിനിധികളെ ഉൾപ്പെടുത്തണമെന്ന് പ്രധാനമന്ത്രിക്ക് നൽകിയ കത്തിൽ അവർ ആവശ്യപ്പെട്ടു. ഫ്രാൻസിസ് മാര്‍പാപ്പയെ ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടണമെന്നും സി.ബി.സി.ഐ പ്രസിഡന്റ്‌ ആർച് ബിഷപ് ആൻഡ്രൂസ് താഴത്തിൻ്റെ നേതൃത്വത്തിലുള്ള സംഘം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് . പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു. ഈ പ്രദേശങ്ങളിലെ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം.

വധശ്രമക്കേസില്‍ ഒളിവിലുള്ള പ്രതി സിപിഎമ്മില്‍ ചേര്‍ന്നതില്‍ വീണ്ടും ന്യായീകരണവുമായി പത്തനംതിട്ട സിപിഎം ജില്ലാ നേതൃത്വം. പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ആണ് വിശദീകരണവുമായി എത്തിയത് .പാര്‍ട്ടിയിലേക്ക് വന്നവര്‍ക്കുള്ള കേസുകള്‍ രാഷ്ട്രീയമായതാണെന്നും അതെല്ലാം ഒത്തുതീര്‍പ്പാക്കുമെന്നും കെപി ഉദയഭാനു പറഞ്ഞു. വാദിയും പ്രതിയും ചേർന്ന് കേസ് ഒഴിവാക്കാൻ കോടതിയെ സമീപിക്കുകയാണെന്നും കെപി ഉദയഭാനു പറഞ്ഞു.

കേരള സര്‍വകലാശാല സെനറ്റിലേക്ക് നാലുപേരെ നിയമിച്ച ഗവർണറുടെ നടപടി ചോദ്യം ചെയ്ത് എസ്എഫ്ഐ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വേണ്ടത്ര യോഗ്യതയില്ലാത്തവരെയാണ് ചാൻസലർ വീണ്ടും ശുപാർശ ചെയ്തതെന്നാണ് എസ് എഫ് ഐയുടെ ആരോപണം. ആരോപണത്തിൽ മറുപടി നൽകാനാവശ്യപ്പെട്ട് ഗവർണർക്ക് കോടതി നോട്ടീസ് അയച്ചു. നേരത്തെ ഗവർണർ നൽകിയ ശുപാർശ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പൂര്‍ണ്ണപരിഹാരമായിട്ടില്ലെന്ന് കണക്കുകള്‍. അനുവദിച്ച 120 താല്‍ക്കാലിക ബാച്ചുകളില്‍ അറുപത് കുട്ടികള്‍ വീതം ഇരുന്നാല്‍പ്പോലും മലപ്പുറത്ത് രണ്ടായിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പ്രശ്നം നേരിടും. ഒന്നാം ഘട്ട സപ്ലിമെന്ററി അലോട്ട് മെന്റ് കഴിഞ്ഞിട്ടും പാലക്കാടും കോഴിക്കോടും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റായിട്ടില്ല. എന്നാല്‍ ഈ ജില്ലകളില്‍ ഒറ്റ താല്‍ക്കാലിക ബാച്ചുകള്‍ പോലും അനുവദിക്കാത്തതും പ്രതിസന്ധിയാണ്.

ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകൻ എം. മനു പീഡിപ്പിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ. അസോസിയേഷൻ കുട്ടികൾക്കൊപ്പമാണ്. മനുവിനെ സംരക്ഷിച്ചിട്ടില്ലെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

വിഴിഞ്ഞം തുറമുഖം യഥാര്‍ഥ്യമാകുമ്പോള്‍ കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനം അറിയിക്കുകയാണെന്ന് കേന്ദ്ര മന്ത്രി സര്‍ബാനന്ദ സൊനോവാൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദർഷിപ്പിന്‍റെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. രാജ്യത്തേ പുരോഗതിയിലേക്ക് നയിക്കാൻ വിഴിഞ്ഞം തുറമുഖം സഹായകരമാകുമെന്നും, മലയാളികളുടെ ഊഷ്മള വരവേല്‍പ്പിന് നന്ദിയുണ്ടെന്നും , മികച്ച തുറമുഖം ഒരുക്കിയ അദാനി ഗ്രൂപ്പിന് അഭിനന്ദനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്നലെ ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ട്രോൾ വിഡിയോകളും പരാമർശങ്ങളും വന്നിരുന്നു. ഇതേ തുടർന്ന് സ്മൃതി ഇറാനിക്കെതിരെയോ മറ്റാർക്കെങ്കിലും എതിരെയോ മോശം പദപ്രയോഗങ്ങൾ ശരിയല്ലെന്നും ഇത് ഒഴിവാക്കണമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ജയവും തോൽവിയും ജീവിതത്തിൻ്റെ ഭാഗമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ജമ്മു കശ്മീരിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ ഇല്ല. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ 4.5 തീവ്രതയുളള ഭുചലനം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടത്.

രാജസ്ഥാനിലെ സ്വകാര്യ സർവ്വകലാശാല അംഗീകാരമില്ലാത്ത കോഴ്‌സുകളുടെ പേരിൽ വ്യാജ ബിരുദം നൽകിയെന്ന പരാതിയിൽ അന്വേഷണം. 43,409 പേർക്ക് വ്യാജ ബിരുദ സർ‌ട്ടിഫിക്കറ്റ് നൽകിയെന്നാണ് ആരോപണം. 2013ൽ ആരംഭിച്ച ചുരുവിലെ ഓം പ്രകാശ് ജോഗേന്ദർ സിംഗ് സർവകലാശാലക്കെതിരെയാണ് ആരോപണം. സംഭവത്തിൽ അന്വേഷണം തുടങ്ങി.

പാലക്കാട്ടെ ആർഎസ്എസ് നേതാവ് എ. ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ യുഎപിഎ ചുമത്തി നടത്തുന്ന അന്വേഷണത്തെ ന്യായീകരിച്ച് എൻഐഎ. ഇതുസംബന്ധിച്ച സത്യവാങ്മൂലം എൻഐഎ ഐജി സുപ്രീം കോടതിയിൽ ഫയൽചെയ്തു.എൻഐഎ അന്വേഷണത്തിനെതിരെ കേസിലെ പ്രതി കരമന അഷറഫ് മൗലവി നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം ഫയൽചെയ്തത്.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *